ADVERTISEMENT

എങ്ങും വസൂരി പടർന്നുപിടിച്ച കാലം.ഭാർഗ്ഗവനും ശിശുപാലനും വീടുകൾതോറും കയറിയിറങ്ങി കുത്തിവയ്ക്കുവാൻ ശ്രമിച്ചു.പക്ഷേ, എന്തു ഫലം! മയ്യഴിയുടെ മക്കളിൽ വലിയൊരു ഭാഗം കുഞ്ചക്കൻ്റെ സ്വഭാവക്കാരാണ്. അവർക്ക് ചാകുന്നതിനേക്കാൾ പേടിയാണ് കുത്തിവയ്ക്കുന്നത്.

" ഞാൻ വസൂരി വന്നു ചത്തോളാമേ! എന്നെ കുത്തിവെക്കല്ലേ!...."

ഭാർഗ്ഗവനും ശിശുപാലനും രാമൻ പോലീസിൻ്റെ അകമ്പടിയോടെ കുത്തിവയ്ക്കാൻ ചെന്നപ്പോൾ ബാൻറുകാരൻ കണാരി കിടന്നു നിലവിളിച്ചു. അയാൾക്കും കുഞ്ചക്കൻ്റെ സ്വഭാവം തന്നെ.

   (എം.മുകുന്ദൻ,മയ്യഴിപ്പുഴയുടെ തീരങ്ങളിൽ)

എം.മുകുന്ദൻ്റ നോവലിലെ മയ്യഴിയുടെ മക്കളിൽ വലിയൊരു ഭാഗത്തിനും ചാകുന്നതിനേക്കാൾ പേടിയായിരുന്നു സൂചിക്കൊണ്ട് വസൂരിക്കെതിരായി കുത്തിവയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ മയ്യഴിക്കാർ ഈ ഭൂഗോളത്തിൽ ഒറ്റയ്ക്കാണെന്ന് വിചാരിക്കേണ്ട.ലോകത്തിലെ ഒരു വലിയ ജനവിഭാഗം പേറുന്ന ദുസ്വപ്നമാണ് ഇഞ്ചക്ഷനെടുക്കാൻ സൂചിയുമായി വരുന്ന നഴ്സിൻ്റെ കൈകൾ. കോവിഡ്- 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇക്കൂട്ടർ കൂടുതൽ ഭയപ്പെട്ടത് വൈറസിനെയല്ലായിരുന്നു. പകരം അവർ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ എടുക്കേണ്ടി വന്നേക്കാവുന്ന വാക്സീനേഷനെയും കുത്തിവെയ്പിനെയും ഓർത്തു പേടിച്ചു.ഈ ഭയം കാരണം കുഞ്ഞുന്നാളിലെ വാക്സീനുകൾക്കു ശേഷം അറിവുവെച്ച നാൾ മുതൽ അവർ ഒരു കുത്തിവയ്പിനും നിന്നു കൊടുത്തിട്ടുമില്ലത്രേ! കോവിഡ് പ്രതിരോധത്തിനായി സകലജനങ്ങളും രാജ്യങ്ങളും വാക്സീൻ യജ്ഞം നിർബന്ധമായി  തന്നെ നടത്തിയപ്പോൾ അവരിൽ എത്രപേർക്ക് സൂചിയെ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ടാവുമോ ആവോ!

Image Credit : PeopleImages/istockphoto
Image Credit : PeopleImages/istockphoto

ട്രൈപ്പനോഫോബിയ എന്ന സൂചിഭയം

ലോകം നേരിടുന്ന പ്രധാനപൊതുജനാരോഗ്യ വിഷയങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന 2019 -ൽ കണ്ടെത്തിയത് വാക്സിൻ വിമുഖതയായിരുന്നു. (vaccine hesitancy). അതായത് വാക്സീൻ എടുക്കാൻ പലകാരണങ്ങലാലുള്ള വൈമുഖ്യം.എന്നാൽ അതിൻ്റെ കാരണങ്ങളിലൊന്ന് സൂചിയോടുള്ള ഭയമാണെന്ന വസ്തുത പലപ്പോഴും ഗൗരവമായി പരിഗണിക്കപ്പെടാറില്ല. ഈ ഭയം എത്ര പേരെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നതിനും നമുക്ക് കൃത്യമായ കണക്കുകളില്ല. ദ ജേണൽ ഓഫ് അഡ്വാൻസ്ഡ് നഴ്സിങ്ങ്  2018 ആഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ച ഒരു പഠനഫലമനുസരിച്ച് കുട്ടികളിൽ ബഹുഭൂരിപക്ഷവും സൂചിയെ ഭയക്കുന്നവരായിരുന്നു. കൗമാരക്കാരിൽ  20 മുതൽ 50 ശതമാനം വരെ ഈ ഭയം കൊണ്ടു നടക്കുന്നു.20- 30 ശതമാനമായിരുന്നു ചെറുപ്പക്കാരിലെ സൂചി ഭയമെന്ന പ്രശ്നത്തിൻ്റെ നിരക്ക്. എന്തായാലും ലോകമാകമാനം മുതിർന്ന ആളുകളിൽ 16 ശതമാനമെങ്കിലും സൂചിയെ ഭയന്ന് ചികിത്സക്കായോ പ്രതിരോധ വാക്സിനായോ ശ്രമിക്കാത്തവരാണത്രേ!.ഇവരിൽ നാലിലൊന്നിലധികത്തിനും സൂചിയോടുള്ള ഭയവും ആകാംക്ഷയും ഒരു അസാധാരണ ഭീതി അഥവാ ഫോബിയ ആയി വളരുന്നു. ട്രൈപ്പനോഫോബിയ (trypophobia) എന്നാണ് ഈ ഭയത്തെ ശാസ്ത്രീയമായി വിളിക്കുന്ന പേര്.ലോകത്തിൽ കൃത്യമായി എത്രയാളുകൾക്ക് ഈ പ്രശ്നമുണ്ടെന്ന് കൃത്യമായി പറയാൻ കഴിയില്ല. കാരണം അവരിൽ ബഹുഭൂരിപക്ഷവും  രോഗനിർണ്ണയം,പ്രതിരോധം, ചികിൽസ എന്നിവ  പൂർണ്ണമായി ഒഴിവാക്കി രേഖകളിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നവരാണ്. ഇത്തരം ഭയമുണ്ടാക്കുന്ന പ്രശ്നങ്ങൾ വിചിത്രവും സങ്കീർണ്ണവുമാണ്. എന്തെങ്കിലും പരുക്കുകൾ പറ്റിയാൽ സൂചി കുത്തണമല്ലോയെന്ന ആധിമൂലം ദൈനംദിന കാര്യങ്ങൾ പോലും ഇവരിൽ ചിലർ ചെയ്യാതിരിക്കുന്നതായി കണ്ടിട്ടുണ്ട്. ചില യുവതികൾ ഈ ഭയം മൂലം ഗർഭധാരണം നീട്ടി വയ്ക്കുകയോ ചിലപ്പോൾ പൂർണ്ണമായി വേണ്ടായെന്ന് തീരുമാനമെടുക്കുകയും ചെയ്യുമത്രേ!.

വേദനയല്ല പ്രശ്നം, പിന്നെന്ത്?

സൂചി കുത്തുന്നതിൻ്റെ വേദനയോ അല്ലെങ്കിൽ അനന്തരഫലങ്ങളോ അല്ല പകരം സൂചിയോടുള്ള പേടിയാണ് തങ്ങളുടെ പ്രശ്നമെന്ന് ഇത്തരം പ്രശ്നമുള്ളവർ വെളിപ്പെടുത്തുന്നു.ചെറിയ ഒരു ലാൻസറ്റിനെ അവർ ഒരു ബോക്സ് കട്ടറിനേക്കാൾ ഭയപ്പെടുന്നു. അതായത് ചെറിയ സൂചിയേക്കാൾ മറ്റെന്തെങ്കിലും വച്ചു മുറിവേൽപ്പിച്ച് രക്തം എടുക്കുന്നത് അവർ ചിലപ്പോൾ സഹിക്കുമത്രേ!. എവിടെ നിന്ന് ഈ ഭയം വരുന്നു എന്ന ചോദ്യത്തിന് അത് തങ്ങളിൽ തന്നെ സ്വാഭാവികമായി ഉണ്ടെന്ന മറുപടിയാണ് പലരും തരാറുള്ളത്. പലർക്കും പല രീതിയിലാണ് പ്രശ്നമെന്നതിനാൽ വ്യക്തിപരമായി ഓരോരുത്തർക്കും ഓരോ സമീപനം പ്രശ്ന പരിഹാരത്തിന് ആവശ്യമായി വരുന്നു’' ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ ഈ പ്രശ്നമുള്ളവരിൽ മിക്കവർക്കും കുത്തിവയ്പ് സ്വീകരിക്കാൻ ഭയമുണ്ടെങ്കിലും മറ്റുള്ളവർക്ക് നൽകുന്നതിനോ അതു കണ്ടു നിൽക്കുന്നതിലോ പ്രശ്നമുണ്ടാകാറില്ല എന്നതും വിചിത്രമാണ്.

കോവിഡ് കൊണ്ടുവന്ന മാറ്റം

ദശാബ്ദങ്ങളോളം കുത്തിവെയ്പ് ഒഴിവാക്കിയും വേണ്ടാന്നുവച്ചും നടന്നവർക്ക് മുന്നിൽ കോവിഡ്- 19 വാക്സീനേഷൻ അവർക്ക് തടയാൻ പറ്റാത്തവലിയ വെല്ലുവിളിയായിരുന്നു.  റെഡിറ്റ് (Reddit)  സോഷ്യൽ മീഡിയയിൽ ഒരു trypanophobia ഫോറമുണ്ട്. സൂചിയെ ഭയക്കുന്നവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഇടം. സ്വയമായോ പ്രൊഫഷണലായോ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്ന വേദിയാണിത്.2021 പകുതിയിൽ കോവിഡ് വാക്സീൻ കണ്ടുപിടിക്കപ്പെട്ടതോടെ, ഇവിടെ ചർച്ചകൾ മുറുകുകയുണ്ടായി. പലർക്കും വാക്സീൻ എടുക്കണം.പക്ഷേ ധൈര്യമങ്ങു വരുന്നില്ല.ചിലർ ടിവിയിലും മാധ്യമങ്ങളിലും നിരന്തരം വരുന്ന സൂചിയുടെ ചിത്രം കണ്ട് വല്ലാതെ അസ്വസ്ഥരായി. ഇരുപതിലധികം വർഷമായി മെഡിക്കൽ രംഗവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചിരുന്നവർ പോലും തങ്ങളുടെ ഭയം പുനർവിചിന്തനം ചെയ്യാൻ തയ്യാറാകാൻ തുടങ്ങി.

ആരോഗ്യപരിപാലനത്തോടുള്ള സമീപനം രൂപപ്പെടുന്നത് എങ്ങനെ?

കുട്ടികളായിരുന്നപ്പോൾ സൂചിയെ ഭയമില്ലാത്തവരായി ആരും തന്നെ കാണുമെന്ന് തോന്നുന്നില്ല. പക്ഷേ ആ ഭയം ആജീവനാന്തം തുടർന്നാലോ? കുഞ്ഞുന്നാളിൽ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മോശം അനുഭവങ്ങൾ ഭാവിയിൽ ആരോഗ്യ സംവിധാനത്തോട് നമുക്കുള്ള സമീപനത്തെ സ്വാധീനിച്ചേക്കാം. ചെറുപ്പത്തിലുണ്ടായ ഒരു ‘’ പ്രത്യേക ‘ അനുഭവമായിരിക്കാം നീഡിൽ ഫോബിയയുടെ തുടക്കമാകുന്നത്. ക്ലിനിക്കൽ പെയിൻ എന്ന ജേണലിൽ 2015 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സൂചിയോടുള്ള ഭയം ഉണ്ടാകുന്നതിനേക്കുറിച്ച് വിശദമായി പറയുന്നുണ്ട്. നീഡിൽ ഫോബിയ ഉള്ള ഒരാളുടെ ജീവിതം ചികഞ്ഞു പോയാൽ ചെറുപ്പത്തിൽ ഇത്തരമൊരു അനുഭവത്തിൻ്റെ വേരുകൾ കണ്ടെത്താൻ കഴിയും. അന്നുണ്ടായ ആ ഉലച്ചിലും വിറയലും ഭയവും പ്രായത്തിനൊത്തു ചിലരിലെങ്കിലും വളരുകയും ചെയ്യും. നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന ഒരു രോഗിയെ ചികിൽസിക്കുന്നതായി കണ്ട കാഴ്ചകളും മനസിൽ ഭയത്തിൻ്റെ വിത്തുകൾ വിതച്ചിരിക്കാം. ഇനി വരുന്ന കാലങ്ങളിൽ  നീഡിൽ ഭയമുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടാകാനിടയുണ്ട്. കാരണം നാം കുട്ടികൾക്ക് നൽകുന്ന വാക്സിനുകളുടെ എണ്ണം പണ്ടത്തേക്കാൾ എത്രയോ കൂടുതലായിരിക്കുന്നു. വാക്സീൻ ജേണലിൽ 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം കൗതുകകരമായിരുന്നു. നാലു മുതൽ ആറുവരെയുള്ള പ്രായത്തിൽ ഒരു ദിവസം ഒന്നിലധികം വാക്സീൻ പല തവണ  ലഭിച്ചിട്ടുള്ളവരിൽ അഞ്ചു വർഷത്തിനു ശേഷം സൂചിയോടുള്ള ഭയം കൂടുതലായിരിക്കുമത്രേ!.ചെറുപ്പകാലത്ത് ഡോക്ടറുടെ ചികിൽസയുമായി ബന്ധപ്പെട്ടുണ്ടായ മോശമായ വേദനാജനകമായ അനുഭവം പിന്നീട് വലുതായാൽ പോലും ഡോക്ടർമാരെ കാണുമ്പോൾ തന്നെ ഭയമുണർത്തുന്ന ഓർമ്മയായി കെടാത്ത കനലായി കിടക്കുന്നവരുമുണ്ട്.

sabin-george - 1
ഡോ.സാബിൻ ജോർജ്. drsabingeorge10@gmail.com

ഒരു പൊതുജനാരോഗ്യ പ്രശ്നം

‘' നീഡിൽ ഫോബിയ’ എന്നത് പ്രധാനപ്പെട്ട ഒരു പൊതുജനാരോഗ്യപ്രശ്നമായി കണക്കാക്കപ്പെടേണ്ടതാണ് എന്ന് വിദഗ്ദർ കരുതുന്നു. നീഡിൽ ഭയവുമായി കഷ്ടപ്പെടുന്നവരെ സഹായിക്കാൻ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോ കാലിഫോർണിയയിലെ  പ്രസിദ്ധനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Jocelyn Sze തുടക്കം കുറിച്ച ‘ I Don't Like Needles ‘ എന്ന പ്രോജക്ട് ആഗോളതലത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണമാണ്. നീഡിൽ ഭയമുള്ളവർക്ക് ചികിൽസയും, ഉപദേശങ്ങളും നൽകാൻ ഇവർ ശ്രമിക്കുന്നു. 2022-ൽ അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ തങ്ങളുടെ വെബ്സൈറ്റിൽ സൂചിയോടുള്ള ഭയവുമായി ബന്ധപ്പെട്ട പ്രശ്നത്തിനായി കുറച്ചു പേജുകൾ മാറ്റിവച്ചതു പോലും ഈ പ്രശ്നത്തിന് ലോകം കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങി എന്നതിൻ്റെ സൂചനയാണ്.

English Summary:

Trypanophobia is the intense fear of needles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com