ദോഷകരമല്ലാതെയും ചെലവില്ലാതെയും ഊർജം;ആണവഫ്യൂഷൻ സാങ്കേതികവിദ്യയിൽ പുതിയ കാൽവയ്പ്!

Mail This Article
ബ്രിട്ടനിലെ ജോയിന്റ് യൂറോപ്യൻ ടോറസ്(Joint European Torus) എന്ന ആണവ ഫ്യൂഷൻ നിലയത്തിൽ ശ്രദ്ധേയമായ നേട്ടം. .21 മില്ലിഗ്രാം ആണവ ഫ്യൂഷൻ ഇന്ധനം ഉപയോഗിച്ച് 69.26 മെഗാജൂൾ (megajoule)ഊർജം ഉത്പാദിപ്പിച്ചതായി ഗവേഷകർ അറിയിച്ചു. ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഭിച്ചതിൽ ഏറ്റവും ഉയർന്ന തോതിലുള്ള ഊർജമാണ് ഇത്. എന്നാൽ ഇപ്പോഴും ലാഭകരമായ ഊർജം എന്ന നിലയിലേക്ക് ഫ്യൂഷൻ സാങ്കേതികവിദ്യ ഉയർന്നിട്ടില്ല.ലോകത്തിന് സ്ഥിരമായും പരിധികളില്ലാത്തതുമായ രീതിയിൽ ശുദ്ധമായ ഊർജം നൽകാൻ പറ്റുന്ന ഒരു ശ്രോതസ്സാണ് ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവസംയോജനം.
നാം ഉപയോഗിക്കുന്ന ആണവ സാങ്കേതികവിദ്യയും ന്യൂക്ലിയർ ഇന്ധനങ്ങളുമെല്ലാം ആണവ വിഭജനം അഥവാ ന്യൂക്ലിയർ ഫിഷൻ എന്ന പ്രക്രിയയെ ആസ്പദമാക്കിയുള്ളതാണ്.യൂറേനിയം, പ്ലൂട്ടോണിയം തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഈ പ്രക്രിയയ്ക്കു ശേഷം ഉടലെടുക്കുന്ന അവശിഷ്ടങ്ങളും വികിരണങ്ങളും മൂലം ന്യൂക്ലിയർ ഫിഷൻ അഥവാ ആണവ വിഭജനംവളരെ സങ്കീർണമായതും, പ്രകൃതിയിൽ പ്രത്യാഘാതമുണ്ടാക്കുന്നതുമായ ഒരു പ്രക്രിയയാണ് വിദഗ്ധർ പരിഗണിക്കുന്നത്.എന്നാൽ ആണവോർജത്തിന്റെ മറ്റൊരുവശമായ ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവ സംയോജനം മനുഷ്യർക്ക് ഒട്ടേറെ സ്വപ്നങ്ങൾ നൽകുന്നു.

ടോക്കമാക്ക്(tokamak ) എന്ന പ്രത്യേകസംവിധാനത്തിൽ ഹൈഡ്രജൻ മൂലകത്തിന്റെ ഐസോടോപ് വകഭേദങ്ങളിൽ വലിയ രീതിയിലുള്ള താപോർജം നൽകി പ്ലാസ്മ അവസ്ഥയിലെത്തിച്ച് ഇവ തമ്മിൽ കൂടിച്ചേർന്നു ഹീലിയം ഉണ്ടാകുന്നതും പ്രക്രിയയുടെ ഭാഗമായി വലിയ അളവിൽ ഊർജം ഉത്പാദിപ്പിക്കപ്പെടുന്നതുമാണു ഫ്യൂഷൻ റിയാക്ടറുകളുടെ കാതലായ സിദ്ധാന്തം.ഇത്തരത്തിൽ ഉണ്ടാക്കപ്പെടുന്ന ഊർജം ശുദ്ധോർജമാണ്. പ്രകൃതിക്കും മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊന്നും ഹാനികരമാകുന്ന ഒരു പ്രശ്‌നങ്ങളും ഈ ഊർജ ഉത്പാദനരീതിയിലില്ല. ഗ്രീൻഹൗസ് പ്രശ്‌നങ്ങളും ഇതുമൂലമില്ല പിന്നെന്തുകൊണ്ടാണ് ഇന്നും ലോകരാജ്യങ്ങൾ ഫ്യൂഷനു പകരം ഫിഷൻ റിയാക്ടറുകൾ ഉപയോഗിക്കുന്നത്. ഉത്തരം ഒന്നേയുള്ളൂ.
ഫ്യൂഷൻ റിയാക്ടറുകൾ യാഥാർഥ്യമാകുന്നതിനു പല സാങ്കേതികമായ പ്രതിബന്ധങ്ങളുമുണ്ട്. അതിൽ പ്രധാനം പ്രക്രിയ നടക്കുന്ന ടോക്കമാക്ക് റിയാക്ടറുകളിൽ ഇതു മൂലം ഉടലെടുക്കുന്ന വലിയ അളവിലുള്ള ചൂടാണ്.10 കോടി ഡിഗ്രി സെൽഷ്യസ് വരെ റിയാക്ടറിനുള്ളിൽ താപനില ഉയരും. ഈ താപോർജം പുറത്തുകളയാതെ ന്യൂക്ലിയർ ഫ്യൂഷൻ യാഥാർഥ്യമാക്കാൻ കഴിയുമായിരുന്നില്ല. ഇതു പുറത്തുപോയില്ലെങ്കിൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തന്നെ പവർ പ്ലാന്റ് നശിച്ചു ഭീമമായ നഷ്ടം ഉടലെടുക്കും.

എന്നാൽ ഈ ന്യൂനതയ്ക്കു പരിഹാരം ഇടക്കാലത്ത് ബ്രിട്ടനിലെ ഓക്‌സ്ഫഡിലുള്ള കുൽഹാം സെന്ററിലെ ആണവ ശാസ്ത്രജ്ഞർ അവതരിപ്പിച്ചു. സൂപ്പർ എക്‌സ് ഡൈവർട്ടർ(Super X divertor (SXD) എന്ന സാങ്കേതികവിദ്യയാണ് ഇവർ അവതരിപ്പിച്ചത്.
മാസ്റ്റ് അപ്‌ഗ്രേഡ് എന്ന ഫ്യൂഷൻ പരീക്ഷണകേന്ദ്രത്തിൽ ഇതുപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ ഇതുവരെ സാധ്യമായതിന്റെ പത്തുമടങ്ങ് ഇരട്ടി ചൂട് പുറത്തു കളയാൻ പ്ലാന്റിനു സാധിച്ചു. അതിനൂതനമായ എക്‌സോസ്റ്റ് സിസ്റ്റമാണ് സൂപ്പർ എക്‌സ് ഡൈവർട്ടർ. ഇതു ചൂടിനെ ഫലപ്രദമായി വെളിയിൽ കളയും.ഇതുകൂടാതെ വേറെയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഫ്യൂഷൻ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കലിഫോർണിയയിലെ ലോറൻസ് ലിവർമൂർ നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ രണ്ടാംതവണയും ലാഭകരമായ രീതിയിൽ ഫ്യൂഷൻ ഊർജം വികസിപ്പിക്കുന്നതിൽ വിജയിച്ചിരുന്നു. ധാരാളം സ്ഥാപനങ്ങളും കമ്പനികളും ഈ മേഖലയിൽ ചുവടുറപ്പിച്ചിട്ടുള്ളത് ഫ്യൂഷൻ മേഖലയ്ക്കു വലിയ കരുത്താണു നൽകുന്നത്. ജനറൽ ഫ്യൂഷൻ, സിഎഫ്എസ്, ലോക്ഹീഡ് മാർട്ടിൻ, സാപ് എനർജി, ഈറ്റർ തുടങ്ങിയവ ഇതിൽ ചുവടുമാത്രം. പ്രകൃതിക്കു യാതൊരു മലിനീകരണവുമില്ലാത്ത സ്ഥിര ശുദ്ധോർജത്തിലേക്കു മനുഷ്യരാശി പോകുമോ? ഭാവിലോകം ഉത്തരം നൽകിയേക്കും.