'ആകാശ ക്യാമറ' വരുന്നു; മുഖം സൂം ചെയ്തെടുക്കാം, ഏതൊരാളെയും ഏതു സമയവും നിരീക്ഷിക്കാം
Mail This Article
ഭൂമിയിലുള്ള ഓരോ മനുഷ്യരുടേയും മുഖം വരെ വ്യക്തമായി തിരിച്ചറിയാനും പകര്‍ത്താനും സാധിക്കുന്ന കൃത്രിമ ഉപഗ്രഹം 2025ല്‍ വിക്ഷേപിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും മനുഷ്യരുടെ മുഖവും വരെ സൂം ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളാണ് അല്‍ബെഡോ എന്ന സ്റ്റാര്‍ട്ട്അപ്പ് നിര്‍മിച്ച കൃത്രിമോപഗ്രഹം പകര്‍ത്തുക. ഏതു സമയവും ഏതൊരാളേയും നിരീക്ഷിക്കാനാവുമെന്നതോടെ സ്വകാര്യത ഒരു സ്വപ്‌നമായി മാറുമെന്ന ആശങ്കയാണ് പലരും ഉയര്‍ത്തുന്നത്.
യഥാർഥത്തിൽ നടന്ന ഭ്രമയുഗം! സ്വപ്നങ്ങളെ വേട്ടയാടിയ‘ ദിസ് മാൻ’ സംഭവം
'ഏതൊരു സര്‍ക്കാരിനും നമ്മുടെ സമ്മതം കൂടാതെ എപ്പോഴും എത്ര സമയവും നമ്മളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഇങ്ങനെയൊരു ആകാശ ക്യാമറകൊണ്ടുള്ള പ്രശ്‌നം. നമ്മള്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്' എന്നാണ് ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ ജനറല്‍ കൗണ്‍സല്‍ ജെന്നിഫര്‍ ലിഞ്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. 'ബിഗ് ബ്രദര്‍ എല്ലാം കാണുന്ന ലോകത്തിലേക്ക് നമ്മള്‍ ഒരു പടി കൂടി അടുത്തുകഴിഞ്ഞു' എന്നായിരുന്നു ഹാര്‍വാഡ് അസ്‌ട്രോഫിസിസിസ്റ്റ് ജൊനാഥന്‍ സി മക്‌ഡോവലിന്റെ പ്രതികരണം.
2018ല്‍ ട്രംപ് സ്വകാര്യ കമ്പനികളുടെ സാറ്റലൈറ്റ് നിര്‍മാണത്തില്‍ വലിയ തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ച് 2020ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പാണ് അല്‍ബെഡോ. കൃത്രിമോപഗ്രഹങ്ങളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും വലിയ ഇളവുകളാണ് ട്രംപ് നല്‍കിയിരുന്നത്. നേരത്തെ ഭൂമിയില്‍ പരമാവധി 30 സെന്റിമീറ്റര്‍ വലുപ്പമുള്ള വസ്തുക്കളിലേക്കു വരെ സൂം ചെയ്യാനായിരുന്നു കൃത്രിമോപഗ്രഹങ്ങള്‍ക്ക് അനുമതി. ഇത് പത്ത് സെന്റിമീറ്ററായി കുറച്ചു. സൈന്യത്തിന് കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ കാണുന്നതിനു വേണ്ടിയാണിതെന്നായിരുന്നു വിശദീകരണം.
കൃത്രിമോപഗ്രഹങ്ങള്‍ക്ക് 30 സെന്റിമീറ്ററിന്റെ നിയന്ത്രണമുള്ള കാലത്ത് റോഡിലൂടെയുള്ള വാഹനങ്ങളേയും ട്രാഫിക് ലൈറ്റുകളേയും കെട്ടിടങ്ങളേയും വരെയായിരുന്നു വ്യക്തതയോടെ കാണാനായിരുന്നത്. മനുഷ്യരുടെ മുഖത്തിലേക്കു സൂം ചെയ്യുന്നതോടെ ദൃശ്യങ്ങള്‍ അവ്യക്തമാവും. എന്നാല്‍ ഇപ്പോള്‍ അല്‍ബെഡോയുടെ കൃത്രിമോപഗ്രഹങ്ങളില്‍ ഭൂമിയിലെ മനുഷ്യരുടെ മുഖം വ്യക്തമായി ബഹിരാകാശത്തു നിന്നും കാണാനാവും.
അമേരിക്കന്‍ വ്യോമസേനയുടെ 1.25 ദശലക്ഷം(ഏകദേശം 10.36 കോടി രൂപ) ഡോളറിന്റെ കരാര്‍ അല്‍ബെഡോ 2022 മാര്‍ച്ചില്‍ സ്വന്തമാക്കിയിരുന്നു. നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് ഇന്റലിജന്‍സ് സെന്ററില്‍ നിന്നും 1.25 ദശലക്ഷം ഡോളറിന്റെ തന്നെ കരാര്‍ 2023 ഏപ്രിലില്‍ അല്‍ബെഡോ നേടി. ഈ കരാര്‍ രാത്രി നിരീക്ഷണത്തിനു യോജിച്ച സാറ്റലൈറ്റുകള്‍ നിര്‍മിക്കാനുള്ളതായിരുന്നു. വസ്തുക്കള്‍ ചലിക്കുന്നുണ്ടോ ഇല്ലയോ എന്നതുള്‍പ്പടെ അല്‍ബെഡോ സാറ്റലൈറ്റുകള്‍ നിരീക്ഷിക്കും. 'അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപകരിക്കും' എന്നാണ് യു എസ് ബഹിരാകാശ സേനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് ജോസഫ് റോഗ് പറഞ്ഞത്.
സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കു മറുപടിയായി തങ്ങള്‍ നിര്‍മിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനമില്ലെന്നാണ് അല്‍ബെഡോ പറയുന്നത്. അപ്പോഴും അല്‍ബെഡോ ഉപഗ്രഹങ്ങള്‍ വഴി ഏതൊരാളുടേയും മുഖം തിരിച്ചറിയാനാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വകാര്യത എന്നത് കഴിഞ്ഞകാലത്ത് മനുഷ്യര്‍ ആസ്വദിച്ചിരുന്ന ഒന്നായി മാറുകയാണോ എന്ന ആശങ്കയാണ് അല്‍ബെഡോ സാറ്റലൈറ്റുകളുടെ വരവോടെ മേഖലയിലെ വിദഗ്ധരില്‍ നിന്നും ഉയരുന്നത്.