ADVERTISEMENT

മൃഗശാലയില്‍ സ്വര്‍ണ ചങ്ങലയിട്ട് നടക്കുന്ന കടുവ, പാതി ഡ്രാഗണും പാതി താറാവുമായ പക്ഷിക്കു മുകളിലിരുന്ന് പറക്കുന്ന എലി, സമുദ്രത്തിനു മുകളിലൂടെ സമുദ്ര ജീവികളുടെ ഒരു സൈക്കിള്‍ റേസ്... അങ്ങനെയങ്ങനെ പലരുടേയും സ്വപ്‌നത്തിലെ കാഴ്ച്ചകളെ ജീവനോടെ സാം ആള്‍ട്ട്മാന്‍ പുറത്തുവിട്ട വിഡിയോയില്‍ കാണാനാവും. ഈ വിഡിയോ നിര്‍മിച്ച രീതിയാണ് രസകരം. സാധാരണ വാക്കുകളിലെഴുതിയ ആശയങ്ങള്‍ നേരിട്ട് സോറ എന്ന ടെക്‌സ്റ്റ് ടു വിഡിയോ പ്രോഗ്രാമിനു നല്‍കുകയായിരുന്നു. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സോറ പകരം നമുക്ക് വിഡിയോ നല്‍കി. 

ചാറ്റ് ജിപിടി സിഇഒ സാം ആള്‍ട്ട്മാന്റെ എക്സിലെ ഒരു ട്വീറ്റില്‍ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. നിങ്ങള്‍ക്കു കാണേണ്ട കാഴ്ച്ചകളെ വാക്കുകളിലാക്കി പറയാന്‍ എക്‌സില്‍ തന്റെ ഫോളോവേഴ്‌സിനോട് ആള്‍ട്ട്മാന്‍ ആവശ്യപ്പെട്ടു. വാക്കുകളെ വിഡിയോ ആക്കി മാറ്റാന്‍ കഴിയുന്ന സോറയെ പരിചയപ്പെടുത്തുകയായിരുന്നു ആള്‍ട്ട്മാന്റെ ലക്ഷ്യം. ആശയം വാക്കുകളിലാക്കി തരാനുള്ള ആള്‍ട്ട്മാന്റെ ആഹ്വാനം ശിരസാ വഹിച്ച് നിരവധി പേരാണ് എക്‌സില്‍ മറുപടി നല്‍കിയത്. ഇതില്‍ തെരഞ്ഞെടുത്തവയായിരുന്നു ആള്‍ട്ട്മാന്‍ സോറക്ക് കൈമാറിയത്. 

പ്രത്യേകിച്ച് സൂഷ്മ വിവരങ്ങളൊന്നും നല്‍കാതെ ഒഴുക്കന്‍ മട്ടില്‍ കിട്ടിയ വാചകങ്ങളെ പോലും കമാന്‍ഡായി സ്വീകരിച്ച് നല്ല കിടുക്കാച്ചി വിഡിയോകള്‍ സോറ നിര്‍മിച്ചു. അത് ചൂടാറും മുമ്പേ ആള്‍ട്ട്മാന്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. കൂര്‍ത്ത തൊപ്പിയും താടിയുമുള്ള ഒരു മാന്ത്രികന്റെ കൈ വിരലുകളില്‍ നിന്നും മിന്നല്‍ പിണരുകള്‍ വരുന്നു. മറുകയ്യില്‍ പഴയ ഒരു പുസ്തകവുമുണ്ട്. എന്നായിരുന്നു ഒരാള്‍ എഴുതിയത്. 

ജെനറേറ്റീവ് എഐ ആര്‍ട്ട് പ്രോഗ്രാമായ ഡാള്‍-ഇക്ക് വെല്ലുവിളിയായാണ് ആള്‍ട്ട്മാന്‍ സോറയെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമിലും ഡാള്‍-ഇയെക്കാള്‍ മികവു പുലര്‍ത്തുന്നു സോറയെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. സ്രാവും ഡോള്‍ഫിനും കടലാമയുമെല്ലാം കടലിനു മുകളിലൂടെ സൈക്കിള്‍ ചവിട്ടി പോവുന്ന ഡ്രോണില്‍ ചിത്രീകരിച്ചതുപോലെ കിട്ടണമെന്നു പറഞ്ഞയാള്‍ പോലും വിഡിയോ കണ്ടപ്പോള്‍ ഞെട്ടക്കാണും. അത്ര മനോഹരമായാണ് സ്വപ്‌നങ്ങളെ സോറ ദൃശ്യമാക്കി മാറ്റിയിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ക്രിയേറ്റേഴ്‌സിനു മാത്രമായിരിക്കും സോറ ലഭ്യമാക്കുകയെന്നും ആള്‍ട്ട്മാന്‍ എക്‌സില്‍ എഴുതിയിട്ടുണ്ട്. സോറയെ പൊതു ജനങ്ങള്‍ക്ക് എന്നു മുതല്‍ തുറന്നുകൊടുക്കുമെന്ന് മുതലാളിമാരായ ഓപ്പണ്‍ എഐ പ്രഖ്യാപിച്ചിട്ടില്ല. വാക്കുകളെ പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാക്കി നല്‍കുന്ന സോറ ഒരുപാടു മനോഹര ദൃശ്യങ്ങള്‍ നമുക്കു മുന്നിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 

English Summary:

OpenAI's Sora, a generative AI, uses a transformer architect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com