ADVERTISEMENT

ഈജിപ്തിൽ പല പുരാവസ്തു ഗവേഷകരും എത്തി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ലോകത്തെ വിസ്മയിപ്പിച്ച പല കണ്ടെത്തലുകളും നടത്തിയിട്ടുമുണ്ട്. ഏകദേശം രണ്ടു പതിറ്റാണ്ടായി ഈജിപ്തിൽ ഗവേഷണം നടത്തുന്ന പുരാവസ്തു പര്യവേഷകയാണ് ഡൊമിനിക്കൻ റിപ്ലബ്ലിക്കിലെ സാൻ ഡൊമിംഗോ സർവകലാശാലയിലെ ഡോ. കാത്‌ലിൻ മാർട്ടിനസ്. ഈജിപ്ഷ്യൻ ചരിത്രത്തിലെ വിഖ്യാത റാണിയായ ക്ലിയോപാട്രയുടെ ശവക്കല്ലറ കണ്ടെത്തുകയാണ് മാർട്ടിനസിന്റെ പ്രധാനലക്ഷ്യം. രണ്ട് വർഷങ്ങൾക്ക് മുൻപ് മാർട്ടിനസും സംഘവും പുരാവസ്തുഗവേഷകർക്കിടയിൽ ആശ്ചര്യം സൃഷ്ടിച്ച് വമ്പൻ തുരങ്കം കണ്ടെത്തിയിരുന്നു.

Cleopatra. Photo Credits: ewg3D/ istock.com. Tunnel : Photo credits - Twitter
Cleopatra. Photo Credits: ewg3D/ istock.com. Tunnel : Photo credits - Twitter

ഒന്നരക്കിലോമീറ്റർ നീളമുള്ള തുരങ്കമാണ് ഇവർ കണ്ടെത്തിയത്. ഈജിപ്തിലെ ടാപോസിരിസ് മാഗ്ന ആരാധനാലയത്തിനു 13 മീറ്റർ താഴെയായി സ്ഥിതി ചെയ്യുന്ന നിലയിലായിരുന്നു തുരങ്കം. ഇതിന് 1.8 മീറ്റർ പൊക്കമാണുള്ളത്. ഈജിപ്തിലെ വിഖ്യാത റാണിയായിരുന്ന ക്ലിയോപാട്രയുടെ കല്ലറയിലേക്കുള്ള വഴിയാണിതെന്നു താൻ വിശ്വസിക്കുന്നെന്ന് അന്നു ഡോ. കാത്‌ലിൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ പ്രശസ്തനായ റോമൻ ജനറൽ മാർക്ക് ആന്റണിയുടെ മൃതപേടകവും ഇതിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് സാധ്യത കൽപിക്കപ്പെട്ടു.

Representative Purpose only: AI Image generated With Canva
Representative Purpose only: AI Image generated With Canva

ഈജിപ്തിലെ പ്രമുഖ ദേവതയായിരുന്ന ഓസിരിസിന്റെ ആരാധനാലയമാണ് ടാപോസിരിസ് മാഗ്ന. അലക്സാണ്ടറുടെ പടയോട്ടത്തിനു ശേഷം ഈജിപ്തിൽ താവളമുറപ്പിച്ച ഗ്രീക്ക് വംശജരായ രാജകുടുംബാംഗങ്ങൾ ഓസിരിസിനെ ആരാധിച്ചിരുന്നു.ക്ലിയോപാട്രയും ഈ ഗ്രീക്ക് വംശജരായ രാജകുടുംബത്തിൽ പെട്ടതാണ്.തുരങ്കം കൂടാതെ സിറാമിക് പാത്രങ്ങൾ, മൺകുടങ്ങൾ, ചില ശിൽപങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ ചെറിയൊരു ഭാഗം കടലിനടിയിൽ മുങ്ങിയ നിലയിലാണെന്നു ഗവേഷകർ പറയുന്നു.  ഈ മേഖലയിൽ സംഭവിച്ച ഭൂചലനങ്ങളാണ് ഈ കടലേറ്റത്തിനു കാരണമെന്നും അവർ പറയുന്നു.

അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു.

Representative Purpose only: AI Image generated With Canva
Representative Purpose only: AI Image generated With Canva

അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി. ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു.

taposiris - 1
Koantao, /creativecommons.org

Read More at: അന്യഗ്രഹജീവികൾ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടാകാം;പക്ഷേ കാണുന്നത് നമ്മളെയല്ല

സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു. തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി.

Abstract ancient Egyptian background, Cleopatra.. Photo Credits: Mia Stendal/ Shutterstock.com
Abstract ancient Egyptian background, Cleopatra.. Photo Credits: Mia Stendal/ Shutterstock.com

ഇതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയും പിന്നീട് ഇതേ രീതിയിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അലക്സാൻഡ്രിയ നഗരത്തിലെവിടെയോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു. ടാപോസിരിസ് മാഗ്നയിലാകാനുള്ള സാധ്യത നേരത്തെ കൽപിക്കപ്പെട്ടിരുന്നെങ്കിലും ഈ വാദത്തിനു പിന്തുണ നൽകുകയാണ് ഇപ്പോൾ കാത്‌ലിൻ മാർട്ടിനെസും. പുരാതന ഈജിപ്തിന്റെ അവസാന റാണിയായ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്തിയാൽ സമീപകാലത്തെ ഏറ്റവും വലിയ ചരിത്രപരമായ കണ്ടെത്തലാകും അത്.

English Summary:

Tunnel that may lead to Cleopatra's tomb found below an Egyptian temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com