സൂര്യഗ്രഹണ ദിനത്തിലെ കണികാപരീക്ഷണം; അതീന്ദ്രിയ ശക്തിയുമായി ബന്ധം സ്ഥാപിക്കാനെന്ന് പ്രചാരണം
Mail This Article
ലോകത്ത് സർക്കാരുകളെയും ശാസ്ത്രസ്ഥാപനങ്ങളെയുമൊക്കെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം നിഗൂഢവാദ സിദ്ധാന്തങ്ങളുടെ ആധിക്യവും വളരെ പെട്ടെന്നുള്ള അവയുടെ പ്രചാരണവുമാണ്. വിവരസാങ്കേതിക വിദ്യ ഇത്രയ്ക്ക് വികസിച്ചിട്ടില്ലാത്ത മുൻകാലങ്ങളിൽ ഗൂഢവാദം ചില കൂട്ടായ്മകളിൽ ഒതുങ്ങിനിന്നിരുന്നു. എന്നാൽ ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും വിപ്ലവകരമായ വളർച്ചയോടെ ഇത് കൂടുതൽ വ്യാപകമായിരിക്കുകയാണ്.
ഏപ്രിൽ എട്ടിന് യുഎസ് അടുത്തിടെ കണ്ട ഏറ്റവും വലിയ സൂര്യഗ്രഹണമാണെന്ന് അറിഞ്ഞത് മുതൽ കോൺസ്പിറസി തിയറിസ്റ്റുകൾ പല നിഗൂഢവാദങ്ങളും പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിൽ ഏറ്റവും വിചിത്രമായത്, യൂറോപ്യൻ ആണവ ഗവേഷണ കേന്ദ്രമായ സേണുമായി ബന്ധിപ്പിച്ച് ഇറക്കിയ നിഗൂഢസിദ്ധാന്തമാണ്.
സേണിലെ പ്രശസ്തമായ ലാർജ് ഹേഡ്രൺ കൊളൈഡർ ഏപ്രിൽ എട്ടിന് പരീക്ഷിക്കുമെന്ന് സേൺ അറിയിച്ചിരുന്നു, ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഊർജമുള്ളതുമായ പാർട്ടിക്കിൾ കൊളൈഡറാണ് എൽഎച്ച്‌സി എന്നറിയപ്പെടുന്ന ലാർജ് ഹേഡ്രൺ കൊളൈഡർ. ഉന്നതശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള മേഖലയിലെ പ്രവർത്തനങ്ങൾ മൂലം സേൺ പണ്ടേ ദുരൂഹതാവാദക്കാരുടെ ഇഷ്ടപ്പെട്ട സംഭവമാണ്. കേട്ടാൽ മൂക്കത്തു വിരൽ വച്ചുപോകുന്ന ഗൂഢവാദങ്ങളാണ് ഇത്തവണ സേണുമായി ബന്ധപ്പെട്ട വന്നിരിക്കുന്നത്.
ഐവാസ് എന്ന അതീന്ദ്രിയ ശക്തിയുമായി ബന്ധം സ്ഥാപിക്കാനാണ് അന്നേദിവസം തന്നെ സേൺ കൊളൈഡറിൽ പരീക്ഷണം നടത്തുന്നതെന്ന് ചില ഗൂഢവാദക്കാർ ആരോപിക്കുന്നു. എന്നാൽ ഇതും ഇത്തരം പ്രചാരണങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ മറുപടി പറയുന്നു. എൽഎച്ച്‌സിയിൽ ഇടയ്ക്കിടെ പരീക്ഷണങ്ങൾ നടക്കാറുണ്ട്. ഇത് അത്തരത്തിലൊന്നു മാത്രമാണെന്ന് അവർ പറയുന്നു.
സ്വിറ്റ്‌സർലൻഡ്-ഫ്രാൻസ് അതിർത്തിമേഖലയിൽ 100 മീറ്റർ താഴ്ചയിലാണ് കൊളൈഡർ സ്ഥിതി ചെയ്യുന്നത്. ഇവിടെയെങ്ങും സൂര്യഗ്രഹണം ദൃശ്യമാവില്ലെന്നും ഗവേഷകർ പറയുന്നു.സേണുമായി ബന്ധപ്പെട്ട് നേരത്തെയും ഗൂഢവാദങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ പ്രപഞ്ചത്തിനു സമാന്തരമായി മറ്റൊരു പ്രപഞ്ചമുണ്ടെന്നും ഇതുമായി സേൺ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നുമൊക്കെ ഇടക്കാലത്ത് പ്രചാരണങ്ങൾ ഇറങ്ങിയിരുന്നു.