രഹസ്യ ദൗത്യങ്ങൾ! ബഹിരാകാശത്തും പിടിമുറുക്കി ചൈന; അമ്പരപ്പോടെ അമേരിക്ക
Mail This Article
അത്യന്തം രഹസ്യമായ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചൈന വലിയ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാത്രമല്ല ചാന്ദ്രദൗത്യമായ ചാങ് 6, റോബോടിക് കൈകളുള്ള സ്വന്തം ബഹിരാകാശനിലയമായ ടിയാങ്കോങുമൊക്കെ ചൈനയുടെ സ്വന്തം പദ്ധതികളാണ്. ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളിൽ, പ്രത്യേകിച്ച് ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തിന്റെ ദ്രുതഗതിയിലുള്ള നിർമ്മാണത്തിൽ, യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ ആശ്ചര്യം തുറന്ന് സമ്മതിച്ചിരുന്നു.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തി രാഷ്ട്രങ്ങളെ ബഹിരാകാശ മത്സരത്തില്‍ ഒറ്റയടിക്ക് തോല്‍പിക്കാനുള്ള ചൈനീസ് തന്ത്രമാണ് ഇതൊക്കെയെന്ന ആശങ്ക സജീവമാണ്. ചന്ദ്രനില്‍ ഇറങ്ങുന്ന പ്രദേശങ്ങളില്‍ ചൈന അവകാശവാദം ഉന്നയിക്കാനും മറ്റു രാജ്യങ്ങളെ അകറ്റി നിര്‍ത്താനുമുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കയും നാസയും നല്‍കുന്ന മുന്നറിയിപ്പ്.
സിവിലിയന്‍ പ്രോഗ്രാമുകളുടെ മറവില്‍ അതീവ രഹസ്യമായി ചൈന സൈനിക പദ്ധതികളാണ് ബഹിരാകാശത്ത് നടപ്പാക്കുന്നതെന്ന മുന്നറിയിപ്പുമായി രംഗത്തുള്ളത് നാസ മേധാവി തന്നെയാണ് . ലോകത്തിന്റെ കണ്ണില്‍ പൊടിയിട്ട് ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗങ്ങള്‍ കോളനിയാക്കിക്കൊണ്ട് ബഹിരാകാശ മത്സരത്തില്‍ മുന്നിലെത്താനുള്ള ശ്രമമാണ് ചൈനയുടേതെന്നാണ് നാസ ആരോപിക്കു ന്നത്.
'കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ബഹിരാകാശ രംഗത്ത് അസാധാരണമായ നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. മാത്രമല്ല അവരുടെ ബഹിരാകാശ പദ്ധതികള്‍ അതീവ രഹസ്യവുമാണ്. ചൈനയുടെ പല സിവിലിയന്‍ പ്രോഗ്രാമുകളും സത്യത്തില്‍ മിലിറ്ററി പ്രോഗ്രാമുകളാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഫലത്തില്‍ നമ്മള്‍ ബഹിരാകാശ മത്സരത്തിലാണ്' 2025ലേക്കുള്ള നാസയുടെ ബജറ്റിന് അനുമതി നല്‍കുന്ന കമ്മറ്റിക്ക് മുമ്പാകെ ഹാജരായിക്കൊണ്ട് നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു.
2022ല്‍ ചൈന അവരുടെ ബഹിരാകാശ നിലയം സ്ഥാപിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും സാംപിളുകള്‍ കൊണ്ടുവരുന്ന ദൗത്യങ്ങളും ചൈന നടത്തി. ആര്‍ട്ടിമിസ് III ദൗത്യം വഴി 2026ലാണ് അമേരിക്ക മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 2030ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുമെന്നാണ് നിലവില്‍ ചൈന അവകാശപ്പെടുന്നത്. ചൈന വലിയതോതിലാണ് ബഹിരാകാശ പദ്ധതികള്‍ക്കായി പണം ചിലവാക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ബഹിരാകാശ മത്സരത്തില്‍ അമേരിക്കയെ ചൈന മറികടക്കാനുള്ള സാധ്യത കുറവാണെങ്കിലും ശ്രദ്ധ വേണമെന്നാണ് നാസ മേധാവിയുടെ മുന്നറിയിപ്പ്.
പുതിയ ബഹിരാകാശ മത്സരം
ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലായിരുന്നു ബഹിരാകാശത്തെ മേല്‍ക്കോയ്മക്കായി മത്സരം നടന്നത്. കോടിക്കണക്കിന് ഡോളറുകള്‍ ചിലവിട്ടാണ് ഇരു രാജ്യങ്ങളും ദ്ധതികളുമായി മുന്നോട്ടു പോയിരുന്നത്. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ മത്സരവും അവസാനിച്ചു. എന്നാല്‍ നിലവില്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാവുന്നത് ചൈനയാണ്.
ചന്ദ്രനില്‍ ചൈന മനുഷ്യരെ ഇറക്കിയാല്‍ അവര്‍ ഇറങ്ങുന്ന പ്രദേശത്തിലുള്ള അവകാശവാദം ചൈന നടത്തുമെന്നതാണ് നാസയുടേയും അമേരിക്കയുടേയും പ്രധാന ആശങ്ക. 2023ല്‍ മാത്രം ചൈന 14 ബില്യണ്‍ ഡോളര്‍(1.17 ലക്ഷം കോടി രൂപ) ബഹിരാകാശ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നുവെന്നാണ് ദ സണ്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത്ര വലിയ പണം ഏതൊക്കെ പദ്ധതികള്‍ക്കായാണ് ചെലവാക്കുന്നതെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ആശങ്ക.