അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ പ്രചാരണം തകര്‍ത്തെന്ന് മെറ്റ

social-media
SHARE

അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ പ്രചാരണത്തെ തകര്‍ത്തെന്ന് മെറ്റ. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും പോലുള്ള വലിയ സോഷ്യല്‍മീഡിയ സൈറ്റുകളുടെ മാതൃകമ്പനിയായ മെറ്റ അമേരിക്കക്കെതിരെ ഇത്തരം നീക്കം ആദ്യമായാണ് നടത്തുന്നത്. സോഷ്യല്‍മീഡിയയിലൂടെ അമേരിക്കയേയും അവരുടെ സഖ്യരാജ്യങ്ങളേയും പിന്തുണക്കുകയും റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ അമേരിക്കന്‍ വിരുദ്ധ ചേരിയിലെ രാഷ്ട്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തതിനാണ് നടപടിയെന്നാണ് മെറ്റയുടെ വിശദീകരണം. 

ഫെയ്സ്ബുക്കില്‍ 39 അക്കൗണ്ടുകളും 16 പേജുകളും രണ്ട് ഗ്രൂപ്പുകളും പൂട്ടിയിട്ടുണ്ട്. നിയമാവലിയിലെ നിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്‍സ്റ്റഗ്രാമിലെ 26 അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചു. അമേരിക്കയിലാണ് ഈ കൂട്ടായ്മ ഉടലെടുത്തതെന്നും മെറ്റ പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു. പാശ്ചാത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് സമാനമായ രീതികളാണ് അമേരിക്കന്‍ അനുകൂല സംഘങ്ങളും നടത്തിയത്. വ്യാജ അക്കൗണ്ടുകളും നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ച ചിത്രങ്ങളും മറ്റും പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചുമൊക്കെയായിരുന്നു പ്രചാരണം നടത്തിയിരുന്നത്.

അഫ്ഗാനിസ്ഥാന്‍, അള്‍ജീരിയ, ഇറാന്‍, ഇറാഖ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, സൊമാലിയ, സിറിയ, താജികിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അമേരിക്കന്‍ അനുകൂല സംഘത്തിന്റെ പ്രചാരണം. വനിതകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയും ഇതിന്റെ തുടര്‍ച്ചയായി ഇറാനിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും അവിടത്തെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നതു പോലുള്ള രീതിയാണ് ഇവര്‍ അമേരിക്കന്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തിയിരുന്നത്.

ചില ഗ്രൂപ്പുകള്‍ മാധ്യമ സ്ഥാപനങ്ങളെ പോലെയാണ് പെരുമാറിയിരുന്നത്. ബിബിസി, ന്യൂസ് റഷ്യന്‍ പോലുള്ള മാധ്യമങ്ങളിലും മറ്റും വന്ന റിപ്പോര്‍ട്ടുകളെന്ന രീതിയില്‍ വ്യാജ വാര്‍ത്തകളും ചമച്ച് പ്രചരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പുകള്‍ക്ക് വലിയ സ്വാധീനം പൊതു യൂസര്‍മാരില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും മെറ്റ അറിയിക്കുന്നു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമല്ല ട്വിറ്ററിലും യൂട്യൂബിലും ടെലഗ്രാമിലുമെല്ലാം ഈ സംഘം തങ്ങളുടെ ആശയ പ്രചാരണം നടത്തിയിട്ടുണ്ട്.

ഈ പ്രചാരണത്തിന് പിന്നിലുണ്ടായിരുന്നവര്‍ അവരുടെ യഥാര്‍ഥ വ്യക്തിത്വം മറച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ളവരാണെന്നും മെറ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ ഈ രഹസ്യ പ്രചാരണ യുദ്ധം സംബന്ധിച്ച വസ്തുതാ റിപ്പോര്‍ട്ട് സൈന്യം പെന്റഗണ് കൈമാറിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

English Summary: Meta claims US military link to online propaganda campaign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA