ഫോണുകളിൽ നിന്ന് എത്രയും പെട്ടെന്ന് ടിക്ടോക് നീക്കം ചെയ്യണം, നിർദേശവുമായി യൂറോപ്യൻ യൂണിയൻ
Mail This Article
സ്മാർട് ഫോണുകളിൽ നിന്ന് എത്രയും പെട്ടെന്ന് ചൈനീസ് ആപ് ടിക് ടോക് നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ കമ്മിഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. കോർപ്പറേറ്റ് ഫോണുകളിൽ നിന്നും പ്രൊഫഷണൽ ആപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്നും ടിക്ടോക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയൻ വക്താവ് തിയറി ബ്രെട്ടനും പറഞ്ഞു.
തങ്ങളുടെ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ കമ്മിഷൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഈ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് ടിക്ടോക് പറഞ്ഞു. ‘‘ഈ തീരുമാനത്തിൽ ഞങ്ങൾ നിരാശരാണ്, ഇത് ചില തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു,” – ചൈനീസ് കമ്പനി വക്താവ് പറഞ്ഞു.
വിദേശ രാജ്യങ്ങൾ ടിക് ടോക് നിരോധിക്കുന്നത് ചൈനീസ് കമ്പനികളെ അടിച്ചമർത്താൻ രാഷ്ട്രീയ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് തുല്യമാണെന്നും ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ നേരത്തെ തന്നെ നിരോധിച്ച ആപ്പാണ് ടിക്ടോക്. അമേരിക്കയിലും ടിക്ടോക്കിന് നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ യൂറോപ്യൻ യൂണിയന്റെയും കടുത്ത നിരീക്ഷണത്തിലാണ് ചൈനീസ് ആപ്.
യുഎസിലെ സർക്കാർ ജീവനക്കാരുടെ ഹാൻഡ്സെറ്റുകളിൽ ടിക്ടോക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. യുഎസിലെ ചില നിയമനിർമാതാക്കൾ ചൈനീസ് ആപ് പൂർണമായും നിരോധിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, കോർപ്പറേറ്റ് ഫോണുകളിൽ നിന്ന് ടിക് ടോക് നീക്കം ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടാനുള്ള തീരുമാനത്തിൽ യുഎസ് സമ്മർദമൊന്നും ഇല്ലെന്ന് യൂറോപ്യൻ കമ്മിഷൻ വക്താവ് പറഞ്ഞു.
ഡേറ്റ, പകർപ്പവകാശം, ഹാനികരമായ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ടിക്ടോക് പരാജയപ്പെട്ടതായി ആപ് നിരോധനത്തെക്കുറിച്ച് ഉന്നത ഇയു ഉദ്യോഗസ്ഥർ അടുത്തിടെ ആരോപിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് ആസ്ഥാനത്ത് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ നവംബറിൽ ടിക് ടോക് തന്നെ സമ്മതിച്ചിരുന്നു. മാധ്യമപ്രവർത്തകരെ ട്രാക്കുചെയ്യുന്നതിന് ബൈറ്റ്ഡാൻസ് സ്റ്റാഫ് ടിക് ടോക് ഡേറ്റ ആക്‌സസ് ചെയ്‌തുവെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.
English Summary: EU Commission asks staff to remove TikTok from phones