ADVERTISEMENT

വലിയ വിലകൊടുത്ത് വാങ്ങിയ ട്വിറ്റർ ഇപ്പോൾ ഇലോൺ മസ്കിന് വൻ തലവേദനയായിരിക്കുകയാണ്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട മസ്കിന് പിന്നീടങ്ങോട്ട് പണിയോട് പണിയായിരുന്നു. 3.63 ലക്ഷം കോടി രൂപ മുടക്കി വാങ്ങിയ കമ്പനിയുടെ മൂല്യം 1.65 ലക്ഷം കോടിയായി ഇടിഞ്ഞു. സേവനങ്ങൾ മുടങ്ങുന്നത് പതിവായി. ഇപ്പോഴിതാ ട്വിറ്ററിന്റെ സോഴ്സ് കോഡ് (അടിസ്ഥാന പ്രവർത്തന കമാൻഡുകൾ) ഉൾപ്പെട്ട ടെക്സ്റ്റ് പുറത്തായി എന്നാണ് റിപ്പോർട്ട്. ട്വിറ്ററിന്റെ സുരക്ഷാ ദൗർബല്യങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സോഴ്സ് കോഡിൽ നിന്ന് ലഭിച്ചേക്കാം. ഇത് ഹാക്കർമാർക്കും ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്നവർക്കും യൂസർ ഡേറ്റ ചോർത്താൻ ഉപയോഗിച്ചേക്കാം.

 

കഴിഞ്ഞ വർഷം ട്വിറ്ററിൽ നിന്ന് പിരിച്ചുവിട്ടവരിൽ ഒരാളാണ് സോഴ്സ് കോഡ് പുറത്തുവിട്ടതെന്നാണ് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിലെ അനുമാനം. ഡൗൺലോഡ് ചെയ്ത കോഡ് ഗിറ്റ്ഹബ് എന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. മാസങ്ങളോളം ഇത് ഈ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ചോർച്ച കണ്ടെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ട്വിറ്റർ ഗിറ്റ്ഹബിന് കോപ്പിറൈറ്റ് ലംഘനത്തിന് നോട്ടിസ് നൽകി. തൊട്ടുപിന്നാലെ സോഴ്സ് കോഡ് ഉൾപ്പെട്ട പോസ്റ്റ് ഗിറ്റ്ഹബ് നീക്കം ചെയ്തു. കലിഫോർണിയ കോടതിയിലാണ് ട്വിറ്റർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സോഴ്സ് കോഡ് പോസ്റ്റ് ചെയ്ത വ്യക്തിയുടേയും ഡൗൺലോഡ് ചെയ്തവരുടെയും വിവരങ്ങൾ നൽകാൻ ഗിറ്റ്ഹബിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ട്വിറ്ററിന്റെ പ്രവർത്തനം തടസപ്പെടുത്താൻ കഴിയുന്ന വിവരങ്ങൾ സോഴ്സ് കോഡിൽ നിന്ന് ലഭിച്ചേക്കാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് യൂസർ ഡേറ്റ ചോർത്താൻ കഴിയും എന്നതാണ് രണ്ടാമത്തെ വലിയ പ്രശ്നം. ബിസിനസ് എതിരാളികൾക്ക് ട്വിറ്ററിനുമേൽ അന്യായമായ മേൽക്കൈ ലഭിക്കും എന്നതാകും മസ്കിനെ അലട്ടുന്ന പ്രധാനപ്രശ്നം. ഫ്രീ സ്പീച്ച് അബ്സൊല്യൂട്ടിസ്റ്റ് എന്നായിരുന്നു ഗിറ്റ്ഹബിൽ സോഴ്സ് കോഡ് പോസ്റ്റ് ചെയ്തയാളുടെ ഐഡി. ഇലോൺ മസ്ക് ഫ്രീ സ്പീച്ച് അബ്സൊല്യൂട്ടിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കാറുള്ളത്. കോഡ് ചോർത്തിയ വ്യക്തിക്ക് മസ്കിന്റെ നടപടികളോടുള്ള കടുത്ത അതൃപ്തി ഇതിൽത്തന്നെ പ്രകടമാണെന്നും വ്യക്തമാണ്.

 

ടെക് ഭീമന്മാരുടെ സോഴ്സ് കോഡ് ചോർത്തൽ ഇത് ആദ്യ സംഭവമല്ല. 2020ൽ സെൽഫ് ഡ്രൈവിങ് കാറുകളിലൂടെ പ്രശസ്തനായ എൻജിനീയർ ആന്തണി ലെവൻഡോവ്സ്ക്കിയെ ഗൂഗിളിന്റെ കോഡ് മോഷ്ടിച്ചതിന് 18 മാസം തടവിന് ശിക്ഷിച്ചിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് ലവൻഡോവ്സ്കിക്ക് മാപ്പുനൽകി. കഴിഞ്ഞ വർഷം ഒരു ഹാക്കിങ് ഗ്രൂപ്പ് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ സോഴ്സ് കോഡ് ചോർത്തിയിരുന്നു. സമാനമായ മറ്റനേകം സംഭവങ്ങൾ ടെക് ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കമ്പനികളുടെ ഓഹരി വിലയെയും മൊത്തം മൂല്യത്തെയും ബാധിക്കുകയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യാൻ പോന്നതാണ്.

 

English Summary: Twitter suffers a concerning data leak, company suspects ex-employee behind it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com