ADVERTISEMENT

ലക്ഷദ്വീപ് സ്വദേശിയായ ഷാഹുലിന് ഒരു സ്വപ്നമുണ്ട്. അത് ദ്വീപ് പോലെ ഒരു തുരുത്തിൽ‌ ഒതുങ്ങുന്ന ഒന്നല്ല. ഏഴു ഭൂഖണ്ഡത്തിലുമുള്ള സകല മനുഷ്യരെയും ചേർ‌ത്തു നിർത്തുന്ന ഒരു സ്നേഹച്ചരടാണ് അത്. സഹജീവികളുടെ ആവശ്യങ്ങൾ അത് എത്ര ചെറുതോ വലുതോ ആയാലും അവരുടെ നേർക്കു കാരുണ്യത്തിന്റെ ഒരു കൈനീട്ടാനുള്ള അവസരം ഭൂമിയിലെ എല്ലാവർക്കും ഒരുക്കുന്ന ഒരു വേദി. അവിടെ വേർത്തിരിവുകളൊന്നുമില്ലാതെ ആർക്കും ആരെയും സഹായിക്കാം. അ‍ഞ്ചു വർഷമായി ആ സ്വപ്നത്തിന്റെ പിന്നാലെയായിരുന്നു ഷാഹുൽ. 

 

കോവിഡിനെ തുടർന്നു പ്രഖ്യാപിച്ച ആദ്യ ലോക്ഡൗൺ കാലത്ത് മലയാളികളുടെ എല്ലാം മനസ്സിനെ പൊള്ളിക്കുകയും പിന്നീട് ആയിരങ്ങൾക്ക് സഹായമെത്തിക്കാൻ പോലും പ്രേരിപ്പിച്ചത് ഒരു കുഞ്ഞു വിഡിയോ ആയിരുന്നു. കുടിക്കാൻ വെള്ളം പോലും കിട്ടാതെ രണ്ടു ദിവസമായി അലയുന്ന ഒരു അതിഥി ലോറി തൊഴിലാളിയുടെ വിഡിയോ ആയിരുന്നു അത്. ലക്ഷദ്വീപിലെ മിനിക്കോയിയിൽ ഇംഗ്ലിഷ് അധ്യാപകനായ ഷാഹുൽ ഹമീദിനെയും ആ വിഡിയോ സങ്കടപ്പെടുത്തി. വർഷങ്ങളായി മനസ്സിലുറങ്ങിക്കിടന്ന ഒരു സ്വപ്നത്തെയാണ് ആ സങ്കടം തട്ടിയുണർത്തിയത്. 

 

സഹായം ആവശ്യമുള്ളവരെയും സഹായിക്കാൻ താൽ‌പര്യമുള്ളവരെയും ഒരു കുടക്കീഴിലെത്തിക്കാനുള്ള ഒരു പ്ലാറ്റ്ഫോം. ആ പ്ലാറ്റ്ഫോം ബീയിങ്ഗുഡ് (BEINGOOD) എന്ന പേരിൽ മൊബൈൽ ആപ്പായി ഈ മാസം മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലുമെത്തി. 2016ൽ 2016ൽ വീ ആർ വൺ എന്ന മേൽവിലാസത്തിൽ BEINGOODന്റെ വെബ്സൈറ്റ് നിർമിച്ച് ഇതേ ലക്ഷ്യം നിറവേറ്റാൻ ഷാഹുൽ പരിശ്രമിച്ചിരുന്നു. എന്നാൽ ഇന്റർനെറ്റ് മൊബൈൽ ഫോണിലേക്കു മാറുന്ന കാലമായതിനാൽ വേണ്ടത്ര ശ്രദ്ധ വെബ്സൈറ്റിനു ലഭിച്ചില്ല. പിന്നീടാണ് ഇതേ ആശയം മുൻനിർത്തി മൊബൈൽ ആപ്പ് നിർമിക്കാൻ തീരുമാനിച്ചത്. 

 

ഫാറൂഖ് കോളജിൽനിന്നു ഇംഗ്ലിഷ് സാഹിത്യം പഠിച്ച ഷാഹുൽ ഹമീദ്, ആപ്പ് നിർമിക്കാനായി കോഡിങ്ങും ആപ്പ് ഡവലപ്മെന്റും മറ്റും പഠിച്ചു. പിന്നീട് മനസ്സിലുള്ള ആശയമനുസരിച്ചു ആപ്പിന്റെ പ്രോട്ടോടൈപ്പ് നിർമിച്ചു. പിന്നീട് ഡവലപ്പർമാരെയും ഡിസൈനർമാരെയും കണ്ടെത്തി തന്റെ ആശയം അവരുമായി പങ്കുവച്ചു. പകർത്താൻ മറ്റു മാതൃകകളൊന്നുമില്ലാത്തതിനാൽ ഒരു വർഷവും ഏഴുലക്ഷത്തിലധികം രൂപയും ചെലവഴിച്ചാണ് 30 വിദഗ്ധരുടെ നേതൃത്വത്തിൽ ആപ്പ് കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയത്.

 

ഏതു സാഹചര്യത്തിലും ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും ദ്രുതഗതിയിൽ സഹായം തേടാനും എത്തിക്കാനും സാധിക്കുന്ന തീർത്തും സൗജന്യമായ ആപ്പാണ് BEINGOOD. സഹായം ആവശ്യമുള്ള അനേകർ നമുക്കുചുറ്റുമുണ്ട്; അതുപോലെ തന്നെ സഹായിക്കാൻ മനസ്സുള്ള അനേകരും സമൂഹത്തിലുണ്ട്. എന്നാൽ അവരെ പരസ്പരം കണ്ടുമുട്ടിക്കുകയെന്ന ദൗത്യമാണ് BEINGOOD ചെയ്യുന്നത്. ആവശ്യക്കാരുടെ ചെറുതും വലുതുമായ ഏതൊരാവശ്യവും അറിയിക്കാനും സഹായിക്കാൻ ആഗ്രഹമുള്ളവർക്ക് അവ ചെയ്തുകൊടുക്കാനുമുള്ള അവസരമാണ് BEINGOOD മുന്നോട്ടുവയ്ക്കുന്നത്. 

 

സഹായം ആവശ്യമുള്ളവരുടെ വിവരം ഒരു കിലോമീറ്റർ മുതൽ –100 വരെ ദൂരെയുള്ളവർക്കു വരെ കാണാനും സഹായം എത്തിക്കാനും സാധിക്കും. ഫിൽറ്റർ ഉപയോഗിച്ചു അതു നിയന്ത്രിക്കാനുമാകും. സഹായം ആവശ്യമുള്ളവരുടെ ലൊക്കേഷൻ, ആവശ്യം, തുടങ്ങിയവ പോസ്റ്റിലൂടെ മനസിലാക്കാനാകും. കൂടുതൽ വിവരങ്ങൾ‌ വേണമെങ്കിൽ അവരുമായി റിയൽ ടൈം ചാറ്റ് തുടങ്ങിയവയിലൂടെ ആവശ്യം വ്യക്തമായി മനസിലാക്കാനും സഹായം എത്തിക്കാനും ആപ്പ് ഉപയോഗിക്കുന്നവർക്കു സാധിക്കും. 

ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങൾ, രക്തദാനം, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങൽ തുടങ്ങി ഒരാൾക്ക് ആവശ്യമുള്ള ഏതു കാര്യവും ആപ്പിലൂടെ ഉന്നയിക്കാം. 

 

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം, കോവിഡ് പോലുള്ള മഹാമാരി തുടങ്ങിയ സന്ദർഭങ്ങളിലും മുൻ നിര പോരാളികളെയും രക്ഷാപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ മനസ്സുള്ള ഏതൊരാളെയും സഹായം വേണ്ടവരുമായി അതിവേഗം ബന്ധപ്പെടുത്താനും ആപ്പിനു സാധിക്കും. ഉപഭോക്താക്കൾക്ക് ‘GET HELP’ എന്ന ഓപ്ഷൻ വഴി ആപ്പിലൂടെ സഹായം അഭ്യർത്ഥിക്കാം. സഹായഭ്യർത്ഥനകൾ ആവശ്യത്തിന്റെ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപ്പിൽ പ്രത്യക്ഷപ്പെടും. തൽഫലമായി തൊട്ടടുത്ത 50 കിലോമീറ്റർ വരെയുള്ള ആപ്പ് ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ പോവുകയും സാധ്യമാവുന്ന സഹായങ്ങൾ അവരിലേക്ക് ലൊക്കേഷൻ കണ്ടെത്തി എത്തിക്കാനും കഴിയും.

 

ആർക്കും എന്തു സഹായവും നൽകാൻ കഴിയും എന്നതാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. നമ്മുടെ കയ്യിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായം ഉണ്ടെങ്കിലും ‘GIVE HELP’ എന്ന ഹോം സ്ക്രീൻ ബട്ടനിലൂടെ നൽകാനുമാവും. സഹായം എത്തിക്കുന്നവർക്ക് അവർ പൂർത്തിയാക്കുന്ന ടാസ്ക്കുകൾക്ക് അനുസരിച്ച് ഹോണററി പോയിന്റുകളും വെർച്വൽ ബാഡ്ജുകളും ആപ്പിലെ പ്രൊഫൈൽ പേജുകളിൽ ലഭ്യമാകും. കൂടാതെ ഏതെങ്കിലും ടാസ്ക് സംഘമായി തുടങ്ങാനും നിറവേറ്റാനും അതുവഴി സഹായിക്കുന്നവരുടെ ഒരു കമ്മ്യൂണിറ്റി രൂപീകരിക്കാനും ആപ്പിലൂടെ സാധിക്കും. വ്യക്തികൾക്കു പുറമേ സന്നദ്ധ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും ആപ്പ് ഏറെ ഉപകാരപ്രദമാകുമെന്ന് BEINGOOD എച്ച്ആർ മേധാവിയും ഷാഹുലിന്റെ ഭാര്യയുമായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫാത്തിമത്ത് ഷാദിയ പറഞ്ഞു. 

www.beingood.org

 

English Summary: Beinggood: An application from Lakshadweep to help each other

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com