ADVERTISEMENT

ഐഫോണുകൾ ചാർജർ ഇല്ലാതെ വിറ്റഴിച്ചതിന് ടെക് ഭീമനായ ആപ്പിളിന് 24 ലക്ഷം ഡോളർ (ഏകദേശം 19.13 കോടി രൂപ) പിഴ ഈടാക്കി ബ്രസീൽ. ചാർജറില്ലാതെ ഫോൺ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. വിവേചനപരമായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസുരക്ഷ – നീതി വിഭാഗമാണ് ആപ്പിളിനെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ വകുപ്പും നടപടി സ്വീകരിച്ചതോടെ ഐഫോണിന്റെ 12, 13 മോഡലുകൾ ബ്രസീലിൽ ചാർജറില്ലാതെ വിൽക്കാനാവില്ല. 

എല്ലാ ഐഫോൺ 12, 13 മോഡലുകളുടെയും വിൽപന നിരോധിക്കുന്നതാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഡിഫൻസ് വകുപ്പിന്റെ നടപടി. പൂർണമല്ലാത്ത ഉൽപന്നം വിറ്റതിനും ഉപഭോക്താവിനോട് വിവേചനം കാണിച്ചതിനും ഉത്തരവാദിത്തം മറ്റുള്ളരുടെ മേൽ വച്ച് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചതിനും ഇക്കഴിഞ്ഞ ഡിസംബർ മുതൽ ആപ്പിളിനെതിരെ ബ്രസീലിൽ അന്വേഷണം നടന്ന് വരികയാണ്. ഇതിന് മുൻപും ആപ്പിളിന്റെ വിവേചനപരമായ നടപടികൾക്കെതിരെ ബ്രസീൽ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇത്രയും കടുത്ത നടപടി ഇതാദ്യമാണ്. 

പാരിസ്ഥിതിക കാരണങ്ങളാണ് ചാർജർ ഒഴിവാക്കിയതിന് ആപ്പിൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് പാരിസ്ഥിതിക കാരണങ്ങളല്ല, വിവേചനം ആണെന്ന് തന്നെ സർക്കാർ ആവർത്തിച്ചു. തുടർന്നാണ് നടപടി. ഐഫോണുകള്‍ ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള നീക്കം വഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിള്‍ നടത്തുന്നതെന്ന് തങ്ങൾക്ക് മനസ്സിലാക്കിത്തരാന്‍ ആപ്പിളിനു സാധിച്ചിട്ടില്ലെന്ന് നേരത്തേ ബ്രസീലിലെ മറ്റൊരു കോടതിയും പറഞ്ഞിരുന്നു. ചാര്‍ജര്‍ ഇല്ലാതെ വില്‍ക്കാന്‍ തീരുമാനിച്ചെങ്കില്‍ നിങ്ങള്‍ ഐഫോണ്‍ 12 സീരീസിന്റെ വില അതിനനുസരിച്ചു കുറച്ചോ എന്ന ചോദ്യത്തിനും ആപ്പിള്‍ മറുപടി നല്‍കിയില്ല. ചാര്‍ജര്‍ കൂടെ നല്‍കിയാല്‍ എന്തു വിലവരുമായിരുന്നു എന്ന ചോദ്യത്തിനും ആപ്പിള്‍ ഉത്തരം നല്‍കിയിട്ടില്ലെന്നും ബ്രസീലിയന്‍ അധികാരികള്‍ പറയുന്നു. ഇതു കൂടാതെ, ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ സ്വീകരിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യത്തിലും ആപ്പിള്‍ സഹായകമായ നിലപാട് കൈക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.

ബ്രസീലില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ ഇവിടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആപ്പിളിനോട് നിയമവിദഗ്ധർ ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ഒക്ടോബറിലാണ് ഐഫോണ്‍ 12 സീരീസ് ചാര്‍ജറുകളില്ലാതെ പുറത്തിറക്കിയത്. ഇതോടെ, ആപ്പിള്‍ എന്താണ് ചെയ്യുന്നതെന്നു നോക്കിയിരിക്കുന്ന പല കമ്പനികളും ആപ്പിളിന്റെ പാത പിന്തുടര്‍ന്ന് ചാര്‍ജറുകള്‍ ഇല്ലാതെ ഫോണ്‍ വില്‍പനയും തുടങ്ങി. ചാര്‍ജറില്ലാതെ വില്‍ക്കാനുള്ള പ്രധാന കാരണം പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കാനാണ് എന്ന വിശദീകരണമാണ് ആപ്പിള്‍ നല്‍കിയത്. ഈ നീക്കം പരിസ്ഥിതിക്ക് കാര്യമായ ഒരു ഗുണവും ചെയ്യില്ലെന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

 

English Summary: Brazil halts sales of charger-less iPhones, fines Apple $2.4 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com