ADVERTISEMENT

ടിവി ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് മരപ്പലക കിട്ടി, ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ബാര്‍സോപ് കിട്ടി തുടങ്ങിയ വാര്‍ത്തകൾ അടുത്തിടെ ഓൺലൈൻ‌ വിൽപന സൈറ്റുകളെപ്പറ്റി കേട്ടിരുന്നു. ഓണ്‍ലൈന്‍ വഴി വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ എണ്ണം പരിഗണിച്ചാല്‍ ഇത്തരം സംഭവങ്ങൾ തീരെ കുറവാണ് എന്നു കാണാം. പ്രത്യേകിച്ച് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളുടെ കാര്യത്തില്‍.

ഇപ്പോഴിതാ മാറിക്കിട്ടിയ ഉപകരണം ഉപയോക്താവിനെ അദ്ഭുതപ്പെടുത്തിയ കഥയാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. അശ്വിന്‍ ഹെഗ്ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തനിക്കു കിട്ടിയ അപ്രതീക്ഷിത ഉൽപന്നത്തെപ്പറ്റി പറഞ്ഞത്. താന്‍ ഫ്ലിപ്കാര്‍ട്ടില്‍നിന്ന് ഒരു ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്‌തെന്നും എന്നാല്‍ ഐഫോണ്‍ 14 ആണ് ലഭിച്ചതെന്നും അശ്വിന്‍ അവകാശപ്പെടുന്നു.

തെളിവ്

tweet-iphone14

തന്റെ അവകാശവാദത്തിന് തെളിവായി ഫ്ലിപ്കാര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ വിശദാംശങ്ങളും അശ്വിന്‍ ട്വിറ്ററിലിട്ട പോസ്റ്റിലുണ്ട്. അതിന്‍പ്രകാരം അശ്വിന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ഐഫോണ്‍ 13 ന്റെ 128 ജിബി വേരിയന്റാണ്. ഫ്ലിപ്കാര്‍ട്ടിന്റെ വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്ത് എത്തിച്ച ബോക്‌സില്‍ ഉള്ളത് ഐഫോണ്‍ 14 ആണ്.

ഊറിച്ചിരിച്ച് ട്വിറ്റര്‍

പതിവില്ലാത്ത ഈ സംഭവം ട്വിറ്റര്‍ യൂസര്‍മാര്‍ക്കിടയില്‍ ചിരിപടര്‍ത്തി. ഐഫോണ്‍ 13 ഉം 14 ഉം തമ്മിലുള്ള സമാനതകളായിരിക്കാം മാറിപ്പോകാനുള്ള കാരണമെന്ന് ഒരു യൂസര്‍ എഴുതി. വാള്‍മാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലിപ്കാര്‍ട്ട് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. അടുത്തിടെ നടന്ന ബിഗ് ബില്ല്യന്‍ വില്‍പനമേള വഴി ദശലക്ഷക്കണക്കിന് ഉൽപന്നങ്ങളാണ് വിറ്റുപോയത്. ആ തിരക്കിനിടെ ഫോണുകള്‍ മാറിപ്പോയതാവാമെന്നും വാദമുണ്ട്.

അതേസമയം, ഇത്തരം സംഭവങ്ങള്‍ ഇതാദ്യമായി ആയിരിക്കില്ലെന്നു വാദിക്കുന്നവരും ഉണ്ട്. തങ്ങള്‍ക്ക് മോശമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് വിളിച്ചു പറഞ്ഞ് ബഹളം വയ്ക്കുന്നവരെ നമുക്ക് കാണാം. അതേസമയം, അശ്വിന് ഉണ്ടായതു പോലെയുള്ള അനുഭവങ്ങളുണ്ടായാൽ ആരും പുറത്തുപറഞ്ഞേക്കില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അശ്വിനോട് ഫ്ലിപ്കാര്‍ട്ട് ഐഫോണ്‍ 14 മടക്കിവാങ്ങാനുള്ള സാധ്യതയുമുണ്ട്.

നെഞ്ചു തകര്‍ന്ന് ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തവര്‍

ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്ത് ഐഫോണ്‍ 14 കിട്ടിയ അശ്വിന്റെ കഥയവിടെ നില്‍ക്കട്ടെ. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ സെയിലിന്റെയും ഇന്ത്യയിലെ ഈ വര്‍ഷത്തെ മൊത്തം ആദായ വില്‍പനയുടെയും ഏറ്റവും വലിയ ഡീലുകളിലൊന്ന് 128ജിബി ഐഫോണ്‍ 13 മോഡല്‍ 49,999 രൂപയ്ക്കു വില്‍ക്കുന്നു എന്നതായിരുന്നു. കുറഞ്ഞ വിലയ്ക്കു പുറമെ എക്‌സ്‌ചേഞ്ച്, ബാങ്ക് ഓഫര്‍ തുടങ്ങിയവയും നല്‍കിയിരുന്നു.

എംആര്‍പി 69,999 രൂപയുള്ള ഈ മോഡല്‍ 40,000 രൂപയില്‍ താഴെ സ്വന്തമാക്കിയിട്ടുള്ളവരും ഉണ്ടായിരിക്കാം. അത്തരം ഒരു ഓഫര്‍ സ്വന്തമാക്കാന്‍ 'കണ്ണില്‍ എണ്ണയൊഴിച്ച്' കാത്തിരുന്നവരുടെ എണ്ണം ധാരാളമാണ്. അവരില്‍ ചിലര്‍ ഓഫര്‍ നേടുകയും ചെയ്തു. എന്നാല്‍ അവരുടെ ആഹ്ലാദം പൊടുന്നനെ ഇല്ലാതായി. ഫ്ലിപ്കാര്‍ട്ട് അവരുടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു എന്നതാണ് കാരണം.

ഇതിനു കാരണം തങ്ങളല്ല, തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഫോണ്‍ വിറ്റ സെല്ലര്‍മാരാണ് എന്ന് ഫ്ലിപ്കാര്‍ട്ട് പ്രതികരിച്ചു. (ഫ്ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ആണ്. പ്ലാറ്റ്‌ഫോം വഴി വിവിധ സെല്ലര്‍മാരാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്.) എന്തായാലും പിന്നീട് ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്, ഓഫര്‍ മുതലാക്കി ഓര്‍ഡര്‍ ചെയ്ത ഏകദേശം 70 ശതമാനം പേര്‍ക്കും ഐഫോണ്‍ 13 എത്തിച്ചുകൊടുത്തു എന്നാണ്.

തങ്ങള്‍ ഉപയോക്താക്കളുടെ സംതൃപ്തിക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. സെല്ലര്‍മാര്‍ വരുത്തിയ ചില പിശകുകള്‍ മൂലമാണ് ചില ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ആയതെന്നും ഉപയോക്താക്കളുടെ സന്തോഷം കെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്നു സെല്ലര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയെന്നും കമ്പനി പറയുന്നു.

ഈ മോഡലിനുള്ള ബാങ്ക് ഓഫറുകളിലും മറ്റും കൂട്ടാതെ, ഐഫോണ്‍ 13 മോഡല്‍ 47,000 രൂപയ്ക്കു പോലും ഫ്ലിപ്കാര്‍ട്ട് വഴി വിറ്റു എന്നു പറയുന്നു. അതേസമയം, ഓരോ മണിക്കൂര്‍ കഴിയുന്തോറും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. വില കുറച്ചു വില്‍ക്കാന്‍ ഉദ്ദേശിച്ചു മാറ്റിവച്ചിരുന്ന ഫോണുകളുടെ എണ്ണം കണക്കിൽകവിഞ്ഞതായിരിക്കാം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനുണ്ടായ കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിക്‌സല്‍ ഫോണുകളില്‍ ഫെയ്‌സ് അണ്‍ലോക് തിരിച്ചെത്തി; പക്ഷേ...

ആപ്പിളിനെ പോലെ തന്നെ ഗൂഗിളും തങ്ങളുടെ ഫോണുകളില്‍ ഫെയ്‌സ് അണ്‍ലോക് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൂഗിള്‍ ഇത് പിന്‍വലിച്ചിരുന്നു. ഈ വര്‍ഷത്തെ പിക്‌സല്‍ 7 മോഡലുകളില്‍ ഫെയ്‌സ് അണ്‍ലോക് ഫീച്ചര്‍ തിരിച്ചെത്തിയിരിക്കുകയാണ്.

അതേസമയം, ഈ ഫീച്ചറിനെ കണ്ണടച്ചു വിശ്വസിക്കരുതെന്നും അതിനെ കബളിപ്പിക്കാനാകുമെന്നും കമ്പനി പറയുന്നു. വെളിച്ചക്കുറവില്‍ നല്ലതുപോലെ പ്രവര്‍ത്തിക്കണമെന്നില്ല. പണമിടുപാടുകള്‍ക്ക് ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും ഗൂഗിള്‍ മുന്നറിയിപ്പുനല്‍കുന്നു. കമ്പനി 2019ല്‍ ആയിരുന്നു ഫെയ്‌സ് അണ്‍ലോക് അവതരിപ്പിച്ചത്. ഫോണിന്റെ വില കുറച്ചു നിർത്താന്‍ വേണ്ടി ഏറ്റവും മികവുറ്റ ക്യാമറാ സിസ്റ്റം ഗൂഗിള്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്‌നമെന്നും വാദമുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ കാണിച്ചാല്‍ ഫോണ്‍ അൺലോക് ആകാനുള്ള സാധ്യത പിക്‌സല്‍ 7 ലുമുണ്ട് എന്ന സൂചനയാണ് ഗൂഗിള്‍ നല്‍കുന്നത്.

ലോകത്തെ ഏറ്റവും വലിയ ഡ്രോണ്‍ നിര്‍മാതാവിന് അമേരിക്കയില്‍ നിരോധനം

ലോകത്തെ ഏറ്റവും മികച്ച ഡ്രോണുകള്‍ ഉണ്ടാക്കുന്ന കമ്പനി എന്ന ഖ്യാതിയുള്ള ചൈനീസ് കമ്പനി ഡിജെഐക്ക് അമേരിക്കയില്‍ നിരോധനം. ലോകത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മാതാവായ വാവെയ് കമ്പനിക്കും അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് സൈന്യവുമായി ബന്ധമുണ്ട് ഡിജെഐക്ക് എന്നു പറഞ്ഞാണ് നിരോധനം. കമ്പനി അമേരിക്കയില്‍നിന്ന് ഡേറ്റ ശേഖരിക്കുന്നു എന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇറക്കിയ കുറിപ്പില്‍ പറയുന്നു.

താന്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു, കേസു നീട്ടിവയ്ക്കണമെന്ന് മസ്‌ക്

ടെസ്‌ല കമ്പനിയുടെ ഉടമയും ലോകത്തെ ഒന്നാമത്തെ കോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെതിരെയുള്ള കേസിന്റെ വിചാരണ ഒക്ടോബര്‍ 17ന് ഡെലവെയര്‍ ചാന്‍സറി കോടതിയില്‍ തുടങ്ങാനിരിക്കെ, തനിക്ക് കൂടുതല്‍ സമയം തരണം എന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ട്വിറ്റര്‍ ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പിട്ട ശേഷം പിന്‍വലിച്ചതിനെതിരെ നല്‍കിയ കേസിന്റെ വിചാരണയാണ് തുടങ്ങാനിരുന്നത്.

കേസിന്റെ ജയപരാജയങ്ങളേക്കാളേറെ താനെന്ന വ്യക്തിയെയും ബിസിനസുകാരനെയും സംബന്ധിച്ച് പ്രതീക്ഷിക്കാത്തത്ര വിവരങ്ങള്‍ വിചാരണ സമയത്ത് പുറത്തുവന്നേക്കാം എന്ന പേടിയും മസ്‌കിനെ അലട്ടുന്നുണ്ട്. ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തനിക്ക് കൂടുതല്‍സമയം അനുവദിക്കണം എന്നാണ് മസ്‌ക് അഭ്യര്‍ത്ഥിച്ചത്. കോടതി ഇത് അംഗീകരിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Elon Musk's Twitter profile is seen on a smartphone placed on printed Twitter logos in this picture. Illustration: Reuters/ Dado Ruvic
Elon Musk's Twitter profile is seen on a smartphone placed on printed Twitter logos in this picture. Illustration: Reuters/ Dado Ruvic

മസ്‌കിനു പണം കുറവോ?

മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികനൊക്കെ ആയിരിക്കാം, പക്ഷേ അദ്ദേഹത്തിനും പണത്തിന്റെ ബുദ്ധിമുട്ടു വരാം എന്നാണ് സൂചന. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പണം വകമാറ്റാന്‍ അദ്ദേഹത്തിന് പല തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണു വിവരം. ഏകദേശം 44 ബില്ല്യൻ ഡോളറിനാണ് ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന് മസ്‌ക് കരാര്‍ ഒപ്പിട്ടത്. ഇത്രയും തുക അദ്ദേഹത്തിന് പെട്ടെന്ന് കണ്ടെത്താനാവില്ലെന്നും, ഇതു സംബന്ധിച്ച് മസ്‌കിന്റെ പ്രതിനിധികളും ട്വിറ്റര്‍ അധികാരികളുമായി ചര്‍ച്ച നടത്തുകയാണെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ട്വിറ്റര്‍ ഓഹരി വില കുറയ്ക്കാന്‍ ട്വിറ്റര്‍ ഒരുക്കമല്ലെന്നും പറയുന്നു.

ട്വിറ്റര്‍ ഏറ്റെടുക്കല്‍ എളുപ്പത്തില്‍ നടക്കില്ല

മസ്‌ക് ആഗ്രഹിച്ചാലും പെട്ടെന്നു ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടക്കില്ല. കമ്പനി ഏറ്റെടുക്കാന്‍ മസ്‌ക് മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ ട്വിറ്റര്‍ അംഗീകരിക്കാത്ത പക്ഷം പണം കണ്ടെത്തല്‍ അദ്ദേഹത്തിന് എളുപ്പമായിരിക്കില്ലെന്നാണ് സൂചന.

English Summary: The user ordered an iPhone 13 under Flipkart's ongoing annual sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com