ADVERTISEMENT

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉപകരണം ഇന്നെത്തും നാളെയെത്തുമെന്ന് കൊതിയോടെ കാത്തിരിക്കുകയും, പിന്നെ അന്വേഷിക്കുമ്പോള്‍ അത് രണ്ടു ദിവസം മുൻപ് മറ്റൊരു വീട്ടില്‍ നല്‍കിയല്ലോ എന്ന് കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥ നഗരങ്ങളില്‍ താമസിക്കുന്ന ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ട്. അതായത്, തെറ്റായ അഡ്രസില്‍ ഒരാള്‍ ഓര്‍ഡര്‍ ചെയ്ത സാധനം എത്തിച്ചുകൊടുത്തു. വാട്‌സാപ്പില്‍ പിന്‍ ലഭിച്ച് അതുപ്രകാരം ചെല്ലുമ്പോള്‍ ഉദ്ദേശിച്ച സ്ഥലത്തല്ല എത്തിയതെന്ന അനുഭവവും പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ഇത്തരം പ്രശ്‌നങ്ങള്‍ പാടെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വൈറല്‍ ആപ്പായ വാട്3വേഡ്‌സ് (What3Words) എന്ന് ലണ്ടന്‍ ഇവനിങ് സ്റ്റാന്‍ഡര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ജീവന്‍ വരെ രക്ഷിക്കാനായേക്കും

നോര്‍ത് യോര്‍ക്‌ഷെയറില്‍ വച്ചാണ് ഈ വര്‍ഷമാദ്യം സ്‌റ്റെല്ലാ കോളിന്‍സിനെ പശുക്കള്‍ ചവിട്ടിയത്. താന്‍ റിബിൾസ്ഡെയിലില്‍ നടക്കുമ്പോഴായിരുന്നു ഒരു കൂട്ടം പശുക്കള്‍ തനിക്കു നേരെ വന്നതെന്നും താന്‍ എടുത്തെറിയപ്പെട്ടു എന്നും സ്റ്റെല്ലാ പറയുന്നു. വീണു കിടന്നിടത്തു നിന്ന് അടിയന്തര സേവനക്കാരെ വിളിക്കുകയും അവരുടെ എയര്‍ ആംബുലന്‍സ് എത്തി സ്റ്റെല്ലയെ രക്ഷിക്കുകയുമായിരുന്നു. സ്റ്റെല്ല ഉപയോഗിച്ചത് വാട്3വേഡ്‌സ് ആപ്പാണ്. ബ്രിട്ടനിലെ 85 ശതമാനം എമര്‍ജന്‍സി സര്‍വീസുകാരും വാട്3വേഡ്‌സ് ഉപയോഗിച്ചു തുടങ്ങിയെന്ന് ദി ടെലഗ്രാഫ് ആന്‍ഡ് ആര്‍ഗസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട് ഫോണുണ്ടെങ്കിൽ വാട്3വേഡ്‌സ് ഇന്‍സ്റ്റാൾ ചെയ്യാമെന്നും സ്‌റ്റെല്ല പറയുന്നു.

∙ ഭൂമിയിലാര്‍ക്കും വഴി തെറ്റരുത്

ഭൂമിയിലൊരിടത്തും ആര്‍ക്കും വഴി തെറ്റരുതെന്ന ലക്ഷ്യത്തോടെ ആധുനിക ടെക്‌നോളജി ഉപോയിഗിച്ച് തയാര്‍ ചെയ്തിരിക്കുന്നതാണ് വാട്3വേഡ്‌സ് ആപ് എന്നു പറയുന്നു. ഇത്തരം ഒരു ആപ്പെന്ന ആശയം 2013ല്‍ ഉരുത്തിരിഞ്ഞുവന്നതാണ്. സാധാരണ ഗൂഗിള്‍ മാപ്‌സ് പോലെയാണ് ഇത് തോന്നുക. പക്ഷേ, സൂം ഇന്‍ ചെയ്യുമ്പോള്‍ മൂന്നു ചതുരശ്ര മീറ്ററില്‍ അടയാളപ്പെടുത്തിയ ഇടങ്ങള്‍ കാണാം. ഇവ ഒരോന്നും ഡിക്ഷണറിയിലുള്ള മൂന്നു വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം. ഈ വാക്കുകള്‍ വാട്3വേഡ്‌സ് ആപ്പിലോ, അവരുടെ വെബ്‌സൈറ്റിലോ നല്‍കി കഴിഞ്ഞാല്‍ അങ്ങോട്ടുള്ള യാത്ര എളുപ്പമായി.

∙ 12 ഇന്ത്യന്‍ ഭാഷകളിലും വാട്3വേഡ്‌സ് ലഭ്യം

ക്രിസ് ഷെല്‍ഡ്രിക്, അദ്ദേഹത്തിന്റെ സുഹൃത്ത് മോഹനന്‍ എന്നിവരാണ് ഈ ആശയം മുന്നോട്ടുവച്ചത്. വാട്3വേഡ്‌സ് ആപ് ഇപ്പോള്‍ 200 രാജ്യങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയിലേക്ക് തങ്ങളുടെ ആപ് പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ക്രിസ് പറയുന്നു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും വരെ ഇത് പ്രയോജനപ്പെടുത്താം. എന്തിനേറെ, 12 ഇന്ത്യന്‍ ഭാഷകളിലും വാട്3വേഡ്‌സ് ആപ് ഇപ്പോള്‍ ലഭ്യമാണ്.

∙ എന്താണ് വാട്3വേഡ്‌സ്?

ലോകത്തിന്റെ ഏതൊരു ഭാഗവും ഒരു മൂന്നു മീറ്റര്‍ ചതുരമായി വേര്‍തിരിക്കുന്ന ആപ്പാണിത്. ഓരോ ചതുരത്തെയും മൂന്നു വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യും. ഇതിനാല്‍ തന്നെ ഒരാള്‍ എവിടെ നില്‍ക്കുന്നുവെന്നത് അതീവകൃത്യതയോടെ കണ്ടെത്താമെന്നാണ് അവകാശവാദം. ബ്രിട്ടന്റെ 10 ഡൗണിങ് സ്ട്രീറ്റിന്റെ വാട്3വേഡ്‌സ് കോഡ് സ്ലേര്‍സ്.ദിസ്.ഷാര്‍ക് (slurs.this.shark) ആണ്. വെംബ്ലി സ്‌റ്റേഡിയത്തിന്റെ അഡ്രസ് വില ഫേസ്റ്റ്.മൗണ്ട് ആണ് (villa.first.mount). ലോകത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലേക്കും ആപ് എത്തിക്കഴിഞ്ഞെന്നാണ് പറയുന്നത്. എല്ലാത്തരം അടിയന്തരഘട്ട സേവനങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താമെന്നതാണ് ഏറ്റവും വലിയ ഉപകാരം.

∙ മേഴ്‌സിഡീസ് ബെന്‍സ് മുതല്‍ ലോണ്‍ലി പ്ലാനറ്റ് വരെ ഉപയോക്താക്കള്‍

വാട്3വേഡ്‌സ് എത്ര പ്രയോജനപ്രദമാണെന്ന് അറിയണമെങ്കില്‍ അത് ഉപയോഗിക്കുന്ന കമ്പനികളുടെയും മറ്റും ലിസ്റ്റ് പരിശോധിച്ചാല്‍ മാത്രം മതി. ഇതില്‍ വാഹന നിര്‍മാതാവായ മേഴ്‌സിഡീസ് ബെന്‍സും ഉലകം ചുറ്റും സഞ്ചാരികളുടെ ലോണ്‍ലി പ്ലാനറ്റ്, മംഗോളിയയുടെ പോസ്റ്റല്‍ സര്‍വീസ് മുതല്‍ നിരവധി സംവിധാനങ്ങളും വ്യക്തികളും ഈ ത്രിപദ മേല്‍വിലാസം പ്രയോജനപ്പെടുത്തുന്നു.

∙ വാട്3വേഡ്‌സ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഒരു ജിയോകോഡിങ് ആപ്പാണ് വാട്3വേഡ്‌സ്. ലോകത്തിന്റെ ഭാഗങ്ങളെ ഏകദേശം 57 ട്രില്ല്യന്‍, മൂന്നു മീറ്റര്‍ സമചതുരങ്ങളായി വിഭജിച്ചിരിക്കുകയാണ്. ഇതില്‍ ഒരോ ചതുരത്തിനും മറ്റൊരു ചതുരത്തിനും ഇല്ലാത്ത അഡ്രസും നല്‍കിയിരിക്കുന്നു. മേല്‍വിലാസങ്ങളിലെ അവ്യക്തത എന്ന പ്രശ്‌നം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇതിനു സാധിക്കുമെന്നാണ് കരുതുന്നത്. കണ്ടെത്താന്‍ വിഷമം നേരിടുന്ന കടകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒക്കെ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ ആപ്പിന് സഹായിക്കാനാകും. നിങ്ങള്‍ ഏതെങ്കിലും അപരിചതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുകയും രക്ഷപെടാന്‍ സാധ്യമല്ലെന്നു തോന്നുകയും ചെയ്താല്‍ അടിയന്തര സഹായം എത്തിക്കുന്ന ഏജന്‍സികള്‍ക്കും മറ്റും നിങ്ങളുടെ ത്രിപദ മേല്‍വിലാസം ല്‍കിയാല്‍ സഹായം ലഭിച്ചേക്കും.

∙ ഒരിടത്തെക്കുറിച്ച് അറിയുക എന്നത് ലളിതമാക്കി

പോസ്റ്റല്‍ കോഡ് വച്ചും മറ്റും ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാക്കിയിരിക്കുകയാണ് വാട്3വേഡ്‌സ് എന്നു പറയുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ഒരു അഡ്രസ് പോലുമില്ല. കൂടാതെ, പോസ്റ്റല്‍ പിന്നും മറ്റും ഉള്ള നിങ്ങള്‍ പരിചയമില്ലാത്ത ഒരിടത്തു ചെന്നുപെട്ടാല്‍ നിങ്ങളുടെ പോസ്റ്റല്‍ അഡ്രസു കൊണ്ട് ഒരു കാര്യവുമില്ല. സാധനങ്ങള്‍ എത്തിച്ചുകൊടുക്കല്‍ മുതല്‍ സഹായം എത്തിക്കലിനു വരെ പുതിയൊരു സാധ്യത തുറന്നിരിക്കുകയാണ് വാട്3വേഡ്‌സ്. ഇതിന്റെ ആദ്യ ഗുണഭോക്താക്കളില്‍ ഒന്നായി മാറിയ രാജ്യം മംഗോളിയ ആണ്. രാജ്യത്തെ പോസ്റ്റല്‍ സര്‍വീസുമായി ഇതിനെ ബന്ധിപ്പിച്ചു കഴിഞ്ഞു.

∙ വാക്കുകള്‍ മാറില്ല

വാട്3വേഡ്‌സ് വളരെ വിജയകരമാണെന്നും 35 ഭാഷകളില്‍ അത് ലഭ്യമാക്കിയെന്നും സ്റ്റാന്‍ഡര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. കേവലം മൂന്നു വാക്കുകളാണ് ഒരോ മൂന്നു മീറ്റര്‍ ചതുരത്തെയും അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഒരിക്കലും മാറ്റവും വരില്ല. കാരണം ഇത് ഡേറ്റാബെയ്‌സ് അധിഷ്ഠിതമല്ല. മറിച്ച് അല്‍ഗോറിതം കേന്ദ്രീകൃതമാണ്.

∙ വാട്3വേഡ്‌സ് എങ്ങനെ ഉപയോഗിക്കാം?

ഫോണിനും മറ്റും സ്റ്റോറേജ് ശേഷി കുറവുണ്ടെന്നോ, ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്നോ ഉള്ളതൊന്നും ഈ ആപ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശ്‌നങ്ങളല്ല. പ്രവര്‍ത്തിപ്പിക്കുന്നത് എളുപ്പമുള്ള കാര്യവുമാണ്. ആപ് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് നിലവിലെ ലൊക്കേഷന്‍ ടൈപ്പു ചെയ്തു കൊടുക്കുക. അല്ലെങ്കില്‍ പോകാനുള്ള ലക്ഷ്യസ്ഥാനത്തിന്റെ ലൊക്കേഷന്‍ ടൈപ്പു ചെയ്തു നല്‍കുക. ആപ് ഉടനെ ഒരു ത്രിപദ അഡ്രസ് നല്‍കും. ഇത് അടിയന്തര സഹായം എത്തിക്കുന്നവര്‍ക്കോ, കൂട്ടുകാര്‍ക്കോ ഒക്കെ നല്‍കാം. അങ്ങനെ പരസ്പരം സന്ധിക്കുന്നത് എളുപ്പമാക്കാമെന്ന് സ്റ്റാന്‍ഡര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ഗൂഗിള്‍ മാപ്‌സുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാം

ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും പ്രവര്‍ത്തിക്കാന്‍ സജ്ജമായി കഴിഞ്ഞിരിക്കുകയാണ് ആപ് എന്നും പറയുന്നു. എന്തിന് പാസിഫിക് സമുദ്രത്തിന്റെ നടുക്കുപോലും ത്രിപദ മേല്‍വിലാസം നല്‍കാന്‍ ആപ്പിനാകുമെന്നാണ് അവകാശവാദം. വാട്3വേഡ്‌സിന് ഗൂഗിള്‍ മാപ്‌സ്, ആപ്പിള്‍ മാപ്‌സ്, വെയ്‌സ് തുടങ്ങിയ ആപ്പുകളുമായ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാട്3വേഡ്‌സില്‍ ലഭിക്കുന്ന കോഡ് മറ്റ് ആപ്പുകളില്‍ എന്റര്‍ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാമത്രെ. പിന്നെ അപകടം സംഭവിച്ച് കൈയ്യും കാലുമൊന്നും അനക്കത്തില്ലെങ്കിലും ആപ് ഉപയോഗിക്കാം, കാരണം അത് വോയിസ് കമാൻഡും അനുസരിക്കും.

∙ അപ്പോള്‍ ഈ സേവനത്തിന് പണമെത്ര എറിയണം?

വാട്3വേഡ്‌സ് ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന എല്ലാവര്‍ക്കും അത് ഫ്രീയായി ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. വ്യക്തികള്‍ക്ക് അത് എക്കാലത്തും ഫ്രീയായിരിക്കുമെന്നും കമ്പനി പറയുന്നു. ഇതു കൂടാതെ, ബിസിനസ് സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ സേവനം ഫ്രീയായി ഉപയോഗിക്കാനുള്ള പാക്കേജുകള്‍ നല്‍കുമെന്നും കമ്പനി അറിയിക്കുന്നു.

∙ ഏതെല്ലാം ഉപകരണങ്ങളിലാണ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക?

വാട്3വേഡ്‌സ് ആപ് ആപ്പിളിന്റെ ആപ് സ്റ്റോറിലും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ലഭ്യമാണ്.

English Summary: Replacing addresses with three words… the world of What3words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com