ADVERTISEMENT

വിനാശകാരിയായ സൗരക്കാറ്റ് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി നാശംവിതയ്ക്കുന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. സൂര്യന്റെ ഇപ്പോഴത്തെ കാലചക്രം (solar cycle) പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ സൂര്യനില്‍ കാണുന്ന, അത്യന്തം അപകടകാരിയ സൂര്യകളങ്കം (sunspots) പൊട്ടിത്തെറിച്ച് കൂടുതല്‍ സൗരക്കാറ്റുകള്‍ ഉണ്ടാക്കുമോ എന്ന കാര്യം അപ്രവചനീയമാണെന്നും ഗവേഷകര്‍ പറയുന്നു. കാരണം മനുഷ്യരാശിക്ക് അത്തരം പ്രവചനങ്ങള്‍ നടത്താനുള്ള സംവിധാനം നിലവിലില്ല.

 

∙ സൗരക്കാറ്റിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണം

 

ഇപ്പോഴത്തെ സംവിധാനം ഉപയോഗിച്ച് സൂര്യനില്‍ ഒരു സ്‌ഫോടനം നടന്ന ശേഷം മാത്രമെ ഭൂമിയില്‍ എന്തെങ്കിലും വിവരം ലഭിക്കൂ. ചുരുക്കിപ്പറഞ്ഞാല്‍ എന്തെങ്കിലും പ്രതിരോധ നടപടി ഭൂമിയില്‍ സ്വീകരിക്കാനുള്ള സമയം 2 മുതല്‍ 48 മണിക്കൂര്‍ വരെ മാത്രമായിരിക്കും. ഏതു തരത്തിലുള്ള സൗരക്കാറ്റാണ് എന്നതിനെ ആശ്രയിച്ചായിരിക്കും സമയ ലഭ്യതയുടെ കാര്യവും. എന്നാല്‍, അതിനൊരു മാറ്റം വരുത്തണമെന്നാണ് ചില ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നത്. ഇതിനായി നിർമിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഗവേഷകര്‍ ആഗ്രഹിക്കുന്നതെന്ന് എനര്‍ജി ലൈവ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ സൗരക്കാറ്റിനെക്കുറിച്ചുള്ള ഗവേഷണത്തിന് തുക അനുവദിച്ചു

 

യുകെയിലെ നോര്‍തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ആന്‍ഡി സ്മിത്തിന് സൗരക്കാറ്റ് നടക്കാന്‍ പോകുന്ന കാര്യം പ്രവചിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം വികസിപ്പിക്കാനായി 5,00,000 പൗണ്ട് അനുവദിച്ചിരിക്കുകയാണെന്ന് സ്‌പേസ്‌റെഫ് (SpaceRef) റിപ്പോര്‍ട്ടു ചെയ്യുന്നു. ഭൗമാന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന് ബ്രിട്ടൻ നേരത്തേ മുതല്‍ പ്രാധാന്യം നല്‍കിവന്നതാണ്. സൗരക്കാറ്റുകള്‍, കൊറോണല്‍ മാസ് ഇജക്ഷന്‍സ്, സോളാർ ഫ്ലെയർ (solar flare) തുടങ്ങിയവയില്‍ നിന്ന് മനുഷ്യരാശി നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ഒരു പതിറ്റാണ്ടു മുൻപ് മുതല്‍ ബ്രിട്ടൻ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇവയെല്ലാം ലോക രാഷ്ട്രങ്ങളുടെ സാറ്റലൈറ്റുകള്‍, മൊബൈല്‍ ഫോണ്‍ ആശയവിനിമയ സംവിധാനം, ഇന്റര്‍നെറ്റ്, വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയവയൊക്കെ താറുമാറാക്കാന്‍ കെല്‍പ്പുള്ളവയാണ്.

 

∙ എഐക്ക് സൗരക്കാറ്റ് ഉത്ഭവിക്കുന്ന കാര്യം മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുമോ?

 

ഡോ. സ്മിത്തിന് സൗരക്കാറ്റ് ഉത്ഭവിക്കുന്ന കാര്യം മുന്‍കൂട്ടി പ്രവചിക്കാന്‍ എഐക്കു സാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ബ്രിട്ടന്റെ നാച്വറല്‍ എന്‍വയറണ്‍മെന്റ് റിസര്‍ച് കൗണ്‍സില്‍ ഫെലോഷിപ് നല്‍കിയിരുന്നു. ഡേറ്റാ സെറ്റ് കേന്ദ്രീകരിച്ചുള്ള പഠന മാതൃകകള്‍ക്ക് മനുഷ്യരാശിക്കു വേണ്ട തരത്തിലുള്ള ഒരു മുന്നറിയിപ്പു സംവിധനാം ഉണ്ടാക്കിയെടുക്കാനാകുമോ എന്ന കാര്യത്തിനായാണിത്. സൂര്യനില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് ഏറെ മുൻപേ അവ പ്രവചിക്കാനാകുമോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇനിയിപ്പോള്‍ ഡോ. സ്മിത്തും അദ്ദേഹത്തിന്റെ ടീമും കഴിഞ്ഞ 20 വര്‍ഷമായി സൂര്യനേ കേന്ദ്രീകരിച്ചു ശേഖരിച്ച ഭീമമായ ഡേറ്റാ വിശകലനം ചെയ്തു തുടങ്ങും. സൂര്യനെ നിരീക്ഷിക്കുന്ന നിരവധി സാറ്റലൈറ്റുകളില്‍ നിന്നും ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒബ്‌സസര്‍വേറ്ററികളില്‍ നിന്നും ശേഖരിച്ച ഡേറ്റ ആയിരിക്കും ഇതിന് പ്രയോജനപ്പെടുത്തുക. ഈ ഗവേഷണത്തിന് ഒടുവില്‍ മാത്രമായിരിക്കും സൗരപ്രതിഭാസങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനാകുമോ എന്ന കാര്യത്തെക്കുറിച്ച് വ്യക്തത വരുത്താനാകുക. 

 

∙ ശരിക്കും ഭീഷണിയുണ്ടോ?

 

ചില സൗരക്കാറ്റുകള്‍ ഭൂമിയുടെ കാന്തിക വലയത്തിനും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. സൗരക്കാറ്റ് സൃഷ്ടിക്കുന്ന ആഘാതം എത്ര കനത്തതാണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണ ഉണ്ടാക്കിയെടുത്താല്‍ മാത്രമെ അതിനു വേണ്ട പ്രതിരോധം ചമയ്ക്കാനാകുമോ എന്ന കാര്യത്തെക്കുറിച്ചു പോലും അറിയാനും സാധിക്കൂ. അപ്രതീക്ഷിതമായി സൗരക്കാറ്റ് സംഭവിച്ചാല്‍ അത് ഭൂമിയിലെ സമൂഹങ്ങള്‍ക്ക് കനത്ത ഭീഷണിയായിരിക്കുമെന്ന് ഡോ. സ്മിത് പറയുന്നത്. വൈദ്യുതി വിതരണ സംവിധാനത്തെ താറുമാറാക്കാമെന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്നായി അദ്ദേഹം കാണുന്നത്. ആധുനിക സമൂഹങ്ങള്‍ ഇലക്ട്രിസിറ്റിയെ ആശ്രയിച്ച് എല്ലാം ചെയ്യുന്നതിനാല്‍ അത് തകരുന്നത് കടുത്ത പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എടുത്തു പറയേണ്ട കാര്യമില്ല. ഇതിനൊക്കെ പ്രതിരോധം ചമയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനായിരിക്കും ഇനി ശ്രമിക്കുക.

 

∙ അമേരിക്കയില്‍ ജോലി പോകുന്ന മിടുക്കരെ ആകര്‍ഷിക്കാന്‍ ജര്‍മനി

 

ആഗോള ടെക്‌നോളജിയുടെ സിരാകേന്ദ്രമായ അമേരിക്കയിലെ സിലിക്കന്‍ വാലിയിലെ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്ന തിരക്കിലാണിപ്പോള്‍. ഇവരില്‍ മിടുക്കരായവരെ ആകര്‍ഷിച്ചടുപ്പിക്കാനുള്ള ശ്രമത്തിലാണ് ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനികളെന്ന് റോയിട്ടേഴ്‌സ്. അവര്‍ പിരിച്ചു വിടുന്നു, ഞങ്ങള്‍ ജോലികൊടുക്കുന്നു, എന്നാണ് ഫോക്‌സ്‌വാഗന്‍ കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫിസര്‍ റെയ്‌നര്‍ സുഗ്‌ഹോഅര്‍ പറഞ്ഞത്. ജര്‍മന്‍ കമ്പനികളെല്ലാം ചേർന്ന് നിരവധി പേർക്ക് ജോലി നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ എന്നീ മൂന്നു കമ്പനികള്‍ മാത്രം ഏകദേശം 40,000 ത്തോളം പേരെ പിരിച്ചുവിട്ടു.

 

∙ സാംസങ് ഗ്യാലക്‌സി എസ്23 സീരീസ് ഇന്ന് അവതരിപ്പിച്ചേക്കും

 

ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട് ഫോണ്‍ സീരീസുകളിലൊന്നായ സാംസങ് ഗ്യാലക്‌സി എസ്23 സീരീസ് ഫെബ്രുവരി 1ന് പുറത്തെടുത്തേക്കും. ഫോണുകള്‍ക്കൊപ്പം ഗ്യാലക്‌സി ബുക്ക്3 ലാപ്‌ടോപ് സീരീസും അവതരിപ്പിച്ചേക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലായിരിക്കും ടെക്‌നോളജി പ്രേമികള്‍ കാത്തിരിക്കുന്ന ഈ ഇവന്റ് നടക്കുക. ഗ്യാലക്‌സി എസ്23, എസ്23 പ്ലസ്, എസ്23 അള്‍ട്രാ എന്നീ മോഡലുകളാണ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ക്യാമറകളുടെ റെസലൂഷന്‍ എസ്22 സീരീസിലേതു പോലെ തന്നെയാണ് എന്നാണ് ശ്രുതി. എന്നാല്‍, പുതിയ സെന്‍സറുകള്‍ ആയിരിക്കാമെന്നും അതിനാല്‍ തന്നെ അവ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ഫോട്ടോകള്‍ക്കും വിഡിയോയ്ക്കും അധിക മികവ് പ്രതീക്ഷിക്കാമെന്നുമാണ് സൂചന.

 

∙ പോകോ എക്‌സ്5 പ്രോ ഫെബ്രുവരി 6ന് അവതരിപ്പിക്കും

 

പോകോ എക്‌സ്5 പ്രോ ഫെബ്രുവരി 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റെഡ്മി നോട്ട് 12 പ്രോ സ്പീഡ് എഡിഷന്‍ മോഡലില്‍ അൽപം മാറ്റം വരുത്തിയ മോഡലാണ് പോകോ എക്‌സ്5 പ്രോ എന്നാണ് സൂചന. റെഡ്മിയും പോകോയും ഷഓമിയുടെ സബ് ബ്രാന്‍ഡുകളാണ്. ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള അമോഡലെഡ് ഡിസ്‌പ്ലേ, 120 ഹെഡ്‌സ് റിഫ്രഷ് റെയ്റ്റ്, 108 എംപി പ്രധാന ക്യാമറ, 5000 എംഎഎച് ബാറ്ററി തുടങ്ങി പല ഫീച്ചറുകളും ഉണ്ടായിരിക്കുമെന്നു കരുതുന്ന ഈ മോഡലിന് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 778ജി പ്രോസസറാണ്.

 

∙ നതിങ് ഫോണ്‍ (2) ഈ വര്‍ഷം തന്നെ അവതരിപ്പിക്കും

 

ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധപിടിച്ചുപറ്റിയ കമ്പനിയായ നതിങ് രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ മേധാവി കാള്‍ പെയ് തന്നെ ഇക്കാര്യം പറഞ്ഞുവെന്നാണ് ഇന്‍വേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ആദ്യ മോഡലിനെ പോലെയല്ലാതെ അമേരിക്കന്‍ സ്മാര്‍ട് ഫോണ്‍ വിപണിയെ മനസ്സില്‍ വച്ചായിരിക്കും അടുത്ത മോഡല്‍ അവതരിപ്പിക്കുക എന്നും പെയ് പറഞ്ഞു. നതിങ് ഫോണ്‍ (2) നെക്കുറിച്ച് ഒന്നും വിട്ടുപറയാന്‍ പെയ് സമ്മതിച്ചില്ലെങ്കിലും നതിങ് ഫോണ്‍ (1) നേക്കാള്‍ പ്രീമിയം ഫോണായിരിക്കും ഇതെന്ന് അദ്ദേഹം ഇന്‍വേഴ്‌സിനോട് പറഞ്ഞു.

 

English Summary: As unpredictable solar storms ravage Earth, AI comes to the rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com