ADVERTISEMENT

2023 ലെ രണ്ടാം മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലെ രണ്ടാമത്തെ ദിവസം ഫെബ്രുവരി 7 സുരക്ഷിത ഇന്റർനെറ്റ് ദിനമായി ആചരിക്കുകയാണ്. സുരക്ഷിതവും ഉത്തരവാദിത്ത പൂർണവുമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷിത ഇന്റർനെറ്റ് ദിനാചരണം. ഇന്റർനെറ്റിന്റെ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാനും അതിനുള്ള അറിവ് നേടാനുമൊക്കെ വിനിയോഗിക്കപ്പെടേണ്ട സന്ദർഭമാണിത്. ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിനത്തെപ്പറ്റി ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നുള്ളത്. അതുതന്നെയാണ് സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ പ്രാധാന്യവും. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ എല്ലാം രംഗങ്ങളെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ ഇന്റർനെറ്റ് സ്വാധീനിക്കുന്നുണ്ട്. അക്കാരണത്താൽ ഇന്റർനെറ്റ് രംഗത്ത് ഉണ്ടായേക്കാവുന്ന ഏതൊരു അപകടവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സ്പഷ്ടം.

സുരക്ഷ നാം ഓരോരുത്തരുടെയും അവകാശമാണെന്നും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ ഈ രംഗത്തും ഉണ്ടെന്നും തിരിച്ചറിവുണ്ടാകേണ്ടത് ഓരോ വ്യക്തിക്കുമാണ്. ശാസ്ത്ര സാങ്കേതികവിദ്യകളും മറ്റ് ഘടകങ്ങളും മനുഷ്യന്റെ നന്മയ്ക്കായി മാറ്റിയെടുക്കേണ്ടവയാണെന്നും ഉപയോക്താക്കൾ അവയുടെ അടിമകളല്ലെന്നും ഉടമകളാണെന്നും ബോധ്യമുണ്ടാകണം.

നെറ്റ്‌വർക്കുകളുടെ കൂടിച്ചേരലാണ് ഇന്റർനെറ്റ്. ഒപ്പം ഇന്റർനാഷനൽ നെറ്റ്‌വർക്കും. അതിലെ സുരക്ഷയിൽ വരുന്ന പിഴവുകൾ ആഗോളതലത്തിൽത്തന്നെ ബാധിച്ചേക്കാമെന്ന് ഈ രംഗത്തുള്ള വിദഗ്ധർക്ക് അറിവുള്ളതാണ്. ഇതിനാൽ പിഴവു രഹിതമാക്കാനുള്ള ഗുണപരമായ പരിശ്രമങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടേയിരിക്കും.

ഫിഷിങ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തട്ടിപ്പ് അത്ര പുതിയതൊന്നുമല്ല. ഔദ്യോഗികമെന്ന് ഏവരേയും തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ ഇമെയിലുകളും വെബ്സൈറ്റുകളും പോർട്ടലുകളുമൊക്കെ തയാറാക്കി ഉപഭോക്താക്കളുടെ പാസ്‌വേഡ് അടക്കമുള്ള രഹസ്യ വിവരങ്ങൾ അതിവിദഗ്ധമായി തട്ടിയെടുക്കുന്ന രീതിയാണിത്. ബാങ്കുകളുടെയും ആപ്പുകളുടെയും മറ്റ് ചില സേവനദാതാക്കളുടെയും കസ്റ്റമർ കെയർ നമ്പർ എന്ന വ്യാജേന തെറ്റായ നമ്പരുകൾ പ്രസിദ്ധപ്പെടുത്തി നടത്തുന്ന തട്ടിപ്പും അടുത്തകാലത്ത് വാർത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

തട്ടിപ്പുകൾ ആധുനികതയുടെ മുഖംമൂടികളണിയുമ്പോൾ പൊതുവായ സാധാരണ തട്ടിപ്പു തന്ത്രങ്ങളെപ്പറ്റിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്. ഗൂഗിൾപേ, പേടിഎം തുടങ്ങിയ സേവനങ്ങളിൽ, പണം അയച്ച സ്ക്രീനുകളുടെ ചിത്രമെന്ന് തോന്നിക്കത്തക്ക രീതിയിൽ മെസേജ് കൃത്രിമമായി ഉണ്ടാക്കി കബളിപ്പിക്കലിന്റെ വലകൾ കെട്ടുന്ന രീതി ഇന്ന് പ്രചാരത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഇത്തരം സേവനങ്ങളിൽ പണം ഇങ്ങോട്ട് ആവശ്യപ്പെടുന്ന കലക്‌ഷൻ റിക്വസ്റ്റ് അയയ്ക്കുകയും ഇത് നമുക്ക് പണം ലഭിക്കാനുള്ള വഴിയാണെന്ന് തേനൂറുന്ന സമീപനങ്ങളിലൂടെ സംശയത്തിനിടവരാത്തവണ്ണം തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന രീതിയും വ്യാപകമാണ്.

ബാങ്ക്, ടെലഫോൺ കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നെന്ന വ്യാജേന വിളിച്ച് വിഷിങ് എന്ന തട്ടിപ്പ് രീതിയിലൂടെ വ്യക്തിവിവരങ്ങൾ കൈക്കലാക്കുന്നതാണ് മറ്റൊരു സമ്പ്രദായം. അക്കൗണ്ട് ബ്ലോക്കിങ്, കെവൈസി അപ്ഡേഷൻ തുടങ്ങിയ തെറ്റായ കാരണങ്ങൾ ബോധിപ്പിച്ച് ഉപഭോക്താവിനെ ചെറിയ രീതിയിൽ ഭീതിയിലാക്കി തളച്ചിടുന്ന തട്ടിപ്പാണിത്.

വേറെ ചില തട്ടിപ്പുകാർ മൊബൈലിലോ കംപ്യൂട്ടറിലോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ആ ആപ്പുകളിലൂടെ വിവരങ്ങൾ ചോർത്തിയെടുത്ത് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. ഇങ്ങനെ തട്ടിപ്പുകളുടെ ഒരായിരം സൈബർ വകഭേദങ്ങൾ ഉണ്ടെങ്കിലും വ്യക്തിപരമായി സുരക്ഷ ഉറപ്പാക്കാൻ ചില ചെറിയ നടപടികൾ വഴി പോലും സാധാരണക്കാർക്കും സാധിക്കും. പൊതുവായ ഇടങ്ങളിലെ വൈഫൈ ഉപയോഗം കുറയ്ക്കുക. പാസ്‌വേഡുകൾ മറ്റുള്ളവർക്ക് അനുമാനിക്കാൻ പ്രയാസമുള്ള, ബലവത്തായവയാക്കി മാറ്റുക, ഇടയ്ക്കിടെ പാസ്‌വേഡുകൾ മാറ്റുക, അപരിചിതസന്ദേശങ്ങളെ വിവേകത്തോടും വിവേചനബുദ്ധിയോടും വീക്ഷിക്കുക. സുരക്ഷാ തകരാറുകൾ ശ്രദ്ധയിൽപെട്ടാൽ വേണ്ടപ്പെട്ടവരെ അറിയിക്കാൻ മടിക്കാതിരിക്കുക തുടങ്ങിയ സുരക്ഷിതത്വത്തിന്റെ ബാലപാഠങ്ങൾ അനുവർത്തിക്കാൻ ഔത്സുക്യം കാണിക്കണം.

അനുഭവങ്ങൾ ഏറ്റവും വലിയ ഗുരുനാഥനായതിനാൽ എനിക്ക് നേരിട്ട ഒരു അനുഭവം കൂടി പങ്കുവയ്ക്കട്ടെ. ഇക്കഴിഞ്ഞ ജൂലൈ യിൽ 3500 രൂപ നൽകി ഓൺലൈനായി ഒരു സാധനം വാങ്ങുന്നതിന് ബുക്ക് ചെയ്തുവെങ്കിലും പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും കിട്ടാതിരുന്നതിനാൽ വെബ്‌സൈറ്റിലൂടെ പരാതി നൽകി. തുടർച്ചയായി സൈബർ സെല്ലിനെ ബന്ധപ്പെട്ടു.

പണം തട്ടിയ കള്ളന്റെ അക്കൗണ്ട് അതിവിദഗ്ധമായി സൈബർ പൊലീസ് ഉത്തരേന്ത്യയിലെ ഇൻഡസ് ബാങ്കിൽ കണ്ടെത്തി മരവിപ്പിച്ചു. ആ അക്കൗണ്ടിലുള്ള പണത്തിൽനിന്ന് എന്റെ പണം ലഭിക്കാനായി സൈബർ പൊലീസിന്റെ നിർദേശപ്രകാരം ബാങ്കിൽ അപേക്ഷ നൽകി. പക്ഷേ ആ ബാങ്കുകാർ ചോദിച്ചത് ആ പണം എന്റേതാണെന്ന് എങ്ങനെ തെളിയിക്കാനാകും എന്നാണ്. വെറും ബാലിശമായ ഇത്തരം വാദഗതികൾ നിരത്തി അവർ ഇതേവരെ പണം തന്നില്ല. സൈബർ പൊലീസ് പറഞ്ഞത് അവർക്ക് കള്ളനെ കണ്ടെത്തി അക്കൗണ്ട് മരവിപ്പിക്കാന്‍ മാത്രമേ കഴിയൂ. ആ അക്കൗണ്ടിൽ നിന്ന് യഥാർഥ ഉടമസ്ഥനായ എനിക്ക് പണം തിരികെ നൽകാൻ നിയമം അവരെ അനുവദിക്കുന്നില്ല എന്നാണ്.

പിന്നീട് റിസർവ് ബാങ്കിന്റെ ഓംബുഡ്സ്മാൻ സൈറ്റ് വഴി പരാതി നൽകിയെങ്കിലും രണ്ടു ദിവസം മുൻപ് മറുപടി വന്നു. മരവിപ്പിച്ച അക്കൗണ്ടിൽ നിന്ന് ഉടമസ്ഥന് പണം നൽകാൻ ബാങ്കുകാർക്ക് കഴിയാത്തതിനാൽ പരാതി തള്ളുന്നു. ഇത് എന്റെ അനുഭവം. വെറും 3500 രൂപ നഷ്ടപ്പെട്ട അനുഭവമെന്ന് തോന്നാം. പക്ഷേ ഇത്തരം എത്രയോ പേർക്ക് എത്രയോ ഇടങ്ങളിൽ നഷ്ടം സംഭവിക്കുന്നുണ്ട്. ഞാൻ അത്രയും ഓടിയിട്ടും പ്രയോജനം ഉണ്ടായില്ല. മാനക്കേടും സമയനഷ്ടവും ഉദാസീനതയും ഒക്കെ മൂലം സാരമില്ലെന്ന് വയ്ക്കപ്പെടുന്ന എത്രയോ കണക്കുകൾ നമുക്ക് ചുറ്റും ഉണ്ടാവാം.

കബളിപ്പിക്കലുകളും കബളിപ്പിക്കപ്പെടുന്നവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്താണ് ഇതിനൊരു പ്രതിവിധി ? ഒന്ന് ജാഗ്രതയോടെ സ്വയം വീഴാതെ നോക്കാൻ അവനവന് മാത്രമാണ് ഉത്തരവാദിത്വവും കടമയും. രണ്ട് സ്വയം ബോധവൽക്കരണം. ഇത്രയെങ്കിലും നടപ്പിലാക്കാൻ നമുക്ക് കൈകോർക്കാം. അധികാരികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സുരക്ഷിതത്വ മാനദണ്ഡങ്ങൾ ഒരളവ് വരെ തട്ടിപ്പുകാർക്ക് തടയിടുമെങ്കിലും നമ്മുടെ ജാഗ്രത ഒഴിവാക്കാനാകില്ല. ഓൺലൈൻ തട്ടിപ്പുകാർ പല രൂപത്തിൽ എപ്പോൾ വേണമെങ്കിലും ആരെയും ആക്രമിക്കാമെന്ന് കരുതിയിരിക്കണം. ഓരോ മേഖലയിലും വരുന്ന മാറ്റങ്ങളും തട്ടിപ്പ് രീതികളും സംബന്ധിച്ച് കൂടുതൽ അറിവ് നേടാനുള്ള തുടർച്ചയായ പരിശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും വേണം.

ജാഗ്രതയോടെ സദാ മനസ്സില്‍ വയ്ക്കണം – സുരക്ഷിതത്വം നമുക്കും മറ്റുള്ളവർക്കും അമൂല്യമാണ്. അവകാശമാണ്. ഇനിയെങ്കിലും നമുക്ക് ഉണർന്നെഴുന്നേൽക്കാം.

ഡോ. ജോൺ ടി.എബ്രഹാം തേവരേത്ത് ( ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഭാരതമാതാ കോളജ്, തൃക്കാക്കര)

English Summary: What is the theme of Safer Internet Day?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com