ക്രിക്കറ്റിലൂടെ ഒരു ‘കവർ ഡ്രൈവ്’; നിരുപേഷിന്റെയും മേഴ്സിയുടെയും ‘സമയം’ നന്നാക്കിയ ലക്ഷുറി ലോകം
Mail This Article
കൊച്ചി∙ പരിശീലനം ലഭിച്ച വാച്ച് നിർമാതാക്കളായിരുന്നില്ല നിരുപേഷ് ജോഷിയും മേഴ്സി അമൽ രാജും. നിരുപേഷ് ചെന്നൈ സ്വദേശി, മേഴ്സി മധുര സ്വദേശി. ഇരുവരും വിദേശത്തായിരുന്ന സമയത്താണ് വാച്ചുകളിൽ താൽപര്യം ജനിക്കുന്നത്. ‘മറ്റുള്ളവരെപ്പോലെ ഞങ്ങളും വാച്ചുകൾ വാങ്ങുന്നതിൽ താൽപര്യമുള്ളവരായിരുന്നു. ഒട്ടേറെ ലോകോത്തര ബ്രാൻഡുകളുടെ വാച്ച് സ്റ്റോറുകൾ സന്ദർശിച്ചിട്ടുമുണ്ട്. ആ താൽപര്യമാണ് ഒടുവിൽ ഞങ്ങളെ ലക്ഷുറി വാച്ചുകളുടെ ലോകത്തെത്തിച്ചത്’– നിരുപേഷും മേഴ്സിയും പറയുന്നു. ഇരുവരും ചേർന്ന് ആരംഭിച്ച ബാംഗ്ലൂർ വാച്ച് കമ്പനി ഇന്ന് ഇന്ത്യയിൽ ലക്ഷുറി വാച്ചുകളുടെ നിർമാണത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നാണിന്ന്. എങ്ങനെയാണ് ബാംഗ്ലൂർ വാച്ച് കമ്പനി ആരംഭിച്ചത്? എന്താണ് ഇന്ത്യയിലെ ലക്ഷുറി വാച്ച് വിപണിയുടെ ഭാവി? മനോരമ ഓൺലൈൻ ‘ടെക്സ്പെക്ടേഷൻസ് 2023’ പാനൽ ചർച്ചയിൽ സംസാരിക്കുകയാണ് നിരുപേഷും മേഴ്സിയും. മോഡറേറ്ററായി വാച്ച് ടൈം ഇന്ത്യ എഡിറ്റർ-ഇൻ-ചാർജ് പ്രീതിക മാത്യു.
∙ ഇന്ത്യയുടെ ‘ആഡംബര’ വാച്ച്
‘‘വാച്ച് നിർമാണവുമായി ബന്ധപ്പെട്ട് ഒരു പശ്ചാത്തലവുമില്ലായിരുന്നു ഞങ്ങൾക്ക്. ലക്ഷുറി വാച്ച് കമ്പനി തുടങ്ങി തിരിഞ്ഞുനോക്കുമ്പോൾ സ്വന്തമായി ലക്ഷുറി വാച്ച് സ്വന്തമാക്കണം എന്നൊരു ആഗ്രഹം പോലും ഒരിക്കലും ജീവിതത്തിൽ ഉണ്ടായിരുന്നില്ലെന്നു പറയേണ്ടി വരും. കാരണം വളരെ സാധാരണ കുടുംബത്തിലാണ് ഞങ്ങൾ രണ്ടുപേരും വളർന്നത്. പക്ഷേ സ്മാർട്ട് വാച്ചുകളുടെ അതിപ്രസരമുള്ള കാലത്തും കഥപറയുന്ന ലക്ഷുറി ബ്രാൻഡഡ് വാച്ചുകളോടുള്ള ആളുകളുടെ താൽപര്യം മനസ്സിലാക്കിയാണ് ഈ മേഖലയിലേക്കു കാൽവച്ചത്.
ഇന്ത്യക്കാരെ ഒരു പുതിയ ബ്രാൻഡ് പരിചയപ്പെടുത്തിയെടുക്കുക എന്ന വലിയ വെല്ലുവിളിയുമുണ്ടായിരുന്നു മുന്നിൽ. വിൽക്കുന്നത് വാച്ചാണെന്നും ഓർക്കണം. ഞങ്ങളാണെങ്കിൽ ടെക് പശ്ചാത്തലമുള്ളവരാണ്. വിൽക്കുന്നതാകട്ടെ ലക്ഷുറി വാച്ചും. ഇത്രയേറെ വില കൊടുത്ത് ഉൽപന്നം വാങ്ങുന്ന ഉപഭോക്താവിനോട് നീതി പാലിക്കുകയും വേണം. നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നു ചോദിച്ചവരുണ്ട്. എന്നാൽ ആദ്യത്തെ വാച്ച് പുറത്തിറക്കിയതിനു പിന്നാലെ ഉപഭോക്താക്കളുടെ വിശ്വാസമാർജിക്കാൻ സാധിച്ചു. ഇന്ത്യയിൽനിന്നുള്ള മികച്ച ലക്ഷുറി വാച്ച് ബ്രാൻഡ് എന്ന പേര് നേടിയെടുക്കാൻ സാധിച്ചു. ലക്ഷുറി വാച്ചുകൾക്കായുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയെന്ന വലിയ വെല്ലുവിളിയെയും മറികടക്കാൻ സാധിച്ചു.
വിപണിയിൽ നമ്മുടെ ഉൽപന്നം എങ്ങനെ ‘പൊസിഷൻ’ ചെയ്യുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഉൽപന്നം തന്നെ പല രീതിയിൽ പൊസിഷൻ ചെയ്യാം. അങ്ങനെയാണ് സ്പെഷല്‍ എഡിഷനുകളും ലക്ഷൂറിയസ് വാച്ചുകളുമെല്ലാം പുറത്തിറക്കുന്നത്. ഇന്ത്യയിൽനിന്ന് ലോകോത്തര നിലവാരമുള്ള വാച്ച് എന്നതായിരുന്നു ലക്ഷ്യം. അതിനാൽത്തന്നെ ഗുണമേന്മയിൽ ഒട്ടും കുറവ് വരുത്താനായില്ല. വാച്ച് നിർമാണ മേഖലയിലെ അതികായരായ ‘സ്വിസ് ബ്രാൻഡിന്റെ’ അതേ ഗുണഗണങ്ങളാണ് ഞങ്ങളും ഒരുക്കിയത്. ഡിസൈനും ഇന്ത്യൻ രീതിക്കനുസരിച്ചു തയാറാക്കി. പല ഇന്ത്യൻ കമ്പനികളും നേരത്തേ ബ്രിട്ടിഷ് കാലത്തെ സ്മാരകങ്ങളും ദൈവങ്ങളുടെ ചിത്രവുമൊക്കെയാണ് വാച്ചുകളിൽ പ്രയോഗിച്ചത്. അതെല്ലാം ഞങ്ങൾ മാറ്റി. ആധുനിക ഇന്ത്യയുടെ കഥ വാച്ചുകളിലൂടെ പറയുകയാണ് ചെയ്തത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കി ‘കവർ ഡ്രൈവ്’ പോലുള്ള കലക്‌ഷനുകൾ ഇറക്കിയത് അങ്ങനെയാണ്. ക്രിക്കറ്റ് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുണ്ട്. ‘കവർ ഡ്രൈവി’ലൂടെ ലക്ഷ്യമിട്ടതും അത്തരമൊരു ഇന്ത്യൻ + രാജ്യാന്തര വിപണിയിലെ വിൽപനയാണ്. അതു വിജയിച്ചുവെന്നു വേണം പറയാൻ. ഇന്ന് രാജ്യാന്തര തലത്തില്‍ ട്രെൻഡിങ്ങാണ് ബാംഗ്ലൂർ വാച്ച് കമ്പനിയുടെ വാച്ചുകൾ. മുപ്പതിലേറെ രാജ്യങ്ങളിലേക്ക് അത് കയറ്റി അയയ്ക്കുന്നു.
∙ സ്മാർട്ട് വാച്ചിന്റെ കാലത്ത്...?
സ്മാർട്ട് വാച്ചുകളുടെ കാലത്ത് എന്താണ് മെക്കാനിക്കൽ വാച്ചുകളുടെ പ്രസക്തി? ‘വാച്ച് ടൈം ഇന്ത്യ’ എഡിറ്റർ-ഇൻ-ചാർജ് പ്രീതിക മാത്യുവാണ് ഇതിനു മറുപടി പറഞ്ഞത്:
സ്മാർട്ട് വാച്ചുകളും ഫോണുകളും എല്ലായിടത്തുമുണ്ട്. എന്നാൽ മെക്കാനിക്കൽ വാച്ചുകൾ അല്ലെങ്കിൽ ലക്ഷുറി വാച്ചുകൾ അധികമാരുടെയും കയ്യിലുണ്ടാകില്ല. അതിനാൽത്തന്നെ അത് വേറിട്ടു നിൽക്കുന്നു. അത് നമ്മുടെ ‘പാഷന്റെ’ ഭാഗമായി സ്വന്തമാക്കിയതാണ്. അതിനാൽത്തന്നെ സ്മാർട്ട് വാച്ചുകളെയും മെക്കാനിക്കൽ വാച്ചുകളെയും താരതമ്യം ചെയ്യാനാകില്ല. രണ്ടും കാണിക്കുന്നത് സമയമാണ്, പക്ഷേ രണ്ടിനും പറയാനുള്ളത് രണ്ടു തരം കഥകളാണ്.
∙ കഥ പറഞ്ഞ വാച്ചുകൾ
എവിടെ നോക്കിയാലും, അത് ഫോണിലായാലും നിങ്ങളുടെ കാറിലായാലും, സമയം കാണാവുന്ന കാലത്ത് വാച്ചുകളുടെ പ്രസക്തി എന്താണെന്ന ചോദ്യം നിരുപേഷും മേഴ്സിയും കമ്പനിയുടെ തുടക്കത്തിൽത്തന്നെ നേരിട്ടിരുന്നു. അതിനുള്ള അവരുടെ മറുപടിയായിരുന്നു ബാംഗ്ലൂർ വാച്ച് കമ്പനി. ‘സമയം അറിയാനല്ല പലപ്പോഴും പലരും വാച്ചുപയോഗിക്കുന്നത്. പലർക്കും വാച്ചുകളുമായി ഒരു ‘ഇമോഷനൽ കണക്‌ഷനു’ണ്ട്. ഒന്നുകിൽ അവരുടേത് അപ്പൂപ്പന്റെ വാച്ചാകാം, അല്ലെങ്കിൽ സമ്മാനം കിട്ടിയതാകാം. പല കുടുംബങ്ങളിലും തലമുറകളിലേക്ക് ഒരു അമൂല്യനിധി പോലെ വാച്ചുകൾ കൈമാറുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. സമയം നോക്കുന്ന ഉപകരണം എന്നതിലുപരി വൈകാരികമായ ബന്ധം പലർക്കുമുണ്ട് എന്ന് മനസ്സിലാക്കി. ഇത്തരം വൈകാരിക ബന്ധം ശക്തമാക്കുന്ന കഥകൾക്കാണ് പല രാജ്യാന്തര കമ്പനികളും മാർക്കറ്റിങ്ങിൽ ഊന്നൽ നൽകിയത്. എന്നാൽ മികച്ച വാച്ചുകളെ ഓരോരുത്തരുടെയും ജീവിതവുമായി അല്ലെങ്കിൽ ഒരു സംഭവവുമായി വൈകാരികമായി ബന്ധിപ്പിക്കുന്ന കഥ പറയുന്ന കമ്പനികൾ ഇന്ത്യയിലില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. പല പ്രശസ്ത കമ്പനികളും നഷ്ടത്തിലായ സമയം കൂടിയായിരുന്നു അത്. എച്ച്എംടി ഉൾപ്പെടെ അടച്ചുപൂട്ടാനൊരുങ്ങുന്നു. അങ്ങനെയാണ് വ്യത്യസ്തമായ അവതരണത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന, ഐഎസ്ആർഒയുടെ റോക്കറ്റ് ലോഞ്ചിങ്, ക്രിക്കറ്റ് എന്നിവയുമായെല്ലാം ബന്ധപ്പെടുത്തി വാച്ചുകളിറക്കിയത്’– നിരുപേഷും മേഴ്സിയും പറയുന്നു.
വാച്ചുകള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മിക്കുന്നതും ബെംഗളൂരുവിലാണ്. മറ്റു കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ മികവുറ്റ വാച്ചുകള്‍ നിർമിക്കാന്‍ കമ്പനി ശ്രമിക്കുന്നു. ഞങ്ങളുടെ വാച്ചിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി വിലയുള്ള വാച്ചിലുള്ള ഫീച്ചറുകൾ ബാംഗ്ലൂർ വാച്ച് കമ്പനിയുടെ വാച്ചുകളിൽ ഉള്‍ക്കൊള്ളിക്കാനും ശ്രമിക്കുന്നു. ആധുനിക ഇന്ത്യയുടെ കഥ വാച്ചിലൂടെ പുറത്തു കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. അതിലൂടെ ഇന്ത്യയുടെ കഥകൾ ലോകത്തെ അറിയിക്കണം. കഥ പറയുന്ന വാച്ചുകളാണ് ഞങ്ങൾ നിർമിക്കുന്നത്. വാച്ചുകളില്‍ രാജ്യത്തിന്റെ കഥപറയുന്ന തദ്ദേശീയമായ എന്തെങ്കിലും സംഭവം അല്ലെങ്കില്‍ കാഴ്ചപ്പാട് പശ്ചാത്തലമായി ചേര്‍ക്കുക എന്നതാണ് ഹൈലൈറ്റ്.
∙ ‘സമയം’ മാറുന്നു
ഡിജിറ്റൽ വാച്ചുകളുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ താൽപര്യം മാറുകയാണെന്നും പറയുന്നു നിരുപേഷും മേഴ്സിയും. ഉന്നത നിലവാരമുള്ള ഡിജിറ്റൽ ഉൽപന്നങ്ങൾക്കു വേണ്ടി കൂടുതൽ പണം ചെലവാക്കാൻ അവർ തയാറാണ്. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള സ്പെഷൽ എഡിഷൻ വാച്ചുകൾ നിർമിക്കാൻ ധൈര്യം ലഭിച്ചത് അങ്ങനെയാണ്. ഡിജിറ്റൽ മാർക്കറ്റിങ് വഴി, ആഡംബര വാച്ചുകളെ സ്നേഹിക്കുന്ന ആളുകളിലേക്ക് കൃത്യമായി എത്താനായി. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളെ തൃപ്തിപ്പെടുത്താനും പൊതു അഭിരുചി തിരിച്ചറിയാനും ഇത്തരം ഡിജിറ്റൽ ഇടപെടലിലൂടെ സാധിക്കുന്നു. ജനങ്ങളിൽ വിശ്വാസ്യത സൃഷ്ടിച്ചാണ് കമ്പനി മുന്നേറിയത്. പലരും പരസ്പരം പറഞ്ഞറിഞ്ഞാണ് കമ്പനി മറ്റുള്ളവരിലേക്ക് എത്തിയതും. ഇക്കഴിഞ്ഞ 5 വർഷം അനുഭവിച്ച ഏറ്റവും വലിയ വെല്ലുവിളി ആളുകളുടെ വിശ്വാസ്യത നേടിയെടുക്കുക എന്നതായിരുന്നു.
English Summary: Nirupesh Joshi & Mercy Amalraj, Founders of Bangalore Watch Company Speaks in Techspectations 2023