ADVERTISEMENT

കൊച്ചി∙ ഡിജിറ്റൽ ഉപഭോക്താവ് എന്ന നിലയിൽനിന്ന് ഡിജിറ്റൽ ദാതാവ് എന്ന നിലയിലേക്ക് ഇന്ത്യ മാറിയെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5 ജി, നിർമിത ബുദ്ധി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിൽ ഇന്ത്യയാണ് ഇന്ന് ലോകത്തിനു ഡിജിറ്റൽ വഴി കാട്ടുന്നത്. അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പിൽ ‘കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിലെ നവ ഡിജിറ്റല്‍ ക്രമം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റൊരു കാലത്തുമില്ലാത്ത വിധം ഇന്ന് ഇന്ത്യ ഡിജിറ്റൽ സാങ്കേതികരംഗത്ത് ഏറെ മുന്നിലാണ്. സ്റ്റാർട്ടപ്പുകളിലെ അവസരങ്ങൾ നേടിയെടുക്കാൻ എല്ലാ യുവാക്കളും ശ്രമിക്കണം. യുവാക്കൾക്ക് സ്വപ്നം കാണാൻ മാത്രമല്ല ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള അവസരങ്ങളും ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. ഡിജിറ്റൽ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും കേന്ദ്രസർക്കാർ മികച്ച പിന്തുണ നൽകിവരുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

teach-7

2014ന് മുൻപ് ഡിജിറ്റൽ മേഖല എന്നാൽ ഐടി കമ്പനികളായിരുന്നു. ഇന്ന് ഇ കൊമേഴ്സ്, എഐ തുടങ്ങി വിവിധ മേഖലകളിലേക്ക് ഡിജിറ്റൽ മേഖല വ്യാപിച്ചു. ദക്ഷിണേന്ത്യൻ സിനിമകൾ വലിയ ശ്രദ്ധ നേടുന്നു, മികച്ച വരുമാനം നേടുന്നു. ഒടിടി വന്നതോടെ കൂടുതൽ വരുമാന മാർഗങ്ങൾ തുറന്നു. ഡിജിറ്റൽ മേഖല ഇത്രയധികം ശോഭിക്കുന്ന കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ല. പിന്നിട്ട വർഷങ്ങളിൽ ഡിജിറ്റൽ രംഗം എല്ലാ മേഖലയിലും ചലനമുണ്ടാക്കി. ഇതിൽ തനതായ പങ്കു വഹിച്ച മനോരമ ഓൺലൈനിന് ഇരുപത്തഞ്ചാം വാർഷികത്തിൽ കേന്ദ്ര മന്ത്രി ആശംസ നേർന്നു.

മികച്ച അവസരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ബ്രിട്ടനിൽ ചെന്നപ്പോൾ ഏഴു മന്ത്രിമാർ കാണാൻ ആഗ്രഹിക്കുന്നതായി ഹൈക്കമ്മിഷൻ അധികൃതർ പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രിയും വിരുന്നിൽ പങ്കെടുത്തു. ‘എന്താണ് നിങ്ങൾ രാജ്യത്തെ ചെറുപ്പക്കാർക്ക് നൽകുന്നത്? എന്താണ് അവരെ ഊർജ്വസലരാക്കുന്നതും പ്രവർത്തന മികവിലേക്കു നയിക്കുന്നതെന്നു’മാണ് അദ്ദേഹം ചോദിച്ചത്. യുവാക്കളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് യാഥാർഥ്യമാക്കുകയും ചെയ്യുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്.

minister-rjeev

നൂറ് രൂപ ചെലവഴിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ 50 രൂപയാണ് മുൻപ് ജനങ്ങളിലെത്തിയിരുന്നത്. ബാക്കി തുക അഴിമതിപ്പണമായി മാറുന്ന സാഹചര്യമായിരുന്നു. ആ സാഹചര്യമെല്ലാം മാറി. അഴിമതിയുടെ കറപുരളാതെ അർഹതപ്പെട്ടവരുടെ കയ്യിൽ നേരിട്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ ഇന്ത്യയിലൂടെ സാധിക്കുന്നു. ഇന്ന് ജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. സാധാരണക്കാരുടെ അക്കൗണ്ടിലേക്ക് പദ്ധതികളുടെ ആനുകൂല്യം നേരിട്ടെത്തുന്നു. ഉൾനാടൻ മേഖലകളിലേക്കു പോലും സർക്കാർ സേവനം യഥാസമയം എത്താൻ ഇത് സഹായിക്കുന്നു.

80,000 സ്റ്റാർട്ട്അപ്പുകൾ ഇന്നുണ്ട്. താൻ വർഷങ്ങൾക്ക് മുൻപ് മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ സ്ക്രൂഡ്രൈവർ ഒഴികെ എല്ലാം ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ഓർമിച്ചു. ഇന്ന് നാം 5ജി കാലഘട്ടത്തിലാണ്. എട്ടു രാജ്യങ്ങളാണ് ‘ഇന്ത്യ സ്റ്റാക്കി’നു വേണ്ടി വരുംനാളുകളില്‍ ഇന്ത്യയുമായി കരാർ ഒപ്പിടാനിരിക്കുന്നത്. കോവിൻ ആപ്പിനു പിന്നിലെ സാങ്കേതികത ഉൾപ്പെടെ ഇതിന്റെ ഭാഗമായി ഓപൺ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.

teach-5

വീട്ടിലിരുന്ന് മൊബൈലിൽ വോട്ടു ചെയ്യുന്ന ഒരു കാലമുണ്ടാകുമെന്ന പ്രതീക്ഷയും കേന്ദ്ര മന്ത്രി പ്രകടിപ്പിച്ചു. ഉച്ചകോടിക്കിടെ ചോദ്യോത്തരപരിപാടിയിൽ ഇതു സംബന്ധിച്ച് ഉയർന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ‘‘എപ്പോഴെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അതേക്കുറിച്ചും ആലോചിക്കും. സാങ്കേതികത ഇക്കാര്യത്തിൽ നമുക്കൊപ്പമുണ്ട്. പക്ഷേ സുരക്ഷയാണ് മുഖ്യം. ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ അതും സാധിക്കുമെന്നാണ് പ്രതീക്ഷ.’’– മറുപടിയായി അദ്ദേഹം പറഞ്ഞു.

ഡേറ്റ സുരക്ഷയ്ക്കു വേണ്ടി കേന്ദ്രം എന്താണു ചെയ്യുന്നതെന്നായിരുന്നു മറ്റൊരു ചോദ്യം. വ്യക്തിഗത ഡേറ്റ നിയമപരമായല്ലാതെ ഉപയോഗപ്പെടുത്തുന്നത് പല രാജ്യങ്ങളും നേരിടുന്ന പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട ബിൽ വൈകാതെ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും. രാജ്യത്ത് പുതിയ സംരംഭങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടാകും. പക്ഷേ ചില കാര്യങ്ങളിൽ അവർക്ക് മാർഗനിർദേശം നൽകുന്ന കാര്യങ്ങൾ ഈ ബില്ലിലുണ്ടാകും. ഡേറ്റ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ബില്ലിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

rajeev-minister-

പ്രസക്തിയും പ്രതിഫലനവും എന്നീ രണ്ടു കാര്യങ്ങളിൽ അടിയുറച്ചാണ് ഡിജിറ്റൽ ലോകത്ത് നാം മുന്നേറേണ്ടത് എന്ന് ആശംസാസന്ദേശം നൽകിയ ജെയിൻ ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റി, ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഇന്ത്യയും കോവിഡ് കാലവും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കാട്ടിത്തന്നു. ഡിജിറ്റൽ ഇന്ത്യയുടെ ഗുണഫലങ്ങളിലൂടെ കൂടുതൽ സംരംഭങ്ങൾ ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാജീവ് ചന്ദ്രശേഖറിന് മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു ഉപഹാരം സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com