ADVERTISEMENT

മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിലകൂടിയ സ്‌മാർട് ഫോണുകൾക്ക് പകരം ഡിറ്റർജന്റ് സോപ്പും കല്ലും മറ്റു വസ്തുക്കളും വിതരണം ചെയ്യുന്ന കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹാൻഡ്സെറ്റ് ലഭിക്കാത്തതിന് നിരവധി ഉപഭോക്താക്കൾക്ക് റീഫണ്ട് ലഭിച്ചിട്ടുണ്ട്, എന്നാൽ മിക്കവരും ഉപഭോക്തൃ കോടതിയിൽ പരാതി നൽകാൻ ശ്രമിക്കാറില്ല. എന്നാൽ, കോപ്പൽ ജില്ലയിൽ നിന്നുള്ള വിദ്യാർഥി ഫ്ലിപ്കാർട്ട് വഴി ഐഫോൺ 11 ഓർഡർ ചെയ്തു, ഫോണിന് പകരം ലഭിച്ചത് സോപ്പും. ഇതേത്തുടർന്ന് ഹർഷ എന്ന വിദ്യാർഥി കോടതിയെ സമീപിക്കുകയായിരുന്നു.

 

ഫ്ലിപ്കാർട്ടിൽ 48,999 രൂപ നൽകിയാണ് ഹർഷ ഐഫോൺ 11 ബുക്ക് ചെയ്തത്. എന്നാൽ, ഐഫോൺ 11 പ്രതീക്ഷിച്ചിരുന്ന ഹർഷന് ലഭിച്ചത് 140 ഗ്രാം നിർമ്മ ഡിറ്റർജന്റ് സോപ്പിനൊപ്പം കോം‌പാക്റ്റ് കീപാഡ് ഫോണുമാണ്. തുടർന്ന് ഉപഭോക്താവ് കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നം ഉടന്‍ പരിഹരിക്കാമെന്നും തുക തിരികെ നൽകുമെന്നും ഉറപ്പുനൽകി.

 

എന്നാൽ, പിന്നീട് ഫ്ലിപ്കാർട്ട് ഈ പ്രശ്നം ഏറ്റെടുക്കാൻ തയാറായില്ല. ഇതോടെ പ്രശ്നം പരിഹരിക്കാനും പണം തിരികെ ലഭിക്കാനും ഹർഷയ്ക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഫ്ലിപ്കാർട്ടിന്റെ മാനേജിങ് ഡയറക്ടർക്കും തേർഡ് പാർട്ടി വിൽപനക്കാരനായ സാനെ റീട്ടെയിൽസ് മാനേജർക്കുമെതിരെ ഹർഷ കേസ് ഫയൽ ചെയ്തത്. 

 

ഉപഭോക്താക്കളെയും വിൽപനക്കാരെയും ബന്ധപ്പെടുത്തി ഉൽപന്നങ്ങൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം മാത്രമാണിതെന്നാണ് ഫ്‌ളിപ്കാർട്ട് കോടതിയെ അറിയിച്ചത്. ഇത് ഫ്ലിപ്കാർട്ടിന്റെ തെറ്റല്ലെന്ന് അവർ പറഞ്ഞു. എന്നാൽ, കോടതി ഫ്ലിപ്കാർട്ടിന്റെ വാദം തള്ളുകയായിരുന്നു.

 

ഒരു ലാഭവും ലക്ഷ്യമിടാതെ ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായ സേവനം നൽകുന്നുവെന്ന് അവകാശപ്പെടാൻ ഇത് ചാരിറ്റബിൾ ഓർഗനൈസേഷൻ ഒന്നുമല്ലല്ലോ എന്നും ഇ-കൊമേഴ്‌സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി വരുമാനമില്ലാത്ത ബിസിനസ് അല്ലല്ലോ നടത്തുന്നത് എന്നും കോടതി ചോദിച്ചു.

 

ഓൺലൈൻ ബിസിനസ് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിൽ നിന്ന് ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതേത്തുടർന്ന്, ഐഫോൺ 11ന് 48,999 രൂപ തിരികെ നൽകാനും കമ്പനിയുടെ സേവനത്തിലെ പോരായ്മയും അന്യായ വ്യാപാര രീതികളും കാരണം 10,000 രൂപ അധിക പിഴയും അടക്കാനും ഫ്ലിപ്കാർട്ടിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ഉപഭോക്താവിന് നേരിട്ട മാനസിക പീഡനത്തിനും കോടതി ചെലവുകൾക്കുമായി 15,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഇതോടെ കമ്പനി മൊത്തം 73,999 രൂപ പരാതിക്കാരന് നൽകേണ്ടി വന്നു.

 

English Summary: Student orders iPhone 11 from Flipkart, but gets soap delivered: Here is what happened next

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com