ADVERTISEMENT

ഞൊടിയിടയില്‍ ഇന്റര്‍നെറ്റിലെ വിസ്മയമായി മാറിയ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഗവേഷണ ലാബ് ആയ ഓപ്പണ്‍എഐ ഏറ്റെടുക്കാമെന്ന് പറഞ്ഞ് ടെസ്‌ല, ട്വിറ്റര്‍ കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള വാര്‍ത്താ പ്ലാറ്റ്‌ഫോമായ സെമാഫോര്‍ (Semafor) ആണ് പുതിയ അവകാശവാദവുമായി എത്തിയിരിക്കുന്നത്. സേര്‍ച്ച് എൻജിന്‍ ഗൂഗിളിനെ മറികടക്കണ‌മെന്ന ലക്ഷ്യത്തോടെ, മറ്റ് ഏതാനും പേര്‍ക്കൊപ്പം മസ്‌ക് സ്ഥാപിച്ച കമ്പനിയാണ് ഓപ്പണ്‍ എഐ. എന്നാല്‍, കമ്പനി ലക്ഷ്യത്തോട് അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ 2018ല്‍ അതിന്റെ നടത്തിപ്പ് താന്‍ ഏറ്റെടുക്കാമെന്നു മസ്ക് പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

∙ ഓപ്പണ്‍എഐയുടെ മേധാവിയാകാമെന്ന് മസ്‌ക്

ഓപ്പണ്‍എഐ ഏറ്റെടുത്ത് അതിന്റെ മേധാവിയാകാമെന്ന നിര്‍ദ്ദേശമാണത്രേ മസ്‌ക് മുന്നോട്ടുവച്ചത്. ഓപ്പണ്‍എഐയുടെ ഇപ്പോഴത്തെ മേധാവി സാം ആള്‍ട്ട്മാനും പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും ഈ നിര്‍ദ്ദേശം തള്ളി. തുടര്‍ന്നാണ് മസ്‌ക് ഗൂഗിളിനപ്പുറം പോകുന്ന ഒരു സേര്‍ച്ച് എൻജിന്‍ എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാകാതെ കമ്പനി വിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഓപ്പണ്‍എഐ വിടാനുള്ള കാരണമായി മസ്‌ക് പറഞ്ഞത് തന്റെ കമ്പനിയായ ടെസ്‌ല സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്കായി എഐ വികസിപ്പിക്കുന്നുണ്ടെന്നും ഓപ്പണ്‍എഐയുടെ എഐ ലക്ഷ്യങ്ങളുമായി അതിനു യോജിച്ചുപോകാനാവില്ല എന്നുമായിരുന്നു. എന്നാല്‍, ഓപ്പണ്‍എഐയിലുളള പലരും ഇത് വിശ്വസിച്ചില്ല. മസ്‌ക് ഇതു സംബന്ധിച്ചു നടത്തിയ പ്രസംഗം ഓപ്പണ്‍എഐയിലെ ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നു പറയുന്നു.

∙ മസ്‌ക് പുറത്ത്, മൈക്രോസോഫ്റ്റ് അകത്ത്

മസ്‌ക് ഓപ്പണ്‍എഐ വിടുമ്പോള്‍ ഒരു വാഗ്ദാനം നടത്തിയിരുന്നു - താന്‍ ഓപ്പണ്‍എഐയുടെ നിര്‍മിത ബുദ്ധി ഗവേഷണ ലാബിന് 100 കോടി ഡോളര്‍ കൂടി നല്‍കും. അദ്ദേഹം ഇതു നിറവേറ്റിയില്ല. ഇതോടെ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് എഐ മോഡലുകളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യം ഓപ്പണ്‍എഐക്ക് സാധ്യമല്ലാതായി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓപ്പണ്‍എഐ. തുടര്‍ന്ന് ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം തുടങ്ങി, പണം കൊണ്ടുവരാനുള്ള ശ്രമം 2019ല്‍ തുടങ്ങി. കേവലം ഒരു മാസത്തിനുള്ളില്‍ മൈക്രോസോഫ്റ്റ് എത്തി 100 കോടി ഡോളറും എഐ ഗവേഷണത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കി.

∙ മൈക്രോസോഫ്റ്റ് - ഓപ്പണ്‍എഐ ബന്ധത്തില്‍ പിറന്നത് അമ്പരപ്പിക്കുന്ന ടെക്‌നോളജി

ഇരുകമ്പനികളും ചേര്‍ന്ന് ഒരു സൂപ്പര്‍കംപ്യൂട്ടര്‍ നിര്‍മിക്കുകയും അതില്‍ അതിബൃഹത്തായ എഐ മോഡലുകളെ പരിശീലിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പിറന്നതാണ് ലോകത്തെ ഞെട്ടിച്ച ചാറ്റ്ജിപിടി, ഡാല്‍-ഇ, ജിപിടി-4 എന്നിവ. ഏറ്റവും നൂതനമായ ജിപിടി-4, 1 ട്രില്യന്‍ പാരമീറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ നവംബറില്‍ ചാറ്റ്ജിപിടി പുറത്തിറക്കിയതോടെ, ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഗൂഗിളും ആപ്പിളും അടക്കമുള്ള സകല ടെക് കമ്പനികളും പരക്കംപായുന്ന കാഴ്ചയാണ് ലോകംകണ്ടത്. എന്നാല്‍, ചാറ്റ്ജിപിടിയുടെ വിജയത്തില്‍ ആഹ്ലാദിക്കാത്ത വേറൊരാള്‍ കൂടെയുണ്ടായിരുന്നു - സാക്ഷാല്‍ ഇലോണ്‍ മസ്‌ക്.

Photo: Google Blog
Photo: Google Blog

∙ രസിക്കാതെ മസ്‌ക്

അദ്ദേഹം സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങി ലോകത്തിനു മുന്നില്‍ ഒരു പരിഹാസപാത്രമായി മാറിയ സമയത്താണ് ഇന്റര്‍നെറ്റിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഏറ്റവും വലിയ ചാലകശക്തിയായ ചാറ്റ്ജിപിടി പിറന്നത്. ട്വിറ്ററിലെ ഡേറ്റയിലേക്ക് ചാറ്റ്ജിപിടി കടക്കരുതെന്നും താന്‍ പണം മുടക്കി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയ കമ്പനി എങ്ങനെ മൈക്രോസോഫ്റ്റിന്റെ കൈയ്യില്‍ ചെന്നുപെട്ടു എന്നും അതെങ്ങനെ ഇപ്പോള്‍ 3000 കോടി ഡോളർ ആസ്തിയുള്ള, ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയായിതീര്‍ന്നു എന്നുമൊക്കെ പല ട്വീറ്റുകളിലായി മസ്‌ക് അരിശത്തോടെ പ്രതികരിച്ചു.

∙ മസ്‌ക് ഓപ്പണ്‍എഐ ഏറ്റെടുത്തിരുന്നെങ്കിലോ?

ഇന്ന് ചാറ്റ്ജിപിടി എന്ന പേര് ഓരോ ടെക്‌നോളജി പ്രേമിയുടെയും നാവിന്‍തുമ്പത്തെത്തിക്കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ അനവധി ഉൽപന്നങ്ങളിൽ അത് സഹകരിച്ചു പ്രവര്‍ത്തിക്കാനും തുടങ്ങി. അപ്രതീക്ഷിതമായി ഷോക്കേറ്റ ഗൂഗിള്‍ ഇപ്പോള്‍ ബാര്‍ഡ് എന്ന സേര്‍ച്ച് എൻജിനുമായി എത്തിയിരിക്കുകയാണ്. ഇതിനു പുറമെ ഇന്റര്‍നെറ്റിലിപ്പോള്‍ മൊത്തത്തില്‍ എഐ പ്രളയമാണ്. എഐയുടെ പരിമിതികള്‍ പലരും എടുത്തുകാട്ടുന്നുണ്ടെങ്കിലും ഇനി എഐ ഇല്ലാത്ത ഒരു ലോകത്തേക്ക് തിരിച്ചുപോക്കുണ്ടാവില്ല. അപ്പോഴും ഒരു ചോദ്യം ബാക്കി. മൈക്രോസോഫ്റ്റും ഓപ്പണ്‍എഐയും ചാറ്റ്ജിപിടി അടക്കമുള്ള എഐ സാങ്കേതികവിദ്യകള്‍ വളര്‍ത്താന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, ഓപ്പണ്‍എഐ മസ്‌ക് ഏറ്റെടുത്തിരുന്നെങ്കിലോ? അതിബുദ്ധിമാനായ ബിസിനസുകാരന്‍ കൂടിയായ മസ്‌കിന്റെ കയ്യില്‍ കമ്പനി കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ഇക്കാലത്തിനിടയ്ക്ക് ഗൂഗിളിനെ കെട്ടുകെട്ടിക്കുമായിരുന്നോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. നിലവില്‍ ഗൂഗിളിന് തിരിച്ചുവരാനുള്ള സാഹചര്യം ഉണ്ട്.

∙ കൂടുവിട്ടു കൂടുമാറുന്ന കാര്യം പരിഗണിച്ച് ടിക്‌ടോക് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍

അമേരിക്കയില്‍ ടിക്‌ടോകിന് നിരവധി ആരാധകരുണ്ട്. ചിലരെയൊക്കെ അപ്രതീക്ഷിതമായി ടിക്‌ടോക് താരങ്ങളാക്കിയിട്ടുമുണ്ട്. കാസിഡി ജേകബ്‌സണിന്റെ കാര്യം തന്നെ ഉദാഹരണം. വെറും 13 വയസ്സുള്ളപ്പോഴാണ് താന്‍ നൃത്തം ചെയ്യുന്ന ഒരു വിഡിയോ അവള്‍ ടിക്‌ടോകില്‍ പോസ്റ്റു ചെയ്യുന്നത്. ആറു വര്‍ഷത്തിനു ശേഷം ഇപ്പോളവള്‍ക്ക് 15 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത് എന്ന് റോയിട്ടേഴ്‌സ് പറയുന്നു. അമേരിക്കയില്‍ 15 കോടി ഉപയോക്താക്കളാണ് ടിക്‌ടോക്കിനുള്ളത്. ആപ്പിന്റെ ചൈനീസ് ബന്ധത്തില്‍ ചാരി, അമേരിക്കന്‍ സർക്കാർ ആപ് നിരോധിക്കുന്ന കാര്യം ഗൗരവത്തില്‍ പരിശോധിക്കുകയാണിപ്പോള്‍. അങ്ങനെ സംഭവിച്ചാല്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കാസിഡിയെ പോലെയുള്ള പല ഇന്‍ഫ്‌ളുവന്‍സര്‍മാരും.

കാസിഡി അടക്കം പലരും യൂട്യൂബ് പോലെയുള്ള സേവനങ്ങളിലേക്കും കുടിയേറുകയാണ്. ടിക്‌ടോകിലെ കണ്ടെന്റ് മറ്റു പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നു. ടിക്‌ടോക് നിരോധിച്ചാലും ഇല്ലെങ്കിലും അമേരിക്കക്കാരുടെ ഡേറ്റ എന്തു ചെയ്യുന്നുവെന്ന കാര്യത്തില്‍ സുതാര്യത വേണമെന്ന ശക്തമായ നിയമം അമേരിക്ക കൊണ്ടുവന്നേക്കും. അതോടെ ചൈനീസ് ഉടമസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടിക്‌ടോകിന്റെ നില പരുങ്ങലിലാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, നിന്നനില്‍പ്പില്‍ തങ്ങളെ താരങ്ങളാക്കിയതു കൂടാതെ, തങ്ങള്‍ക്കും മറ്റു കുടുംബങ്ങള്‍ക്കും ജീവിക്കാനുള്ള വകയും ടിക്‌ടോക് നല്‍കുന്നുവെന്നും പല ഇന്‍ഫ്‌ളുവന്‍സര്‍മാരും പറയുന്നു. ആറക്ക വരുമാനമോ അതിലപ്പുറമോ പ്രതിവര്‍ഷം നേടുന്നവരുണ്ട് ടിക്‌ടോക്കില്‍. ആപ്പിനെ കെട്ടുകെട്ടിക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ധാരാളമുണ്ടെങ്കിലും അമേരിക്കന്‍ കമ്പനികളില്‍നിന്ന് ഇത്ര വരുമാനം ലഭിച്ചേക്കില്ലെന്നാണ് പല ഇന്‍ഫ്‌ളുവന്‍സര്‍മാരും കരുതുന്നത്.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

∙ നൂറുകണക്കിന് ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി വാള്‍മാര്‍ട്ട്

ഇന്ത്യയിലെ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമയായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ട് നൂറു കണക്കിനു ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ഇകൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഉള്ളവരെയായിരിക്കും ആദ്യം പിരിച്ചുവിടുക.

∙ റിയല്‍മി വൈസ് പ്രസിഡന്റ് മാധവ് സേഥ് കൂടുതല്‍ ഉയര്‍ന്ന പോസ്റ്റിലേക്ക്

റിയല്‍മി കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് മാധവ് സേഥ് ആഗോള തലത്തിലേക്ക്. ഇനി താന്‍ കമ്പനിയുടെ ആഗോള തലത്തിലുള്ള വൈസ് പ്രസിഡന്റിന്റെ ചുമതലയാണ് ഏല്‍ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

English Summary: Elon Musk reportedly left OpenAI's board in 2018 after Sam Altman and other cofounders rejected his plan to run the company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com