ADVERTISEMENT

മുൻനിര ടെലികോം സേവനദാതാക്കളുടെ നേതൃത്വത്തിൽ രാജ്യത്തെ 5ജി നെറ്റ്‌വർക്ക് വിന്യാസം അതിവേഗം കുതിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇതിനകം തന്നെെ 5ജി ക്കായി 1 ലക്ഷം ടെലികോം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) നാഷണൽ ഇഎംഎഫ് പോർട്ടലിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ജിയോ 2 ഫ്രീക്വൻസികളിൽ (700 MHz ഉം 3,500 MHz ഉം) 99,897 ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നാണ്. ഭാരതി എയർടെല്ലിന് 22,219 5ജി ടവറുകളുമുണ്ട്.

മാർച്ച് 23 ലെ റിപ്പോർട്ട് പ്രകാരം എല്ലാ ബേസ് സ്റ്റേഷനുകൾക്കും ജിയോയ്ക്ക് 3 സെൽ സൈറ്റുകൾ ഉണ്ട്, എയർടെല്ലിന് രണ്ടും ഉണ്ട്. കൂടുതൽ ടവറുകളും സെൽ സൈറ്റുകളും ടെലികോം സേവനദാതാവിന്റെ നെറ്റ്‌വർക്ക് വേഗമാണ് കാണിക്കുന്നത്. നെറ്റ്‌വർക്ക് ഇന്റലിജൻസ്, കണക്റ്റിവിറ്റി സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഓക്‌ലയുടെ ഫെബ്രുവരി 28 ലെ റിപ്പോർട്ട് അനുസരിച്ച് എയർടെല്ലിന്റെ 5ജി വേഗം 268 എംബിപിഎസുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോയുടേ ഉയർന്ന ശരാശരി വേഗം 506 എംബിപിഎസ് (സെക്കൻഡിൽ മെഗാബൈറ്റ്) ആണ്.

കൊൽക്കത്തയിൽ ജിയോയ്ക്ക് 506.25 എംബിപിഎസും ഡൽഹിയിൽ എയർടെൽ 268.89 എംബിപിഎസും 5ജി ഡൗൺലോഡ് വേഗം ലഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. 5ജി നെറ്റ്‌വർക്ക് വിന്യാസത്തിന്റെ കാര്യത്തിൽ എയർടെലും ജിയോയും വലിയ മൽസരത്തിലാണ്. ഇന്ത്യയിൽ 50 കോടിയിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ചൈനയ്ക്ക് തൊട്ടുപിന്നിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഓൺലൈൻ വിപണിയാണ് ഇന്ത്യ.

 

∙ മുന്നിൽ ജിയോ

 

ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 365 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു അതിവേഗം മുന്നേറുകയാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ആദ്യം തന്നെ 5ജി അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിർത്താനും ജിയോ ലക്ഷ്യമിടുന്നു. കേരളത്തിലെ 13 നഗരങ്ങളിലും (ആറ്റിങ്ങൽ, ആലപ്പുഴ, ചേർത്തല, ഗുരുവായൂർ ക്ഷേത്രം, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം) ജിയോ 5ജി അവതരിപ്പിച്ചു.

 

ജിയോ 5ജി നെറ്റ്‌വർക്ക് രാജ്യത്തെ ആകെ 365 നഗരങ്ങളിൽ എത്തിയതായി ടെലികോം അറിയിച്ചു. തങ്ങളുടെ 5ജി നെറ്റ്‌വർക്ക് ഇപ്പോൾ 32 സംസ്ഥാനങ്ങളിൽ കുറഞ്ഞത് ഒരു നഗരത്തിലെങ്കിലും ലഭ്യമാണെന്ന് ജിയോ വക്താവ് പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോമിന്റെ മുഖ്യ എതിരാളിയായ ഭാരതി എയർടെലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ നേട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വയർലെസ് വിപണിയായ ഇന്ത്യ 5ജി സ്വീകരിച്ച അവസാന രാജ്യങ്ങളിലൊന്നാണ്. 5ജി യ്ക്കായുള്ള സ്‌പെക്‌ട്രം ലേലത്തിൽ നിന്ന് 1900 കോടി ഡോളറാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ലേലത്തിൽ രാജ്യത്തെ മറ്റേതൊരു ടെലികോം കമ്പനിയെക്കാളും 5ജി സ്‌പെക്‌ട്രം വാങ്ങാൻ റിലയൻസ് ജിയോ 1100 കോടി ഡോളറിലധികം ചെലവഴിച്ചിരുന്നു.

 

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ 2023 അവസാനത്തോടെ ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും 5ജി കൊണ്ടുവരാൻ 2500 കോടി ഡോളർ അധികമായി നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ടെലികോം നെറ്റ്‌വർക്കുകൾക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ വേഗമേറിയ ഡേറ്റാ ആക്‌സസ് ഒരു പ്രധാന വിഷയമായി മാറിയെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഏഴ് വർഷം മുൻപാണ് റിലയൻസ് ടെലികോം വിപണിയിൽ പ്രവേശിച്ചത്. ഇപ്പോൾ ടെലികോം വിപണിയുടെ ഭൂരിഭാഗവും ജിയോയുടെ കൈവശവുമാണ്.

 

2023 ഡിസംബറോടെ  ട്രൂ 5ജി സേവനങ്ങളുമായി രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്നതിനുള്ള ദൗത്യത്തിലാണ് ജിയോ. ഇത്രയും കുറഞ്ഞ സമയത്തനുള്ളില്‍ വലിയ 5ജി നെറ്റ്‌വർക്ക് വിന്യാസം ലോകത്ത് തന്നെ ഇതാദ്യമാണെന്നും ജിയോയുടെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

 

English Summary: Jio Installs 1 Lakh Towers to Expedite 5G Rollout in India, Department of Telecom Data Shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com