ADVERTISEMENT

ഏതാനും വര്‍ഷം മുന്‍പ് ഒരാൾ അദ്ദേഹത്തെ അമ്പരപ്പിച്ച ഒരു വിവരം പങ്കുവച്ചത് ഇങ്ങനെയാണ്: വീട്ടില്‍ ഒരാള്‍ക്കു വന്ന അസുഖത്തെക്കുറിച്ച് വീട്ടിലെത്തിയ ബന്ധുക്കളുമായി കുറേ നേരം സംസാരിച്ചു. (ഫോണിലല്ല.) കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹം ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് രസം - പ്രസ്തുത രോഗത്തിനുള്ള ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ പരസ്യങ്ങള്‍ ബ്രൗസറില്‍ നിറയുന്നു. താന്‍ ഈ രോഗത്തെക്കുറിച്ച് ഒരു ഇന്റര്‍നെറ്റ് സേര്‍ച്ച് പോലും നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആണയിടുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അത്ര വിശ്വസനീയമായി തോന്നിയില്ലെങ്കിലും പ്രശസ്ത ആപ്പായ നോര്‍ഡ്‌വിപിഎന്‍ (NordVPN) കമ്പനിയിലെ ഗവേഷകര്‍ ഇപ്പോൾ നടത്തിയ പഠന റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നതാണ്. അതെ, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കായി സ്മാര്‍ട് ഫോണ്‍ നിരന്തരം കാതോർക്കുന്നുണ്ടാകാം എന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേര്‍ന്നിരിക്കുന്നത്.

 

∙ സോണിക് സ്‌നൂപ്പിങ്

 

സുരക്ഷാ ക്യാമറകളും മറ്റും ഒരാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു. ഇതിനു പുറമെയാണ് പറയുന്ന കാര്യങ്ങള്‍ മൈക്രോഫോണ്‍ ഉപയോഗിച്ച് കേട്ടുകൊണ്ടിരിക്കുന്നു എന്ന നിഗമനം. ഇതിനെ സോണിക് സ്‌നൂപ്പിങ് (വര്‍ത്തമാനം രഹസ്യമായി കേള്‍ക്കുന്നത്) എന്നു വിളിക്കുന്നത്. ഏകദേശം പകുതിയോളം ബ്രിട്ടിഷുകാര്‍ തങ്ങള്‍ സോണിക് സ്‌നൂപ്പിങ്ങിന്റെ ഇരകളായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു എന്ന് ദി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ പോലും കേള്‍ക്കാനുള്ള കഴിവ് സ്മാര്‍ട് ഫോണുകളുടെ മൈക്രോഫോണിനുണ്ടന്ന് നോര്‍ഡ്‌വിപിഎന്റെ ഗവേഷകര്‍ പറയുന്നു.

 

∙ ഇത് ഭയപ്പെടുത്തും വെളിപ്പെടുത്തല്‍; പക്ഷേ എന്തിനിത് ചെയ്യണം?

 

പ്രത്യക്ഷത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നറിഞ്ഞ് അതേക്കുറിച്ചുള്ള പരസ്യങ്ങള്‍ കാണിക്കാനാണ് ഫോണിലെ ആപ്പുകള്‍ ശ്രമിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. പരോക്ഷമായ ഉദ്ദേശങ്ങള്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. വീട്ടില്‍ സംസാരിച്ച കാര്യങ്ങളില്‍ ഉള്‍പ്പെട്ട പ്രോഡക്ടുകള്‍ ഫോണില്‍ പോപ്-അപ് പരസ്യങ്ങളായി പ്രത്യക്ഷപ്പെട്ട അനുഭവം പകുതിയോളം ബ്രിട്ടിഷുകാരും പങ്കുവയ്ക്കുന്നുവെന്ന് നോര്‍ഡ്‌വിപിഎന്‍ നടത്തിയ പഠനം പറയുന്നു. പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കാന്‍ ശേഷിയുള്ള ആപ്പുകളാണ് വില്ലന്മാര്‍. സംഭാഷണത്തിനു പുറമെ ഒരാള്‍ എവിടെയാണ്, അയാള്‍ എന്താണ് ചെയ്യുന്നത്, അവരുടെ താതപര്യങ്ങള്‍ എന്തെല്ലാമാണ് എന്നൊക്കെ, തങ്ങള്‍ ശേഖരിക്കുന്ന പശ്ചാത്തല ശബ്ദങ്ങളില്‍ നിന്നും മനസ്സിലാക്കിയെടുക്കാനും ആപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു സാധിക്കും.

 

∙ അള്‍ട്രാസോണിക് ക്രോസ്-ഡിവൈസ് ട്രാക്കിങ്

 

ബ്രിട്ടനില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേര്‍ പറഞ്ഞത് തങ്ങളെ ആരോ സദാ പിന്തുടരുന്ന തോന്നല്‍ ഉണ്ടാകുന്നു എന്നാണ്. ഇത് തങ്ങളെ ഭയപ്പെടുത്തുന്നു എന്ന് എട്ടിലൊന്നു പേര്‍ പറഞ്ഞു. എന്നാല്‍, ഇതെങ്ങനെ നിർത്താനാകുമെന്ന് അറിയില്ലെന്നാണ് മൂന്നില്‍ രണ്ടുപേരും പറഞ്ഞത്. കൂടുതല്‍ സ്വകാര്യ ഡേറ്റയും ശേഖരിക്കുന്നത് അള്‍ട്രാസോണിക് ക്രോസ്-ഡിവൈസ് ട്രാക്കിങ് എന്ന വിവാദ രീതി ഉപയോഗിച്ചാണ്.

 

∙ സ്മാര്‍ട് ഉപകരണങ്ങള്‍ ആളുകളറിയാതെ രഹസ്യമായി ആശയക്കൈമാറ്റം നടത്തുന്നു

AirPods-Pro

 

വീടുകളിലെയും ഓഫിസുകളിലെയും ടിവികളും ലാപ്‌ടോപ്പുകളും സ്മാര്‍ട് ഫോണുകളും അടക്കമുള്ള സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോക്താവ് അറിയാതെ പരസ്പരം ആശയക്കൈമാറ്റം നടത്തുന്നുണ്ടെന്നാണ് ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയന്നത്. അള്‍ട്രാസോണിക് തരംഗങ്ങള്‍ വഴിയാണ് അവ ആശയക്കൈമാറ്റം നടത്തുന്നത്. ഇത് മനുഷ്യന് കേള്‍ക്കാനാകുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ശബ്ദമാണ്. ഇതിലൂടെ ഉപയോക്താക്കളുടെ ലൊക്കേഷനും അവര്‍ എന്താണ് ചെയ്യുന്നത് എന്നുമൊക്കെ അറിയാനാകുമെന്നാണ് അവകാശവാദം. നമ്മുടെ സ്മാര്‍ട് ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും ഈ ശബ്ദവീചികളെ അവയുടെ മൈക്രോഫോണുകള്‍ വഴി പിടിച്ചെടുക്കുന്നു. ലഭിച്ച ഡേറ്റ വിശകലനം ചെയ്ത് ഉചിതമായ പരസ്യം കാണിക്കുന്നു. 

 

∙ മൈക്രോഫോണിന് അക്‌സസ് കൊടുക്കരുത്

 

ആവശ്യമില്ലെങ്കില്‍ പോലും പല ആപ്പുകളും മൈക്രോഫോണ്‍ ആക്‌സസ് ചോദിക്കുന്നത് പതിവാണ്. ചില ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മൈക്രോഫോണിന്റെ ആവശ്യമില്ലെങ്കിലും അത് ആക്‌സസ് ചോദിക്കുന്നത് ഇതിനാണത്രെ. സുരക്ഷാ ഉപദേശകനായ അഡ്രെയ്‌നസ് വാര്‍മെന്‍ഹോവന്‍ (Adrianus Warmenhoven) പറയുന്നത് ഇത്തരത്തിലുള്ള ക്രോസ്-ട്രാക്കിങ് പരസ്യക്കാരുടെ സ്വര്‍ണഖനിയാണ് എന്നാണ്. നിങ്ങളറിയാതെ നിങ്ങളെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ആപ്പുകള്‍ ഇങ്ങനെ ശേഖരിക്കുന്നു. സ്മാര്‍ട് ഉപകരണങ്ങള്‍ അള്‍ട്രാസോണിക് തരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നത് നിർത്താന്‍ ഒരു മാര്‍ഗവും ഇല്ലെന്ന് അദ്ദേഹം പറയുന്നു. ആകെ നടത്താവുന്ന പ്രതിരോധ പ്രവര്‍ത്തനം ആവശ്യമില്ലാത്ത ആപ്പുകള്‍ക്ക് മൈക്രോഫോണ്‍ ആക്‌സസ് നല്‍കാതിരിക്കുക എന്നതാണ്.

 

∙ ഇത്തരം ട്രാക്കിങ് സാധ്യമെന്ന് വിദഗ്ധന്‍

 

എന്നാല്‍, ഇത്തരത്തില്‍ ഡേറ്റ ശേഖരിക്കുന്ന കാര്യം സാങ്കേതികമായി തെളിയിക്കാനായിട്ടില്ല എന്നുള്ളതാണ് നടപടി സ്വീകരിക്കാനാകാത്തത് എന്നും പറയുന്നു. അതേസമയം, ഇതേക്കുറിച്ച് ഒരു കമ്പനി നടത്തിയ പരീക്ഷണം വിജയിച്ചിട്ടുമുണ്ട്. ജോലിക്കാര്‍ക്ക് ആര്‍ക്കും യാതൊരു താത്പര്യവുമില്ലാത്ത വിഷയങ്ങളാണ് പരിക്ഷണത്തിനായി അവര്‍ പരസ്പരം സംസാരിച്ചത്. ഉദാഹരണത്തിന് ഇതില്‍ പങ്കെടുത്ത ജെയ്‌സണ്‍ന്റെ കാര്യം തന്നെ എടുക്കാം. പരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം പുതിയൊരു വോള്‍വോ കാര്‍ വാങ്ങുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന് ഒരിക്കലും ഒരു കാറും സ്വന്തമായി ഉണ്ടായരുന്നില്ല. കാര്‍ വാങ്ങാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒരു ബ്രാന്‍ഡ് കാറിനെക്കുറിച്ചും ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തിട്ടുമില്ല. എന്നിട്ടും തന്റെ താത്പര്യമറിയിച്ചുള്ള സംസാരത്തിനു ശേഷം വോള്‍വേ കാറുകളുടെ പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു അദ്ദേഹത്തിന്റെ സ്മാര്‍ട് ഉപകരണങ്ങളിലേക്ക്. അഡ്രെയ്‌നസ് പറയുന്നത് ഇതു നടത്താനുള്ള സാങ്കേതികവിദ്യ ലഭ്യമാണ് എന്നാണ്. പക്ഷേ, സ്മാര്‍ട് ഫോണ്‍ വഴി ഇത്തരം ട്രാക്കിങ് നടത്തുന്നത് എത്ര വ്യാപകമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

∙ എയര്‍പോഡ്‌സ് പ്രോ 2ന് യുഎസ്ബി-സി ചാര്‍ജിങ് സപ്പോര്‍ട്ട് കിട്ടിയേക്കും

 

എയര്‍പോഡ്‌സ് എന്ന പേരില്‍ ആപ്പിളിന്റെ നിലവിലുള്ള ഇയര്‍ബഡ്‌സുകളില്‍ എയര്‍പോഡ്‌സ് പ്രോ 2ന് യുഎസ്ബി-സി ചാര്‍ജിങ് സപ്പോര്‍ട്ട് കിട്ടിയേക്കുമെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നു. ഇനി ഇറക്കാന്‍ പോകുന്ന പുതിയ എല്ലാ എയര്‍പോഡ്‌സിനും യുഎസ്ബി-സി സപ്പോര്‍ട്ട് ഉണ്ടായേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 

 

∙ ഗെയിമര്‍മാര്‍ക്കായി അസൂസ് റോഗ് ഫോണ്‍ 7 ഏപ്രില്‍ 13ന് ഇന്ത്യയില്‍ അവതരിപ്പിക്കും

 

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അസൂസ് റോഗ് ഫോണ്‍ 7 ഏപ്രില്‍ 13ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഫോണിന് രണ്ടു വേര്‍ഷനുകള്‍ കണ്ടേക്കാം - റോഗ് ഫോണ്‍ 7, റോഗ് ഫോണ്‍ 7 അള്‍ട്രാ. ഇതില്‍ അള്‍ട്രാ മോഡലിന് രണ്ടാമതൊരു ഡിസ്‌പ്ലേ കൂടി ഉണ്ടായേക്കാമെന്ന് വാദിക്കുന്നവരുണ്ട്. ഗെയിമിങ് പ്രേമികള്‍ക്കായി അവതരിപ്പിക്കുന്ന റോഗ് ഫോണ്‍ 7 ഫോണിന് 165 ഹെട്‌സ് റിഫ്രെഷ് റെയ്റ്റാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 6000 എംഎഎച് ബാറ്ററിയും, 65w ചാര്‍ജിങും കണ്ടേക്കും. റോഗ് ഫോണ്‍ 7ന് 70,000 രൂപ വില പ്രതീക്ഷിക്കുന്നു. അതേസമയം, റോഗ് ഫോണ്‍ 7 അള്‍ട്രാ ആയിരിക്കാം അസൂസ് ഇന്നേവരെ ഇറക്കിയിരിക്കുന്ന ഫോണുകളില്‍ വച്ച് ഏറ്റവും വില കൂടിയതെന്നും വാദമുണ്ട്.

 

English Summary: Cybersecurity specialists say microphones may be constantly picking up clues about someone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com