ADVERTISEMENT

വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ച മിത്ര് കാല്‍ (Mitr Kaal) വിഡിയോയുടെ വ്യൂവര്‍ഷിപ് യൂട്യൂബ് കുറച്ചു കാണിച്ചോ? ഇക്കാര്യത്തില്‍ യൂട്യൂബ് മേധാവി നീല്‍ മോഹന് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പരാതി പരിശോധിച്ചുവരികയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അദാനിക്കെതിരെ സംസാരിച്ച വിഡിയോയ്ക്ക് രാഹുലിന്റെ മറ്റു വിഡിയോകളെ അപേക്ഷിച്ച് കുറച്ചു വ്യൂ മാത്രമാണ് കാണുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അദാനിക്കെതിരെ രാഹുല്‍ സംസാരിച്ച രണ്ടു വിഡിയോകളുടെ വ്യൂവര്‍ഷിപ്പും കുറച്ചു കാട്ടിയിരിക്കുന്നു എന്നാണ് പാര്‍ട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിത്രോദയാണ് നീല്‍ മോഹന് പരാതി നല്‍കിയത്. രാഹുലിന്റെ സമൂഹ മാധ്യമ ടീമിന് യൂട്യൂബ് വ്യൂസിന്റെ കാര്യം വളരെ വിചിത്രമായി തോന്നിയെന്നും കുറച്ചു വ്യൂ കിട്ടിയതിന്റെ കാരണമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും കോൺഗ്രസ് പറയുന്നു. ഇക്കാര്യം, ചിലപ്പോള്‍ അറിയാതെ സംഭവിച്ചതാകാം. ചിലപ്പോള്‍ യൂട്യൂബിന്റെ അല്‍ഗോരിതത്തെ മനപ്പൂര്‍വ്വം സ്വാധീനിച്ചിരിക്കാം എന്നൊക്കെ പാര്‍ട്ടി കരുതുന്നു. ഇതിനാലാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെയും അടുത്തിടെ പാര്‍ലമെന്റിലും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലും നടത്തിയ പ്രസംഗങ്ങളുടെയും വിഡിയോയുടെ കാഴ്ചക്കാരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോഴാണ്, എന്തോ പന്തികേടു തോന്നുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നത്.

∙ കൂടുതല്‍ മികച്ച പ്രതികരണം ഉണ്ടെങ്കിലും വ്യൂസ് കുറവ്

രാഹുലിന്റെ യാത്രയിലെ കണ്ടെയ്‌നര്‍ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത് 83,602 പ്രതികരണങ്ങളാണ്. ഇതിന് ലഭിച്ചിരിക്കുന്ന വ്യൂസ് 20 ലക്ഷത്തിലേറെയാണ്. അതേസമയം, അദാനിക്കെതിരെയുള്ള ‘മിത്ര് കാല്‍ എപ്പിസോഡ് 1’ ന് ലഭിച്ചിരിക്കുന്നത് 99,197 പ്രതികരണങ്ങളാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസ് പരാതി നല്‍കിയ സമയത്ത് കേവലം 4.78 ലക്ഷം വ്യൂസ് മാത്രമാണ് ലഭിച്ചിരിക്കുന്നതെന്ന് പറയുന്നു. അതുപോലെ, മിത്ര് കാല്‍ എപിസോഡ്-2നെ പുകഴ്ത്തുന്ന 49,053 പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്, അതേസമയം കേംബ്രിജ് വിഡിയോയ്ക്ക് അത്തരം 28,360 പ്രതികരണങ്ങളേ ലഭിച്ചുള്ളു. പക്ഷേ, രണ്ടിനും ഏകദേശം 2 ലക്ഷത്തിലേറെ വ്യൂസ് ആണ് ലഭിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഈ വിഡിയോയ്ക്ക് 8 ലക്ഷം വ്യൂസ് കാണേണ്ടതായിരുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

∙ അല്‍ഗോരിതം ഉപയോഗിച്ചു കുറച്ചുകാട്ടി

രാഹുലിന്റെ വിഡിയോ പ്രചരിക്കാതിരിക്കാന്‍ അല്‍ഗോരിതം പ്രയോജനപ്പെടുത്തിയെന്നു വ്യക്തമാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മിക്കവരും 'യൂട്യൂബ് ബ്രൗസ്' ഫീച്ചര്‍ ഉപയോഗിച്ചാണ് വിഡിയോ കാണുന്നത്. യൂട്യൂബിന്റെ ഹോം പേജില്‍ വിഡിയോകളും സജസ്റ്റഡ് വിഡിയോകളും ലഭ്യമാക്കുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലിന്റെ ബ്രൗസ് ഫീച്ചര്‍ ഫെബ്രുവരി 9 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നും കോണ്‍ഗ്രസ് പറയുന്നു. രാഹുലിന്റെ വിഡിയോയുടെ പ്രചാരത്തെ യൂട്യൂബ് അല്‍ഗോരിതം ഉപയോഗിച്ച് നിയന്ത്രിച്ചു വച്ചിരിക്കുകയായിരുന്നു എന്നും പാര്‍ട്ടി ആരോപിക്കുന്നു.

∙ ആപ്പിള്‍ പേ ലേറ്റര്‍ അമേരിക്കയില്‍ ആരംഭിച്ചു

ഐഫോണുകള്‍ അടക്കമുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കാനായി ആപ്പിള്‍ പേ ലേറ്റര്‍ എന്ന പദ്ധതി അമേരിക്കയില്‍ തുടങ്ങിയെന്ന് റോയിട്ടേഴ്‌സ്. പദ്ധതി ആപ്പിളിന്റെ ഈ വര്‍ഷത്തെ ഡബ്ല്യൂഡബ്ല്യൂഡിസിയില്‍ പ്രഖ്യാപിച്ചത് ആയിരുന്നു എങ്കിലും അത് നടപ്പാക്കാന്‍ വൈകുകയായിരുന്നു.

∙ നാലു തുല്യ തവണകളായി പണമടയ്ക്കാം

ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഇത് പ്രയോജനപ്പെടുത്താം. പേ ലേറ്റര്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ പേ ആപ് പരിശോധിക്കുക. അവിടെ 50 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെയുള്ള തുകയ്ക്ക് ആപ്പിളില്‍ നിന്ന് വായ്പ ചോദിക്കാം. ഇതുപയോഗിച്ച് ആപ്പിളിന്റെ അംഗീകൃത വില്‍പനക്കാരില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാം. അതിന്റെ വില നാലു തുല്യ തവണകളായി കമ്പനിക്കു തിരിച്ചടയ്ക്കാം.

∙ ഐഒഎസ് 16.4ല്‍ പുതിയ ഫീച്ചര്‍

ഐഒഎസ് 16.4, ഐപാഡ്ഒഎസ് 16.4 എന്നിവയിലുള്ള ആപ്പിള്‍ പേയിലാണ് ഈ ഫീച്ചറുള്ളത്. ഇതു വേണമെന്നുള്ളവര്‍ ഫെയ്‌സ്‌ഐഡി, ടച്ച്‌ഐഡി, പാസ്‌കോഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് തിരിച്ചറിയല്‍ നടത്തണം. നിലവില്‍ ഇത് അമേരിക്കയില്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമല്ല. ആപ്പിള്‍ ക്ഷണിക്കുന്നവര്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ക്ഷണം എന്തെങ്കിലും മാനദണ്ഡം വച്ചല്ല നല്‍കുന്നതെന്ന് കമ്പനി പറയുന്നു. ഭാവിയില്‍ ഇത് ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും തുറന്നു നല്‍കും.

∙ മോട്ടോ ജി13 അവതരിപ്പിച്ചു; 9,499 രൂപ മുതല്‍ വില

മോട്ടോറോളയുടെ മോട്ടോ ജി13 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.5-ഇഞ്ച് വലുപ്പമുള്ള ടച് സ്‌ക്രീനാണ് ഇതിന്. മീഡിയടെക് ഹെലിയോ ജി85 പ്രോസസര്‍ ആണ് ഫോണിന് ശക്തി പകരുന്നത്. 4ജിബി റാമുമുണ്ട്. 50 എംപി പ്രധാന ക്യാറയും 2എംപി ഡെപ്ത് ക്യാമറയും 2എംപി മാക്രോ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയും ഉണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് ശേഷികളില്‍ ഫോണ്‍ ലഭ്യമാക്കും. ഇവയ്ക്ക് യഥാക്രമം 9,499 രൂപ, 9,999 രൂപ എന്നിങ്ങനെയായിരിക്കും വില. ഏപ്രില്‍ 5 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വാങ്ങാന്‍ ലഭിക്കും. 5ജി സപ്പോര്‍ട്ട് ഇല്ല എന്നുള്ളതാണ് ഫോണിന്റെ പ്രധാന ന്യൂനതകളിലൊന്ന്.

∙ ഗൂഗിള്‍ ക്രോമിനെതിരെ ആര്‍ക്ക് ബ്രൗസര്‍

ബ്രൗസറുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഗൂഗിള്‍ ക്രോമിന് പുതിയൊരു എതിരാളി എത്തിയിരിക്കുകയാണ് - ആര്‍ക് (Arc). എല്ലാ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ക്രോം പ്രീ ഇന്‍സ്റ്റാള്‍ ചെയ്തു വരുന്നത് അതിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. വിന്‍ഡോസ് പിസികളില്‍ ഇത് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെങ്കിലും ഉപയോക്താക്കള്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നു. മികച്ച ബ്രൗസര്‍ എന്ന പേര് ക്രോമിന് ഉണ്ടെങ്കിലും കൂടുതല്‍ ഉപയോക്താക്കള്‍ അതിന്റെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയാണ്. ക്രോമിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഗൂഗിളിന് ലോകത്തെ ഏറ്റവും വലിയ പരസ്യ ബിസിനസും ഉണ്ട്. ഇതിനാല്‍ ക്രോം ഉപയോക്താക്കളുടെ ഡേറ്റ ഗൂഗിള്‍ എടുക്കുന്നുണ്ടായിരിക്കും എന്നാണ് ഒരു ആരോപണം.

∙ ആര്‍ക് പരീക്ഷിച്ചു നോക്കാം

മുന്‍ ഇന്‍സ്റ്റഗ്രാം എൻജിനീയര്‍മാര്‍, ടെസ്‌ല കമ്പനിക്കായി ജോലിയെടുത്തിട്ടുള്ളവര്‍, ക്രോമിനു വേണ്ടി ജോലിയെടുത്തിട്ടുള്ളവര്‍ തുടങ്ങി പലരും ചേര്‍ന്നാണ് ആര്‍ക് അവതരിപ്പിച്ചിരിക്കുന്നത്. ക്രോമിന്റെ മികവ് നല്‍കാന്‍ ശ്രമിക്കുന്ന ആര്‍ക്, കൂടുതല്‍ സുരക്ഷിതമായ ബ്രൗസിങ്ങും വാഗ്ദാനം ചെയ്യുന്നു. ആര്‍ക് ബ്രൗസര്‍ 2022ല്‍ അവതരിപ്പിച്ചതാണ്. ടാബുകള്‍ ഇടതുവശത്ത് അടുക്കിയിരിക്കുന്നതാണ് ബ്രൗസറിന് വ്യത്യസ്തത പകരുന്നത്. അതേസമയം, ക്രോമിന് ശക്തി പകരുന്ന ക്രോമിയം പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഇത് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. നിലവില്‍ ക്ഷണം കിട്ടുന്നവര്‍ക്കു മാത്രമാണ് ഇത് ഉപയോഗിക്കാന്‍ സാധിക്കുക. താമസിയാതെ എല്ലാവര്‍ക്കും തുറന്നുകിട്ടുമെന്നു കരുതുന്നു.

chrome

∙ മറ്റു ബ്രൗസറുകള്‍

ക്രോമിയം പ്ലാറ്റ്‌ഫോമിനെയും ഭയപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ നല്ലത് ഫയര്‍ഫോക്‌സ് തന്നെയാണ്. ക്രോമിയം പ്ലാറ്റ്‌ഫോമിലാണെങ്കില്‍ മൈക്രോസോഫ്റ്റ് എഡ്ജ് ഇപ്പോള്‍ വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. അത് മൈക്രോസോഫ്റ്റിന്റെ നിയന്ത്രണത്തിലാണല്ലോ എന്നു കരുതുന്നവര്‍ക്ക് അനുയോജ്യം ബ്രേവ് ആയിരിക്കും. അതിശക്തമായ ക്രോമിയം-കേന്ദ്രീകൃത ബ്രൗസറാണ് ബ്രേവ്.

English Summary: Rahul's videos 'suppressed'? YouTube to probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com