ADVERTISEMENT

ആസന്ന ഭാവിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി ടെക്‌നോളജി മേഖലയില്‍ പുതിയ മുന്നേറ്റം. അതിലേക്കു കടക്കും മുമ്പ് ചെറിയൊരു ആമുഖം: അജയ്യമെന്നു തോന്നിച്ചിരുന്ന ഗൂഗിള്‍ സേര്‍ച്ചിനെ, ഞൊടിയിടയ്ക്കുള്ളില്‍ നിഷ്പ്രഭമാക്കി മാറ്റിയ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റി അവതരിപ്പിച്ചത് 2022 നവംബറിലാണ്. ഇപ്പോഴിതാ 2023 ഏപ്രിലില്‍ ചാറ്റ്ജിപിറ്റിയെ ഒരു പഴങ്കഥയാക്കാന്‍ കെല്‍പ്പുള്ള പുതിയ സാങ്കേതികവിദ്യ എത്തിയിരിക്കുകയാണ്. ഇതിനെ ചാറ്റ്ജിപിറ്റുയുടെ അടുത്ത ഘട്ടമെന്നു വിശേഷിപ്പിക്കാം. ജിപിറ്റി-4 സാങ്കേതികവിദ്യയാണ് ഓട്ടോജിപിറ്റിയും, ബേബിഎജിഐയും (BabyAGI). രണ്ടിനും ഡിജിറ്റല്‍ നാണയവ്യവസ്ഥയായ ക്രിപ്‌റ്റോകറന്‍സി മേഖലയെ പോലും പൊളിച്ചെഴുതാനുള്ള കരുത്തുണ്ടാകുമെന്നും കരുതുന്നു എന്ന് കോയിന്‍ടെലഗ്രാഫ്.കോം റിപ്പോട്ടു ചെയ്യുന്നു. 

 

ജിപിറ്റി-4 മാജിക്

 

ഓപ്പണ്‍എഐ കമ്പനിയുടെ ജിപിറ്റി-3.5 കേന്ദ്രീകൃതമായിരുന്നു ചാറ്റ്ജിപിറ്റി എങ്കില്‍, അതിന്റെ അടുത്ത ഘട്ടമായ ജിപിറ്റി-4ന്റെ മാജിക് ആണ് പുതിയ എഐ സംവിധാനങ്ങള്‍ ഇപ്പോള്‍ പുറത്തെടുത്തു തുടങ്ങിയിരിക്കുന്നത്. ഇന്റര്‍നെറ്റുമായി ഇടപെടുന്നതില്‍ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ സാധ്യമല്ലാത്ത പല മാറ്റങ്ങളും കൊണ്ടുവന്നിരിക്കുകയാണ് ജിപിറ്റി-4. ഇതിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയസ് (എപിഐ) മാര്‍ച്ച് 2023ലാണ് പുറത്തിറക്കിയത്. ഇതാണ് 'മോഹാലല്യപ്പെടുത്തുന്ന' തരത്തിലുള്ള സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നതായിഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതിന്റെ സാധ്യതകള്‍ അപാരമാണന്നതു കൂടാതെ, അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതം എത്രമാത്രമായിരിക്കുമെന്നത് അപ്രവചനീയമാണ് എന്നതുമാണ് ടെക്‌നോളജി മേഖലയെ കുലുക്കിയുണര്‍ത്തിയിരിക്കുന്നത്. ഇത്തരം സാധ്യതകള്‍ എല്ലാം ഞൊടിയിടയില് സംഭവിക്കാംഎന്ന സാധ്യത മനസില്‍വച്ചാണ്, ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് അടക്കം പലരും പുതിയ എഐ ഗവേഷണങ്ങള്‍ തത്കാലത്തേക്ക് മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 

 

എന്താണ് ഓട്ടോജിപിറ്റി?

 

ഇനിയുള്ള കാലത്ത് ഏറ്റവുമധികം മനസില്‍വയ്‌ക്കേണ്ട പ്രയോഗം 'ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്' (എജിഐ) എന്നതാണ്. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതെ എഐക്കു തന്നെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിനെയാണ് എജിഐ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. എജിഐയുടെ ആദ്യ സ്ഫുരണങ്ങള്‍ ആകാം ഓട്ടോജിപിറ്റിയില്‍ കണ്ടു തുടങ്ങിയിരിക്കുന്നതെന്നാണ് ചില വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഇക്കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ ടെക്‌നോളിജി പ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഓട്ടോജിപിറ്റി. ഓട്ടോജിപിറ്റിയുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിച്ച്പല യൂട്യൂബ് വിഡിയോകളും ഇപ്പോള്‍ ലഭ്യമാണ്. മനുഷ്യര്‍ അവസാനം ചെയ്യുന്ന ജോലി എഐക്ക് പ്രോഗ്രാം എഴുതുക എന്നതായിരിക്കും എന്ന് മസ്‌ക് വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ത്തന്നെ പ്രോഗ്രാമിങിലടക്കം മനുഷ്യരേക്കാള്‍ മികവുപുലര്‍ത്താന്‍ സാധിക്കുന്നതായിരിക്കുംഓട്ടോജിപിറ്റി എന്നാണ് പറയുന്നത്. 

 

പരീക്ഷണാര്‍ത്ഥം പ്രദര്‍ശിപ്പിക്കുന്നു

 

ജിപിറ്റി-4 ഭാഷാ മോഡലിന്റെ ശക്തി പ്രദര്‍ശിപ്പിക്കുന്ന ഓട്ടോജിപിറ്റി, ഒരു ഓപ്പണ്‍സേഴ്‌സ് ആപ്‌ളിക്കേഷനാണ്. ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ (എല്‍എല്‍എം) ശക്തിയും ചൂഷണംചെയ്ത്, സ്വയം ഒരു ലക്ഷ്യം നേടാനുള്ള കരുത്താര്‍ജ്ജിക്കാനുള്ള ശ്രമമാണ് ഇവിടെകാണാന്‍ സാധിക്കുന്നത്. ഇതുവരെ കണ്ട എഐ സാങ്കേതികവിദ്യയുടെ പരിധി അപാരമായി വികസിപ്പിക്കുകയാണ് ഓട്ടോജിപിറ്റി എന്നാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സൂചന എന്ന് ഗവേഷകര്‍ പറയുന്നു. 

 

ദീര്‍ഘകാല ഓര്‍മ

 

പൈതണ്‍ 3.8 അല്ലെങ്കില്‍ അതിനുശേഷമുള്ള വേര്‍ഷനുകളിലാണ് ഓട്ടോജിപിറ്റി പ്രവര്‍ത്തിക്കുന്നത്. ഒപ്പം ഓപ്പണ്‍എഐയുടെ എപിഐ കീയും, പിന്‍കോണ്‍ (PINECONE) എപിഐ കീയും പ്രയോജനപ്പെടുത്തുന്നു. വിവിര ശേഖരണത്തിന് ഇന്റര്‍നെറ്റിനെ തന്നെ ആശ്രയിക്കുന്നഒന്നാണ് ഓട്ടോജിപിറ്റിയും. അതിന് ഹൃസ്വകാല ഓര്‍മ്മയുടെയും, ദീര്‍ഘകാല ഓര്‍മ്മയുടെയും മേല്‍ നിയന്ത്രണം ഉണ്ട്. ഇപ്പോഴും ഓട്ടോജിപിറ്റി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ആപ്പോ, ഉല്‍പ്പന്നമോ ആയിട്ടില്ല. പരീക്ഷണ ഘട്ടത്തിലാണ് അതുള്ളത്. ചില സങ്കീര്‍ണ്ണ ഘട്ടങ്ങളില്‍അത് ഉദ്ദേശിക്കുന്നത്ര മികവോടെ പ്രവര്‍ത്തിക്കണമെന്നില്ലെന്നും, ഗിറ്റ്ഹബില്‍ ഓട്ടോജിപിറ്റിയെ പരിചയപ്പെടുത്തി എഴുതിയ ലേഖനത്തില്‍ പറയുന്നു. അതേസമയം ഇതു പ്രവര്‍ത്തിപ്പിക്കുക എന്നു പറയുന്നത് പണം മുടക്കുള്ള കാര്യമാണെന്ന് പരീക്ഷണ തത്പരര്‍ക്ക് ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നു. 

 

എന്തെല്ലാമാണ് ഓട്ടോജിപിറ്റി കൊണ്ടുവന്നേക്കാവുന്ന മാറ്റങ്ങള്‍?

 

ജിപിറ്റി-4ന്റെ ശക്തിയുപയോഗിച്ച് ഓട്ടോജിപിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. സമീപ ഭാവിയില്‍ തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇതുപയോഗിച്ച് ഡേറ്റയില്‍ അധിഷ്ഠിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചേക്കും. ഓഹരി വിപണിയില്‍ ഏതു ഷെയര്‍വാങ്ങണം എന്നതു പോലെയുള്ള തീരുമാനങ്ങളും എടുക്കാന്‍ സാധിച്ചേക്കും. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ ഓട്ടോജിപിറ്റിയെ ആശ്രയിക്കാന്‍ സാധിച്ചേക്കും. അടുത്തയായി ഏതു ഉല്‍പ്പന്നമായിരിക്കും ഒരു മാര്‍ക്കറ്റിന്ഉചിതം എന്നതു പോലെയുള്ള കാര്യങ്ങളും അറിയാന്‍ സാധിച്ചേക്കും. 

 

എഴുത്തും, സംസാരവും വിശകലനം ചെയ്യാം

 

ഓട്ടോജിപിറ്റി ഉപയോഗിച്ച് എഴുത്തിലുള്ള കാര്യങ്ങളും സംസാരത്തിലുള്ള കാര്യങ്ങളും വിശകലനം ചെയ്യാം. സൈബര്‍ സുരക്ഷ മുതല്‍ ഒട്ടനവധി മേഖലകളില്‍ ഇതിന്റെ ഗുണം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ജിപിറ്റി-4ന്റെ അപാര ശേഷിയെ മനുഷ്യരുടെഇടപെടലില്ലാതെ, സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് ഇത്.

 

ഓട്ടോജിപിറ്റിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഈ ലിങ്ക് പ്രയോജനപ്പെടുത്താം: https://github.com/Torantulino/Auto-GPT

 

ഫോക്‌സ്‌കോണ്‍ പുതിയ ബെംഗളൂരു ഫാക്ടറിയുടെ പണി ഉടന്‍ തുടങ്ങിയേക്കും

 

ആപ്പിള്‍ കമ്പനിക്ക് കരാടിസ്ഥാനത്തില്‍ ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍ ബെംഗളൂരുവില്‍ പുതിയ ഫാക്ടറിയുടെ പണി മെയ് മാസത്തില്‍ തുടങ്ങിയേക്കുമെന്ന് ദി ഇക്കണോമിക് ടൈംസ്. പ്ലാന്റ് വരുന്നത് 300 ഏക്കര്‍ സ്ഥാലത്തായിരിക്കും. ഇന്ത്യയില്‍ ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ ഫാക്ടറി ആയിരിക്കും ഇത്. തുടങ്ങി 5 വര്‍ഷത്തിനുള്ളില്‍ ഏകദേശം 50,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കുമെന്നാണ് പറയുന്നത്. 

 

നാല് എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4070 ഗ്രാഫിക്‌സ് കാര്‍ഡുകള്‍ പുറത്തിറക്കി

 

അസൂസ് കമ്പനി നാലു പുതിയ എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4070 ഗ്രാഫിക്‌സ് കാര്‍ഡുകള്‍ പുറത്തിറക്കി. റോഗ് സ്ട്രീക്‌സ് ജിഫോഴ്‌സ്, ടഫ് ഗെയ്മിങ് ജിഫോഴ്‌സ്, ഡ്യൂവല്‍ ജീഫോഴ്‌സ്, ഡ്യൂവല്‍ വൈറ്റ് ജിഫോഴ്‌സ് എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. 

 

ഫ്രീ വിപിഎന്‍ സേവനവുമായി ഓപറാ ബ്രൗസര്‍

 

ഒരു കാലത്ത് മികവുറ്റ ബ്രൗസറായിരുന്ന ഓപറാ, ഫ്രീ വിപിഎന്‍ സേവനം നല്‍കുന്നു. പുതിയതായി ഐഓഎസ് ഉപയോക്താക്കള്‍ക്കാണ് വിപിഎന്‍ ഫ്രീയായി നല്‍കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 2019 മുതല്‍ ഫ്രീ വിപിഎന്‍ ഓപറാ നല്‍കുന്നുണ്ട്. ഇതുപയോഗിക്കാന്‍അക്കൗണ്ടും, സൈന്‍-ഇന്‍ ഉം ഒന്നും വേണ്ടെന്നും കമ്പനി പറയുന്നു.

 

പ്രിഡേറ്റര്‍ ഹെലിയോസ് 16 ഗെയിമിങ് ലാപ്‌ടോപ്പുമായി എയ്‌സര്‍-വില 1,99,990 രൂപ

 

എയ്‌സര്‍ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്‌ടോപ് പരിചയപ്പെടുത്തി. ഇന്റല്‍ 13-ാം തലമുറയിലെ ഐ9 പ്രൊസസര്‍ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. തുടക്ക വേരിയന്റിന് വില 1,99,990 രൂപ. ഇതിന് 16-ഇഞ്ച് വലിപ്പമുള്ള (2560×1600പിക്‌സല്‍സ്റെസലൂഷന്‍) സ്‌ക്രീനാണ്. കൂടാതെ, 32 ജിബി വരെ റാമും, 2ടിബി വരെ സംഭരണശേഷിയും ഉള്ള മോഡലുകള്‍ ലഭിക്കും. വില അതിനനുസരിച്ച് വര്‍ദ്ധിക്കും. നൂതന ലാപോടോപ്പില്‍ പ്രതീക്ഷിക്കാവുന്ന പോര്‍ട്ടുകളും, താപവിസര്‍ജ്ജന സാങ്കേതികവിദ്യയും ഒക്കെ ഉള്‍ക്കൊള്ളിച്ചാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്.

 

English Summary: ChatGPT is passé, meet AutoGPT – the AI that can autonomously develop and manage tasks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com