ഹോ... ചെവി പൊട്ടുന്നു! ഈ സൗണ്ട് സിസ്റ്റത്തിന് എന്താണ് പരിഹാരം?

How to create a good sound system
Credit:SvetaZi/ ShutterStock
SHARE

പൊതുചടങ്ങുകളും പരിപാടികളും നടക്കുന്നിടത്ത് പലപ്പോഴും കേൾക്കുന്ന പ്രധാന പരാതികളിലൊന്നാണ് ശബ്ദക്രമീകരണത്തിലെ പാളിച്ച. വലിയ ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും ദേവാലയങ്ങളിലുമൊക്കെ മികച്ച സൗണ്ട് സിസ്റ്റം സജ്ജീകരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ‘ശബ്ദത്തിന്റെ മുഴക്കം മൂലം ഹാളിൽ നിൽക്കാൻ സാധിക്കുന്നില്ല, ലൗഡ് സ്പീക്കറിന്റെ അടുത്ത് നിൽക്കുന്നവർക്ക് തലവേദനയെടുക്കുന്നു, അനൗൺസ്മെന്റ് വ്യക്തമാകുന്നില്ല’ തുടങ്ങിയ പരാതികൾ കേൾക്കാറുണ്ട്. എന്താണ് ഇതിനു പരിഹാരം?  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പരാതികൾ ഒഴിവാക്കാം. അവ എന്തൊക്കെയാണ് ? 

∙ സൗണ്ട് എൻജിനീയറുടെ സേവനം നിര്‍ബന്ധം

വീടോ ദേവാലയമോ ഹാളോ പണിയാൻ തീരുമാനിച്ചാൽ ആദ്യം ഒരു ആർക്കിടെക്ടിന്റെയൊ എൻജിനീയറുടെയോ സഹായം തേടും. അതുപോലെതന്നെ പ്രാധാന്യം ഉള്ളതാണ് ഒരു സൗണ്ട് സിസ്റ്റം ഒരു ഹാളിലോ ദേവാലയത്തിലോ  വെയ്ക്കുന്നതിന് ഒരു നല്ല സൗണ്ട് എൻജിനീയറുടെ സേവനവും. സൗണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്ന ആളിന്റെ കൂടെയുള്ള ഓപ്പറേറ്ററെയോ അവ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെയോ അല്ല ഉദ്ദേശിക്കുന്നത്. സൗണ്ട് എൻജിനീയറിങ് ശാസ്ത്രീയമായി പഠിച്ച, അതിൽ പ്രവൃത്തിപരിചയമുള്ള ഒരു ഇലക്ട്രോ അകൗസ്റ്റിക് കൺസൽറ്റൻ്റ് ആയാൽ ഏറ്റവും ഉചിതമായിരിക്കും. . ഏതു ബ്രാൻഡിന്റെയും ഉൽപന്നത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച് നമുക്ക് ഏറ്റവും യോജിച്ചവ തിരഞ്ഞെടുക്കുവാൻ കഴിവുള്ള വിദഗ്ധരാകണം അത്.

How to create a good sound system
Credit:sandsun/ iStock

∙ ഹാളിന്റെ ഘടന

ദേവാലയത്തിന്റെയോ ഹാളിന്റെയോ ഘടനയും ശബ്ദതരംഗങ്ങൾ അവയിൽ എപ്രകാരം പ്രവർത്തിക്കുന്നു എന്നതും വ്യക്തമായി പഠിക്കണം. ഓരോ ഹാളിന്റെയും നീളവും വീതിയും ഉയരവും വ്യത്യസ്തമായിരിക്കും. കൂടാതെ ഉള്ളിലെ അലങ്കാരങ്ങളും ചിത്രപ്പണികളും അവയ്ക്ക് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും ഒക്കെ വ്യത്യസ്തമായിരിക്കും. അതിനാൽ ഒരു ഹാളിൽ നല്ല ശബ്ദം കേൾപ്പിക്കുന്ന ഒരു സിസ്റ്റം മറ്റൊരിടത്ത് യോജിച്ചതാവണമെന്നില്ല.

∙ എന്താണ് പോയിന്റ് സോഴ്സ്, ലൈൻ സോഴ്സ്?

ചില ഹാളുകളുടെയും ദേവാലയങ്ങളുടെയും ഉൾവശം, പ്രത്യേകിച്ച് സീലിങ് വളരെ മിനുസമുള്ളതും തരംഗങ്ങളെ വളരെയേറെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും. അങ്ങനെയുള്ളവയെ ലൈവ് റൂം എന്നും അല്ലാത്തവയെ ഡെഡ് റൂം എന്നും വിളിക്കും. പ്രതിഫലനം കുറഞ്ഞ സാഹചര്യങ്ങളിൽ സാധാരണ നാം ഉപയോഗിക്കുന്ന പോയിന്റ് സോഴ്സ് വിഭാഗത്തിൽപ്പെടുന്ന ലൗഡ് സ്പീക്കറുകൾ കാര്യക്ഷമമാണെങ്കിലും പ്രതിഫലനം കൂടിയ ദേവാലയങ്ങളിൽ അവ നന്നായി പ്രവർത്തിക്കണമെന്നില്ല. അവിടെ ലൈൻ സോഴ്സ് വിഭാഗത്തിൽപ്പെടുന്ന ലൗഡ് സ്പീക്കറുകൾ ആവശ്യമായി വന്നേക്കാം.  പോയിൻ്റ് സോഴ്സിൽ നിന്നും ലൈൻ സോഴ്സിൽ നിന്നും  ശബ്ദതരംഗങ്ങൾ വ്യത്യസ്ത രീതിയിൽ ആണ് പുറത്തേക്ക് പോകുന്നത്. ശ്രദ്ധിക്കുക: സീലിങ്ങിന്റെ ഉയരക്കൂടുതൽ ശബ്ദവ്യക്തതയെ ബാധിക്കാം.

sound-system-3
ശബ്ദ വിന്യാസങ്ങളൊരുക്കിയ പൊതു പരിപാടികളിലൊന്നിലെ കാഴ്ച.

∙ അകൗസ്റ്റിക് സെന്റർ

ഒരു ലൗഡ് സ്പീക്കറിൽനിന്ന് വ്യക്തതയുള്ള ശബ്ദം വരുന്നത് അതിന്റെ അകൗസ്റ്റിക് സെന്ററിൽനിന്ന് ഒരു നിശ്ചിത പാതയിൽ ആണ്. കേൾവിക്കാരൻ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചെവിയുടെ സ്ഥാനം ഈ പാതയിൽ ആയിരിക്കണം. അല്ലെങ്കിൽ ശബ്ദം വ്യക്തമാകുന്നില്ലെന്നു പറഞ്ഞ് അത് കൂട്ടാൻ ശ്രമിക്കുകയും തന്മൂലം മറ്റു പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും.

∙ വാട്ട്സ്

പലപ്പോഴും കേൾക്കുന്നതാണ് ലൗഡ് സ്പീക്കറുകളുടെ വാട്ട്സിനെപ്പറ്റി. എത്ര വാട്ട്സിന്റെ ലൗഡ് സ്പീക്കറാണ് എന്നാണ് നമുക്ക് അറിയേണ്ടത്. ഒരു വാഹനം വാങ്ങാൻ പോകുമ്പോൾ അതിന്റെ ഇന്ധന ടാങ്കിന്റെ അളവു ചോദിക്കുന്നത് പോലെയാണിത്. നാം പക്ഷേ അതല്ലല്ലോ മാനദണ്ഡമാക്കുന്നത്. ഒരു ലീറ്റർ ഇന്ധനം കൊണ്ട് എത്രദൂരം പോകാൻ സാധിക്കും എന്നതാണ് നമ്മുടെ മാനദണ്ഡം. വാട്ട്സ് ഒരു ഇലക്ട്രിക്കൽ യൂണിറ്റാണ്. അതല്ല നാം കേൾക്കുന്നത്. നാം കേൾക്കുന്ന ശബ്ദത്തിന്റെ യൂണിറ്റ് dB SPL (dB എന്നത് ഡെസിബൽ, SPL എന്നത് സൗണ്ട് പ്രഷർ ലെവൽ എന്നുമാണ്.) അപ്പോൾ ഒരു വാട്ട്സ് ഒരു മീറ്റർ ദൂരത്തിൽ എത്ര dB SPL ശബ്ദം ഉണ്ടാക്കുന്നു എന്നതായിരിക്കണം നമ്മുടെ അളവുകോൽ. ഇത് അടിസ്ഥാനമാക്കി, ഒരു നിശ്ചിത ദൂരത്തിൽ എത്ര ശബ്ദം ലഭിക്കുമെന്ന് കണക്കാക്കുവാൻ സാധിക്കും. എത്ര ലൗഡ് സ്പീക്കറുകൾ ആ ഹാളിൽ അല്ലെങ്കിൽ ദേവാലയത്തിൽ  വേണമെന്ന് കൃത്യമായി കണ്ടുപിടിക്കാം.

∙ സൗണ്ട് സിസ്റ്റം കാലിബ്രേഷൻ

നമ്മൾ പലപ്പോഴും വിട്ടു പോകുന്ന ഒരു കാര്യമുണ്ട്. ഓരോ ലൗഡ് സ്പീക്കറും ഓരോ സ്ഥലത്തും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുക. പ്രതിഫലനങ്ങളുടെ പ്രത്യേകതകൾ അനുസരിച്ച് ചില തരംഗദൈർഘ്യമുള്ള (wave length) തരംഗങ്ങൾ കൂടുതലാവുകയോ ചിലത് കുറഞ്ഞ് പോകുകയോ ചെയ്യുന്നത് കൊണ്ട് നാം കേൾക്കുന്ന ശബ്ദം വ്യത്യസ്തമായിരിക്കും. മാത്രമല്ല കൂടുതൽ നീളമുള്ള ഹാളുകളിൽ ഒന്നിൽ കൂടുതൽ നിരകളിൽ ലൗഡ് സ്പീക്കറുകൾ വേണ്ടി വരുമ്പോൾ ഏറ്റവും പിറകിൽ നിൽക്കുന്ന ആളിന് പല നിരകളിലുള്ള ലൗഡ് സ്പീക്കറുകളിൽ നിന്ന് പല സമയത്ത് ശബ്ദം കേൾക്കേണ്ടി വരുമ്പോൾ അവ്യക്തത ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്. ഈ വിധ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന മേഖലയാണ് സൗണ്ട് സിസ്റ്റം കാലിബ്രേഷൻ ( Sound System Calibration). എല്ലാ ഉപകരണങ്ങളും ശരിയായ രീതിയിൽ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം കാലിബ്രേഷൻ കൂടി ചെയ്യുമ്പോളാണ് ഈ വിധപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത്. അതോടൊപ്പം നമുക്ക് ആരാധനയിലോ പ്രോഗ്രാമിലോ പൂർണ ശ്രദ്ധയോടെ മുഴുകുവാൻ സാധിക്കുന്ന തരത്തിലുള്ള ശബ്ദ നിയന്ത്രണവും ഇതോടൊപ്പം സാധ്യമാകും. 

sound-system
പരിപാടി തുടങ്ങും മുൻപ് വേദിയിലെ ശബ്ദ സംവിധാനം പരിശോധിക്കുന്നു.

ഇപ്രകാരം ഭംഗിയായി ക്രമീകരിച്ച സൗണ്ട് സിസ്റ്റത്തിന്റ മികവ് അനുഭവിക്കണമെങ്കിൽ അത് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കണം. അതിനായി പരിശീലനം ലഭിച്ചവർ വേണം. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്ക് ഈ വിഷയത്തിൽ ശാസ്ത്രീയമായ പരിശീലനം നൽകുവാൻ ആരംഭിച്ചിരിക്കുന്നത്. ആ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ കൺസൽറ്റേഷൻ ആവശ്യം വരുന്ന സാഹചര്യത്തിൽ പ്രഗത്ഭരായ സൗണ്ട് എൻജിനീയർമാരുടെ സേവനവും ലഭ്യമാണ്.

English Summary: How to create a good sound system?

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA