മക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ദുരന്തമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

does-smartphone-usage-affect-child-s-eyesight
Representative image. Photo Credits/ Shutterstock.com
SHARE

ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളെക്കുറിച്ചുള്ള പ്രാഥമികമായ അറിവു പോലും ഇല്ലാത്തതാണോ പുതിയ കാലത്തെ ചില രക്ഷിതാക്കള്‍ തങ്ങളുടെ അഞ്ച് വയസു പോലും പ്രായമുള്ള മക്കള്‍ക്ക് യുട്യൂബ് പോലെയുള്ള സേവനങ്ങള്‍ തുറന്നിടാനുള്ള കാരണം എന്നത് സുരക്ഷാ വിദഗ്ധരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. എന്തായാലും, കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് തുറന്നു നല്‍കുന്ന മാതാപിതാക്കള്‍ ഇനി അവരെ ദേഷ്യംപിടിപ്പിക്കാതെ, വെബിലെ ഇരപിടിയന്മാരെക്കുറിച്ചും അതിലെ അപകട മേഖലകളെക്കുറിച്ചും തുറന്നു സംസാരിക്കണം എന്നാണ് വിദഗ്ധാഭിപ്രായം. കുട്ടികള്‍ സ്വകാര്യമായി, ആരും കാണാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതും ഉചിതമായിരിക്കും.

∙ ഉപകരണങ്ങള്‍ തട്ടിപ്പറിച്ചെടുക്കലല്ല ശരിയായ മാര്‍ഗം

ഇക്കാര്യത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തല്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമം എന്നാണ് വിദഗ്ധര്‍ പറയുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, തന്റെ മാതാപിതാക്കള്‍ കൊള്ളില്ലാത്തവരാണ് എന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകാതിരിക്കുകയും വേണം. കുട്ടികള്‍ അമിതമായി ഇന്റര്‍നെറ്റിന്റെ ആകര്‍ഷണ വലയത്തിലായി എന്നു തോന്നിയാല്‍ പലരും ചെയ്യുന്നത് ഫോണും മറ്റും തട്ടിപ്പറിച്ചെടുക്കുകയാണ്. ഇതു ചെയ്യരുത്. മറിച്ച് അവരോട് ശാന്തമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടത്.

∙ നിരീക്ഷണ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക

ചെറിയ കുട്ടികള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്താനുള്ള സാധ്യത കുറവാണ്. അതിനാല്‍ തന്നെ പല സുരക്ഷാ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികളുടെ ചെയ്തികള്‍ എപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കാം. സുപരിചിതമായ ആന്റിവൈറസ് ബ്രാന്‍ഡുകള്‍ ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ഇറക്കുന്നു. ഉദാഹരണം നോര്‍ട്ടണ്‍, കാസ്പര്‍സ്‌കി. ഇതു കൂടാതെ, നിരീക്ഷണത്തിനു മാത്രമായി പ്രയോജനപ്പെടുത്താവുന്ന ഫാമിലിട്രീ, ക്യാനോപി (Canopy) എന്നീ ആപ്പുകളും പ്രയോജനപ്പെടുത്താം. ഫാമിലിട്രീയില്‍ യൂട്യൂബ് നിരീക്ഷണം നടത്താന്‍ സഹായിക്കും. കൂടാതെ, നിശ്ചിത സമയത്തേക്കു മാത്രം കുട്ടികളുടെ ആപ് ഉപയോഗം പരിമിതപ്പെടുത്താനും സഹായിക്കും. കോണ്ടാക്ട്‌സും നിരീക്ഷിക്കാം. ചില നമ്പറുകള്‍ കുട്ടികളെ വിളിക്കുന്നതും മറ്റും തടയാം.

smartphone-use-linked-to-speech-delays-in-young-kids

∙ കുട്ടികള്‍ ഉപയോഗിക്കരുതെന്നുള്ള ആപ്പുകള്‍ ലോക്കു ചെയ്യുക

കുട്ടികളുടെ ദുശ്ശാഠ്യം അതിരു കടക്കുമ്പോള്‍ അവരെ അടക്കിയിരുത്താനായി ഹോട്ടലുകളിലും പൊതു സ്ഥലങ്ങളിലുമൊക്കെ സഹികെട്ട് മാതാപിതാക്കള്‍ തങ്ങളുടെ ഫോണ്‍ അങ്ങനെ തന്നെ നല്‍കുന്ന കാഴ്ച കാണാം. കുട്ടികള്‍ നിങ്ങളുടെ സ്വകാര്യ ഫയലുകള്‍ പരിശോധിച്ചേക്കാം. കൂടാതെ ബ്രൗസറും യുട്യൂബും പോലെയുള്ള ആപ്പുകളും ഉപയോഗിച്ചേക്കാം. കുട്ടികള്‍ ഉപയോഗിക്കരുതെന്നുള്ള ആപ്പുകളുടെ പ്രവര്‍ത്തനം, ഫോണ്‍ അവര്‍ക്കു നല്‍കുന്നതിനു മുൻപ് പോസു ചെയ്യണമെന്നാണ് എഫ്-സെക്യുവര്‍ സുരക്ഷാ കമ്പനിയുടെ വിദഗ്ധന്‍ ടോം ഗാഫനി പറയുന്നത്. ഐഒഎസില്‍ ഇത് സെറ്റിങ്‌സിലെ സ്‌ക്രീന്‍ ടൈം കണ്ട്രോള്‍ വഴി നടപ്പാക്കാം. ആന്‍ഡ്രോയിഡില്‍ ആപ് വിജറ്റില്‍ അമര്‍ത്തിപ്പിടിക്കുമ്പോള്‍ തുറന്നുകിട്ടുന്ന അവര്‍ഗ്ലാസ് ഐക്കണില്‍ ടാപ്പു ചെയ്താല്‍ മതിയെന്ന് ടോം പറയുന്നു. ആപ്പുകള്‍ ഫ്രീസു ചെയ്തിടുന്നത് അല്ലെങ്കില്‍ മരവിപ്പിച്ചിടുന്ന രീതികള്‍ പഠിച്ചെടുക്കുക. അപ്പോള്‍ കുട്ടികള്‍ വേണ്ടാത്ത ആപ്പുകളില്‍ ടച്ച് ചെയ്താലും അവ പ്രതികരിക്കില്ല.

∙ റൂട്ടര്‍ തലത്തില്‍ തന്നെ യുട്യൂബ് ബ്ലോക്കു ചെയ്യുക

യുട്യൂബ് പോലെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങളുടെ അല്‍ഗോറിതങ്ങള്‍ കുട്ടിയുടെ പ്രായത്തിനു കൊള്ളാത്ത വിഡിയോകള്‍ കൊണ്ടുപോയി കൊടുത്തെന്നിരിക്കും. ഇതൊഴിവാക്കാനായി വെബ്‌സൈറ്റുകള്‍ അങ്ങനെ തന്നെ വൈ-ഫൈ റൂട്ടറുകളില്‍ വച്ചു തന്നെ നിരോധിക്കാം. ഇതെങ്ങനെ ചെയ്യാമെന്നത് കൃത്യമായി വിവരിക്കാനാവില്ല. കാരണം ഒരോ റൂട്ടറിലും ഓരോ രീതിയിലായിരിക്കും അത് നടപ്പാക്കാന്‍ സാധിക്കുക. ഇത് റൂട്ടര്‍ നിര്‍മാതാവിന്റെ വെബ്‌സൈറ്റില്‍ നിന്നു പഠിച്ചെടുക്കുകയൊ ഇതേപ്പറ്റി അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കുകയോ ചെയ്യുക.

∙ സ്‌ക്രീന്‍ ടൈം

മാതാപിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉപകരണ നിര്‍മാതാക്കളും മനസ്സിലാക്കുന്നുണ്ട് എന്നതിന് സംശയമില്ല. കാരണം അതിനാലാണല്ലോ സ്‌ക്രീന്‍ ടൈം പോലെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വന്നുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ പ്രൊഫൈലുകള്‍ ഉണ്ടാക്കിയ ശേഷം സ്‌ക്രീന്‍ ടൈം പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യാവുന്ന മറ്റൊരു ഉപാധി. ആമസോണ്‍ പാരന്റ്‌സ് ഡാഷ്‌ബോര്‍ഡ്, ഐഒഎസ് കണ്ട്രോള്‍ സെന്റര്‍ തുടങ്ങിയ ടൂളുകള്‍ വഴി കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം. ഐഒഎസല്‍ പാരന്റല്‍ കണ്ട്രോള്‍സും ഉണ്ട്. ഇതിനായി സെറ്റിങ്‌സ് തുറക്കുക. അവിടെ സ്‌ക്രീന്‍ ടൈം കണ്ടെത്തുക. അതില്‍ കണ്ടെന്റ് ആന്‍ഡ് പ്രൈവസി റെസ്ട്രിക്ഷന്‍സില്‍ ടാപ്പു ചെയ്യുക. ഇവിടെ എല്ലാത്തരം കണ്ടെന്റുകളും നിരോധിക്കാന്‍ സാധിക്കും. വിഡിയോകള്‍ മുതല്‍ പോഡ്കാസ്റ്റുകള്‍ വരെ ഇവിടെ നിരോധിക്കാം.

∙ എപ്പോള്‍ ഉപയോഗിക്കാം എന്നതിന് പരിധി കല്‍പ്പിക്കുക

ഐപാഡുകളും കംപ്യൂട്ടറുകളും പോലെയുള്ള ഉപകരണങ്ങള്‍ ഏതു സമയത്ത് ഉപയോഗിക്കാമെന്നും, എത്ര നേരം ഉപയോഗിക്കാമെന്നും മറ്റുമുള്ള നിയമങ്ങള്‍ ഉണ്ടാക്കുക. എപ്പോഴാണ് ഓണ്‍ലൈനിലേക്ക് കടക്കാനുള്ള അനുമതിയുള്ളത്, എത്ര നേരത്തേക്ക് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുക.

∙ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിരോധിക്കുക

ഏതെല്ലാം ആപ്പുകളാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് അറിഞ്ഞു വയ്ക്കുന്നതും ഗുണകരമാണ്. ഇതിനായി കുട്ടികള്‍ സ്വയം പുതിയ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന് ഐഒഎസില്‍ സെറ്റിങ്‌സ്>ടച്‌ഐഡി ആന്‍ഡ് പാസ്‌കോഡ് എന്ന പാതയിലെത്തിയാല്‍ ഇത്തരത്തിലൊരു ലോക് ഇടാന്‍ സാധിക്കും. നിങ്ങളറിയാതെ ആപ്പുകള്‍ ഉപയോഗിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നത് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ്.

∙ കുട്ടികള്‍ക്ക് എല്ലാം അറിയാമെന്ന ധാരണ വേണ്ട

തങ്ങളുടെ കുട്ടികള്‍ ടെക്‌നോളജിയോട് സ്വാഭാവികമായി പ്രതികരിക്കുന്നവരാണ് എന്ന് ചില രക്ഷിതാക്കള്‍ അഭിമാനിക്കുന്നു. എന്നാല്‍, അവരുടെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് ഒരറിവും ഇല്ലെന്ന കാര്യവും മനസ്സില്‍വയ്ക്കുക. വാഹനം ഓടിക്കാന്‍ പഠിപ്പിക്കുമ്പോള്‍ റോഡ് നിയമങ്ങള്‍ പറഞ്ഞു കൊടുക്കുന്നതു പോലെ ഇന്റര്‍നെറ്റിലെ അരുതായ്മകളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക തന്നെ വേണം. 

∙ കുട്ടികള്‍ കളിക്കുന്ന കളികള്‍ ഒന്നു കളിച്ചു നോക്കുക

കുട്ടികള്‍ക്ക് ഗെയിമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്തു കൊടുക്കുന്നവര്‍ അവ ഒന്നു കളിച്ചു നോക്കുന്നത് നന്നായിരിക്കുമെന്നു പറയുന്നു. കാരണം അവയില്‍ ചിലപ്പോള്‍ ചാറ്റ് ഫങ്ഷനും മറ്റും കണ്ടേക്കാം. ഇതുവഴി അപരിചിതര്‍ കുട്ടികളിലേക്ക് എത്താം. ഇത്തരം അപടകങ്ങളെക്കുറിച്ചുള്ള അവബോധം മാതാപിതാക്കള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നത് പല തരത്തിലും ഉപകരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

smartphone-use-linked-to-speech-delays-in-young-kids
Representative image. Photo Credits/ Shutterstock.com

∙ സ്വകാര്യ ഡേറ്റയെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം

ഓണ്‍ലൈന്‍ ക്വിസ് എന്നൊക്കെ പറഞ്ഞുള്ള പരിപാടികള്‍, വെറുതെ സ്വകാര്യ ഡേറ്റ കടത്താനുള്ള തട്ടിപ്പു സംവിധാനങ്ങള്‍ ആയിരിക്കാം. ഇതിനാല്‍ തന്നെ നിങ്ങള്‍ എവിടെയാണ് താമസിക്കുന്നത്, നിങ്ങളുടെ വളര്‍ത്തു മൃഗത്തിന്റെ പേരെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ നിഷ്‌കളങ്കമായി തോന്നാണെങ്കിലും അവയിലും അപകടം പതിയിരുപ്പുണ്ടായിരിക്കാം. അനാവശ്യമായി യാതൊരു വിവരവും ഓണ്‍ലൈനില്‍ നല്‍കരുതെന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതും ഗുണകരമായിരിക്കും.

English Summary: Ways you can keep your children safe online right now

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA