ആമസോണ്‍ ഷോപ്പിങ്ങും ഗൂഗിൾ സേര്‍ച്ചും വൈകാതെ അവസാനിക്കും? പ്രവചനവുമായി ബില്‍ ഗേറ്റ്‌സ്

Bill Gates  (Photo by JUSTIN TALLIS / POOL / AFP)
ബിൽ ഗേറ്റ്സ് (Photo by JUSTIN TALLIS / POOL / AFP)
SHARE

‘നിങ്ങള്‍ ഒരിക്കലും ഒരു സേര്‍ച്ച് എൻജിന്‍ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങള്‍ വാങ്ങാന്‍ ആമസോണില്‍ പോകില്ല’ – ഇന്റര്‍നെറ്റിൽ ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്‍ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്. കോവിഡിന്റെ വരവു പോലും പ്രവചിച്ച് ഗേറ്റ്‌സ് ശ്രദ്ധ നേടിയിരുന്നു. ടെക്‌നോളജി മേഖല ഏറ്റവും മികച്ച ‘ആര്‍ട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റി’ന്റെ നിര്‍മാണത്തിലാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റര്‍നെറ്റ് സേര്‍ച്ച് എൻജിനുകളെ ഇല്ലാതാക്കുമെന്നും പുതിയ ടെക്നോളജി പ്രൊഡക്ടിവിറ്റി മേഖലയേയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്‌സ് പ്രവചിക്കുന്നു.

∙ എഐ മത്സരത്തില്‍ സ്റ്റാര്‍ട്ടപ് കമ്പനിക്കും വിജയിക്കാം

ഈ മത്സരത്തില്‍ മൈക്രോസോഫ്റ്റ് പങ്കെടുക്കുന്നില്ലെങ്കില്‍ അതു തന്നെ നിരാശനാക്കുമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച എഐ ഫോര്‍വേഡ് 2023 സമ്മേളനത്തില്‍ ഗേറ്റ്‌സ് പറഞ്ഞു. എഐ മത്സരത്തില്‍ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ പോലെയുള്ള വന്‍കിട ടെക് ഭീമന്മാര്‍ പങ്കെടുക്കുന്നു. എന്നാല്‍, ഈ മത്സരത്തില്‍, ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്റ്റാര്‍ട്ടപ് കമ്പനി ജയിക്കാനുള്ള സാധ്യത 50 ശതമാനമുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പും എസ്‌വി എയ്ഞ്ജലും ചേര്‍ന്നു നടത്തിയ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഗേറ്റ്‌സിന്റെ പ്രസ്താവനയെക്കുറിച്ച് ആമസോണോ ഗൂഗിളോ മൈക്രോസോഫ്‌റ്റോ പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ പണിയെടുപ്പിക്കാന്‍ ഹ്യൂമനോയിഡ് റോബട്ടുകള്‍

സമീപ ഭാവിയില്‍ എഐ ശക്തി പകരുന്ന മനുഷ്യാകാരമുള്ള റോബട്ടുകള്‍ എത്തുമെന്നും ഇവ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്കു നല്‍കുന്ന കൂലിയെക്കാള്‍ ലാഭകരമായിരിക്കുമെന്നും ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

robot-artificial-intelligence-data-science-nanostockk-istockphoto-com
Representative Image. Photo Credit : NanoStockk / iStockPhoto.com

∙ പഴ്‌സനല്‍ ഏജന്റ് എന്ന സങ്കല്‍പം

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഓരോ കാര്യത്തിനും വിവിധ വെബ്‌സൈറ്റുകളെയും സേവനങ്ങളെയുമാണ് സമീപിക്കുന്നത്. എന്നാല്‍, ഓരോ വ്യക്തിക്കും സബ്‌സ്‌ക്രൈബ് ചെയ്യാവുന്ന, വോയിസ് കമാന്‍ഡോ ടെക്‌സ്റ്റ് കമാന്‍ഡോ ഉപയോഗിച്ച് ഇടപെടാവുന്ന പഴ്‌സനല്‍ ഏജന്റ് എന്ന സങ്കല്‍പമാണ് ഗേറ്റ്‌സിന്റെ മനസ്സിലുള്ളത് എന്നാണ് സൂചന. ഇത്തരം ഒന്ന് സൃഷ്ടിക്കപ്പെട്ടാല്‍ പല വെബ്‌സൈറ്റുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങള്‍ ഒരുമിപ്പിക്കപ്പെട്ടേക്കാം. പഴ്‌സനല്‍ ഏജന്റ് എന്ന സങ്കല്‍പം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍ക്കു സാധിക്കുമോ ആ കമ്പനിക്കായിരിക്കും വിജയമെന്നും ഗേറ്റ്സ് പറയുന്നു. ഇതോടെ, ആമസോണ്‍ പോലെയൊരു വെബ്‌സൈറ്റില്‍ വാങ്ങാനുള്ള സാധനങ്ങള്‍ അന്വേഷിച്ച് അലയേണ്ടി വരില്ല. ഗൂഗിള്‍ സേര്‍ച്ച് പോലെയുള്ള വെബ്‌സൈറ്റുകള്‍ ഉപയോഗിക്കേണ്ടിയും വരില്ല. ഇപ്പോള്‍ വന്‍ ലാഭംകൊയ്യുന്ന ബിസിനസുകള്‍ ചിതറിക്കിടക്കുകയാണ്. പഴ്‌സനല്‍ ഏജന്റ് എത്തിയാല്‍ ഇതെല്ലാം ഒറ്റ സേവനമായി ഏകീകരിക്കപ്പെടാം.

∙ ഇന്‍ഫ്ലെക്‌ഷനെ പ്രകീര്‍ത്തിച്ച് ഗേറ്റ്‌സ്

പഴ്‌സനല്‍ ഏജന്റ് വികസിപ്പിക്കാനുള്ള മത്സരത്തില്‍ ആര്‍ക്കും വിജയിക്കാം. ടെക്‌നോളജി ഭീമന്മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരേ സാധ്യതയാണ് ഗേറ്റ്‌സ് നല്‍കുന്നത്. ഇക്കാര്യത്തില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം തന്നെ അതിശയിപ്പിച്ചുവെന്നും ഗേറ്റ്‌സ് പറഞ്ഞു. ഇതിലൊന്നാണ് ഇന്‍ഫ്ലെക്‌ഷന്‍ (Inflection). ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ കൈവശമുള്ള ലിങ്ക്ട്ഇന്‍ കമ്പനിയുടെ സ്ഥാപകരിലൊരാളായ റീഡ് ഹോഫ്മാന്‍ ആണ് ഇന്‍ഫ്ലെക്‌ഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ മൈക്രോസോഫ്റ്റിനെതിരെ ആക്ടിവിസ്റ്റുകള്‍

എഐ മത്സരത്തിലേക്ക് ഇറങ്ങിയ മൈക്രോസോഫ്റ്റിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എകോ (Eko) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ് എന്ന് തുറോട്ട്.കോം. 63,000 ലേറെ പേരുടെ ഒപ്പുമായാണ് എക്കോ രംഗത്തെത്തിയിരിക്കുന്നത്. വീണ്ടുവിചാരമില്ലാതെ എഐ സേവനങ്ങള്‍ നല്‍കുന്നുവെന്ന ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നത്. വൈറല്‍ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ 1000 കോടി ഡോളര്‍ നിക്ഷേപം ഇറക്കിയതിനു ശേഷം തങ്ങളുടെ എതിക്‌സ് ആൻഡ് സൊസൈറ്റി ടീമിനെ മൊത്തത്തില്‍ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടുവെന്നും എകോ ആരോപിക്കുന്നു. എഐ കൊണ്ടുവരുന്നത് എതിക്‌സ് ടീമിനെ ബലപ്പെടുത്തിയിട്ടു മതിയെന്നാണ് എകോ പറയുന്നത്.

∙ ബിസിനസ് സ്ഥാപനങ്ങള്‍ക്കായി എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഇന്‍ഫോസിസ്

ടിസിഎസിനു പിന്നാലെ, മറ്റൊരു ഇന്ത്യന്‍ ഐടി ഭീമനായ ഇന്‍ഫോസിസും ബിസിനസ് സ്ഥാപനങ്ങള്‍ക്കായി എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ടോപാസ് (Topaz) എന്ന പേരിലാണ് പുതിയ സെറ്റ് സേവനങ്ങള്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ പിന്‍ബലം ആയിരിക്കും ഇതിനുണ്ടായിരിക്കുക. ഇന്‍ഫോസിസ് കോബോള്‍ട്ട് ക്ലൗഡ് ആന്‍ഡ് ഡേറ്റ അനലിറ്റിക്‌സ് ആയിരിക്കും ടോപാസിനു പിന്നില്‍.

∙ ഗൂഗിള്‍ കോലാബിന് എഐ ശക്തി പകരുന്ന ചാറ്റ്‌ബോട്ട്

പൈതണ്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ കോലാബിലും (Colab) ഇനി എഐ കോഡിങ് ശക്തി. ഗൂഗിള്‍ ബാര്‍ഡ് ആയിരിക്കും പുതിയ മാറ്റങ്ങള്‍ക്കു പിന്നില്‍. കോഡിങ്ങിന് സഹായിക്കുന്ന ചാറ്റ്‌ബോട്ടായിരിക്കും കോലാബില്‍ എത്തുക. ജനറേറ്റീവ് എഐ മോഡലായ കോഡി (Codey) ആയിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക. ഇതാകട്ടെ പാം 2 (PaLM 2) അധിഷ്ഠിതമായിരിക്കും.

∙ ഐഫോണ്‍ അള്‍ട്രാ അടുത്ത വര്‍ഷം?

ഐഫോണുകളുമായി ബന്ധപ്പെട്ടു പറഞ്ഞു കേള്‍ക്കുന്ന വിവരങ്ങള്‍ക്കിടിയില്‍ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്ന് ഐഫോണ്‍ അള്‍ട്രാ എന്നതായിരുന്നു. അത്തരം ഒരു ഫോണ്‍ ഈ വര്‍ഷം ഇറക്കുമെന്നായിരുന്നു ആദ്യ അവകാശവാദങ്ങള്‍. എന്നാല്‍, പുതിയ റിപ്പോർട്ടുകള്‍ പ്രകാരം ഈ വര്‍ഷം ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്ന പേരില്‍ തന്നെയായിരിക്കും ആപ്പിളിന്റെ ഏറ്റവും ശക്തിയേറിയ ഫോണുകള്‍ വിപണിയിലെത്തുക.

∙ അള്‍ട്രാ മോഡലിന് 6.9 ഇഞ്ച് വലുപ്പം

കാഡ് സ്‌കീമാറ്റിക്‌സ് ഉപയോഗിച്ച് 9ടു5മാക് പുറത്തിറക്കിയ റെന്‍ഡറിങ് ആണ് അടുത്ത വര്‍ഷം ഇറക്കുമെന്നു കരുതുന്ന ഐഫോണ്‍ 16 അള്‍ട്രായെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്. അതേസമയം, അടുത്ത വര്‍ഷം ഐഫോണുകളുടെ സ്‌ക്രീന്‍വലുപ്പം വര്‍ധിപ്പിച്ചേക്കുമെന്നും ഇതിനൊപ്പം അള്‍ട്രാ എന്ന പേരും ഉപയോഗിക്കുമെന്നുമാണ് പുതിയ അനുമാനം. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് ആയിരിക്കും സ്‌ക്രീന്‍ വലുപ്പം. അതേസമയം, അടുത്ത വര്‍ഷത്തെ അള്‍ട്രാ മോഡലിന് 6.9 ഇഞ്ച് വലുപ്പം ഉണ്ടാകുമെന്നും കരുതുന്നു. അടുത്ത വര്‍ഷത്തെ അള്‍ട്രാ മോഡലിനും പ്രോ മോഡലിനും ഫിസിക്കല്‍ ബട്ടണുകള്‍ ഉണ്ടായേക്കില്ലെന്നും കരുതപ്പെടുന്നു.

Many rumours suggest what to expect from future iPhones
Photo: Apple

∙ നോക്കിയ ടി10 ടാബ് ഉടമകള്‍ക്ക് ആന്‍ഡ്രോയിഡ് 13 അപ്‌ഡേറ്റ്

പ്രൈവസി ഡാഷ്‌ബോര്‍ഡ്, മൈക്രോഫോണ്‍, ക്യാമറാ ഇന്‍ഡിക്കേറ്ററുകള്‍, പുതിയ പെര്‍മിഷനുകള്‍, സുരക്ഷാ ഫീച്ചറുകള്‍, പുതിയ മള്‍ട്ടി ടാസ്‌കിങ് മെനു, വോയിസ് അക്‌സസ് ഫീച്ചര്‍ തുടങ്ങി പല പുതുമകളും നോക്കിയ ടി10 ടാബ്‌ലറ്റ് ഉടമകള്‍ക്ക് ഇപ്പോള്‍ ലഭിക്കും. ഇവ ഫ്രീയായി ലഭിക്കാന്‍ നോക്കിയ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ആന്‍ഡ്രോയിഡ് 13 അപ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതിയാകും.

∙ മൂന്നാം ഘട്ട പിരിച്ചുവിടലിനൊരുങ്ങി ഡിസ്‌നി

അമേരിക്കന്‍ കമ്പനിയായ ഡിസ്‌നി 2,500 ജോലിക്കാരെ കൂടി പിരിച്ചുവിടാന്‍ ഒരുങ്ങുന്നുവെന്ന് സിഎന്‍എന്‍. ഇത് കമ്പനിയുടെ മൂന്നാം ഘട്ട പിരിച്ചുവിടലാണ്. മൊത്തം ഏകദേശം 7,000 ജോലിക്കാരെ കമ്പനി പിരിച്ചുവിടുമെന്ന് ഡിസ്‌നി മേധാവി ബോബ് ഇഗര്‍ ഫെബ്രുവരിയില്‍ പ്രസ്താവിച്ചിരുന്നു. നാലായിരം പേരെ പിരിച്ചുവിട്ടുകഴിഞ്ഞു. ആഗോള തലത്തില്‍ 7000 പേരെ പിരിച്ചുവിടുക വഴി 550 കോടി ഡോളര്‍ ലാഭമുണ്ടാക്കാമെന്നാണ് കമ്പനി കരുതുന്നത്.

English Summary: Bill Gates says A.I. could kill Google Search and Amazon as we know them

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS