വാട്‌സാപ്പില്‍ ഫോണ്‍ നമ്പര്‍ ഇല്ലാതെ ഇടപെടാന്‍ യൂസര്‍നെയിം ഫീച്ചര്‍

 WhatsApp to soon introduce username feature
Photo: AFP
SHARE

വാട്‌സാപ് ഉടമകള്‍ക്ക് യൂസര്‍നെയിം തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നു. ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. വാട്‌സാപ്പിലെ മാറ്റങ്ങൾ മുന്‍കൂട്ടി പറയുന്ന വാബീറ്റഇന്‍ഫോ ആണ് ഇ‌തിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വാട്‌സാപ് ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.23.11.15 ല്‍ ഇതു കണ്ടു എന്നാണ് വാബീറ്റഇന്‍ഫോ പറയുന്നത്. അതേസമയം, ഇത് ആന്‍ഡ്രോയിഡിനു മാത്രമുള്ള ഫീച്ചര്‍ ആയിരിക്കില്ല, മറിച്ച് ഐഒഎസിലും ലഭ്യമാക്കിയേക്കും.

∙ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

പുതിയ ഫീച്ചർ വാട്‌സാപ്പിലെ സെറ്റിങ്‌സിലുള്ള പ്രൊഫൈല്‍ വിഭാഗത്തില്‍ എത്തുമെന്നാണ് പറയുന്നത്. സെറ്റിങ്സിൽ പോയി യൂസര്‍നെയിം തിരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം ഉപയോഗിച്ച് മറ്റുള്ളവരുമായും ബിസിനസ് സ്ഥാപനങ്ങളുമായും ഇടപെടാനാകും.

∙ ഇതുകൊണ്ട് എന്തു ഗുണം?

പുതിയ മാറ്റംകൊണ്ട് എന്തു ഗുണമായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കാമെന്നതായിരിക്കും പ്രധാന ഗുണം. അതേസമയം, ഇത് മറ്റ് ഉപയോക്താക്കളില്‍നിന്ന് സ്വന്തം ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാനുള്ള അവസരമാണോ ഒരുക്കുക എന്നതിനെക്കുറിച്ച് ചില തര്‍ക്കങ്ങളുണ്ട്. വാട്‌സാപ്പിലേക്ക് ബിസിനസ് സ്ഥാപനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യയിലാണെങ്കില്‍ വാട്‌സാപ്പിനെ ഒരു സൂപ്പര്‍ ആപ് ആക്കാനുള്ള ശ്രമം ജിയോ നടത്തുന്നുവെന്ന് നേരത്തേ മുതല്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യവുമാണ്. ഇത്തരം ബിസിസനസ് സ്ഥാപനങ്ങളുമായി ഇടപെടുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാനുള്ള അവസരമായിരിക്കും ഒരുങ്ങുക എന്നും വാദമുണ്ട്. നമ്പര്‍ ബിസിനസ് സ്ഥാപനങ്ങളുടെ കയ്യില്‍ എത്തുകയും അവര്‍ നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള ശ്രമമാണെന്നാണ് ഒരു വാദം.

∙ സ്വകാര്യത സംരക്ഷിക്കാന്‍ മറ്റൊരു ലെയർ

വാട്‌സാപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിർത്താൻ പുതിയ ഫീച്ചർ സഹായിക്കും. വാട്‌സാപ്പിനുള്ളില്‍ ഫോണ്‍ നമ്പര്‍ വച്ച് ഉപയോക്താവിനെ അന്വേഷിക്കുന്നതിനു പകരം യൂസര്‍നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് ഈ വാദം ഉയര്‍ത്തുന്നവര്‍ വിശ്വസിക്കുന്നത്.

∙ ചാറ്റ്ജിപിടി പണിമുടക്കി; പ്രശ്‌നം പരിഹരിച്ചെന്ന് ഓപ്പണ്‍എഐ

എഐ സേര്‍ച്ച് എൻജിനായ ചാറ്റ്ജിപിടിയുടെ പ്രവര്‍ത്തനം കുറച്ചു സമയത്തേക്ക് നിലച്ചു. ഒരേ സമയത്ത് ഈ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാകാം കാരണമെന്നു കരുതുന്നു. ബോസ്റ്റണ്‍ സ്റ്റാന്‍ഡേഡ് ടൈം 12.17 പിഎം മുതലാണ് പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ആഗോള തലത്തില്‍ തടസപ്പെട്ട സേവനങ്ങള്‍ പിന്നീട് പുനഃസ്ഥാപിച്ചുവെന്ന് ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ അറിയിച്ചു. സേവനം ഇപ്പോഴും ലഭിക്കാത്തവര്‍ ബ്രൗസറിലെ ക്യാഷെ ക്ലിയര്‍ ചെയ്ത ശേഷം ഉപയോഗിക്കണമെന്നാണ് ഉപദേശം.

∙ നിയന്ത്രണം കടുപ്പിച്ചാല്‍ യൂറോപ്പില്‍ സേവനം നിർത്തുമെന്ന് ചാറ്റ്ജിപിടി

യൂറോപ്യന്‍ യൂണിയന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നുവന്നാല്‍ യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍. ചാറ്റ്ജിപിടി പോലെയുള്ള ജനറേറ്റിവ് എഐ മോഡലുകള്‍ പകര്‍പ്പവകാശമുള്ള ഉള്ളടക്കത്തിലേക്കു കടന്നുകയറിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന നിബന്ധന ഓപ്പണ്‍എഐക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നായാണ് കാണുന്നത്. പക്ഷേ, യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു മുൻപ് നിയമങ്ങള്‍ അനുസരിക്കാന്‍ സാധിക്കുമോ എന്നു നോക്കുമെന്നും ആള്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.

ChatGpt
(Photo by Lionel BONAVENTURE / AFP)

∙ വിന്‍ഡോസ് 11ലേക്ക് 50,000 ആന്‍ഡ്രോയിഡ് ആപ്പുകള്‍

വിന്‍ഡോസ് കംപ്യൂട്ടറുകളിലേക്ക് ആന്‍ഡ്രോയിഡ് ആപ് പ്രളയം ഉണ്ടായേക്കും. കംപ്യൂട്ടറുകളുടെ വലിയ സ്‌ക്രീനില്‍ പല മൊബൈല്‍ ആപ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക എന്നത് ഉപയോക്താക്കള്‍ക്കും ഗുണകരമായിരിക്കും. ഫീച്ചര്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ആമസോണിന്റെ ആപ് സ്റ്റോറില്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ആപ്പുകളാണ് വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ എത്തുക. തുടക്കത്തില്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഏകദേശം 50 ആപ്പുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവയുടെ എണ്ണം 50,000 ആയി വർധിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

∙ മൈക്രോസോഫ്റ്റ് - ആമസോണ്‍ സഹകരണം

ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ എത്തുന്നത് ഇരു കമ്പനികള്‍ക്കും ഗുണകരമായിരിക്കും എന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ആമസോണ്‍ ആപ് സ്റ്റോറിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റാൻ മൈക്രോസോഫ്റ്റ് മുന്‍കൈ എടുത്തു എന്നാണ് സൂചന. ആമസോണ്‍ ആപ്‌സ്റ്റോര്‍ ഡവലപ്പര്‍ അക്കൗണ്ട് ഉള്ള ഏതൊരു ഡവലപ്പര്‍ക്കും ഇപ്പോള്‍ തങ്ങളുടെ ആപ്പുകള്‍ ആമസോണ്‍ ആപ് സ്റ്റോറില്‍ ഇടാം. സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍ ധാരാളമായി എത്തുന്നത് വിന്‍ഡോസ് 11ന് ഗുണകരമായിരിക്കും. കംപ്യൂട്ടറില്‍ ജോലിയെടുക്കുന്നവര്‍ക്ക് ആപ്പുകള്‍ പരിശോധിക്കാനായി ഫോണ്‍ നോക്കേണ്ടി വരില്ല. ഇതിപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസില്‍ നേരിട്ടു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളും മൈക്രോസോഫ്റ്റും ബന്ധവൈരികളുമാണ്. ഇതിനാലാണ് വളഞ്ഞ വഴി സ്വീകരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്. ഇതിനായാണ് വിന്‍ഡോസ് സബ്‌സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ് മൈക്രോസോഫ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്.

∙ വിന്‍ഡോസ് കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് മറ്റൊരു ആശ്വാസ വാര്‍ത്ത കൂടി - റാര്‍ ഫയലുകള്‍ ഓപ്പണ്‍ ചെയ്യാം

കംപ്രസ് ചെയ്ത് അയക്കുന്ന ഫയല്‍ ഫോര്‍മാറ്റുകളില്‍ പ്രധാനമാണ് റാര്‍ (RAR). ഈ ഫോര്‍മാറ്റ് വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തുറക്കണമെങ്കില്‍ തേഡ്പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു. എന്നാല്‍ അതൊക്കെ ഉടനെ മാറും. കംപ്രസ്ഡ് ഫയല്‍ ഫോര്‍മാറ്റായ സിപ് (ZIP) ഇപ്പോള്‍ വിന്‍ഡോസില്‍ തുറക്കാം. എന്നാല്‍, താമസിയാതെ റാര്‍, സിപ്, ജിസെഡ് തുടങ്ങിയ ഫോര്‍മാറ്റുകള്‍ വിന്‍ഡോസില്‍ തുറക്കാന്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പറയുന്നത്. താമസിയാതെ ഇത് സാധ്യമാകുന്ന അപ്‌ഡേറ്റ് നല്‍കുമെന്ന് കമ്പനി അറിയിച്ചു.

∙ ബ്ലൂടൂത് ലോ എനര്‍ജി ഓഡിയോ നല്‍കാനും മൈക്രോസോഫ്റ്റ്

അടുത്ത വിന്‍ഡോസ് 11 അപ്‌ഡേറ്റില്‍ ഇന്റല്‍, സാംസങ് കമ്പനികളുമായി സഹകരിച്ച് ബ്ലൂടൂത് ലോ എനര്‍ജി ഓഡിയോ നല്‍കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഈ ഫീച്ചര്‍ ഉള്ള എക്‌സ്റ്റേണല്‍ സ്പീക്കറുകളുമായി കംപ്യൂട്ടര്‍ കണക്ട് ചെയ്യുമ്പോള്‍ ആയിരിക്കും ഇതിന്റെ ഗുണം കിട്ടുക.

English Summary: WhatsApp to soon introduce username feature. Here's how it will work

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA