ആക്ഷന്‍ ക്യാമറാ പ്രേമികളെ ആകര്‍ഷിക്കാന്‍ ഗോപ്രോ ഹീറോ 12 ബ്ലാക്! വിലയോ?
Mail This Article
ക്യാമറാ നിര്‍മാണത്തില്‍ വേറിട്ട സമീപനവുമായി എത്തിയ ഗോപ്രോ ശ്രേണിയില്‍ പന്ത്രണ്ടാം തലമുറയിലെ ഏറ്റവും മികവുറ്റ ക്യാമറ പുറത്തിറക്കി. ഗോപ്രോ ഹീറോ 12 ബ്ലാക് എന്നു പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് മെച്ചപ്പെട്ട സ്റ്റബിലൈസേഷന്‍, 10-ബിറ്റ് ലോഗ്, വയര്‍ലെസ് ഓഡിയോ, ഇരട്ടി ബാറ്ററി ലൈഫ് തുടങ്ങിയവയാണ് മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതലായി കിട്ടുന്ന കരുത്ത്.
പക്ഷേ ടൈപ്-1 സെന്‍സര്‍ ഉള്‍ക്കൊള്ളിച്ച ഹീറോബ്ലാക് പ്രതീക്ഷിച്ചിരുന്നവരെ കമ്പനി നിരാശപ്പെടുത്തി. മുന്‍ തലമുറയിലേതിനു സമാനമായ ടൈപ്1/1.9 സീമോസ് സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് 27.13എംപി സ്റ്റില്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. കൂടാതെ 5.3കെ വിഡിയോയില്‍ നിന്ന് 24.69 എംപി സ്റ്റില്ലുകളും അടര്‍ത്തിയേക്കാനാകും.
എന്താണ് ഒരു ഗോപ്രോ?
സ്മാര്‍ട്ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ചു മാത്രം ശീലിച്ചവര്‍ക്ക് ഒരു ഡിഎസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറ ഉപയോഗിക്കുക എന്നത് പേടിപ്പിക്കുന്ന ഒരു കാര്യമായിരിക്കും. സഹായിക്കാന്‍ ഓട്ടോ മോഡുകള്‍ ക്യാമറകളില്‍ ധാരാളമായി ഉണ്ടെങ്കിലുംഫോട്ടോഗ്രാഫിയുടെയും വിഡിയോഗ്രാഫിയുടെയും സങ്കീര്‍ണ്ണതകള്‍ അവരെ ഭയപ്പെടുത്തിയേക്കും. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുടെ ലാളിത്യം ഉള്ളിലൊതുക്കി മിക്കവാറും ഏതു പരിതസ്ഥിതിയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന കൊച്ചു ക്യമറ എന്ന ആശയം പ്രാവര്‍ത്തികമാക്കിയ കമ്പനിയാണ് കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോപ്രോ.
ആദ്യ ഗോപ്രോ ക്യാമറ, ഇപ്പോഴത്തെ സിഇഓ നിക് വുഡ്മന്‍ തന്നെ ഏകദേശം 15 വര്‍ഷം മുമ്പ് രൂപകല്‍പ്പന ചെയ്തിറക്കിയതാണ്. എന്നാല്‍, ലാളിത്യത്തില്‍ മാത്രം ഒതുങ്ങില്ല ഇത്തരം കൊച്ചു ക്യാമറകളുടെ പ്രാധാന്യം എന്നതും മനസിലാക്കണം. അവയ്ക്ക് പ്രതികൂല സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയുള്ളതിനാല്‍ പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നവരും പോയിന്റ് ഓഫ് വ്യൂ (പിഓവി) വിഡിയോയ്ക്കും മറ്റുമായി പ്രയോജനപ്പെടുത്തുന്നു.
ഗോപ്രോ ഹീറോ 12 ബ്ലാക്കിന്റെ കഴിവുകള്‍
ഗോപ്രോ ക്യാമറകളിലെ ഫ്‌ളാഗ്ഷിപ് മോഡലുകള്‍ക്കാണ് ബ്ലാക് എന്ന വിവരണം ലഭിക്കുന്നത്. കമ്പനിക്ക് അവ പുറത്തിറക്കുന്ന സമയത്ത് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും നല്ല ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും ബ്ലാക് ശ്രേണി വില്‍പ്പനയ്‌ക്കെത്തിക്കുക. ഗോപ്രോ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോകളും ഷൂട്ടു ചെയ്യാമെങ്കിലും ഇവ പ്രധാനമായും വിഡിയോ ഷൂട്ടര്‍മാരുടെ ഉപകരണമാണ്. പുതിയ മോഡലിന് 5.3കെ വിഡിയോ 8:7 ആസ്‌പെക്ട് റേഷ്യോയില്‍ സെക്കന്‍ഡില്‍ 30/25/24 ഫ്രെയിം വരെ റെക്കേർഡ് ചെയ്യാം.
കൂടാതെ 16:9 ആസ്‌പെക്ട് റേഷ്യോയില്‍ സെക്കന്‍ഡില്‍ 60/50/30/25/24 ഫ്രെയിം വരെയും റെക്കോര്‍ഡ് ചെയ്യാം. അതിനു പുറമെ 4കെ വിഡിയോ 9:16 ആസ്‌പെക്ട് റേഷ്യോയില്‍ സെക്കന്‍ഡില്‍ 60/50/30/25 ഫ്രെയിം വരെ ഷൂട്ടു ചെയ്യാം. അതിനു പുറമെ 16:9 ആസ്‌പെക്ട് റേഷ്യോയില്‍ 4കെ വിഡിയോ സെക്കന്‍ഡില്‍ 120/100/60/50/30/25/24 ഫ്രെയിം വരെയുംറെക്കോഡ് ചെയ്യാം. 2.7കെ, 1080പി എന്നീ റെസലൂഷനില്‍ പരമാവധി സെക്കന്‍ഡില്‍ 240 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് ഷൂട്ടിങും സാധ്യമാക്കുന്നു.
മറ്റു ഫീച്ചറുകള്‍
ഡ്യൂവല്‍ ചാനല്‍ ഓഡിയോ റെക്കോർഡ് ചെയ്യാനുള്ള ശേഷിയും പുതിയ ഹീറോ 12 ബ്ലാക്കിലുണ്ട്. രണ്ടു ഓഡിയോ ട്രാക്കുകള്‍ ഒരേസമയത്ത് റെക്കോർഡ് ചെയ്തു തരും. പുറംവാതില്‍ ഷൂട്ടിങില്‍ കാറ്റിന്റെ ഒച്ചയെ പ്രതിരോധിക്കാനുള്ള കഴിവും മൈക്കുകള്‍ക്കുണ്ടെന്നുകമ്പനി പറയുന്നു. ഏതു വയര്‍ലെസ് മൈക്കും സപ്പോര്‍ട്ടു ചെയ്യും. ആപ്പിള്‍ എയര്‍പോഡസ് തുടങ്ങിയവ സപ്പോര്‍ട്ടു ചെയ്യുന്നതോടെ ഓഡിയോ റെക്കോർഡിങും എളുപ്പമാക്കുന്നു.
ഏറ്റവും കൂടിയ റെസലൂഷനുള്ള വിഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ പോലും മുന്‍ മോഡലിന്റെ ഇരട്ടി ബാറ്ററി ലൈഫ് ലഭിക്കുമെന്നുംഗോപ്രോ പറയുന്നു. എചിഡിആര്‍ വിഡിയോ ഷൂട്ടിങും ഇപ്പോള്‍ സാധ്യമാണ്. പുതിയ മോഡലിന് 1/4-ഇഞ്ച് ട്രൈപ്പോട് ത്രെഡ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹൈപ്പര്‍സ്മൂത് 6.0 വിഡിയോ സ്റ്റബിലൈസേശഷന്‍, മാക്‌സ് ലെന്‍സ് മോഡ് 2.0 തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
വില
ഗോപ്രോ ഹീറോ 12 ബ്ലാക്കിന് 45,000 രൂപയാണ് വില. അതേസമയം, ഹിറോ 12 ബ്ലാക് ക്രിയേറ്റര്‍ എഡിഷന്റെ വില 65,000 രൂപയായിരിക്കും. സെപ്റ്റംബര്‍ 13ന് വൈകീട്ട് 6.30 മുതല്‍ പുതിയ മോഡല്‍ ആമസോണ്, ഫ്‌ളിപ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ വിജയ്സെയില്‍സ് എന്നിവ അടക്കമുള്ള റീട്ടെയില്‍ പാര്‍ട്ണര്‍മാര്‍ വഴി ഗോപ്രോ ഓര്‍ഡര്‍ സ്വീകരിക്കും.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഐഫോണ്‍ ഉപയോഗിക്കേണ്ടന്ന് ചൈനയും
കടലിനപ്പുറത്തു നിന്നുള്ള സാങ്കേതികവിദ്യയെ അകറ്റി നിറുത്താന്‍ ചൈനയും. വിദേശ സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കായി ജോലിയെടുക്കുന്നവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍കമ്പനിയായ ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിക്കുന്നത് ബെയ്ജിങ് നിരോധിച്ചു. അതു കൂടാതെ പേഴ്‌സണല്‍ ഐഫോണുകള്‍ ഗവണ്‍മെന്റ് ഓഫിസുകളില്‍ കൊണ്ടുവരുന്നതു പോലും നിരോധിച്ചു എന്ന് ദി വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പുറത്തിറക്കിയതാണ് പുതിയ നിയമം. എന്നാല്‍, ഇതിന്റെ പരിധിയില്‍ എത്ര ഉദ്യോഗസ്ഥര്‍ വരുമെന്ന കാര്യത്തില്‍ പൂര്‍ണ്ണമായ വ്യക്തത ഇപ്പോള്‍ ഇല്ലെന്നും പറയുന്നു. ഐഫോണ്‍ 15 സീരിസ് അവതരിപ്പിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
വില കുറഞ്ഞ മാക്ബുക്കും എത്തുമോ?
വില കുറഞ്ഞ ക്രോം ബുക് ലാപ്‌ടോപ്പുകളുടെ പ്രീതി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് ആപ്പിള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അവയ്‌ക്കെതിരെ വില കുറഞ്ഞ മാക്ബുക്കുകള്‍ അവതരിപ്പിക്കുന്ന കാര്യം കമ്പനി ആലോചിക്കുന്നുണ്ടെന്നും ഡിജിടൈംസ്. ആപ്പിളിന്റെ തയ്‌വാനീസ് സപ്ലൈയര്‍മാരായ ക്വാണ്ടാ കംപ്യൂട്ടറും, ഫോക്‌സ്‌കോണും ഇത്തരത്തില്‍ ചില നീക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന. വില കുറഞ്ഞ മാക്ബുക്ക് 2024 രണ്ടാം പകുതിയിലായിരിക്കും പുറത്തിറക്കുക എന്നാണ് സൂചന.
ഷഓമി 13ടി, 13ടി പ്രോ മോഡലുകള്‍ സെപ്റ്റംബര്‍ 26ന് പുറത്തിറക്കിയേക്കും
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് ഷഓമിയുടെ 13ടി, 13ടി പ്രോ മോഡലുകള്‍ സെപ്റ്റംബര്‍ 26ന് ആഗോള തലത്തില്‍ പുറത്തിറക്കിയേക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് ആയിരിക്കും അവതരണം. ജര്‍മ്മന്‍ ക്യാമറാ നിര്‍മ്മാണ ഭീമന്‍ ലൈക്കാ കമ്പനിയുമായിസഹകരിച്ചുള്ള ക്യാമറകളായിരിക്കും ഇവയുടെ സവിശേഷതകളില്‍ ഒന്ന്. ഫോണ്‍അരീനയുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇവയുടെ വില ഏകദേശം 57,400 രൂപ മുതല്‍ 89,200 രൂപ വരെയായിരിക്കും. മീഡിയടെക് കമ്പനിയുടെ ഏറ്റവും മികച്ച പ്രൊസസറുകളായിരിക്കാം ഇവയ്ക്ക് എന്നു കരുതുന്നു.
വിന്റാര്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കംപ്രഷന്‍ ആവശ്യങ്ങള്‍ക്കായി പൊതുവെ ഉപയോഗിക്കപ്പെടുന്ന വിന്റാര്‍ (WinRAR) ആപ്പിന്റെ വേര്‍ഷന്‍ 6.23 നു മുമ്പുള്ളവ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്‌ഡേറ്റു ചെയ്യണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ഇറക്കിയ പുതിയ മുന്നറിയിപ്പില്‍ പറയുന്നു.
English Summary: GoPro Hero 12 Black launched in India: Price, features and specifications