ADVERTISEMENT

ഐഫോണ്‍ പ്രോ മാക്‌സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും കൂടിയ (1ടിബി) വേരിയന്റിന് 2 ലക്ഷം രൂപയ്ക്കടുത്താണ് വില. ഒരു ഐഫോണ്‍ വാങ്ങാന്‍ ഇത്ര പൈസയൊന്നും ചെലവിട്ടാല്‍ പോരെന്നുള്ളവര്‍ക്ക് അതിനുള്ള വഴിയും ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നു. ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ സൃഷ്ടിച്ചു നല്‍കുന്ന കമ്പനിയായ കാവിയാര്‍ (Caviar) കമ്പനിയാണ് ഈ നീക്കത്തിനു പിന്നില്‍. 

ആപ്പിളിന്റെ ഐഫോണ്‍ മറ്റു പലരുടെ കൈയ്യിലും കണ്ടേക്കും. എന്നാല്‍ ഈ കാവിയാറിന്റെ ആഡംബര ഫോണാണ് വാങ്ങുന്നതെങ്കില്‍  നിങ്ങള്‍ കൂടാതെ വെറും 98 പേരുടെ കൈവശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അവര്‍ പറയുന്നു. പണക്കാരുടെ 'പണം പെട്ടിയിലാക്കാനുള്ള ഓരോരോ വേലത്തരങ്ങള്‍' എന്നു വിമര്‍ശിക്കുന്നവരും ഉണ്ട്. 

വില വരുന്നത്  ഇങ്ങനെ

ഐഫോണ്‍ 15 പ്രോയുടെയും, 15 പ്രോ മാക്‌സിന്റെയും അഞ്ച് കളര്‍ വേരിയന്റുകളാണ് കാവിയാര്‍ പുറത്തിറക്കിയിരിക്കുന്നത്. അള്‍ട്രാ ഗോള്‍ഡ്, ടൈറ്റന്‍ ബ്ലാക്, അള്‍ട്രാ ബ്ലാക്, സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ്. ശ്രേണിയുടെ തുടക്ക വില 7,410 ഡോളറാണ്. അതായത് ഏകദേശം 6,15,500 രൂപ. 

ഐഫോണ്‍ 15 പ്രോ അള്‍ട്രാ ഗോള്‍ഡിന് ഏകദേശം 7,38,673 രൂപയാണ് വില വരിക. ഇതിനു പിന്നിലുളള ആപ്പിള്‍ ലോഗോ 24കെ സ്വര്‍ണ്ണത്തിലാണ് തീര്‍ത്തിരിക്കുന്നത്. പ്രോ മാക്‌സ് ഗോള്‍ഡിനാണെങ്കില്‍ 8,03,483 രൂപ നല്‍കേണ്ടി വരും. ഇവയുടെ പ്രതലത്തില്‍സ്വന്തം പേരോ മറ്റു കാര്യങ്ങള്‍ എന്തെങ്കിലുമോ കോറിവയ്ക്കണമെങ്കില്‍ അതും ചെയ്യാം. മെറ്റീരിയലിലും ചെറിയ മാറ്റങ്ങള്‍ വരുത്തി തരും. സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എഡിഷനുകള്‍ക്കാണ് ഏറ്റവും വിലക്കുറവ് ഏകദേശം 6,09,883 രൂപ മുതല്‍ വില തുടങ്ങുന്നു. ടൈറ്റന്‍ ബ്ലാക്കിന്ഏകദേശം 6,15,699 രൂപ. 

∙എയര്‍പോഡസ് പ്രോ 2ന് പുതിയ ഫീച്ചറുകള്‍

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ഐഓഎസ് 17 അപ്‌ഡേറ്റ് ലഭിക്കുന്ന പല ഐഫോണുകളുമായും സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍, ആപ്പിളിന്റെ പ്രീമിയം വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ എയര്‍പോഡ്‌സ് പ്രോ 2ന് പുതിയ ഫീച്ചറുകള്‍ ലഭിക്കും. അവയില്‍ ഒന്ന് അഡാപ്റ്റീവ് ഓഡിയോ ആണ്. എയര്‍പോഡ്സ്പ്രോ ധരിച്ചിരിക്കുന്നയാള്‍ എവിടെ നില്‍ക്കുന്നു എന്നത് അറിഞ്ഞ് ഓഡിയോ ക്രമീകരിക്കുകയായിരിക്കും ചെയ്യുക. 

മറ്റൊന്ന് കോണ്‍വര്‍സേഷണല്‍ അവയര്‍നെസ് ആണ്. എയര്‍പോഡ്‌സ് പ്രോ 2 ചെവിയില്‍ വച്ചിരിക്കുന്നയാള്‍ പാട്ടുകേട്ടുകൊണ്ട് മറ്റൊരാളോട് സംസാരിക്കുമ്പോള്‍ അയാള്‍ കേട്ടുകൊണ്ടിരിക്കുന്ന സംഗീതത്തിന്റെ ശബ്ദം കുറയ്ക്കുകയോ, താത്കാലികമായി നിര്‍ത്തുകയോ ചെയ്യും. എന്നാല്‍ സംസാരം കഴിയുമ്പോള്‍ ഓഡിയോ തനിയെ തുടരും.  ഇതെല്ലാം ലഭിക്കേണ്ടവര്‍ തങ്ങളുടെ എയര്‍പോഡ്‌സ് പ്രോ 2ഉം പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറണം. ഐഫോണിലൂടെയാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടത്തേണ്ടത്. ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റുമായി സഹകരിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലോസ്‌ലെസ് ഓഡിയോ കേള്‍പ്പിക്കാന്‍ എയര്‍പോഡ്‌സ് പ്രോ 2 ഇപ്പോള്‍ സജ്ജമാണ്.

∙ ആപ്പിളിന്റെ ഡബിൾ ടാപ് ഫീച്ചര്‍ സാംസങ് വാച്ചുകളിലും

ആപ്പിള്‍ വാച്ച് സീരിസ് 9 കെട്ടിയിരിക്കുന്ന കൈയ്യിലെ വിരലുകള്‍ കൊണ്ട് വായുവില്‍ ഞൊടിക്കുന്ന ഫീച്ചറിനെയാണ് ഡബിള്‍ ടാപ് എന്ന പേരില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഇത് ഏറ്റവും പുതിയ ശ്രേണിയായ സീരിസ് 9ല്‍ മാത്രമെ ലഭ്യമാക്കൂ. എന്നാല്‍, സാംസങ് ഗ്യാലക്‌സി വാച്ച് 4, 5, 6 എന്നിവ പുതിയ വെയര്‍ ഓഎസ് 4 കേന്ദ്രീകൃതമായ വണ്‍ യുഐ 5ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 

Image Credit: Apple News Room
Image Credit: Apple News Room

യൂണിവേഴ്‌സല്‍ ഫീച്ചേഴ്‌സ് എന്ന വിഭാഗത്തിലാണ് ഈ ജസ്ചര്‍ ഉള്ളത്. ഇത് സാംസങ് കൊണ്ടുവന്നിരിക്കുന്നമാറ്റം ആകണമെന്നില്ല മറിച്ച്  ഗൂഗിളിന്റെ വെയര്‍ ഓഎസിന്റെ പുതിയ പതിപ്പിലുള്ളതും ആകാം. എന്തായാലും, ഒരു ഫീച്ചര്‍ ആഘോഷിക്കപ്പെടുന്നത് അത് ആപ്പിള്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ് എന്ന് ആന്‍ഡ്രോയിഡ് ഫാന്‍സ് പരിഭവപ്പെട്ടേക്കാം.

 

∙വെയര്‍ ഓഎസ് വാച്ചുമായി ഷഓമി

തങ്ങളുടെ ആദ്യ വെയര്‍ ഓഎസ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഷഓമി എന്ന് എക്‌സ് യൂസര്‍ 'മിസ്‌റ്റെറി ലുപിന്‍'. ഷഓമി വാച്ച് 2 പ്രോ എന്നു പേരിട്ടേക്കാവുന്ന വാച്ചിന് 30,000 രൂപ വരെ വില വരാമെന്നാണ് 9ടു5ഗൂഗിളിന്റെറിപ്പോര്‍ട്ട്. സ്‌നാപ്ഡ്രാഗണ്‍ ഡബ്ല്യു5പ്ലസ് പ്രൊസസര്‍, 2ജിബി റാം, 32ജിബി സംഭരണശേഷി തുടങ്ങിയവ കണ്ടേക്കാമെന്നും കരുതുന്നു. 1.43-ഇഞ്ച് ആയിരിക്കാം ഡിസ്‌പ്ലെ വലിപ്പം. 500എംഎഎച് ബാറ്ററിയും പ്രതീക്ഷിക്കുന്നു.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

∙ടിക്‌ടോക് കമ്യൂണിസ്റ്റ് പ്ലാറ്റ്‌ഫോമാണെന്ന് മുന്‍ അമേരിക്കന്‍ വിപി

ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ ടിക്‌ടോക് ഒരു കമ്യൂണിസ്റ്റ് പ്ലാറ്റ്‌ഫോമാണെന്നും അത് നിരോധിക്കണമെന്നും മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ആവശ്യപ്പെട്ടു. അമേരിക്കക്കാരുടെ ഡേറ്റ അവരുടെ അറിവോടെയല്ലാതെ ചൈനീസ്ഗവണ്‍മെന്റിന്റെ കൈയ്യിലെത്തിക്കുകയാണ് ടിക്‌ടോക് ചെയ്യുന്നതെന്ന് പെന്‍സ് ആരോപിച്ചു. ഈ ആപ് ഓരോ ദിവസവും അമേരിക്കക്കാരുടെ ഡേറ്റ കടത്തുന്നു എന്ന് പെന്‍സ് ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു.

എഐ സോഫ്റ്റ്‌വെയര്‍ ജെമിനി പുറത്തിറക്കാനൊരുങ്ങി ഗൂഗിള്‍

ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐയുടെ ജിപിറ്റി-4ന് എതിരെ ഗൂഗിള്‍ പുതിയ എഐ സോഫ്റ്റ്‌വെയര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് ദി ഇന്‍ഫര്‍മേഷന്‍. ജെമിനി എന്നു പേരിട്ടിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ചില കമ്പനികള്‍ക്കായിരിക്കുംആദ്യം തുറന്നു നല്‍കുക. ടെക്സ്റ്റിന്റെ രത്‌നച്ചുരുക്കം സൃഷ്ടിക്കുക, പുതിയ കാര്യങ്ങള്‍ എഴുതിപ്പിക്കുക, ഇമെയിലും, പാട്ടിന്റെ വരികളും വായിച്ചു കേള്‍പ്പിക്കുക, പുതിയ വാര്‍ത്തകള്‍ കണ്ടുപിടിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യിക്കാവുന്നതായിരിക്കും ജെമിനി എന്നാണ്അറിവ്. നിലവില്‍ ഡവലപ്പര്‍മാര്‍ ജെമിനി ഉപയോഗിക്കുന്നുണ്ട്. 

∙ലൊക്കേഷന്‍ ട്രാക്കിങ് കേസു തീര്‍ക്കാന്‍ 155 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ഗൂഗിള്‍

(Photo by Kirill KUDRYAVTSEV / AFP)
(Photo by Kirill KUDRYAVTSEV / AFP)

ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ചെയ്തിട്ടിരുന്ന സമയത്തും തങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചു (പ്രൊഫൈലിങ്) നടത്തിയെന്നും, പരസ്യങ്ങള്‍ ബ്ലോക്കു ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നുമുള്ള കേസ് ഗൂഗിള്‍ 155 ദശലക്ഷം ഡോളര്‍ പരാതിക്കാര്‍ക്കു നല്‍കി ഒത്തുതീര്‍പ്പാക്കും. 

കാലിഫോര്‍ണിയയില്‍ നല്‍കിയ കേസാണ് ഇങ്ങനെ തീര്‍പ്പാക്കുന്നത്. നേരത്തെ അരിസോണയിലും, വാഷിങ്ടണിലും ഉണ്ടായിരുന്ന കേസുകള്‍ 124.9 ദശലക്ഷം ഡോളര്‍ നല്‍കി തീര്‍പ്പാക്കിയിരുന്നു. അതേസമയം, 2023 ആദ്യ പകുതിയില്‍ ഗൂഗിള്‍ 137.7 ബില്ല്യന്‍ ഡോളര്‍വരുമാനമുണ്ടാക്കി. ഇതില്‍ 110.9 ബില്ല്യന്‍ ഡോളറും പരസ്യത്തില്‍ നിന്നായിരുന്നു എന്ന് റോയിട്ടേഴ്‌സ്. 

∙എക്‌സ് പ്ലാറ്റ്‌ഫോം ചിലര്‍ക്ക് നിലച്ചു

മുൻപ് ട്വിറ്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സ് പ്ലാറ്റ്‌ഫോം ലോകമെമ്പാടും ചിലര്‍ക്ക് കുറച്ചു നേരത്തേക്കു നിലച്ചെന്ന് റിപ്പോര്‍ട്ട്. ചിലര്‍ക്ക് ലോഗ്-ഇന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നും പറയുന്നു.  

 

English Summary: These 'Special Edition' iPhone 15 Pro Models Cost Over 6 Lakh: Here's Why

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com