ADVERTISEMENT

സ്‌പെയസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ടെക്‌നോളജിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് കേന്ദ്രീകൃത ഗിഗാബിറ്റ് ഇന്റര്‍നെറ്റ് സര്‍വിസിന്റെ സാധ്യതകളാണ് കമ്പനി ഒക്ടോബര്‍ 27ന് ജിയോ പ്രദര്‍ശിപ്പിച്ചത്. തങ്ങളുടെ അമ്പരപ്പിക്കുന്നഅടുത്ത സാങ്കേതികവിദ്യയാണ് റിലയന്‍സ് ജിയോസ്‌പെയ്‌സ്‌ഫൈബര്‍ (JioSpaceFiber) എന്ന പേരില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചതെന്ന് ബെന്‍സിങ്ഗാ റിപ്പോര്‍ട്ടു ചെയ്യുന്നു.

'മിന്നല്‍ വേഗതയിലുള്ള' ഇന്റര്‍നെറ്റ്

ഇന്ത്യയെ മൊത്തത്തില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ കരുത്തില്‍ പുതപ്പണിയിക്കാന്‍ കെല്‍പ്പുള്ളതാണ് ജിയോയുടെ സാറ്റലൈറ്റ് ,കേന്ദ്രീകൃത ഗിഗാബിറ്റ് ബ്രോഡ്ബാന്‍ഡ്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാര്‍ പോലും സേവനം നല്‍കാതെ കിടക്കുന്ന ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് വര്‍ഷിക്കാന്‍ കെല്‍പ്പുള്ളതാണ് ജിയോയുടെ പുതിയ ടെക്‌നോളജി. 

തത്വത്തിലെങ്കിലും അപാര ശേഷിയുളള ഈ ടെക്‌നോളജി ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ്കമ്പനി പ്രദര്‍ശിപ്പിച്ചത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ടെക്‌നോളജി മേഖല ഇന്ത്യ ഉടന്‍ തുറന്നിട്ടേക്കും. മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സ്, എയര്‍ടെല്ലിന്റെ (ഭാര്‍തി ഗ്രൂപ്പിന്റെ) കീഴിലുള്ള വണ്‍വെബ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസിന്റെ കീഴിലുള്ള കയ്പര്‍ പ്രൊജക്ട്, ടാറ്റനെല്‍കോയും ഹ്യൂസും ചേര്‍ന്നു കൊണ്ടുവരുന്ന പദ്ധതി തുടങ്ങിയവയാണ് ഈ മേഖലയില്‍ മേല്‍ക്കോയ്മക്കായി മത്സരിക്കുക.

മസ്‌കിനും മേലെ അംബാനി?

ലക്‌സംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ഇഎസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് തങ്ങളുടെ പദ്ധതി നടപ്പാക്കുക എന്ന് റിലയന്‍സ് വെളിപ്പെടുത്തി. സാങ്കേതികവിദ്യാപരമായി മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പ്രയോജനപ്പെടുത്തുന്നതിനേക്കാള്‍ മേന്മയുള്ള ടെക്‌നോളജിയാണ് റിലയന്‍സ്‌ സ്പെയ്സ് ഫൈബറിൽ ഉള്‍ക്കൊള്ളിക്കുന്നത്. സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത് ലോ-എര്‍ത് ഓര്‍ബിറ്റ് അല്ലെങ്കില്‍ ലിയോ ടെക്‌നോളജിയാണ്. എന്നാല്‍ ജിയോ കൊണ്ടുവരുന്നത് മീഡിയം എര്‍ത് ഓര്‍ബിറ്റ് അല്ലെങ്കില്‍ മിയോ ആണ്. 

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

ലിയോ സാറ്റലൈറ്റുകള്‍ താഴ്ന്ന് നില്‍ക്കുന്നതിനാല്‍ അവയില്‍ ഓരോന്നിനും കുറച്ചു പ്രദേശത്തു മാത്രമെ സാറ്റലൈറ്റ് നല്‍കാന്‍ സാധിക്കൂ. കൂടുതല്‍ ഉയരത്തില്‍ നില്‍ക്കുന്ന മിയോ സാറ്റലൈറ്റുകള്‍ എണ്ണത്തില്‍ കുറച്ചു മതി. ഫൈബറിനുസമാനമായ ഇന്റര്‍നെറ്റ് വേഗത നല്‍കാന്‍ കെല്‍പ്പുള്ള സാങ്കേതികവിദ്യ ഇന്ന് ലോകത്ത് എസ്ഇഎസിന്റെ ഒ3വി (O3v), ഒ3ബി എംപവര്‍ (o3b mPOWER) നെറ്റ്‌വര്‍ക്കിനു മാത്രമെ സാധിക്കൂ എന്ന് ജിയോ അവകാശപ്പെട്ടു. ഇതിന്റെ പ്രദര്‍ശനമാണ് ജിയോ വെള്ളിയാഴ്ച നടത്തിയത്.

സ്റ്റാര്‍ലിങ്കിന് നിലവില്‍ ഏകദേശം 5,000 ലിയോ സാറ്റലൈറ്റുകളാണ് ഉള്ളത്. താമസിയാതെ 7,000 എണ്ണം കൂടെ പ്രവര്‍ത്തിപ്പിക്കാനും, മൊത്തം 42,000 എണ്ണമായി വര്‍ദ്ധിപ്പിക്കാനുമാണ്കമ്പനിയുടെ പദ്ധതി. ലിയോ ടെക്‌നോളജി ഉപയോഗിക്കുന്ന വണ്‍വെബിന് മൊത്തം 630 സാറ്റലൈറ്റുകള്‍ അയയ്ക്കാനാണ് ഉദ്ദേശം. ബ്ലൂ ഓറിജിന്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കയ്പര്‍ പ്രൊജക്ടിന് മൊത്തം 3,000 സാറ്റലൈറ്റ് പ്രവര്‍ത്തിപ്പിക്കാനാണ് ആഗ്രഹം.

ലിയോക്ക് ചെറിയ ഡിഷ് മതി

അതേസമയം, ലിയോ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റകളില്‍ നിന്ന് ഇന്റര്‍നെറ്റ് സ്വീകരിക്കാന്‍ ചെറിയ ഡിഷുകള്‍ പിടിപ്പിച്ചാല്‍ മതി. എന്നാല്‍ മിയോ സാങ്കേതികവിദ്യയ്ക്ക് അതു മതിയായേക്കില്ലെന്നാണ് അനുമാനം. വെള്ളിയാഴ്ച നടത്തിയ പ്രദര്‍ശനത്തില്‍ തങ്ങള്‍ ഗുജറാത്തിലെ ഗിര്‍ മേഖലയും, ഛത്തീര്‍ഗറിലെ കൊര്‍ബയും, ഒഡിഷയിലെ നബരംഗ്പൂരും, അസാമിലെ ജോര്‍ഹട്ടും തമ്മില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കണക്ടു ചെയ്യുന്നതില്‍വിജയിച്ചു എന്നാണ് റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വന്‍ശക്തിയാകാന്‍ ഇന്ത്യ

പുതിയ നീക്കങ്ങളുടെ കരുത്തില്‍ ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വന്‍ശക്തികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ എന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ വന്‍കിട കമ്പനികള്‍ കൂറ്റന്‍ നിക്ഷേപങ്ങള്‍ ഇവിടെ നടത്തിയേക്കുമെന്നും കരുതപ്പെടുന്നു.

ഇന്ത്യന്‍ ഡിജിറ്റല്‍ മേഖലയില്‍ വമ്പന്‍ പൊളിച്ചെഴുത്തു തന്നെ നടന്നേക്കാമെന്നും അഭിപ്രായമുണ്ട്. ജിയോസ്‌പെയ്‌സ്‌ഫൈബറിന് ലിയോ സാറ്റലൈറ്റുകളെക്കാള്‍ വേഗതയില്‍ ഇന്റര്‍നെറ്റ്നല്‍കാനാകും എന്നതിനേക്കാളേറെ, നിലവില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള സ്പീഡിലായിരിക്കും ഇന്ത്യയെ ഇന്റര്‍നെറ്റ് പുതപ്പിനടിയില്‍ കൊണ്ടുവരിക എന്നും കരുതുന്നു.

സാധാരണക്കാര്‍ക്ക് ഗുണമുണ്ടോ?

റിലയൻസിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ 'ജിയോ സ്പേസ് ഫൈബറി'ന്റെ ഗ്രൗണ്ട് സ്റ്റേഷൻ. ചിത്രം : രാഹുൽ ആർ പട്ടം ∙ മനോരമ
റിലയൻസിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ 'ജിയോ സ്പേസ് ഫൈബറി'ന്റെ ഗ്രൗണ്ട് സ്റ്റേഷൻ. ചിത്രം : രാഹുൽ ആർ പട്ടം ∙ മനോരമ

നിലവില്‍ സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ജിയോസ്‌പെയ്‌സ്‌ഫൈബര്‍ വലിയ ഗുണം ചെയ്‌തേക്കില്ല. സ്റ്റാര്‍ലിങ്ക് പ്രതിമാസം 7000 രൂപയിലേറെ ആയിരുന്നുവരിസംഖ്യ ചോദിച്ചിരുന്നത്. അതില്‍ കുറച്ചാണ് റിലയന്‍സ് ഈടാക്കാന്‍ ഒരുങ്ങുന്നത് എങ്കില്‍ പോലും അത് നിലവിലെ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യകള്‍ക്ക് വെല്ലുവിളികില്ല. 

അതേസമയം, എല്ലാ പുതിയ സാങ്കേതികവിദ്യകള്‍ക്കും തുടക്കത്തില്‍ നല്ല പണം മുടക്ക് വേണ്ടിവന്നിരുന്നു. മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യ വന്ന കാലത്ത് ഫോണ്‍ വിളി കിട്ടിയിരുന്ന ആളും പണം നല്‍കേണ്ടിയിരുന്നു എന്ന് ഓര്‍ക്കുക. അതുപോലെ കാലക്രമത്തില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വില കുറഞ്ഞേക്കാം. ഈ സാങ്കേതികവിദ്യ ഫോണുകളിലും സ്വീകരിക്കാവുന്ന കാലവും വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍നഗരങ്ങളിലൊക്കെ എട്ടുകാലിവല പോലെ കിടക്കുന്ന കേബിളുകള്‍ നീക്കംചെയ്യാനും സാധിക്കും.

5ജി കരുത്താര്‍ജ്ജിച്ചും ജിയോ

ജിയോ സ്‌പെയ്‌സ്‌ ഫൈബര്‍ പരിചയപ്പെടുത്തുന്ന വേദിയില്‍ റിലയന്‍സ് ജിയൊ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി തങ്ങളുടെ 5ജി പദ്ധതികളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തുവിട്ടു. 'വികസിത ഭാരതം' എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ ചെയ്തുവരുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. 

 ഓരോ 10 സെക്കന്‍ഡിലും ഒരു പുതിയ 5ജി ടവര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നുണ്ടെന്ന് ആകാശ് അംബാനി പറഞ്ഞു. ഇതുവരെ രാജ്യത്തെ 22 സര്‍ക്കിളുകളിലായി 10 ലക്ഷത്തിലേറെ ടവറുകള്‍ സജ്ജമാക്കി. രാജ്യത്തെ 5ജിയുടെ 85 ശതമാനവും ജിയോയാണ് നല്‍കുന്നത്. ലോകത്തെ തന്നെ ഏറ്റവും വേഗതയേറയ നെറ്റ്‌വര്‍ക്കുകളിലൊന്നായി തീരുകയാണ് ജിയോ.

തങ്ങളുടെ 5ജി സാങ്കേതികവിദ്യ പൂര്‍ണ്ണമായും കമ്പനി തന്നെ വികസിപ്പിച്ചതാണെന്നും ആകാശ് പറഞ്ഞു. ഇതിന് ഇന്ത്യയിലെ സമര്‍ത്ഥരുടെ സേവനം മാത്രമെ സ്വീകരിച്ചിട്ടുള്ളു. ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുക വഴി കൂടുതല്‍ ഇന്റര്‍നെറ്റ് കരുത്ത് തങ്ങള്‍ നല്‍കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇതുവരെ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്ത 200 ദശലക്ഷം വീടുകള്‍ക്കും ഇന്റര്‍നെറ്റ് നല്‍കാന്‍ കമ്പനിക്കു സാധിക്കും. ലോകത്ത് 5ജി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഇന്ത്യ 3-ാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 125 ദശലക്ഷം പേര്‍ ഇപ്പോള്‍ ഇന്ത്യയില്‍ 5ജി ഉപയോഗിക്കുന്നു.

കൂടുതല്‍ പേരിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനായി 2ജി ഫോണിനേക്കാള്‍ വില കുറച്ച് ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച കാര്യവും അദ്ദേഹം പറഞ്ഞു. ജിയോ ഭാരത് എന്ന പേരില്‍ 999 രൂപയ്ക്കാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ കണക്ടിവിറ്റി സാധ്യതകള്‍ രാജ്യത്തെ 140 കോടിയോളം ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ആകാശ് പറഞ്ഞു. ഇതുവഴി ഭാരതത്തിന് കൂടുതല്‍ വികസനം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Reliance Jio has demonstrated India's first satellite-based giga fibre service, called JioSpaceFiber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com