ADVERTISEMENT

ഇന്‍സ്റ്റഗ്രാമിന്റെ 'ശുപാര്‍ശയില്‍' അവതരിപ്പിക്കപ്പെട്ട ത്രെഡ്‌സ് അതിവേഗത്തിലാണ് പ്രചാരം നേടിയത്. പതിയെ ആണെങ്കിലും ത്രെഡ്‌സിനെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ മെറ്റ ആരംഭിച്ചു കഴിഞ്ഞു. ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിന് പോറല്‍ പോലുമേല്‍പിക്കാതെ ത്രെഡ്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ത്രെഡ്‌സ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും തുടക്കം മുതലേ ഉയര്‍ന്ന ആവശ്യമായിരുന്നു ഇത്. പലരും തങ്ങളുടെ ത്രെഡ്‌സ് അക്കൗണ്ട് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം തന്നെ പോകുമെന്ന് തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. ആ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ത്രെഡ്‌സ് ആപ്പിന്റെ സെറ്റിങ്‌സിൽ ചെന്നശേഷം അക്കൗണ്ടിലെ ഡിലീറ്റ്/ഡീആക്ടിവേറ്റ് പ്രൊഫൈല്‍ എന്നതാണ് ത്രെഡ്‌സിനെ നീക്കം ചെയ്യാനുള്ള വഴി.

ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തനിയേ പങ്കുവെക്കപ്പെടുന്നതിലുള്ള അസംതൃപ്തിയും നേരത്തെ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ചും വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്കായിരുന്നു എതിര്‍പ്പ് കൂടുതല്‍. ഉദാഹരണത്തിന് ത്രെഡ്‌സ് വഴി വാര്‍ത്തകളും രാഷ്ട്രീയവും പങ്കുവെക്കുന്ന ചിലര്‍ ഫേസ്ബുക്ക് അക്കൗണ്ട് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് മാറ്റിവെച്ചിരുന്നത്. ത്രെഡ്‌സിലെ പോസ്റ്റുകള്‍ ഫേസ്ബുക്കിലേക്ക് സമ്മതമില്ലാതെ പങ്കുവെക്കപ്പെടുന്നത് സ്വാഭാവികമായും ഇവര്‍ ഇഷ്ടപ്പെടുന്നില്ല.

വിമര്‍ശനം വ്യാപകമായതോടെ മറ്റു പ്ലാറ്റ്‌ഫോമുകളിലേക്ക് ത്രെഡ്‌സ് പോസ്റ്റുകള്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനുള്ള സംവിധാനം മെറ്റ അവതരിപ്പിച്ചിരുന്നു. ഇതിനായി ത്രെഡ്‌സ് പ്രൊഫൈല്‍ പേജില്‍ മെനു തെരഞ്ഞെടുത്ത ശേഷം പ്രൈവസി> സജസ്റ്റിങ് പോസ്റ്റ്‌സ് ഓണ്‍ അതര്‍ ആപ്‌സ് എന്നതു തെരഞ്ഞെടുക്കണം.

അങ്ങനെ ചെയ്താല്‍ ഇന്‍സ്റ്റഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും ത്രെഡ്‌സ് പോസ്റ്റുകള്‍  പങ്കുവെക്കപ്പെടുന്നത് തടയാനാവും. അപ്പോഴും ഈ രീതിയില്‍ മാറ്റം വരുത്താത്ത സോഷ്യല്‍മീഡിയ സുഹൃത്തുക്കളുടെ ത്രെഡ്‌സ് പോസ്റ്റുകള്‍ നിങ്ങളുടെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

തങ്ങളുടെ നിലവിലെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിനെ ഉപയോഗിച്ച് പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രചാരണം നടത്തുന്ന രീതി നേരത്തെയും മെറ്റ നടത്തിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ 15 കോടി ഡൗണ്‍ലോഡ് നേടുന്ന ആപ്ലിക്കേഷന്‍ എന്ന നേട്ടത്തിലേക്ക് ത്രെഡ്‌സ് കുതിച്ചെത്തിയത് ഇന്‍സ്റ്റഗ്രാമിന്റെ തോളിലേറിയാണ്.

ആദ്യത്തെ കുതിപ്പിനു ശേഷം കിതച്ചുവെന്ന് തോന്നിപ്പിച്ചെങ്കിലും അടുത്തിടെ ത്രെഡ്‌സിന്റെ ഉപഭോക്താക്കളുടെ എണ്ണം 10 കോടിയിലെത്തിയെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. എക്‌സിന്റെ എതിരാളിയായി അവതരിപ്പിക്കപ്പെട്ട ത്രെഡ്‌സ് 100 കോടി ഉപഭോക്താക്കള്‍ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണെന്ന അവകാശവാദവും സുക്കര്‍ബര്‍ഗ് നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com