എഐ ഭാവി അപ്രവചനീയം; യുദ്ധവും സാമ്പത്തിക ദുരന്തവും സംഭവ്യമെന്ന് ഹരാരി
Mail This Article
നിര്‍മിത ബുദ്ധിയെ കൃത്യമായ ഇടങ്ങളിൽ ഒതുക്കിനിറുത്തി വളര്‍ത്തിയെടുത്തില്ലെങ്കില്‍, നാം നടന്നടുക്കുന്നത് സാമ്പത്തിക ദുരന്തത്തിലേക്കോ, പരോക്ഷമായി വിനാശകാരിയായ യുദ്ധത്തിലേക്കോ വരെ ആകാമെന്ന് വിഖ്യാത രചയിതാവ് യുവാൽ നോവ ഹരാരി. ആണവായുധം ഒരു അപകടകരമായ സാഹചര്യം മാത്രമാണ് സൃഷ്ടിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഇന്ന് ലോകമെമ്പാടുമായി വിവിധ തരം എഐ മോഡലുകള്‍ പരീക്ഷിക്കപ്പെടുന്നു.
ഇതെല്ലാം നിയന്ത്രണവിധേയമായല്ല വികസിപ്പിക്കുന്നതെങ്കില്‍ നിരവധി അപകടകരമായ സാഹചര്യങ്ങളിലേക്കും നയിച്ചേക്കുമെന്നാണ് ഹരാരി നല്‍കുന്ന മുന്നറിയിപ്പ്. ലോകത്തെ മാറി ചിന്തിക്കാന്‍ പഠിപ്പിച്ച സേപിയന്‍സ്, ഹോമോ ഡേയുസ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ് ഈ ഇസ്രായേലി രചയിതാവ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് അടക്കം ഒട്ടനവധി പ്രമുഖര്‍ ഹരാരിയുടെ ഇരു പുസ്തകങ്ങളെയും പുകഴ്ത്തിയിട്ടുണ്ട്.
എഐയെ എന്തിനു ഭയക്കണം?
പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും, സ്വന്തമായി പഠിക്കാനും, തീരുമാനമെടുക്കാനും കഴിവ് ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ള പുതിയ സാങ്കേതികവിദ്യകളില്‍ ഒന്നാണ് എഐ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക മേഖല ഡേറ്റാ അധിഷ്ഠിതമാണ്. ഇത് എഐയ്ക്ക് നല്ലതാണ്. അതിനാല്‍ തന്നെ എഐക്ക് നമ്മള്‍ പ്രതീക്ഷിക്കാത്ത തരം പ്രശ്‌നം സൃഷ്ടിക്കാനും സാധിച്ചേക്കാമെന്നാണ് ഹരാരി ഭയപ്പെടുന്നത്. ലോകത്തെ സങ്കീര്‍ണ്ണമായ ഫൈനാന്‍ഷ്യല്‍ ടൂളുകളുടെ നിയന്ത്രണം എഐ ഏറ്റെടുത്താല്‍ പിന്നെ നടക്കുന്ന കാര്യങ്ങള്‍ മനുഷ്യര്‍ക്ക് മനസിലാക്കാന്‍ സാധിക്കണമെന്നില്ല.
തന്റെ വാദം സാധൂകരിക്കാന്‍ അദ്ദേഹം 2007-08 കാലഘട്ടത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യങ്ങള്‍ ഹരാരി എടുത്തു പറഞ്ഞു. കൊലാറ്ററലൈസ്ഡ് ഡെറ്റ് ഇന്‍സ്ട്രമെന്റ്‌സ് (CDOs) തുടങ്ങിയ ഡെറ്റ് ഇന്‍സ്ട്രമെന്റ്‌സ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ വളരെ കുറച്ച് പേര്‍ക്കു മാത്രം മനസിലാകുന്ന കാര്യങ്ങളായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിലും പല മടങ്ങ് സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്ക് സാമ്പത്തിക മേഖലയെ എത്തിക്കാന്‍ എഐക്ക് സാധിച്ചേക്കാം, അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. എഐയുടെ സഹായത്തോടെ ജൈവായുധങ്ങള്‍ വികസിപ്പിച്ചു വരുന്ന കാര്യങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. അതീവ വിനാശകാരിയാണെങ്കിലും ആണവായുധം ഒരു ആക്രമണ രീതി മാത്രമാണ്. ആ ചിത്രവും എഐയുടെ വരവോടെ മാറാം. പല രീതിയിലുള്ള യുദ്ധങ്ങള്‍ക്കുള്ള സാധ്യതകളും അദ്ദേഹം കാണുന്നു.
ചൈനയെക്കൂടെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ പുതിയ കരാര്‍ പ്രതീക്ഷ
എന്നാല്‍, നവംബര്‍ ആദ്യം എഐയുടെ കാര്യത്തില്‍ ബ്ലെചിലി പാര്‍ക്കില്‍ വച്ചു നടത്തിയ ബഹുമുഖ പ്രഖ്യാപനം തനിക്കു പ്രതീക്ഷ നല്‍കുന്നു എന്നും ഹരാരി പറഞ്ഞു. അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍, ചൈന, ഓസ്‌ട്രേലിയ എന്നീ രജ്യങ്ങള്‍ സംയുക്തമായി എഐ മനുഷ്യരാശിക്ക് ഭീഷണിയുയര്‍ത്തിയേക്കാന്‍ സാധ്യതയുളള സാങ്കേതികവിദ്യയാണ് എന്ന് പ്രഖ്യാപിച്ചിരുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഈ ഡിക്ലറേഷനില്‍ ചൈനയുടെ കൂടെ സഹകരണം ഉണ്ടായിരിക്കുന്നു എന്നത് തനിക്ക് പ്രതീക്ഷ പകരുന്നു എന്ന് അദ്ദേഹം പറയുന്നു. മനുഷ്യര്‍ മുമ്പു വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യയോടും സമാനമാല്ലാത്ത ഒന്നാണ് എഐ എന്നതിനാല്‍ സൂക്ഷിക്കേണ്ടതായുണ്ട് എന്നാണ് ഹരാരി പറഞ്ഞുവയ്ക്കുന്നത്.
സോണിയുടെ ഇന്‍സോണ്‍ എച്5 വയര്‍ലെസ് ഗെയിമിങ് ഹെഡ്‌സെറ്റ് വിപണിയില്‍
കംപ്യൂട്ടര്‍ ഗെയിമിങിന് ഉചിതം എന്നു പറഞ്ഞ് സോണി പരിചയപ്പെടുത്തിയിരിക്കുന്ന പുതിയ വയര്‍ലെസ് ഹെഡ്‌സെറ്റാണ് ഇന്‍സോണ്‍ എച്5. കൃത്യതയുള്ളതും, വളരെ നിമഗ്നവുമായ ഓഡിയോ ലഭിക്കുന്നതനായി 360 സ്‌പേഷ്യല്‍ സൗണ്ട് ടെക്‌നോളജി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എഐ കേന്ദ്രീകൃതമായ നോയിസ് റിഡക്ഷനുമുണ്ട്. ഭാരം 260 ഗ്രാം. ഒറ്റ ഫുള്‍ചാര്‍ജില്‍ 28 മണിക്കൂര്‍ വരെ ഉപയോഗിക്കാനായേക്കും. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ കടകളില്‍ന നിന്ന് നവംബര്‍ 30 മുതല്‍ വാങ്ങാം. വില 15,990 രൂപ.
സാംസങ് ഗ്യാലക്‌സി എ05 അവതരിപ്പിച്ചു; വില 9,999 രൂപ മുതല്‍
മീഡിയടെക് ഡിമെന്‍സിറ്റി ജി85 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന, 6.7-ഇഞ്ച് എച്ഡിപ്ലസ് ഡിസ്‌പ്ലെയുള്ള സാംസങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കെത്തി. ഗ്യാലക്‌സി എ05 എന്നു പേരിട്ടിരിക്കുന്ന ഫോണിന് രണ്ടു വേരിയന്റുകളാണ് ഉള്ളത്-4+64ജിബി, 6+128ജിബി. ഇവയുടെ എംആര്‍പി യഥാക്രമം 9,999 രൂപ, 12,499 രൂപ എന്നിങ്ങനെയാണ്. ബാറ്ററി 5000എംഎഎച്, 25w ഫാസ്റ്റ് ചാര്‍ജിങ്, ഫെയ്‌സ് അണ്‍ലോക് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. പ്രധാന ക്യാമറയുടെ റെസലൂഷന്‍ 50എംപിയാണ്.
വണ്‍പ്ലസ് 12ന്റെ പിന്‍ക്യാമറാ ക്യാമറകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇതാ
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വണ്‍പ്ലസ്. മൂന്നു ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങ് ഉള്ള ക്യാമറകളാണ് ഫോണിനു പിന്നില്‍. സോണി 50എംപി എല്‍വൈടി-808 സെന്‍സര്‍ ആണ് പ്രധാന ക്യാമറയ്ക്ക്. അള്‍ട്രാവൈഡ് സെന്‍സറിന് 48എംപി റെസലൂഷനും, പെരിസ്‌കോപ് സംവിധാനമുള്ള ഉള്‍പ്പെടുന്ന ടെലി ലെന്‍സിന് 64എംപി റെസലൂഷനും ഉണ്ട്. പിന്‍ക്യാമറാ സിസ്റ്റത്തിന്റെ മൊത്തം ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു 13 ചാനല്‍ മള്‍ട്ടി-സ്‌പെക്ട്രല്‍ സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
ആപ്പിള്‍-ഗോള്‍ഡ്മാന്‍ സാക്‌സ് സഹകരണം അവസാനിപ്പിക്കുന്നു
ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിളും സാമ്പത്തിക കമ്പനി ഗോള്‍ഡ്മാന്‍ സാക്‌സും തമ്മില്‍ നിലവിലുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ദി വോള്‍ സ്ട്രീറ്റ് ജേണല്‍. ഇരു കമ്പനികളും തമ്മിലുള്ള ക്രെഡിറ്റ് കാര്‍ഡ് സഹകരണമാണ് അവസാനിപ്പിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് ഒരു വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരുന്നു. ഇത് വരുന്ന 12-15 മാസത്തിനുള്ളില്‍ നിറുത്താനാണ് തീരുമാനം.
2023ലെ വാക്കായി ഒതെന്റിക് തിരഞ്ഞെടുത്തു
എഐയുടെ കടന്നുകയറ്റം മൂലം ഏറി വരുന്ന വ്യാജ ചിത്രങ്ങളുടെയും സാന്നിധ്യം കണക്കിലെടുത്ത് ഒതന്റിക് (Authentic) 2023ലെ വാക്കായി മെറിയം-വെബ്‌സ്‌റ്റേഴ്‌സ് ഡിക്ഷ്ണറിയുടെ ഗവേഷകര്‍ തിരഞ്ഞെടുത്തു. ഏതാണ് യാഥാര്‍ത്ഥ്യം, ഏതാണ് വ്യാജം എന്നുള്ള തിരിച്ചറിയല്‍ വിഷമമായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒതന്റിക്ക് എന്ന വാക്ക് തിരഞ്ഞെടുത്തതെന്ന് മെറിയം-വെബ്‌സ്‌റ്റേഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ''തെറ്റോ, അനുകരണമോ അല്ലാത്ത'' എന്ന നിര്‍വ്വചനമാണ് ഒതന്റിക്ക് എന്ന വാക്കിന് ഡിക്ഷ്ണറി നല്‍കിയിരിക്കുന്നത്.