ADVERTISEMENT

കൊല്ലം ഓയൂർ സംഭവത്തിൽ പ്രതി പദ്മകുമാർ പിടിയിലായതോടെ ചിത്രം വരച്ച സ്മിത എം ബാബുവിനും ആർ ബി ഷജിത്തിനും നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്. അർധരാത്രിയിലാണ്  പൊലീസിന്റെ വിളിയെത്തിയത്. 5 മണിക്കൂർകൊണ്ടു തിരുവനന്തപുരം സി–ഡിറ്റിലെ ആർട്ടിസ്റ്റ് ആയ ഷജിത്തിനും ഭാര്യ ചിത്രകല അധ്യാപികയായ സ്മിത ചിത്രം പൂർത്തിയാക്കുകയായിരുന്നു. നിരവധി ചിത്രങ്ങൾ വരച്ചതിനു ശേഷമാണു പ്രതിയുടെ മുഖഛായയിലേക്ക് എത്തിയത്. 

പല കേസുകളിലും പ്രതിയെ തിരിച്ചറിയാനുള്ള ആദ്യ തുമ്പുകളിലേക്കെത്താൻ രേഖാചിത്രം വരയ്ക്കുന്നവർ സഹായിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ പറയുന്നതാണ് രേഖാചിത്രമെന്നും അവരുടെ ഓർമശക്തിയെ ആശ്രയിച്ചിരിക്കും വരയുടെ പൂർണതയെന്നതിനാൽ പലപ്പോഴും ചെറിയ മാറ്റങ്ങളുമുണ്ടാകാം

2007 ലാണ് കേരള പോലീസിന്റെ ഭാഗമായി  രാജേഷ് മണിമല രേഖാ ചിത്രം വരക്കാൻ തുടങ്ങിയത്. ഇതുവരെ 200 ൽ അധികം രേഖാ ചിത്രങ്ങൾ വരയ്ക്കുകയും അതിൽ ഭൂരിഭാഗവും പ്രതിയിലേക്ക് എത്തിച്ചേരാൻ സഹായകമാകുകയും ചെയ്തു. എംഎ, ബിഎഡ് ബിരുദവും മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ഡിപ്ളോമയും നേടിയ ശേഷമാണ് ഇദ്ദേഹം പൊലീസിന്റെ ഭാഗമാകുന്നത്.  കേരളാ പൊലീസില്‍ രേഖാ ചിത്രകാരൻ എന്ന പ്രത്യേക പോസ്റ്റില്ലെങ്കിലും ഡിജിപിയുടെ ഉത്തരവോടെ സംസ്ഥാനമെമ്പാടുമുള്ള കേസുകളിൽ നിർണായക ചിത്രങ്ങൾ വരയ്ക്കാൻ കഴിഞ്ഞു.  500ൽ അധികം രേഖാചിത്രങ്ങൾ വരച്ചു പല കേസുകൾക്കും തുമ്പുണ്ടാക്കിയ പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് മണിമല ഈ സാങ്കേതികതയുടെ സാധ്യതകൾ പറയുന്നു.

si-rajesh - 1
രാജേഷ് മണിമല

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ കണ്ണ് എങ്ങനെയെന്നു ചോദിച്ചാൽ പലർക്കും പറയാൻ കഴിയില്ല. ഇത്തരത്തിലുള്ള ആളുകളുടെ വിവരണങ്ങളിൽനിന്നു വേണം ചിത്രം രൂപപ്പെടാൻ. ദൃക്സാക്ഷികളോട് അല്ലെങ്കിൽ സംഭവത്തിലെ ഇരയോട് ആളുടെ വിവരണം ആവശ്യപ്പെടും. എന്തെങ്കിലും പ്രത്യേകതകൾ വിവരിക്കാനാവും ആവശ്യപ്പെടുക. പ്രത്യേകതകളൊന്നും ഇല്ലെങ്കിൽ കൈവശമുള്ള നിരവധി പാറ്റേണുകളിൽ നിന്നു സാമ്യമുള്ളവ തിരഞ്ഞെടുക്കാനാവശ്യപ്പെടും.

കവിൾ ചാടിയതാണോ മെലിഞ്ഞതാണോ, മുടിയുടെ പ്രത്യേകതകൾ എന്നിവ ചോദിച്ചു മനസിലാക്കി പ്രാഥമിക രൂപം ഉണ്ടാക്കിയശേഷം, ദൃക്സാക്ഷിയെ കാണിച്ചശേഷം മാറ്റിവരച്ചു ഒടുവിലാണ് ഒരു രേഖാചിത്രം രൂപപ്പെടുന്നത്. ആദ്യകാലത്തു പെൻസിലും റബറും പേപ്പറുമായിരുന്നു മാധ്യമങ്ങളെങ്കിൽ ഇപ്പോൾ സോഫ്റ്റ്​വെയറുകളും ടാബ്​ലറ്റ് കംപ്യൂട്ടറുകളുമാണ് ഉപയോഗപ്പെടുത്തുക. ഈ രചനാരീതിയോടുള്ള അദമ്യമായ ആഗ്രഹത്തിൽ സോഫ്​റ്റ്​വെയറുകളും ടാബും സ്വന്തമായി വാങ്ങിയാണ് രചന മുന്നോട്ടു കൊണ്ടുപോകുന്നതെന്നു രാജേഷ് മണിമല പറയുന്നു.

അനാട്ടമിയുള്‍പ്പെടെയുള്ള കാര്യങ്ങൾ പഠനവിധേയമാവേണ്ട ഒരു സയന്റിഫിക് സങ്കേതമായി കേസന്വേഷണത്തിൽ ഇത്തരം രേഖാചിത്ര രീതി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന അഭിപ്രായവും അദ്ദേഹം പങ്കുവയ്ക്കുന്നു. പൊലീസ് സേനയിലുള്ളവരെ ട്രെയ്ൻ ചെയ്തു ഒരു ടീമിനെ സൃഷ്ടിക്കാനുമാവുമെന്നും ഇദ്ദേഹം പറയുന്നു.കണ്ണും മൂക്കുമൊക്കെ ദൃക്സാക്ഷി തിരിച്ചറിയാൻ പ്രയാസപ്പെടുന്ന അവസരത്തിൽ നിരവധി മാതൃകകൾ സൃഷ്ടിക്കാൻ എഐ പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു. 

പത്മകുമാർ
പത്മകുമാർ

തെറ്റുകളും പറ്റാം

ഓർമശക്തിയെ ആശ്രയിച്ചിരിക്കും വരയുടെ പൂർണതയെന്നതിനാൽ പലപ്പോഴും ചെറിയ മാറ്റങ്ങളുമുണ്ടാകാമെന്നും അതിൽ വിമർശിക്കപ്പെടാമെന്നും രാജേഷ് മണിമല പറയുന്നു. പലപ്പോഴും വളരെ പ്രായമായവരായിരിക്കും ദൃക്സാക്ഷികൾ. തങ്ങൾ പറ‍ഞ്ഞതിലെ തെറ്റുകാരണം നിരപരാധികളെ പിടിക്കുമോയെന്ന ഭയം അവരെ പിടികൂടും. ഒരു സംഭവം ഇങ്ങനെ

പെരുമ്പാവൂർ കേസിലെ രേഖാചിത്രം വലിയ പ്രശ്നങ്ങൾക്കിടയാക്കി. ദൃക്സാക്ഷി ഇത്തരത്തിൽ ഭയന്ന ഒരാളായിരുന്നു. പറയുന്നതിൽ തെറ്റുണ്ടാവുമോ ഓർമ കൃത്യമാണോ എന്ന ഭയം. ഒടുവിൽ ചിത്രം പ്രസിദ്ധീകരിച്ചു. പ്രതിയെ പിടികൂടിയതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ വന്നു. പക്ഷേ ആ ചിത്രം നോക്കിയാൽ മുടി മാത്രമാണ് വ്യത്യാസമെന്നും ഇദ്ദേഹം പറയുന്നു.

amirul - 1

പ്രതിയെ കണ്ടപ്പോൾ കച്ചിപോലെ മുടിയുള്ള ആൾ എന്നാണ് വിശദീകരിച്ചത്. പുതിയ തരം ചുരുണ്ട ഹെയർസ്റ്റൈൽ ആകാമെന്ന ധാരണയിൽ അങ്ങനെ പൂർത്തിയാക്കി. പക്ഷേ നീളൻ മുടിയുള്ള ആൾ മല്‍പ്പിടുത്തത്തിനിടെ മുടി അലസുകയായിരുന്നു.

കൊല്ലം ഓയൂർ സംഭവത്തിൽ നിരവധി അഭിനന്ദനങ്ങൾ ഏറ്റവും വാങ്ങിയ സ്മിത എം ബാബുവും ആർ ബി ഷജിത്തും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ

കൊല്ലം ഓയൂരിലെ പെൺകുട്ടിയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ ACP പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയാറാക്കി നൽകി. പിന്നീട് കുട്ടിയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണ്ണായക കാരണം പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണങ്ങൾക്കൊപ്പം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം . കൂടെ ഉറക്കമൊഴിച്ച് ഞങ്ങളുടെ കൂടെ നിന്ന പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്പോൺസ് , മറ്റ് സുഹൃത്തുക്ക​ൾ, എല്ലാവർക്കും നന്ദി നിർണായക അടയാളങ്ങൾ തന്നതിന് കുട്ടിക്കു നന്ദി പറയുകയും ചെയ്തു ഈ കലാകുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com