വാട്‌സാപ് ചാറ്റ് സൂക്ഷിക്കണമെങ്കില്‍ ഇനി പണം നൽകണം; വിഡിയോ ഗ്രൂപ്പുകളിലെല്ലാം ജോയിൻ ചെയ്യുന്നവർ അറിയാൻ
Mail This Article
ഗൂഗിള്‍, വാട്‌സാപ് എന്നീ കമ്പനികള്‍ സംയുക്തമായി കഴിഞ്ഞ വർഷം എടുത്ത ഒരു തീരുമാനം ഈ വർഷം ആദ്യം പ്രാബല്യത്തില്‍ വരും. ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. ഇത് ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്ന 5 ജിബിയാണ് ഫ്രീ സ്റ്റോറേജ് പരിധി. തങ്ങളുടെ 15 ജിബി പരിധി പ്രാബല്യത്തില്‍ വരുമ്പോഴും, എതിര്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നതിന്റെ മൂന്നിരട്ടി ഫ്രീ സംഭരണശേഷി നല്‍കുന്നുണ്ടെന്നാണ് ഇതേക്കുറിച്ച ഗൂഗിളിന്റെ നിലപാട്.
30 ദിവസത്തെ സാവകാശം
പുതിയ മാറ്റം വാട്‌സാപ് ബീറ്റാ ഉപയോക്താക്കള്‍ക്ക് 2023 ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങി. ഇത് എല്ലാ ഉപയോക്താക്കള്‍ക്കും 2024 ആദ്യം മുതല്‍ നടപ്പാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താമസിയാതെ എല്ലാ വാട്‌സാപ് ഉപയോക്താക്കള്‍ക്കും ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിച്ചു തുടങ്ങും. വാട്‌സാപ്>ചാറ്റ്‌സ്>ചാറ്റ്‌സ് ബാക് അപ് വിഭാഗത്തില്‍ 'പുതിയ മാറ്റം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന' നോട്ടിഫിക്കേഷന്‍ കണ്ടു തുടങ്ങും. അനുവദിക്കുന്ന 15 ജിബി ഫ്രീ പരിധിക്കപ്പുറമുള്ള, സൂക്ഷിക്കണം എന്നു കരുതുന്ന വാട്‌സാപ് സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഈ കാലയളവിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്ത് മാറ്റണം.
വാട്‌സാപ് ഉപയോക്താക്കള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്‌സാപ് ഉപയോഗിക്കുന്നവര്‍ക്കു മുന്നില്‍ ഇനി ഡേറ്റ സൂക്ഷിക്കാന്‍ രണ്ടു വഴികളാണ് ഉള്ളത്.
1. അനാവശ്യമായ ചാറ്റുകളും വിഡിയോകളഉം ഡിലീറ്റ് ചെയ്ത് എപ്പോഴും 15 ജിബി പരിധിക്കുള്ളില്‍ നിർത്തുക.
2. ഗൂഗിള്‍ വണ്‍ സേവനത്തിന് സബ്‌സ്‌ക്രൈബ് ചെയ്യുക.
ഗൂഗിള്‍ വണ്‍ ബേസിക് പ്ലാനിന് ഓഫര്‍
പരിധിയില്ലാത്ത വാട്‌സാപ് ചാറ്റ് ബാക്അപ് എടുത്തു കളയുന്ന അതേ സമയത്തുതന്നെ തങ്ങളുടെ ഗൂഗിള്‍ വണ്‍ ക്ലൗഡ് സംഭരണ പ്ലാനുകള്‍ക്ക് താൽക്കാലികമായി ഗൂഗിള്‍ ഓഫര്‍ നല്‍കിയിരിക്കുന്നത് യാദൃച്ഛികമാകണമെന്നില്ല.
ഫോട്ടോകളും വിഡിയോയും ഡോക്യുമെന്റുകളുമെല്ലാം സേവ് ചെയ്തു സൂക്ഷിക്കാനായി മൂന്ന് പ്ലാനുകളാണ് കമ്പനി നല്‍കുന്നത്- ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം. ബേസിക് പ്ലാനിന് പ്രതിമാസം 130 രൂപയാണ് വരിസംഖ്യ. പ്രതിവര്‍ഷം 1300 രൂപ. ഇതിപ്പോള്‍ മൂന്നു മാസത്തേക്ക് 130 രൂപയ്ക്കാണ് ഗൂഗിള്‍ നല്‍കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് പ്ലാനിനും ഓഫറുണ്ട്. പ്രതിമാസം 210 രൂപ നല്‍കേണ്ട പ്ലാന്‍ ഇപ്പോള്‍ മൂന്നു മാസത്തേക്ക് 210 രൂപയ്ക്ക് ലഭിക്കും. ഇതില്‍ 200ജിബി സംഭരണശേഷിയുണ്ട്. കൂടാതെ, 2 ടിബി സംഭരണശേഷിയുള്ള പ്രീമിയം പ്ലാനിന് പ്രതിമാസം 650 രൂപയാണ് വരിസംഖ്യാനിരക്ക്. അതിപ്പോള്‍ മൂന്നു മാസത്തേക്ക് 650 രൂപയ്ക്ക് ലഭിക്കും. ഓര്‍ക്കുക, ഓഫര്‍ കാലാവധിക്കു ശേഷം പ്ലാനുകളെല്ലാം പഴയ നിരക്കിലേക്കു മാറിയേക്കും.
ഓഫര്‍ വേണ്ടവര്‍ എന്തു ചെയ്യണം?
ഗൂഗിള്‍ വണ്‍ ആപ് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അക്കൗണ്ട് വഴി സൈന്‍-ഇന്‍ ചെയ്യുക. നിലവില്‍ ഗൂഗിള്‍ ക്ലൗഡ് വരിക്കാര്‍ അല്ലാത്തവര്‍ക്ക് അപ്‌ഗ്രേഡ് ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്താൽ പ്ലാനുകള്‍ കാണാം. ഗൂഗിള്‍ ഫോട്ടോസ് ആപ്പിലും 'അണ്‍ലോക് സ്‌റ്റോറേജ് ഡിസ്‌കൗണ്ട്' എന്ന ബട്ടണ്‍ ഉണ്ട്. ഡെസ്‌ക്ടോപ് വഴിയാണ് സ്വീകാര്യമെന്നുള്ളവര്‍ക്ക് ഗൂഗിള്‍ വണ്‍ വെബ്‌സൈറ്റിലെത്തി സൈന്‍-ഇന്‍ ചെയ്താലും ഓഫര്‍ കാണാം.
നിങ്ങള്‍ എഐ നിരീക്ഷണത്തില്‍; രാജ്യത്തെ ആദ്യത്തെ എഐ നിരീക്ഷണ നഗരമായി അഹമ്മദാബാദ്
സമ്പൂര്‍ണമായി നിര്‍മിത ബുദ്ധി അധിഷ്ഠിതമായ നിരീക്ഷണ വലയത്തിനുള്ളിലേക്ക് അഹമ്മദാബാദ് നഗരം. രാജ്യത്ത് ആദ്യമായാണ് ഒരു നഗരം ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവരുന്നത്. നഗരത്തിലെ പാല്‍ഡി (Paldi) മേഖലയിലാണ് ഇതിന്റെ നിയന്ത്രണ സംവിധാനങ്ങൾ പ്രവര്‍ത്തിക്കുന്നത്. നിരീക്ഷണത്തിനായി 9 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുളള ഒരു സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്. ഈ സ്‌ക്രീന്‍ വഴി അഹമ്മദാബാദ് നഗരവും പ്രാന്തപ്രദേശങ്ങളും അടങ്ങുന്ന 460 ചതുരശ്ര കിലോമീറ്റര്‍ നിരീക്ഷിക്കാന്‍ സാധിക്കും.
നഗര നിരീക്ഷണത്തിനായി പറക്കുന്ന ഡ്രോണുകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍, നഗരത്തിലെമ്പാടും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ നിന്നുള്ള ഫീഡുകള്‍, ട്രാഫിക് സിഗ്നലുകളിലും ബസുകളിലും നിന്നുള്ള ഫീഡുകള്‍ തുടങ്ങിയവയെല്ലാം കമാന്‍ഡ് ആന്‍ഡ് കൺട്രോള്‍ സെന്ററില്‍ ലഭിക്കും. ട്രാഫിക് നിയമ ലംഘകരെ കണ്ടെത്തുന്നതു കൂടാതെ, നഗരത്തില്‍ നടക്കുന്ന അസ്വാഭാവിക കാര്യങ്ങളും എഐ സിസ്റ്റം ശ്രദ്ധിക്കും. ഇത്തരത്തിലുള്ള ഒട്ടനവധി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പുതിയ ഓട്ടമേറ്റഡ് സൗകര്യത്തിന് സാധിക്കും. മുനിസിപ്പല്‍ അധികൃതര്‍ക്കും പൊലിസിനും ഇത് അനുഗ്രഹമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകന്റെ പുതിയ സംരംഭം 'ഓപ്‌ഡോര്‍'
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകരില്‍ ഒരാളായ ബിന്നി ബെന്‍സാല്‍ ഓപ്‌ഡോര്‍ (OppDoor) എന്ന പേരില്‍ പുതിയ സംരംഭം തുടങ്ങി. ആഗോള തലത്തില്‍ പുതിയതായി സ്ഥാപിക്കപ്പെടുന്ന ഓണ്‍ലൈന്‍വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സിംഗപ്പൂര്‍ കേന്ദ്രമായി ആണ് ഓപ്‌ഡോര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മണികൺട്രോളിന്റെ റിപ്പോര്‍ട്ടിലുണ്ട്.
പുതിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ രൂപകല്‍പ്പന, ഉല്‍പന്നങ്ങള്‍, ജീവനക്കാര്‍, ബാക്-എന്‍ഡ് സപ്പോര്‍ട്ട് തുടങ്ങിയവയ്‌ക്കെല്ലാം സഹായം നല്‍കാനായിരിക്കും ബന്‍സാലിന്റെ സ്ഥാപനം ശ്രമിക്കുക.
ടാറ്റാ പേയ്ക്ക് ആര്‍ബിഐ അംഗീകാരം
ടാറ്റാ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പണമിടപാട് ആപ്പായ ടാറ്റാ പേയ്ക്ക് (Tata Pay) ആര്‍ബിഐയുടെ അംഗീകാരം. ഗൂഗിള്‍ പേ തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ പോലെ ഡിജിറ്റല്‍ പണക്കൈമാറ്റത്തിന് പുതിയ സംവിധാനം ഉപകരിക്കും. പേമെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ആണ് ലഭിച്ചിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ആയിരിക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുക.
നതിങ് ഫോണ്‍ 2എ വരുന്നു?
ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ് കമ്പനി ഉടന്‍ ഒരു പുതിയ സ്മാര്‍ട്ഫോണ്‍ മോഡല്‍ പുറത്തിറക്കിയേക്കും. ഇതു സംബന്ധിച്ച സൂചന പുറത്തുവിട്ടിരിക്കുന്നത് കമ്പനിയുടെ മേധാവി കാള്‍ പെയ് ആണ്. ഇതിന്റെ പേര് നതിങ് ഫോണ്‍ 2എ എന്നായിരിക്കുമെന്നാണ് സൂചന. ഫോണിന് 6.7-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി ഡിസ്‌പ്ലെ, 50എംപി പ്രധാന സെന്‍സര്‍ അടക്കം ഇരട്ട പിന്‍ക്യാമറാ സിസ്റ്റം, 32എംപി സെല്‍ഫി ഷൂട്ടര്‍ തുടങ്ങിയവ കണ്ടേക്കും. മീഡിയാടെക് ഡിമെന്‍സിറ്റി 7200 പ്രൊസസര്‍, 8 ജിബി റാം തുടങ്ങിയവ പ്രതീക്ഷിക്കുന്നു.