ADVERTISEMENT

മെറ്റവേഴ്സിലെ 'വെർച്വൽ ലൈംഗിക പീഡനം', ഐശ്വര്യറായ്, രശ്മിക തുടങ്ങിയവരുടെ സ്വകാര്യ വിഡിയോകൾ, ഡീപ് ഫെയ്ക് തട്ടിപ്പുകൾ തുടങ്ങി എഐയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങളും പുറത്തുവന്നു. എഐ കമ്പനികളെയും ജനറേറ്റീവ് എഐ മോഡലുകളെയും ആരാകും ഇനി നിയന്ത്രിക്കുകയെന്ന സംശയമാണ് പലരും ഉയർത്തിയത്. പല രാജ്യങ്ങളിലും ടെക് ഭീമന്‍മാരും അധികൃതരും ഇത്തരം തട്ടിപ്പുകൾക്കെതിരെ പോരാടാനായി ഒരുമിച്ചു പ്രവർത്തിക്കുകയാണ്. അതോടൊപ്പം നിയമനിർമാണങ്ങളും നിലവിലെ നിയമങ്ങളുടെ ഭേദഗതികളും ഉണ്ടാകുന്നു.

എഐയുടെയും ഡീപ്ഫെയ്കിന്റെയും കടന്നുവരവോടെ നമ്മുടെ രാജ്യത്തും 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിൽ ഭേദഗതി ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരികയാണ്. നിർമിത ബുദ്ധിയുള്ള അൽഗോരിതങ്ങളോ ഭാഷാ മോഡലുകളോ ഉപയോഗിച്ച്  മെഷീനുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾ പക്ഷപാതരഹിതമായിരിക്കണമെന്നും അതിനുള്ള നിയമപരമായ ബാധ്യകൾ കമ്പനികൾക്കു നൽകുന്ന വിധത്തിൽ ഭേദഗതികൾ വ്യവസ്ഥചെയ്യാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളിലെ സൂചന.

ഏതെങ്കിലും പക്ഷപാതപരമായ ഉത്തരങ്ങൾ ഇത്തരം എഐ ചാറ്റ്ബോടുകൾ നൽകുന്നതിനു തടയുന്നതിനുള്ള നിയമപരമായ ബാധ്യത ഉണ്ടാവുകയും ഒപ്പം ഡീപ്ഫെയ്ക്  ഉള്ളടക്കം, ലോൺ ആപ്പുകളുടെ പ്ലാറ്റ്‌ഫോമുകൾക്കുള്ള പ്രവർത്തനം എന്നിവയ്ക്കും പുതിയ നിയമങ്ങൾ കൊണ്ടുവന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡീപ്ഫെയ്ക് വിഡിയോകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ആശങ്ക അറിയിച്ചിരുന്നു. ജി–20 രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇത്തരത്തിൽ ഒരു നിയന്ത്രണം രാജ്യാന്തരതലത്തിൽ തന്നെ വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് വിഡിയോകൾ നിരന്തരമായി പ്രചരിക്കുന്നത് സർക്കാരിനുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 

deepfake-1

ചർച്ചകൾക്ക് തുടക്കം കുറിച്ച  രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്

നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ പുറത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെയാണ് ടൈഗർ 3 ചിത്രത്തിലെ കത്രീന കൈഫ് അവതരിപ്പിച്ച സംഘട്ടന രംഗത്തിന്റെ ഡീപ് ഫെയ്ക് ചിത്രം പുറത്തുവന്നത്. പിന്നീട് കജോൾ വസ്ത്രം മാറുന്നതിന്റെയും സാറാ തെൻഡുൽക്കറിന്റെയും ഡീപ് ഫെയ്ക്കുകൾ പുറത്തുവന്നതോടെ കനത്ത പ്രതിഷേധം ഉയർന്നു. അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നതോടെ വിവാദം ചൂടുപിടിച്ചു. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചന്റെ മരുമകളായ ഐശ്വര്യയുടെയും വ്യാജ വിഡിയോ പുറത്തുവന്നത്.

നിലവിലെ നിയമങ്ങൾ

ഡീപ് ഫെയ്ുകകളും എഐ സംബന്ധിയായ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാൻ ഇവിടെ പ്രത്യേക നിയമങ്ങളില്ല, എന്നാൽ നിലവിലെ നിയമങ്ങളാൽ ശിക്ഷ ഉറപ്പാക്കാൻ കഴിയുമെന്നു വിദഗ്ദർ പറയുന്നു. ഒരു വ്യക്തിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുകയോ വ്യാജമായി ഉപയോഗിക്കുകയോ ചെയ്യുന്നതു മൂന്ന് വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. 

അതുപോലെ  ആൾമാറാട്ടത്തിലേക്കോ വഞ്ചനയിലേക്കോ നയിക്കുന്ന ആശയവിനിമയ ഉപകരണങ്ങളോ കമ്പ്യൂട്ടർ ഉറവിടങ്ങളോ ദുരുദ്ദേശ്യത്തോടെ ഉപയോഗിക്കുന്ന വ്യക്തികളെ ഐടി നിയമത്തിലെ സെക്ഷൻ 66 ഡി ഉപയോഗിച്ചു ശിക്ഷ ഉറപ്പുവരുത്താം. ഐടി നിയമത്തിലെ സെക്ഷൻ 67, 67A, 67B എന്നിവ അശ്ലീലമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ പ്രവൃത്തികൾ ഉൾക്കൊള്ളുന്ന ഡീപ്ഫെയ്ക്കുകൾ പ്രസിദ്ധീകരിക്കുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഉപയോഗിക്കാം. 

ഡീപ് ഫെയ്ക്കിനു തടയിടാനും ഗവേഷണം

Image Credit: Rifrazione_foto/shutterstock
Image Credit: Rifrazione_foto/shutterstock

ഒരാളുടെ ഫോട്ടോ അയാളുടെ അനുവാദമില്ലാതെ മാറ്റിമറിക്കപ്പെടാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് പുതിയ തരത്തിലുള്ള വാട്ടര്‍മാര്‍ക്കിങ് സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ചില ഗവേഷകര്‍. ഫോട്ടോഗാര്‍ഡ് എന്ന പേരിലായിരിക്കും ഈ സാങ്കേതികവിദ്യ അറിയപ്പെടുക.ചിത്രത്തിലെ ചില പിക്‌സലുകള്‍ മാറ്റുകയാണ് ചെയ്യുക. എന്തു ഫോട്ടോയാണ് എന്ന് എഐക്ക് അതോടെ മനസ്സിലാകാതാകുമെന്നാണ് എന്‍ഗ്യാജറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം മാറ്റിമറിക്കല്‍ (perturbations) മനുഷ്യര്‍ക്ക് കാണാനുമാവില്ല എന്ന് ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ഇതിനെ ഡിഫ്യൂഷൻ എന്നാണ് വിളിക്കുന്നത്. ഇത് ഉപയോഗിച്ചാല്‍ എഐക്ക് ആ ചിത്രം മറ്റെന്തെങ്കിലുമായി തോന്നും. ഇത്തരം ചിത്രങ്ങള്‍ എഐ എഡിറ്റു ചെയ്താല്‍ പോലും ഒന്നും സംഭവിക്കില്ല. പക്ഷേ ഈ സാങ്കേതികവിദ്യയും പൂര്‍ണ്ണമായും പഴുതറ്റതല്ലെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഹാഡി സാല്‍മണ്‍ പറഞ്ഞു.

ഡീപ്ഫെയ്ക് റിപ്പോർട്ട് ചെയ്യാൻ

Credit:RapidEye/Istock
Credit:RapidEye/Istock

∙ഡീപ് ഫെയ്ക്കുകൾ കുറ്റകൃത്യങ്ങൾക്കു ഉപയോഗിക്കുന്നതിനാൽ നിയമ നിർവഹണ അധികൃതരുമായി ബന്ധപ്പെടുക എന്നതാണ് ഏറ്റവു പ്രാധാന്യം, എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ പരാതികൾ സ്വീകരിക്കുമെന്നതിനാൽ ഏറ്റവും അടുത്തുള്ള പൊലീസ് അധികാരികളെ എത്രയും വേഗം ബന്ധപ്പെടുക

∙കണ്ടെത്തിയ പ്ലാറ്റ്‌ഫോമിൽ അത് റിപ്പോർട്ട് ചെയ്യുക. മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഫെയ്ക്കുകൾക്കെതിരായ നയങ്ങളുണ്ട്, പ്ലാറ്റ്‌ഫോമിന്റെ റിപ്പോർട്ടിങ് ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് അവ റിപ്പോർട്ടുചെയ്യാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com