മൊബൈല്‍ വരിസംഖ്യ വര്‍ധിപ്പിച്ചേക്കാം, ടെലികോം മേഖലയില്‍ 30 പുതിയ നിയമങ്ങളും; സാധ്യതകള്‍ ഇങ്ങനെ
Mail This Article
രാജ്യത്തെ പ്രധാനപ്പെട്ട ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം സേവന നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ടെക് വിദഗ്ധർ. ജിയോയും എയര്‍ടെലും രാജ്യത്തെമ്പാടും താമസിയാതെ 5ജി വിന്യാസം പൂര്‍ത്തിയാക്കിയേക്കും. അതിനു ശേഷമായിരിക്കുമോ വർധന എന്നു വ്യക്തമല്ല. നിലവിൽ ലോകത്തെ ഏറ്റവും കുറഞ്ഞ ടെലികോം നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഉടനെ ഒരു വരിസംഖ്യാ വർധന പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വർധന ഉടനില്ലെങ്കില്‍ കാരണം?
ജൂലൈ 2017ന് ശേഷം വരിസംഖ്യാ നിരക്ക് രാജ്യത്ത് ഏകദേശം 2 മടങ്ങ് മാത്രമാണ് വർധിച്ചിരിക്കുന്നത്. കുറഞ്ഞ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാസം ഇപ്പോള്‍ ഏകദേശം 150 രൂപയ്ക്ക് പോലും ഒരു കണക്‌ഷന്‍ നിലനിര്‍ത്താം. ബംഗ്ലദേശില്‍ പോലും ഇത് 2.9 ഡോളറാണ്(ഏകദേശം 241.21 ഇന്ത്യൻ രൂപ) . ചൈനയില്‍ 6.2 ഡോളര്‍(ഏകദേശം 515 ഇന്ത്യന്‍ രൂപ), ഫിലിപ്പീന്‍സില്‍ 6.6 ഡോളര്‍(549 ഇന്ത്യന്‍ രൂപ), മലേഷ്യയില്‍ 9.2 ഡോളര്‍( ഏകദേശം765 രൂപ), മെക്‌സിക്കോയില്‍ 10 ഡോളര്‍(831 ഇന്ത്യന്‍ രൂപ), തായ്‌ലൻഡില്‍ 15.8 ഡോളര്‍(1314 ഇന്ത്യൻ രൂപ), ദക്ഷിണാഫ്രിക്കയില്‍ 19 ഡോളര്‍(1580 ഇന്ത്യന്‍ രൂപ), അമേരിക്കയില്‍ 43.6 ഡോളര്‍(3626 ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് ഇതിനു മുടക്കേണ്ട പണം.
രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ മാസവരി ഉടന്‍ വർധിപ്പിച്ചേക്കുമെന്നാണ് ഇന്റര്‍നാഷനല്‍ ടെലികോം യൂണിയന്‍, വേള്‍ഡ് ബാങ്ക് എന്നിവയിലെ ഡേറ്റ വിശകലനം ചെയ്ത, ഐസിഐസിഐ സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, നിരക്കു വർധന ഉടനെ കൊണ്ടുവരുന്നില്ലെങ്കില്‍ അതിന് ഒരു കാരണം, ആസന്നമാകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പായിരിക്കുമെന്നു കരുതുന്നവരും ഉണ്ട്.
ടെലികോം മേഖലയില്‍ 30 പുതിയ നിയമങ്ങള്‍ വന്നേക്കും
ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന കുറച്ചു നിയമങ്ങള്‍ താമസിയാതെ രാജ്യത്ത് പ്രാബല്യത്തില്‍ വന്നേക്കാം. പുതിയ ടെലികോം ബില്‍ 2023 നെ അടിസ്ഥാനമാക്കി വരും മാസങ്ങളില്‍ ഈ മേഖലയില്‍ പുതിയ മുപ്പതിലേറെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് (ഡോട്ട്) എന്ന് ഇടി. സ്‌പെക്ട്രം പതിച്ചു നല്‍കല്‍, ഫോണ്‍കോളുകളിൽ ഇടപെടുക (intercept), ബയോമെട്രിക് ഡേറ്റ ശേഖരണം തുടങ്ങിയവ സംബന്ധിച്ച് പല പുതിയ നിയമങ്ങളും വന്നേക്കും.
സൈബര്‍ ക്രിമിനലുകള്‍ ഇന്ത്യയില്‍നിന്നു തട്ടിയത് 10,300 കോടി
2021 ഏപ്രില്‍ 1 മുതല്‍ 2023 ഡിസംബര്‍ 3 വരെ സൈബര്‍ ക്രിമിനലുകള്‍ ഇന്ത്യയില്‍നിന്ന് 10,300 കോടി രൂപ തട്ടിയെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍. ഇതില്‍ 1,127 കോടി രൂപ കടത്തുന്നതു തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു സാധിച്ചു.
പരമ്പരാഗത മാര്‍ക്കറ്റിങ് രീതിയെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ 2024 ല്‍ പൊളിച്ചെഴുതിയേക്കാം സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ ഫോളോവര്‍മാര്‍ ഉള്ളവരെയാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നു വിളിക്കുന്നത്. അതിവേഗമാണ് ഈ മേഖല കുതിക്കുന്നത്. അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 1,200 കോടി രൂപയാണ് 2023ല്‍ ഇന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നേടിയത്.
പുതിയ വര്‍ഷത്തില്‍ അത് പല മടങ്ങ് വർധിച്ചേക്കാമെന്നാണ് സുചനകള്‍. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി പ്രശസ്തിയാര്‍ജ്ജിക്കുന്നവരുടെ പ്രസക്തിയും പ്രതികരണശേഷിയും 2024ല്‍ വലിയ തോതില്‍ വർധിച്ചേക്കും.
ഫോണിലേക്കു നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച് സ്റ്റാര്‍ലിങ്ക്!
ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ സ്റ്റാര്‍ലിങ്ക് ആദ്യമായി 'ഡയറക്ട് ടു സെല്‍' ശേഷിയുള്ള ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ആകാശത്ത് ഒരു സെല്‍ഫോണ്‍ ടവര്‍ സ്ഥാപിച്ചാല്‍ എങ്ങനെയിരിക്കുമോ അതായിരിക്കും ഫലത്തില്‍ അവ.
ഭാവിയില്‍ ഈ സാങ്കേതികവിദ്യയെ ധാരാളമായി ആശ്രയിച്ചേക്കാമെങ്കിലും, തൽക്കാലം ഇവ സെല്‍ഫോണ്‍ ടവറുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലായിരിക്കും പ്രവർത്തനം കേന്ദ്രീകരിക്കുക. പരമ്പരാഗത ടെലികോം മേഖലയുടെ രോഷം ക്ഷണിച്ചുവരുത്താതിരിക്കാനായിരിക്കും ഇത്.
തങ്ങളുടെ പാര്‍ട്ണര്‍മാരായ അമേരിക്കയിലെ ടി-മൊബൈല്‍, കാനഡയിലെ റോജേഴ്‌സ്, ജപ്പാനിലെ കെഡിഡിഐ തുടങ്ങിയ കമ്പനികള്‍ ഡയറക്ട് ടു സെല്‍ ഉപയോഗിച്ച് റെസിപ്രോക്കല്‍ ആക്‌സസ് നേടിത്തുടങ്ങി എന്നും കമ്പനി പറഞ്ഞു. ഇന്ത്യയില്‍ വോഡാഫോണ്‍-ഐഡിയ സ്‌പെയ്‌സ്എക്‌സിന്റെ പങ്കാളിത്തത്തിനു ശ്രമിക്കുന്നുണ്ട്.
ജനുവരി 3ന് സൂര്യന്‍ ഭൂമിക്ക് ഏറ്റവുമടുത്തെത്തി
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രണണപഥം പൂര്‍ണ്ണമായും വൃത്താകൃതിയിലല്ല. കുറച്ച് അണ്ഡാകൃതിയിലാണ് (elliptical). ഇതിന്‍പ്രകാരം ജനുവരി 3ന് ഭൂമി സൂര്യന്ഏറ്റവും അടുത്തെത്തി. ഇതിനെ പെരിഹിലിയന്‍ (perihelion) എന്നു വിളിക്കുന്നു. ഇത്തരം ദിവസങ്ങളില്‍ സൂര്യനെ മൂന്നു ശതമാനം അധികം വലുപ്പത്തില്‍ കാണാമത്രേ.
അനുബന്ധ പ്രതിഭാസം ക്വാഡ്രാന്റിഡ്
പെരിഹിലിയന്‍ കണ്ണില്‍ പെടുന്നില്ലെങ്കില്‍ വേണ്ട, അനുബന്ധ പ്രതിഭാസമായ ക്വാഡ്രാന്റിഡ് (quadrantid) ഉല്‍ക്കവര്‍ഷം കാണാം. ഛിന്നഗ്രഹങ്ങളില്‍നിന്നും വാല്‍നക്ഷത്രങ്ങളില്‍നിന്നും വേര്‍പെട്ട ചെറിയ കഷണങ്ങളാണ് ഉല്‍ക്കകള്‍ എന്ന് സിഎന്‍എന്‍. ഡിസംബര്‍ 12 നു തുടങ്ങിയ ഉൽക്കവർഷം പാരമ്യത്തിലെത്തുന്നത് ജനുവരി 4ന് ആയിരിക്കും.
കുറച്ചു ദിവസങ്ങൾ കൂടി ഇത് കാണാനാകും. ഇന്ത്യയില്‍ അർധരാത്രി കഴിഞ്ഞാണ് ഇത് കാണാനാകുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്ക്, വടക്കുകിഴക്ക് ദിശയിലായിരിക്കും ഇത് കാണാന്‍ സാധിക്കുക. മോശം കാലാവസ്ഥ കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കാം.
കഴിഞ്ഞ വര്‍ഷം ഏഴു കോടിയിലേറെ വാട്‌സാപ് അക്കൗണ്ടുകള്‍ നിരോധിച്ചു
വാട്‌സാപ് 2023ല്‍ 7 കോടിയിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചെന്നു വിവരം. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 69,307,254 അക്കൗണ്ടുകള്‍. ഡിസംബറിലെ കണക്കുകള്‍ ഉടന്‍ പുറത്തുവിടും. അക്കൗണ്ട് റജിസ്റ്റർ ചെയ്യുന്നതില്‍ വരുത്തുന്ന പിഴവുകള്‍ മുതല്‍, മോശം പെരുമാറ്റത്തിന് മറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വരെയുള്ള പല കാരണങ്ങളാലും അക്കൗണ്ട് നിരോധിക്കപ്പെടാം.
റെഡ്മി നോട്ട് 12 5ജിയുടെ വില കുറച്ചു
റെഡ്മി നോട്ട് 12 5ജി സ്മാര്‍ട്ട്‌ഫോണിന് രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4 ജിബി+128ജിബി, 6ജിബി+128ജിബി. ഇവ ഇതുവരെ വിറ്റുവന്നത് യഥാക്രമം 17,999 രൂപയ്ക്കും, 19,999 രൂപയ്ക്കുമായിരുന്നു. ഇവ ഇനി യഥാക്രമം 16,999 രൂപയ്ക്കും, 15,499 രൂപയ്ക്കും വാങ്ങാം. റെഡ്മി നോട്ട് 13 സീരിസ് ജനുവരി 4ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പഴയ മോഡലിന്റെ വില കുറച്ചിരിക്കുന്നത്.