ഇരപിടിയൻ പൂച്ച അകത്തുകയറാത്ത വാതിൽ, നടന്നാൽ ഓട്ടമാക്കുന്ന 'ഷൂ'; സിഇഎസ് അദ്ഭുതങ്ങൾ
Mail This Article
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ടെക് എക്സിബിഷനുകളിലൊന്നാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ അഥവാ സിഇഎസ്. അമേരിക്കയിലെ ലാസ് വെഗാസില്‍ ജനുവരിയിലാണ് ഈ ടെക് ലോകത്തെ സുപ്രധാന കണ്ടെത്തലുകള്‍ പ്രദര്‍ശനത്തിനെത്തുന്ന സിഇഎസ് നടക്കുക. ജനുവരി ഒമ്പതു മുതല്‍ 12 വരെ നടന്ന ഇക്കൊല്ലത്തെ സിഇഎസിലും നിരവധി വ്യത്യസ്തവും നൂതനവുമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും പ്രദര്‍ശനത്തിനെത്തി. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ചില കണ്ടെത്തലുകളെ പരിചയപ്പെടാം.
എആര്‍ ലാപ്ടോപ്
ലാപ്ടോപ് സ്ക്രീനിന്റെ പരിമിതികളെ മറികടക്കുന്നതാണ് സൈറ്റ്ഫുളിന്റെ സ്പേസ് ടോപ് എന്ന എആര്‍ ലാപ്ടോപ്. ഒറ്റനോട്ടത്തില്‍ സ്ക്രീനില്ലാത്ത ലാപ്ടോപ് എന്നു തോന്നുമെങ്കിലും ഓഗ്മെന്റ് റിയാലിറ്റി വഴി കൂടുതൽ വിശാലമായ കാഴ്ച്ചകള്‍ ഈ ലാപ്ടോപ് നല്‍കും. വിലയുടെ കാര്യത്തില്‍ മുന്നിലുള്ള ഈ എആര്‍ ലാപ്ടോപ് തുടക്കക്കാര്‍ക്കു പറ്റിയതല്ലെന്നു മാത്രം.
സാംസങ് ബോള്ഇ
പന്തിന്റെ രൂപത്തിലുള്ള ക്യൂട്ടായ ഒരു റോബോട്ടാണ് ബോള്ഇ. സാംസങിന്റെ സിഇഎസ് ബൂത്തിന്റെ ഭാഗത്ത് ഉരുണ്ടു നടന്ന് ബോള്ഇ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു. വോയ്സ് കമാന്‍ഡ് വഴിയും ടെക്സ്റ്റ് മെസേജുകള്‍ വഴിയും ബോള്ഇയെ നിയന്ത്രിക്കാനാവും. നിങ്ങള്‍ ഓഫീസിലാണെങ്കില്‍ വീട്ടിലുള്ള ബോള്ഇയോട് വളര്‍ത്തു നായക്ക് ഭക്ഷണം കൊടുത്ത് ഇഷ്ടപ്പെട്ട പാട്ടു വെച്ചുകൊടുക്കാന്‍ പറഞ്ഞാല്‍ ബോള്ഇ അതു ചെയ്യും.
മൂന്നു ചക്രങ്ങളുള്ള ബോള്ഇയുടെ പ്രൊജക്ടര്‍ വഴി ദൃശ്യങ്ങള്‍ ആസ്വദിക്കാനും സാധിക്കും. വളര്‍ത്തു മൃഗത്തിനു പകരക്കാരനായെത്തുന്ന ബോള്ഇയുടെ വില സാംസങ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 2024ല്‍ തന്നെ ബോള്ഇ വിപണിയിലെത്തുമെന്നും സബ്സ്ക്രിബ്ഷന് രീതിയുണ്ടാവില്ലെന്നും സാംസങ് ഉറപ്പിച്ചു പറയുന്നു.
മൂണ്വോക്കേഴ്സ്
ഷിഫ്റ്റ് റോബോട്ടിക്സിന്റെ മൂണ്വോക്കേഴ്സ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ഷൂ എന്ന വിശേഷണത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഷൂവിനടിയില്‍ ചക്രങ്ങള്‍ കൂടിയുള്ള ഡിസൈനാണ് മൂണ്വോക്കേഴ്സിന്റേത്. നടക്കുമ്പോള്‍ തന്നെ ഓടുന്നതിനേക്കാള്‍ വേഗത കൈവരിക്കാന്‍ മൂണ്വോക്കേഴ്സിന് സാധിക്കും. ധരിക്കുന്ന ഷൂവിന്റെ പുറത്താണ് മൂണ്വോക്കേഴ്സ് ഘടിപ്പിക്കുക. ഏതാണ്ട് 1,400 ഡോളര്‍ വിലയുണ്ട് മൂണ്വോക്കേഴ്സിന്. ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ 1.16 ലക്ഷം രൂപ മുടക്കേണ്ടി വരും ഈയൊരു ജോഡി മൂണ്വോക്കേഴ്സിന്.
നായ്ക്കളുടെ പിയാനോ
പല ഉപകരണങ്ങളും നായകള്‍ അടക്കമുള്ള മൃഗങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടിരിക്കും. എന്നാല്‍ നായക്കു വേണ്ടി പ്രത്യേകം ഒരു സംഗീതോപകരണം നിര്‍മിച്ചത് കണ്ടിട്ടുണ്ടോ. അതാണ് സൂഗിയേഴ്സിന്റെ ദബട്ടര്. നായകള്‍ക്ക് എളുപ്പത്തില്‍ കൈവെക്കാനാവുന്ന ഭാഗങ്ങളിലാണ് ഇതിന്റെ ബട്ടണുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 299 ഡോളറാണ് സിഇഎസില്‍ അവതരിപ്പിച്ച ഈ നായകള്‍ക്കായുള്ള പിയാനോയുടെ വില.
ഫ്ളാപ്പി
വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിചിത്രമായ സാങ്കേതികവിദ്യകള്‍ സിഇഎസില്‍ കാലങ്ങളായി അവതരിപ്പിക്കാറുണ്ട്. ഇക്കൊല്ലവും വ്യത്യാസമില്ല. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ട് അപ്പ് അവതരിപ്പിച്ചത് ഫ്ളാപ്പി എന്നു പേരുള്ള നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാതിലാണ്. നിങ്ങളുടെ വളര്‍ത്തുപൂച്ച ഇരപിടിച്ച് അകത്തേക്ക് വരാന്‍ ശ്രമിച്ചാല്‍ ഈ വാതില്‍ തുറക്കില്ല.
പലതരത്തിലുളള സെന്‍സറുകളും നൈറ്റ് വിഷന്‍ ക്യാമറയുമാണ് ഫ്ളാപ്പിയെ ഇതിനു സഹായിക്കുന്നത്. വര്‍ഷങ്ങളായി ശേഖരിച്ച വ്യത്യസ്തങ്ങളായ പൂച്ചകളുടേയും ഇരകളുടേയും ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പൂച്ചയെ അകത്തേക്കു കയറ്റണോ വേണ്ടയോ എന്ന് ഫ്ളാപ്പി തീരുമാനിക്കുക.
90 ശതമാനം സമയവും ഇരപിടിച്ചുകൊണ്ട് വീട്ടിനകത്തേക്കു വരാന്‍ പൂച്ചക്ക് സാധിക്കില്ലെന്ന് ഫ്ളാപ്പിയുടെ നിര്‍മാതാക്കള്‍ പറയുന്നു. അപ്പോഴും എലിയേയും കൊണ്ട് പൂച്ച അകത്തേക്കു വരില്ലെന്ന് ഉറപ്പിക്കാനാവില്ല. എങ്കിലും മുമ്പത്തെ അത്രയും തവണ വരില്ലെന്നു മാത്രം ഉറപ്പിക്കാന്‍ ഫ്ളാപ്പി വഴി സാധിക്കും.