ADVERTISEMENT

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നു പറയുന്നതുപോലെ, തിരുവനന്തപുരം തൃക്കണ്ണാപുരത്തുകാരുടെ മാർക്ക് സക്കർബർഗ് ഒരു അയൽക്കാരൻ പയ്യനാണ്, അച്ഛന്റെ മാർ‌ജിൻ ഫ്രീ ഷോപ്പിനും വീടിനു തൊട്ടടുത്തുളള ക്ഷേത്രത്തിനും ഉൾപ്പെടെ മൊബൈൽ ആപ്പുകൾ തയാറാക്കിയ പ്ലസ്‍വൺ വിദ്യാർഥി ധീരജിനെ നാട്ടുകാർ വിളിക്കുന്നത് തൃക്കണ്ണാപുരത്തെ സക്കർബർഗെയെന്നാണ്. 

വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ച ധീരജിന്റെ ആപ് നിർമാണത്തിന് പക്കാ ലോക്കൽ സപ്പോർട്ടുമുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തൃക്കണ്ണാപുരത്തുകാരും പരിസരപ്രദേശങ്ങളായ പൂഴിക്കുന്ന്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, തൂക്കുവിള, പാപ്പനംകോട്, പ്ലാങ്കാലമുക്ക്, സ്റ്റുഡിയോ റോഡ് നിവാസികളിൽ പലരും വീട്ടുസാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്നത് ധീരജ് രൂപപ്പെടുത്തിയ MFMPPD (മാർജിൻ ഫ്രീ മാർക്കറ്റ് പാപ്പനംകോട്) ആപ്പിനെയാണ്.

ജോലിത്തിരക്കിനിടയിൽപ്പെട്ടവരും വണ്ടിയെടുക്കാനും നടക്കാനും മടിക്കുന്നവരുമെല്ലാം നേരെ മൊബൈലെടുത്ത് MFMPPD ആപ്പിൽ വിരലൊന്ന് അമർത്തുകയാണ് പതിവ്. സാധനങ്ങൾ വീട്ടുപടിക്കലെത്തും. ഗൂഗിൾ പ്ലേ സ്റ്റോറിൽ‌ ആപ് ലഭ്യമാണ്. മാർജിൻ ഫ്രീ മാർക്കറ്റിൽ എന്തൊക്കെ സാധനങ്ങളുണ്ട്, സാധനങ്ങളുടെ വിലവിവരപ്പട്ടിക, ഏതൊക്കെ സാധനങ്ങൾ വാങ്ങുമ്പോഴാണ് ഓഫർ‌ എന്നിവയെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കും.

മാർജിന്‍ഫ്രീയുടെ ചുമരിൽ ആപ്പിന്റെ പരസ്യം ആദ്യം പ്രദർശിപ്പിച്ചപ്പോൾ മടിച്ചുനിന്നവരെല്ലാം ഇന്ന് മൊബൈലെടുത്ത് സാധനങ്ങൾ ഓർഡർ‌ ചെയ്യാൻ തുടങ്ങി. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആപ് ഉപയോഗിക്കുന്നവർക്കെല്ലാം സൗജന്യ ഡെലിവറിയാണ്.

dheeraj-apps-4 - 1
ധീരജിന്റെ ആപ്

ആപ് വ്യാപിപ്പിക്കുമോ?

അച്ഛന്റെ മാർജിൻഫ്രീ മാർ‌ക്കറ്റിൽ ആപ് ഹിറ്റായതോടെ ഷോപ്പിങ് ആപ് കൂടുതൽ വിപുലമാക്കിയാലോ എന്നായി ധീരജിന്റെ ചിന്ത. പാഴ്സൽ, ആഹാരം, പലചരക്ക്, ഫാർമസി, ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പെടെയുളളയുടെ വിതരണത്തിനും ടാക്സി ബുക്കിങ്ങിനും ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ ആപ് രൂപപ്പെടുത്തുന്നത്. ഇതിനായി ഈസിഫൈ എന്ന പേരിലൊരു വെബ്സൈറ്റ് നിർമിച്ചു.

dheeraj-9
ക്ഷേത്രത്തിനായി ധീരജ് നിര്‍മിച്ച ആപ്

സംസ്ഥാനമൊട്ടാകെയുളള മാർജിൻഫ്രീ മാർക്കറ്റുകൾക്ക് വേണ്ടി പൊതുവായ ഒരു ആപ് എന്നതിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഇതിനായി ഉടൻ മാർജിൻഫ്രീ ഷോപ്പുകളുടെ സംഘടനാനേതാക്കളെ കണ്ട് ധീരജ് ആപ്പിന്റെ പ്രവർത്തനം വിശദീകരിക്കും. അടുത്ത മാസം ചേരുന്ന സൂപ്പർ‌ മാർക്കറ്റ്  വെൽ‌ഫെയർ അസോസിയേഷന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. 

ക്ഷേത്രത്തിനും വേണം ആപ്

കണ്ടുപിടുത്തങ്ങൾ പതിവായപ്പോൾ വീടിന് അരക്കിലോമീറ്റർ മാത്രം അകലെയുളള തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കമ്മിറ്റിക്കാർ ധീരജിനെ തേടിയെത്തി. ക്ഷേത്രത്തിനു വേണ്ടിയൊരു ആപ് നിർമിക്കുകയായിരുന്നു ലക്ഷ്യം. അടുത്തയാഴ്ച ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചേക്കും. ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ അറിയാനും ഓൺലൈനായി പണമടയ്ക്കാനും പ്രസാദം വാങ്ങാനുമെല്ലാം ഈ ആപ് ഉപയോഗിക്കാം. ആപ്പിനു മുന്നോടിയായി ധീരജ് നിർമിച്ച ക്ഷേത്ര വെബ്സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു (tskst.in).

ലോക്‌ഡൗൺ കാലത്തു തുടക്കം

ലോക്‌ഡൗൺ കാലത്താണ് ധീരജിന്റെ വീട്ടിലൊരു കംപ്യൂട്ടർ വാങ്ങുന്നത്. അന്ന് എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. കംപ്യൂട്ടർ വാങ്ങിയെങ്കിലും. ഇന്റർനെറ്റ് കണക്‌ഷൻ ഉണ്ടായിരുന്നില്ല. മാർജിൻ ഫ്രീ ഷോപ്പ് നടത്തിയിരുന്ന അച്ഛൻ ശിവകുമാർ രാത്രി വീട്ടിലെത്തിയ ശേഷം മൊബൈൽ ഫോണിലെ ഹോട്ട്സ്പോട്ട് ഓണാക്കിയാണ് കംപ്യൂട്ടർ ഉപയോഗിച്ചിരുന്നത്.

വെബ്സൈറ്റുകളും യുട്യൂബ് വിഡിയോകളും തിരഞ്ഞാണ് ആപ് നിർമാണം പഠിച്ചത്. രാത്രി മുഴുവൻ കംപ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്ന ധീരജിനെ അച്ഛനും അമ്മയും നിരന്തരം വഴക്കു പറയുമായിരുന്നു. അച്ഛന്റെ ഫോൺ ഉപയോഗിച്ച് ഫോട്ടോ എഡിറ്റിങ്ങ് ആപ് ഉൾപ്പെടെ നിർമിക്കാൻ ശ്രമിച്ചെങ്കിലും ആദ്യവിജയം കോൾ ചാറ്റ് മെസഞ്ചർ എന്ന ചാറ്റിങ് ആപ്പായിരുന്നു. 

സ്കൂളിലും ആപ് ഹിറ്റായി

അന്ന് വാട്സാപ്പിന് ബദലായി കോൾ ചാറ്റ് മെസഞ്ചർ എന്ന ആപ് കണ്ടുപിടിച്ചത് വിശ്വസിക്കാൻ നാട്ടുകാരൊന്നും ആദ്യം തയാറായിരുന്നില്ല. മാർജിൻഫ്രീ ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ വന്നവരെക്കൊണ്ട് ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് മകന്റെ കഴിവ് പുറംലോകത്തെ അറിയിക്കാൻ ശിവകുമാർ ശ്രമിച്ചത്.

ധീരജിന്റെ കണ്ടുപിടിത്തം നാട്ടുകാർ അറിഞ്ഞതോടെ രണ്ട് വർഷത്തോളം തൃക്കണ്ണാപുരത്തുകാരും പരിസരവാസികളും പ്ലേസ്റ്റോറിൽ കയറി കോൾ ചാറ്റ് മെസഞ്ചർ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു. കടൽ കടന്ന് വിവരം പരന്നതോടെ രാജ്യത്തിന് പുറത്തുളളവരും ആപ്പിന്റെ ഉപഭോക്താക്കളായി. 

Photo: Marco Lazzarini/Shutterstock
Photo: Marco Lazzarini/Shutterstock

ധീരജ് പഠിക്കുന്ന നരുവാമൂട് ചിന്മയ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമെല്ലാം ദൈനംദിന പ്രവർ‌ത്തനങ്ങൾക്കായി രണ്ടു വർഷത്തോളം ആപ് ഉപയോഗിച്ചു. വിഡിയോ കോൾ, വോയ്സ് കോൾ, ഇമോജികൾ, ലൈവ് സ്റ്റിക്കറുകൾ, അനിമേറ്റഡ് സ്റ്റിക്കറുകൾ എന്നിവ ഉപയോഗിച്ചെല്ലാം കോൾ ചാറ്റ് മെസഞ്ചറിൽ ആശയവിനിമയം സാധ്യമായിരുന്നു. അമേരിക്കയും ഇറാനും അടക്കമുളള രാജ്യങ്ങളിൽ നിന്ന് ധീരജിനെതേടി അഭിനന്ദന സന്ദേശങ്ങളുമെത്തി.

dheeraj - 1
ധീരജ്

സെർവർ മെയിന്റനന്‍സിന് വർഷം തോറും നല്ല തുക വേണമെന്നതിനാൽ കോൾ ചാറ്റ് മെസഞ്ചർ ഇപ്പോൾ പ്രവർത്തനരഹിതമാണ്.

നാടിന്റെ പൊന്നോമന

സ്കൂൾ ശാസ്ത്രമേളകളിൽ വിവിധ കണ്ടുപിടിത്തങ്ങൾ നടത്തിയാണ് ധീരജ് തന്റെ കഴിവിനെ രാകിമിനുക്കിയിരുന്നത്. ശാസ്ത്ര പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ല. ധീരജിന്റെ ഓരോ കണ്ടുപിടിത്തവും നാട്ടുകാരെ സംബന്ധിച്ച് പുത്തൻ വാർത്തകളാണ്. നാട് തന്നെയാണ് ധീരജിന്റെ ആദ്യപരീക്ഷണശാലയും.

ശാസ്ത്രലോകത്ത് തിളങ്ങുന്ന നക്ഷത്രമായി ഈ കൊച്ചുമിടുക്കൻ മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വീട്ടമ്മയായ സുനിതയാണ് ധീരജിന്റെ അമ്മ.  സഹോദരി നീരജ എട്ടാംക്ലാസ് വിദ്യാർ‌ഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com