ADVERTISEMENT

2018 എന്ന വർഷം ബഹിരാകാശമേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച വർഷമാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സുവർണവർഷം. 2018 ഫെബ്രുവരി ആറിന് ഇലോൺ മസ്കിന്റെ കമ്പനിയായ സ്പെയ്സ് എക്സ് ഫാൽക്കൺ ഹെവി എന്ന വമ്പൻ റോക്കറ്റ് വിക്ഷേപിച്ചു. ആ സംഭവത്തിന്റെ ആറാം വാർഷികമാണ് ഇപ്പോൾ എത്തുന്നത്. ബഹിരാകാശമേഖലയിലെ ഏറ്റവും ഓർമിക്കപ്പെടുന്ന വിക്ഷേപണങ്ങളിലൊന്നായിരുന്നുവത്. കാരണം, ആ റോക്കറ്റിനൊപ്പം ഒരു പുതുപുത്തൻ ടെസ്‌ല റോഡ്സ്റ്റർ കാറും അതിന്റെ ഡ്രൈവിങ് സീറ്റിൽ സാൻഡ് മാനെന്നു പേരുള്ള ഒരു ആൾരൂപവും വച്ചിരുന്നു.

475 കോടിയിലധികം കിലോമീറ്റർ കാർ സഞ്ചരിച്ചു

സ്റ്റാർമാനും കാറും ഒരു പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെച്ചുറ്റിക്കറങ്ങുകയാണെന്നാണു ശാസ്ത്രജ്ഞൻമാർ ഇപ്പോൾ പറയുന്നത്. 557 ദിവസങ്ങളെടുത്താണ് ഒരു തവണ സൂര്യനെ ചുറ്റിക്കറങ്ങുന്നത്.ഈ യാത്രയ്ക്കിടയിൽ ഭൂമിയുടെയും ചൊവ്വയുടെയും ശുക്രന്റെയുമൊക്കെ ഭ്രമണപഥങ്ങളിൽ ചെറുതായി തൊട്ടുതൊട്ട് കടന്നു പോകും. രണ്ടു വർഷം കൊണ്ട് 210 കോടി കിലോമീറ്റ‍ർ കാർ സഞ്ചരിച്ചു. സാൻഡ്മാനും കാറും ഇപ്പോൾ ഭൂമിയിൽ നിന്ന് 10.6 കോടി വർഷമകലെയാണ്. സൂര്യനെതിരെ ഏകദേശം 4 ഭ്രമണങ്ങൾ സ്റ്റാർമാൻ പൂർത്തിയാക്കി. ഏകദേശം 475 കോടിയിലധികം കിലോമീറ്റർ കാർ സഞ്ചരിച്ചുകഴിഞ്ഞു. സാങ്കേതികമായി ശരിയായ കണക്കുകൂട്ടൽ അല്ലെങ്കിലും വിക്ഷേപണത്തിനും മറ്റുമായി ഉപയോഗിച്ച ഇന്ധനവും യാത്ര ചെയ്ത ദൂരവും തമ്മിൽ നോക്കിയാൽ കാറിന് രസകരമായ ഒരു മൈലേജ് കണക്ക് കിട്ടും. 9972 കിലോമീറ്റർ (ഏകദേശം പതിനായിരം കിലോമീറ്ററോളം)

ഡാഷ്ബോർഡിൽ ‘പേടിക്കരുത്’ എന്ന സന്ദേശം

സ്പേസ് സ്യൂട്ട് ധരിച്ച മനുഷ്യരൂപത്തിലുള്ള ഈ പാവയ്ക്കു പേരിട്ടത് പ്രശസ്ത സംഗീതജ്ഞൻ ഡേവിഡ് ബോവിയുടെ ഗാനത്തെ അടിസ്ഥാനമാക്കിയാണ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ സ്റ്റാർമാൻ താരമായി. സാധാരണ പരീക്ഷണപ്പറക്കലിനായി പോകുമ്പോൾ റോക്കറ്റുകൾ ഉപഗ്രഹങ്ങൾക്കു പകരം ഡമ്മി പേലോഡായി കോൺക്രീറ്റിലും സ്റ്റീലിലും നിർമിച്ച വലിയ ബ്ലോക്കുകളാണു കൂടെ കൊണ്ടുപോകുന്നത്. എന്നാൽ ഇതിൽ ഒരു രസമില്ലെന്നായിരുന്നു ഇലോൺ മസ്കിന്റെ അഭിപ്രായം. പകരം മസ്ക് തന്റെ ഒന്നേകാൽ കോടി രൂപ വിലവരുന്ന സുന്ദരൻ കാറിനെ റോക്കറ്റിൽ കയറ്റിവിട്ടു. കാറിന്റെ ഡാഷ്ബോർഡിൽ ‘പേടിക്കരുത്’ എന്ന സന്ദേശം ഡ്രൈവർ സീറ്റിലിരിക്കുന്ന സ്റ്റാർമാനായി എഴുതിയും വച്ചിട്ടുണ്ടായിരുന്നു.

ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേ കാർ തെറിച്ചുപോയി

കാറും സ്റ്റാർമാനും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി അനേകവർഷം ചുറ്റിക്കറങ്ങുമെന്നായിരുന്നു സ്പേസ് എക്സ് വിചാരിച്ചിരുന്നത്. പക്ഷേ റോക്കറ്റ് അവസാനഘട്ട ജ്വലനം നടത്തിയ ശക്തിയിൽ കാർ ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള മേഖലയിലേക്കു തെറിച്ചുപോയി. ഇവിടെ മൊത്തം ഛിന്നഗ്രഹങ്ങളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും ബഹളമാണ്. ഇവയിൽ പെട്ട കുള്ളൻ ഗ്രഹമായ സിറിയസിന്റെ ഭ്രമണപഥത്തിനടുത്താണു കാറെന്ന് അന്ന് പലരും പറഞ്ഞു.

പ്രവചനം തെറ്റി, കാർ നശിച്ചില്ല

ഛിന്നഗ്രഹ മേഖലയിൽ വലിയ ശക്തിയോടെ തെറിക്കുന്ന പാറക്കഷണങ്ങൾ കാറിനെയും സ്റ്റാർമാനെയും നിലംപരിശാക്കുമെന്നായിരുന്നു ശാസ്ത്രജ്ഞൻമാരുടെ വിചാരം.അഥവാ ഇതു സംഭവിച്ചില്ലെങ്കിൽ ഭൂമിയുടെ കാന്തിക വലയത്തിന്റെയും അന്തരീക്ഷത്തിന്റെയും സുരക്ഷിതത്വമില്ലാത്ത ഇവിടെ ശക്തമായ വികിരണങ്ങൾ കാറിനെ നശിപ്പിക്കുമെന്നു മറ്റു ചിലർ പറഞ്ഞു. ഒരു വർഷം കാലയളവിൽ സ്റ്റാർമാനും കാറും നശിച്ചുപോകുമെന്നായിരുന്നു പ്രവചനം. ഏതായാലും ഇതു തെറ്റി.

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

ഭാവിയിൽ കാറിനെന്തു പറ്റും?

ഇക്കാര്യത്തിലും ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ഭാവിയിൽ വീനസിലേക്കോ ഭൂമിയിലേക്കോ കാർ വീണു പൊട്ടിത്തെറിക്കും. ഇപ്പോഴല്ല, ലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com