ADVERTISEMENT

ഡേറ്റയും ലൊക്കേഷന്‍ ട്രാക്കിങ്ങുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്നു രാജ് ഭഗത് പളനിച്ചാമിക്കു നല്ല ധാരണയുണ്ട്. അത് അറിയാവുന്നതിനാലാണ് പൊന്നിയിൽ സെൽവനെന്ന ചരിത്ര സിനിമയിലേക്ക് ചോള രാജവംശത്തിന്റെ അധികാര കേന്ദ്രങ്ങള്‍ കാണിക്കുന്ന മാപ് നിർമിക്കാന്‍ മണിരത്നം രാജ് ഭഗതിനെ നിയോഗിച്ചത്. പക്ഷേ പൊന്നിയിൻ സെൽവനിലെ കഠിന പ്രയത്നത്തേക്കാൾ രാജ് ഭഗതിനെ പ്രശസ്തനാക്കിയത് ഫോണിലെ ലൊക്കേഷൻ ട്രാക്കിങ് ഉപയോഗിച്ച്, പിതാവിന്റെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച ഒരു ട്രെയിൻ കള്ളനെ പിടികൂടിതാണ്.

സമൂഹമാധ്യമമായ എക്സിൽ ഈ ജയിംസ് ബോണ്ട് സ്റ്റൈൽ ചേസിന്റെ വിവരങ്ങൾ രാജ് പങ്കുവച്ചു. അർധരാത്രി കഴിഞ്ഞ് തിരുച്ചിയിലേക്ക് പോകാൻ നാഗർകോവിൽ-കാച്ചെഗുഡ എക്‌സ്‌പ്രസിൽ  സ്ലീപ്പർ ക്ലാസ് കോച്ചിൽ പിതാവ് കയറിയതോടെയാണ് ത്രില്ലർ കഥയ്ക്കു തുടക്കമായത്. ട്രെയിൻ താരതമ്യേന ശൂന്യമായിരുന്നു.

പിതാവിനൊപ്പം ട്രെയിനിൽ കയറിയ ഒരാൾ ബാഗ് മോഷ്‌ടിച്ചു തിരുനെൽവേലി സ്റ്റേഷനിൽ ഇറങ്ങിപ്പോയി. വസ്തുക്കൾ നഷ്ടപ്പെട്ടതു മനസിലാക്കിയ പിതാവ് സുഹൃത്തിന്റെ ഫോണിൽനിന്നു പുലർ‌ച്ചെ 3.51 ഓടെ രാജിന്റെ ഫോണിലേക്കുവിളിച്ചു.

രാജ് കുടുംബാംഗങ്ങളുടെ ഫോണുകളിൽ ലൊക്കേഷൻ ഷെയറിങ്ങ് സംവിധാനം ആക്ടീവാക്കിയിട്ടുണ്ട്. അതിനാൽ ട്രാക്ക് ചെയ്തപ്പോൾ, റെയിൽവെ ട്രാക്കിലൂടെ നാഗർകോവിൽ ഭാഗത്തേക്കു നീങ്ങുന്നതായി മനസ്സിലായി. ഇതോടെ നാഗർകോവിൽ പൊലീസിനെ വിവരമറിയിച്ചു.

തിരക്കുള്ള കന്യാകുമാരി എക്സ്പ്രസിലാണ് കള്ളൻ സ്റ്റേഷനിൽ വന്നിറങ്ങിയത്. തിരിച്ചറിയാനുള്ള സൂചന കറുത്ത ബാഗ് കൈവശമുണ്ടെന്നതു മാത്രം. ആൾക്കൂട്ടത്തിൽ പൊലീസുകാർക്ക് അയാളെ നഷ്ടമായെങ്കിലും രാജിന് അയാളെ തന്റെ ഫോണിലൂടെ പിന്തുടരാൻ കഴിഞ്ഞു. നാഗർകോവിൽ റെയിൽവേ സ്റ്റേഷനെ അണ്ണാ ബസ് സ്റ്റാൻഡുമായും വടശേരി ക്രിസ്റ്റഫർ ബസ് സ്റ്റാൻഡുമായും ബന്ധിപ്പിക്കുന്ന ഒരു ലോക്കൽ ബസിൽ അയാൾ കയറിയതായി മനസ്സിലായി.

അണ്ണാ ബസ് സ്റ്റാൻഡിൽ ഗൂഗിൾ മാപ്‌സ് 2 മീറ്റർ വരെ കൃത്യമായ ഒരു ലൊക്കേഷൻ കാണിച്ചു! ബാഗ് കണ്ടപ്പോൾ മോഷ്ടാവിനെ തിരിച്ചറിയാനായി. മോഷ്ടിച്ച ബാഗും ഫോണും കണ്ടെടുത്തു. ലോക്കൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ രണ്ടു മണിക്കൂറിനുള്ളിൽ വീണ്ടെടുത്തതോടെ ഏവർക്കും അദ്ഭുതമായി. മോഷ്ടാവ് ഫോൺ ഓഫാക്കിയില്ലെന്നതും തൊട്ടടുത്തു തന്നെ വന്നിറങ്ങാൻ ഭാഗ്യം തുണച്ചതുമാണ് സഹായകമായതെന്ന് എക്സിൽ സ്ക്രീൻ ഷോട്ടുകൾ പങ്കിട്ടു രാജ് പോസ്റ്റ് ചെയ്തു.

English Summary:

How a Tamil Nadu software professional, who assisted Mani Ratnam in 'Ponniyin Selvan', found stolen phone in hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com