ADVERTISEMENT

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ മനുഷ്യരുടെ ഒരു കോളനി സ്ഥാപിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. 10 ലക്ഷം പേരെ ചൊവ്വയിലെത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഭൂമി എന്ന ഏക ഗ്രഹത്തെ ആശ്രയിക്കുന്നവർ ആകരുത് മനുഷ്യര്‍ എന്നാണ് മസ്‌കിന്റെ വാദം.  

ചൊവ്വയില്‍ മനുഷ്യര്‍ താമസം തുടങ്ങുമ്പോള്‍ ഭൂമിയില്‍ നിന്നു വേണം ആദ്യഘട്ടത്തിൽ ജീവനോപാധികൾ ലഭിക്കാൻ. എന്നാല്‍ ചൊവ്വയില്‍ ജീവിക്കുന്നവര്‍ക്ക് സ്വയംപര്യാപ്തത നേടാനാകണം എന്നതു മസ്‌കിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ഇത്തരം സ്വയംപര്യാപ്തത നേടണമെങ്കില്‍ ബൃഹത്തായ സന്നാഹങ്ങള്‍ വേണമെന്നും അതിന് അതിനൂതന സാങ്കേതികവിദ്യകള്‍ ഉരുത്തിരിച്ചെടുക്കേണ്ടതായുണ്ട് എന്നും മസ്കിന് അറിയാം.

mars-house-ai - 1
Image Credit: Canva AI

ചൊവ്വ യാത്ര സാധാരണമാകുമെന്ന് മസ്‌ക്

വരും കാലത്ത് ചൊവ്വയിലേക്കുള്ള യാത്ര  ഭൂമിയിെല ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള വിമാന യാത്ര പോലെയായിരിക്കുമെന്നാണ് മസ്‌കിന്റെ പ്രവചനം. മസ്‌കിന്റെ കമ്പനി നിര്‍മിച്ചുവരുന്ന സ്റ്റാര്‍ഷിപ് റോക്കറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ്, തന്റെ കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എക്‌സ് പ്ലാറ്റ്‌ഫോമില്‍ മസ്‌ക് ഈ ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചത്. പത്തു ലക്ഷം പേരെ ചൊവ്വയിലെത്തിക്കുന്നതിനു വേണ്ട പ്ലാനുകള്‍ തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യരെ മൾട്ടി പ്ലാനറ്ററി ആക്കാന്‍ മസ്‌കിനു മോഹം

മസ്‌കിന്റെ ചൊവ്വ സ്വപ്‌നങ്ങളില്‍ പുതുമയൊന്നുമില്ല. തനിക്ക് മനുഷ്യരാശിയെ മൾട്ടി പ്ലാനറ്ററി ആക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ഭൂമിയെന്ന ഒറ്റ ഗ്രഹത്തില്‍ മാത്രം വസിക്കുക എന്നു പറഞ്ഞാല്‍ ഭൂമിക്ക് എന്തെങ്കിലും സംഭവിക്കുകയോ മഹാമാരികള്‍ പരക്കുകയൊ ചെയ്താല്‍ മനുഷ്യരും അവര്‍ ഇന്നുവരെയുണ്ടാക്കിയ നേട്ടങ്ങളും ഇല്ലാതായേക്കാം എന്നും അദ്ദേഹം ഭയക്കുന്നു. 

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

മനുഷ്യന്റെ ചൊവ്വ വാസം ഒരു ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുക എന്നതു പോലെയാണെന്നും മസ്ക് പറയുന്നു. ഇതൊക്കെ നടക്കാത്ത സ്വപ്‌നങ്ങളാണ് എന്നഭിപ്രായമുള്ള ധാരാളം ശാസ്ത്രജ്ഞരുണ്ട്. എന്തായാലും, മസ്‌ക് അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ കൂട്ടിവായിച്ചാല്‍ അദ്ദേഹത്തിന്റെ കമ്പനി ചൊവ്വ കുതിപ്പിനായി അത്യധ്വാനം ചെയ്യുന്നുണ്ടെന്ന് മനസിലാക്കാം. 

ചന്ദ്രനില്‍ 5 വര്‍ഷത്തിനുള്ളില്‍

തന്റെ സ്റ്റാര്‍ഷിപ് ചന്ദ്രനില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്ന് മസ്‌ക് കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. ചൊവ്വ കുതിപ്പിനുളള പരിശീലനമായാണ് മസ്‌കിന്റെ കമ്പനി ചാന്ദ്ര ദൗത്യത്തെ കാണുന്നത്. സ്‌പെയ്‌സ്എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഇന്നേവരെ പോയിട്ടില്ലാത്ത ദൂരത്തേക്ക് മനുഷ്യരാശിയെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രനില്‍ സ്ഥിരമായി ഒരു താവളം നിര്‍മിക്കാനും മസ്‌ക് ആഗ്രഹിക്കുന്നു. മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ഒരു താവളം വേണം. ചൊവ്വയില്‍ നഗരങ്ങള്‍ വേണം. നക്ഷത്രങ്ങള്‍ക്കൊപ്പം വസിക്കണം, മസ്‌കിന്റെ സ്വപ്‌നങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

ഇതൊക്കെ നടക്കുമോ?

mars-nes - 1
Image Credit: NASA

മനുഷ്യര്‍ ചൊവ്വയിലേക്കു പറന്നാല്‍ പോലും മസ്‌ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിച്ചേക്കില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍, തന്റെ ജോലിക്കാരെ സദാ മുള്‍മുനയില്‍ നിറുത്തുന്ന സ്വഭാവക്കാരനായി അറിയപ്പെടുന്ന കോടീശ്വരന്‍, സമയപരിധി കല്‍പ്പിച്ചുമാത്രം മുന്നോട്ടുപോകുന്നയാളുമാണ്.

ഉദ്ദേശിച്ച സമയത്തിനു നടന്നില്ലെങ്കിലും തന്റെ സ്വപ്‌നങ്ങള്‍ എന്നെങ്കിലും യാഥാർഥ്യമായാല്‍ പോര, അതിനായി സമയബന്ധിതമായ അത്യധ്വാനം തന്നെ വേണമെന്നാണ് മസ്‌കിന്റെ വാദം. മുൻപ് അസാധ്യമെന്നു കരുതിയിരുന്ന പലതും നടത്തിക്കാണിച്ച ആളാണ് മസ്‌ക്. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ഉദാഹരണത്തിന് ഒരിക്കല്‍ വിക്ഷേപിച്ച ഓര്‍ബിറ്റല്‍ റോക്കറ്റുകള്‍ വീണ്ടും ഉപയോഗിക്കുക എന്ന പരിപാടി അദ്ദേഹത്തിന്റെ കമ്പനിയാണ് ആരംഭിച്ചത്. ഇതൊക്കെയാണെങ്കിലും ചൊവ്വാ വാസം നടക്കണമെങ്കില്‍ ഇന്നില്ലാത്ത പല ടെക്‌നോളജികളും വികസിപ്പിക്കേണ്ടതായുണ്ട്. അടുത്തിടെ സ്റ്റാര്‍ഷിപ് നടത്തിയ ഒരു പരീക്ഷണപ്പറക്കല്‍ പൊട്ടിത്തെറിക്കലില്‍ കലാശിച്ചു എന്നതു തന്നെ ഇനിയും എത്ര കാലത്തെ പരിശ്രമം നടത്തിയാല്‍ മാത്രമായിരിക്കും ചാന്ദ്ര ദൗത്യം വിജയിപ്പിക്കാന്‍ സാധിക്കുക എന്ന കാര്യം ഓര്‍മിപ്പിക്കുന്നു. അതേസമയം, സ്റ്റാര്‍ഷിപ്പിന്റെ മൂന്നാം പറക്കല്‍ ഈ വര്‍ഷം നടത്താനാകുമെന്നും, അത് വിജയിക്കുമെന്നും മസ്‌ക് കരുതുന്നു.

ഇന്ത്യയിലെ ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിളിന് മുന്നേറ്റം

രാജ്യത്തെ ടാബ്‌ലറ്റ് വിപണിയില്‍ 25 ശതമാനം വില്‍പനയുമായി ആപ്പിളിന് മുന്നേറ്റം. ഇത് 2023ലെ കണക്കുകള്‍ പ്രകാരമാണ്. അവസാന പാദത്തില്‍ ആപ്പിൾ ഐപാഡ് മോഡലുകളുടെ ഇറക്കുമതി കുറഞ്ഞെങ്കില്‍ പോലും ഇന്ത്യയില്‍ 25 ശതമാനം വിപണി ആപ്പിളിന്റേതായിരുന്നു. രണ്ടാം സ്ഥാനത്ത് സാംസങ് ആണ്. 23 ശതമാനം വില്‍പന. 

അമേരിക്കന്‍ ടെക് കമ്പനികള്‍ ചെലവുചുരുക്ക ചര്‍ച്ചയില്‍

അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ നിര്‍മിത ബുദ്ധിയെക്കുറിച്ചും ചെലവുചുരുക്കലിനെക്കുറിച്ചും നൂതന സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള ചര്‍ച്ചയിലാണെന്ന് ബ്ലൂംബര്‍ഗ്. ഭാവിയില്‍ ഏതു തരം സാങ്കേതികവിദ്യയായിരിക്കും മേല്‍ക്കോയ്മ സ്ഥാപിക്കുക എന്നതിനെക്കുറിച്ച് അറിഞ്ഞ് ചുവടുവയ്ക്കാനുള്ള ശ്രമമാണത്രെ ഇപ്പോള്‍ നടക്കുന്നത്.

ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കപ്പെട്ട ഒരു പാര്‍ക്കോ?

കഴിഞ്ഞ 20 വര്‍ഷത്തോളമായി ആഗോള തലത്തില്‍ വന്‍ സ്വാധീനം ചെലുത്തി വന്ന ഫെയ്‌സ്ബുക്കിന്റെ വിജയ സമവാക്യം കാലഹരണപ്പെട്ടെന്ന് ബ്ലൂംബര്‍ഗ്. ഈ സാമൂഹ മാധ്യമം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിന്റേതിനു സമാനമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്നും അടുത്ത 20 വര്‍ഷത്തേക്ക് പിടിച്ചു നില്‍ക്കാനുള്ള ഒന്നും ഫെയ്‌സ്ബുക്കിനെ ഇതുവരെ നയിച്ച ആശയത്തിന് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കമ്പനിയെ ഭാവിയിലേക്കു നയിക്കാന്‍ വേണ്ട കഴിവ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഉണ്ടോയെന്ന ചോദ്യവും ഉയരുന്നു.

(FILES) This file photo taken on May 16, 2018 shows a figurine carrying the logo of social network Facebook in Paris. - Facebook on October 11, 2018 said it shut down 251 accounts for breaking rules against spam and coordinated deceit, some of it by ad farms pretending to be forums for political debate. The move came as the leading social network strives to prevent the platform from being used to sow division and spread misinformation ahead of US elections in November. (Photo by JOEL SAGET / AFP)
(FILES) This file photo taken on May 16, 2018 shows a figurine carrying the logo of social network Facebook in Paris. - Facebook on October 11, 2018 said it shut down 251 accounts for breaking rules against spam and coordinated deceit, some of it by ad farms pretending to be forums for political debate. The move came as the leading social network strives to prevent the platform from being used to sow division and spread misinformation ahead of US elections in November. (Photo by JOEL SAGET / AFP)

ആപ്പിള്‍ വിഷന്‍ പ്രോ മഹാശ്ചര്യം! പക്ഷേ, 4 കൊല്ലം കൂടി കഴിഞ്ഞാലേ ഉത്തമമാകൂ

ഈ മാസം ഉപയോക്താക്കളുടെ കൈയ്യിലെത്തിയ ആപ്പിളിന്റെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ ഉപയോക്താക്കളെ ആശ്ചര്യപ്പെടുത്തി ജൈത്രയാത്ര തുടരുന്നു. ഹെഡ്‌സെറ്റിന്റെ മികവിനെക്കുറിച്ച് സംശയമൊന്നും ഇല്ലെങ്കിലും ഈ ആശയം മികച്ച രീതിയില്‍ പ്രവര്‍ത്തികമാകണമെങ്കില്‍ നാലു കൊല്ലത്തെ നവീകരണങ്ങൾ കൂടി വേണ്ടി വന്നേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ അഭിപ്രായം. അദ്ഭുതപ്പെടുത്തുന്ന ആദ്യ തലമുറ ഉപകരണങ്ങള്‍ പോലും പല പരിഷ്‌കാരങ്ങളും നടത്തിയാണ് മികവ് ആര്‍ജിക്കുന്നത്.

Image Credit: Apple
Image Credit: Apple

വലിയ സ്‌ക്രീനില്‍ കുറച്ചു നേരത്തേക്ക് കണ്ടെന്റ് കാണാനും, ആയാസം വേണ്ടാത്ത ജോലിയെടുക്കാനും മറ്റുമായിരിക്കും ഇപ്പോള്‍ വിഷന്‍ പ്രോ ഉപകരിക്കുക. വിഷന്‍ പ്രോയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അതിന്റെ ഭാരമാണ്. അധിക നേരം ഇത് അണിഞ്ഞാല്‍ കഴുത്തിനും മറ്റും പ്രശ്‌നമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല.

മറ്റൊരു പ്രശ്‌നം അതിന്റെ ബാറ്ററിയാണ്. ഇത് ഹെഡ്‌സെറ്റിലല്ല. പവര്‍ ബാങ്ക് പോലെ കൊണ്ടു നടക്കുകയും, വയേഡായി കണക്ടു ചെയ്യുകയുമാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ മുഴുവന്‍ സ്ട്രീം ചെയ്യാന്‍ പോലും പലപ്പോഴും അതിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com