സാങ്കേതിക ലോകത്തെ 'കൊടുമൺ പോറ്റി'!; ഇലോൺ മസ്കിന്റെ ഭ്രമയുഗം
Mail This Article
ദിവസങ്ങൾക്കു മുൻപാണ് ടെസ്ലയുടെ ഹ്യൂമനോയിഡ് റോബട് ഒപ്റ്റിമസ് നടക്കുന്നതിന്റെയും മറ്റും പുതിയ വിഡിയോകളും ചിത്രങ്ങളും ഇലോൺ മസ്ക് പുറത്തുവിട്ടത്. ഒപ്റ്റിമസിനെ കാണുമ്പോൾ പേടിയായെന്നു പലരും പറഞ്ഞെങ്കിലും ഈ റോബട് ഭാവിയിൽ മനുഷ്യരുടെ പല ജോലികളും (അപകടസാധ്യത ഉള്ളതുൾപ്പെടെ) ചെയ്യുമത്രേ. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി പറയുന്നതു പോലെ, മറ്റാരും പോകാത്ത വഴികളിലൂടെയൊക്കെ പോകുന്ന ശതകോടീശ്വരനാണ് ഇലോൺ മസ്ക്. ഓരോ നിമിഷവും ഓരോ തീരുമാനമെടുത്ത് ലോകത്തെ ഞെട്ടിക്കുന്നയാൾ.
മനസ്സിലുള്ള വിവരങ്ങളും ക്ലൗഡിലെത്തുമോ?
ട്വിറ്ററിനെ അപ്രതീക്ഷിതമായി ഏറ്റെടുത്ത ശേഷം, ഏറെ പ്രശസ്തമായ അതിന്റെ പേര് നൊടിയിടയിലാണ് മസ്ക് മാറ്റിയത്. ഇപ്പോഴിതാ അടുത്ത ഞെട്ടിപ്പിക്കലുമായി രംഗത്തെത്തിയിരിക്കുകയാണ് മസ്ക്. മനുഷ്യന്റെ തലച്ചോറിലെ ചിന്തകളും വിവരങ്ങളുമൊക്കെ ശേഖരിക്കാനുള്ള ടെലിപ്പതി എന്ന സാങ്കേതികവിദ്യയുടെ ആദ്യഘട്ടം മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനി വിജയമാക്കിയ കാര്യമൊക്കെ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു. ഇനി, മനസ്സിലുള്ള വിവരങ്ങളും ക്ലൗഡിലെത്തുമോ എന്നാണ് അറിയേണ്ടത്. അതോടൊപ്പം ഭാവിയിലെ ചൊവ്വക്കോളനിയിലേക്ക് 10 ലക്ഷം പേരെ കൊണ്ടുപോകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സാങ്കേതിക ലോകത്ത് ഒരു ‘ഭ്രമയുഗം’ തീർത്തിരിക്കുകയാണ് മസ്ക്.
ആരും കൊതിക്കുന്ന കാറും ബഹിരാകാശത്തേക്ക് അയച്ചു മസ്ക്
സ്വപ്നങ്ങൾക്കപ്പുറത്തുള്ള സ്വപ്നങ്ങളുണ്ടെങ്കിൽ അതായിരിക്കും ഇലോൺ മസ്ക് കാണുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. 2018ൽ തന്റെ ബഹിരാകാശമേഖലാ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി എന്ന റോക്കറ്റ് വിക്ഷേപിച്ചപ്പോൾ ടെസ്‌ല റോഡ്സ്റ്റർ എന്ന ആരും കൊതിക്കുന്ന കാറും ബഹിരാകാശത്തേക്ക് അയച്ചു മസ്ക് (ടെസ്‌ലയും മസ്കിന്റെ കമ്പനി തന്നെ). ഈ കാറിപ്പോഴും ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്നു.
ഒരു സാധാരണ ധനികന്റെ രീതികളൊന്നുമല്ല മസ്കിന്. അദ്ദേഹം വിഭാവനം ചെയ്യുന്ന ലോകം ഭ്രമിപ്പിക്കുന്നതാണ്. ലോകമെമ്പാടും പല തലമുറകളിലുള്ള ആളുകളെ മസ്കിലേക്ക് ആകർഷിച്ചതും ഈ രീതി തന്നെ.
തന്റെ പേരിലുണ്ടായിരുന്ന അവസാന വീടും വസ്തുവും 210 കോടി രൂപയ്ക്ക് മസ്ക് ഇടയ്ക്ക് വിറ്റു. ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കാനായി തന്റെ വീടുകളും വസ്തുവകകളും വിൽക്കുമെന്നു കുറേക്കാലം പറഞ്ഞു നടന്നിട്ടാണ് വിറ്റത്. 16000 ചതുരശ്രയടി വിസ്തീർണമുള്ള ഈ ബംഗ്ലാവിൽ ഒൻപതു കിടപ്പുമുറികളും 10 ബാത്ത്റൂമുകളുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്ക് 2050 ൽ ചൊവ്വയിൽ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള ധനസമാഹരണത്തിനാണു 10 കോടി ഡോളർ മൂല്യമുള്ള തന്റെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ മസ്ക് വിൽക്കാൻ തുടങ്ങിയത്. കോളനി സ്ഥാപിച്ച ശേഷം ചൊവ്വയിൽ ഒരു നഗരം പണിയണമെന്നൊക്കെയാണു മസ്കിന്റെ ‘ചെറിയ ചെറിയ’ സ്വപ്നങ്ങൾ. അതിനായി സന്നാഹങ്ങളും ഒരുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, പുനരുപയോഗ സാധ്യതയുള്ള റോക്കറ്റ് സ്റ്റാർഷിപ് മികച്ച ഉദാഹരണം. മസ്കിന്റെ ഭ്രമലോകത്തിൽ, ഭൂമിയിൽ മാത്രമായിരിക്കില്ല മനുഷ്യർ താമസിക്കുന്നത്. സൗരയൂഥത്തിലെ വിവിധയിടങ്ങളിൽ മനുഷ്യരുടെ കോളനികളുണ്ടാകും. സ്റ്റാർഷിപ് പോലുള്ള വമ്പൻ റോക്കറ്റുകൾ ഭൂമിയിൽനിന്ന് ആളുകളെ അങ്ങോട്ടെത്തിക്കും.
ഇതേ സ്റ്റാർഷിപ് തന്നെ ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മിന്നൽ വേഗത്തിൽ ആളുകളെ എത്തിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽനിന്ന് മിനിറ്റുകൾക്കുള്ളിൽ കൊച്ചിയിലെത്താം. ലോകത്തെവിടെ ഏതു രാജ്യത്തും ജോലി ചെയ്യാനും അവിടെപ്പോയി താമസിക്കേണ്ട കാര്യമൊന്നുമില്ല.
പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം, മസ്കിനെ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി. 1989ൽ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി. തുടർന്ന് 1992 ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. യുഎസിലെ പഠനനാളുകളിൽ പ്രതിദിനം ഒരു ഡോളർ മാത്രമായിരുന്നു മസ്ക് ചെലവാക്കിയത്. ഓറഞ്ചുകളായിരുന്ന പ്രധാന ആഹാരം.
ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്. വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്ന കമ്പനിയും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്.