എഐ കോഡിങ്ങില്‍ വിസ്മയമായി 16 വയസുകാരന്! ഇന്ത്യന്‍ വംശജനായ അദ്ഭുത ബാലനെക്കുറിച്ച് അറിയാം

Mail This Article
നിർമിത ബുദ്ധിയിൽ കഴിവു തെളിയിക്കാൻ പ്രായം പ്രശ്നമല്ലെന്നു കാണിച്ചു തരികയാണ് കേവലം 16 വയസ്സു മാത്രമുള്ള ഇന്ത്യന്‍ വംശജനായ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥി. നിര്‍മിതബുദ്ധി (എഐ) കോഡിങ്ങില്‍ അസാധാരണ കഴിവ് തെളിയിച്ച, സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ ഇന്റേണ്‍ കൂടെയായ അദ്രിദ് റാവു ആണ് ഈ 'അദ്ഭുതബാലന്‍'. എഐ, ആരോഗ്യപരിപാലനം, മൊബൈല്‍ ആപ് വികസിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലെല്ലാം അദ്രിത് വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
വിവിധ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങള്‍, കോണ്‍ഫറന്‍സുകളിലെ പങ്കാളിത്തം, 2020 ലും 21 ലും ആപ്പിളിന്റെ ഡബ്ല്യൂഡബ്ല്യൂഡിസി സ്‌കോളര്‍, 2022 ല്‍ എഎസ്ഇഎഫ് ഗ്രാന്‍ഡ് അവാര്‍ഡ് ജേതാവ്, സിഗ്മ എക്‌സ്‌ഐ അംഗം, ടോപ് പ്രസന്റര്‍ 2022 എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് പയ്യന്‍ ഇതിനോടകം കൊയ്തുകഴിഞ്ഞിരിക്കുന്നത്. ലോകം ഇപ്പോള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി പ്രവര്‍ത്തിക്കുന്ന ആര്‍ടെക് ഇങ്ക് (Aretech Inc) എന്ന കമ്പനിയുടെ സ്ഥാപകനും മേധാവിയും കൂടിയാണ് അദ്രിത്.
കുട്ടികള്‍ക്ക് ആപ് വികസിപ്പിക്കല്‍ പ്രോത്സാഹനം നല്‍കുന്ന കമ്പനിയായ ഗെറ്റ് ഇന്‍വോള്‍വ്ഡ് ഫൗണ്ടേഷനു നേതൃത്വം നല്‍കുന്നു എന്നതു കൂടാതെ, അതിന്റെ ബോര്‍ഡ്മെംബറുമാണ് ഈ കുട്ടി. പ്രായം എന്നത് വെറുമൊരു വാക്കു മാത്രമാണ്, ഏതു പ്രായത്തിലുളളവര്‍ക്കും കഴിവുകള്‍ ആര്‍ജ്ജിക്കാം എന്ന വാദത്തിന് അടിവരയിടുന്നതാണ് അദ്രിതിന്റെ ഇതുവരെയുള്ള ജീവിതം.
എട്ടു വയസ്സുള്ളപ്പോഴാണ് താന്‍ കോഡിങില്‍ ആകൃഷ്ടനായതെന്ന് അദ്രിത് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വളരെ ലളിതമായ ബ്ലോക്പ്രൊഗ്രാമിങ് ആയിരുന്നു തുടക്കത്തില്‍ ചെയ്തുവന്നത്. തനിക്ക് അതില്‍ ഹരംകയറുകയായിരുന്നു എന്ന് അദ്രിത്. പിന്നീട് കംപ്യൂട്ടര്‍ സയന്‍സ് ആഴത്തില്‍ പഠിക്കാന്‍ ആരംഭിച്ചു എന്നും പലതരം പരമ്പരാഗത പ്രോഗ്രാമിങ് ഭാഷകളുടെ സാധ്യതകള്‍ തേടിയെന്നും കുട്ടി പറയുന്നു.
കോവിഡ് സമയത്താണ് കോഡിങ് മേഖലയിലേക്ക് കൂടുതല്‍ ആഴത്തില്‍ കടന്നത് എന്നും, ആളുകളുടെ ജീവിതത്തെ ഗുണകരമായ രീതിയില്‍ ഇതിനെ ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ചതെന്നും അദ്രിത് പറയുന്നു. ആപ് വികസിപ്പിക്കാന്‍ താന്‍ സ്വയം പഠിച്ചതാണെന്നും കുട്ടി പറയുന്നു. അദ്രിത് 12-ാം വയസിലാണ് ആപ്പിളിന്റെ ഡബ്ല്യൂഡബ്ല്യൂഡിസി സ്വിഫ്റ്റ് സ്റ്റ്യൂഡന്റ് ചലഞ്ചില്‍ വിജയിക്കുന്നത്.

ആപ്പിള്‍ മേധാവി ടിം കുക്കിനോട് നേരിട്ടുസംസാരിക്കാന്‍ അവസരമൊരുങ്ങിയത് അതുമായി ബന്ധപ്പെട്ടാണെന്ന് അദ്രിത് ഓര്‍ത്തെടുക്കുന്നു. അന്ന് ആപ് വികസിപ്പിക്കല്‍ ഉദ്യമം ആരംഭിച്ച് കേവലം 3 ആഴ്ചയൊക്കെയെ ആയിരുന്നുള്ളു എന്നും അദ്രിത് പറയുന്നു. കുക്കുമായുള്ള കണ്ടുമുട്ടല്‍ പ്രചോദനം പകര്‍ന്നു. അദ്രിത് സൃഷ്ടിച്ച ചില ആപ്പുകള്‍, മോടിവി (MoTV), ഷോപ്ക്വിക് (ShopQuik), വെര്‍ച്വതോണ്‍ (Virtuthon) തുടങ്ങിയവയാണ്.
ഐഫോണ്‍ ക്യാമറ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന, എഐ ശക്തിപകരുന്ന സിഗ്നര്‍ (Signer) മറ്റൊന്ന്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 13-ാം വയസ്സില്‍ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണ്‍ ആയത്. ഈ മേഖലയില്‍ അദ്രിത് പുറത്തിറക്കിയ ഏറ്റവും ശ്രദ്ധപി ടിച്ചുപറ്റിയ ആപ് ഓട്ടോഎബിഐ (AutoABI) ആണ്. മറ്റാരും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ഇതിലെ ടെക്‌നോളജിക്ക് അദ്രിതിന് പേറ്റന്റ് ലഭിച്ചേക്കാം.
ജനറേറ്റിവ് എഐയുടെ ശേഷി വിളിച്ചറിയിക്കുന്ന ആപ്പ് (LLMOnFIRE) ആണ് മറ്റൊന്ന്. എഐ ഡോക്ടര്‍മാര്‍ക്ക് പകരമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ അതു ഡോക്ടര്‍മാര്‍ക്ക് സഹായകമാകുമെന്നു കരുതുന്നു എന്നും അദ്രിത് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ യുവത്വത്തോട് എന്താണ് പറയാനുളളത് എന്ന ചോദ്യത്തിന്, 'വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രായം ഒരു ഘടകമേയല്ല' എന്ന സന്ദേശമാണ് അദ്രിത് നല്‍കുന്നത്.

ആപ്പിള്‍ ആയുധം താഴെവച്ചു; ഇനി ഇയുവിന് വഴങ്ങും
ടെക്‌നോളജി കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) കൊണ്ടുവന്ന പുതിയ മാറ്റങ്ങളെ നിയമപരമായി നേരിടാനുള്ള നീക്കം ആപ്പിള്‍ ഉപേക്ഷിച്ചതായി റോയിട്ടേഴ്‌സ്. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ കമ്പനിക്കുണ്ടായിരുന്ന ആധിപത്യം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ഇയുവിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) പ്രകാരം അനുവദനീയമല്ല.
ഇതിനെ നിയമപരമായി നേരിടാനായിരുന്ന ആപ്പിളിന്റെ തീരുമാനം. എന്നാല്‍, ഇനിമേല്‍ ആപ് ഡവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പുകള്‍ ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാമെന്ന നിലപാടാണ് കമ്പനി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ആപ്പിളിന് 'നോക്കുകൂലി' നഷ്ടമായേക്കും
ആപ് സ്റ്റോര്‍ വഴി മാത്രമേ ഐഫോണിലേക്കും ഐപാഡിലേക്കുമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ പാടുള്ളു എന്ന കടുംപിടുത്തമാണ് ആപ്പിള്‍ ഇപ്പോള്‍ ഇയു മേഖലയില്‍ ഉപേക്ഷിക്കുന്നത്. ഇങ്ങനെ ആപ് സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ 30 ശതമാനം വരെ ആപ്പിള്‍ 'നോക്കുകൂലിയായി' ഇതുവരെ കൈക്കലാക്കി. ഇത് കടുത്ത അന്യായമാണ് എന്നു പറഞ്ഞ് എപ്പിക്, സ്‌പോട്ടിഫൈ തുടങ്ങിയ കമ്പനികള്‍ അമേരിക്കയിലടക്കം കോടതിയെ സമീപിച്ചിരുന്നു. ഡിഎംഎ, ആപ്പിളിനു പുറമെ, മെറ്റാ, ഗൂഗിള്‍, ടിക്‌ടോക്, ആമസോണ്‍ തുടങ്ങിയ ഭീമന്മാര്‍ക്ക് മുക്കുകയറിടാനുള്ള ഉദ്ദേശ്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പു ചോദ്യങ്ങള്‍ ജെമിനിയോടു വേണ്ട
പല രാജ്യങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പു നടക്കുകയാണ്. അതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍നിന്ന് തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ജെമിനിയെ ഗൂഗിള്‍ വിലക്കാന്‍ പോകുന്നു എന്ന് റോയിട്ടേഴ്‌സ്. ജെമിനി തെറ്റായ ഉത്തരങ്ങൾ നൽകാതിരിക്കാനാണ് ഇതെന്നാണ് കമ്പനിയുടെ വിശദീകരണം. വ്യാജവാര്‍ത്തകള്‍ അടക്കം പ്രചരിപ്പിക്കപ്പെട്ടേക്കാം എന്ന ഭീതിയാണ് വിലക്കിനു പിന്നിലത്രേ.
അമേരിക്കയില്‍ ഇത് നടപ്പാക്കി കഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഞാന്‍ ഇപ്പോഴും ഈ ചോദ്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, താങ്കള്‍ ഒരു ഗൂഗിള്‍ സേര്‍ച് നടത്തിനോക്കൂ' എന്ന ഉത്തരമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിക്‌ടോക് ഭീഷണിയൊക്കെയാണ്, പക്ഷേ നിരോധിച്ചാല്‍ കുട്ടികള്‍ക്ക് ഹാലിളകിയേക്കുമെന്ന് ട്രംപ്
അമേരിക്കന്‍ തിരഞ്ഞെടുപ്പിലടക്കം സജീവമായ രാഷ്ട്രീയ വിഷയമാണ് ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് നിരോധിക്കണമോ എന്ന കാര്യം. രാജ്യത്തിന് ഭീഷണിയാണ് ടിക്‌ടോക് എന്നാണ് ചില സെനറ്റര്‍മാരടക്കം പറയുന്നത്. ആപ് നിരോധിക്കണമോ എന്ന കാര്യത്തില്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പും നടക്കും.
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചേക്കുമെന്നു കരുതുന്ന ട്രംപ് ഈ വിഷയത്തില്‍ പ്രതികരിച്ചു എന്ന് റോയിട്ടേഴ്‌സ്. ടിക്‌ടോക് ഒരു ഭീഷണിയാണെന്നു സമ്മതിച്ച ട്രംപ്, അതു നിരോധിച്ചാല്‍ ചില കുട്ടികള്‍ക്ക് ദേഷ്യം പിടിച്ചേക്കാം എന്നും പറഞ്ഞു. ടിക്‌ടോക് നിരോധിച്ചാല്‍ അതു ഗുണമാകാന്‍പോകുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് വലിയ മമതയില്ലാത്ത മെറ്റാ പ്ലാറ്റ്‌ഫോമിനായിരിക്കും എന്നതും ട്രംപിന്റെ പ്രതികരണവുമായി കൂട്ടിവായിക്കാം.

ഗൂഗിള്‍ മെസേജസിലേക്ക് ആര്‍സിഎസ് കസ്റ്റമൈസേഷന്‍
ഗൂഗിള്‍ മെസേജസ് ആപ്പിലേക്ക് റിച് കമ്യൂണിക്കേഷന്‍ സര്‍വീസ് (ആര്‍സിഎസ്) ഉടന്‍ എത്തിയേക്കും. വാട്‌സാപ് ചാറ്റിന്റെയും മറ്റും രീതിയില്‍ എസ്എംഎസ് വഴി സന്ദേശങ്ങള്‍കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതായിരിക്കും ഇത്. സന്ദേശങ്ങള്‍ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ വഴിയും വൈ-ഫൈയിലൂടെയും കൈമാറാനായേക്കും. എസ്എംഎസിന് ഇത്തരത്തിലൊരു ശേഷി ഇല്ലാതിരുന്നതാണ് വാട്‌സാപ് തുടങ്ങിയ ആപ്പുകള്‍ കളംപിടിക്കാന്‍ ഇടവരുത്തിയത്. പുതിയ മാറ്റം ഈ വൈകിയ വേളയില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.