'മനുഷ്യാകാര'മെടുക്കുന്ന ചാറ്റ്ജിപിറ്റി! വീട്ടുപണിയും ചെയ്യിക്കാനായേക്കും, ഫിഗര്‍ 01ന്റെ വിശേഷങ്ങള്‍
Mail This Article
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരാശി റോബോട്ട് യുഗത്തിലേക്ക് കടന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ചാറ്റ്‌സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിഗര്‍ കമ്പനിയാണ് പുതിയ റോബോട്ടിനെ പ്രവര്‍ത്തിപ്പിച്ചു കാണിച്ചിരിക്കുന്നത്. ഫിഗര്‍ 01 എന്ന പേരില്‍ നിര്‍മ്മിച്ചുവരുന്ന ഹ്യൂമനോയിഡ് റോബോട്ടിനെയാണ് പ്രദര്‍ശിപ്പിച്ചത്. ഒരളവുവരെ മനുഷ്യനെ പോലെ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കെല്‍പ്പുള്ളതാണ് ഇപ്പോള്‍ പരിചയപ്പെടുത്തിയ ഫിഗര്‍ 01 (Figure 01) എന്ന് വിലയിരുത്തപ്പെടുന്നു.
ടെസ്‌ലാ ബോട്ട് എന്ന പേരില്‍, സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കും ഒരു ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബോട്ടിനെ പരിചയപ്പെടുത്തിയിരുന്നു. ഫിഗര്‍ 01ന്റെ ശേഷിക്കുമുന്നില്‍ ടെസ്‌ലാ ബോട്ട് കുട്ടിക്കളിയായിരുന്നു എന്ന തോന്നലാണ് ഉണ്ടാകുന്നത്.
ചാറ്റ്ജിപിറ്റി മനുഷ്യാകാരമെടുക്കുന്നു
ചാറ്റ്ജിപിറ്റിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം അതിന്റെ ശേഷിയില്‍ മതിപ്പു തോന്നിയിട്ടുണ്ടാകാം. അതും അതിനപ്പുറവുമാണ് ഫിഗര്‍ 01! ഫിഗര്‍ എന്ന സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് റോബോട്ടിനെ നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യ വേര്‍ഷനാണ് ഫിഗര്‍ 01. ഇപ്പോള്‍പുറത്തുവിട്ട ഡെമോ കണ്ടവരിലേറെയും അത്ഭുതപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്താണ് കാണുന്നത് എന്ന് വിഡിയോയില്‍ ഉള്ള ആള്‍ ചോദിച്ചപ്പോള്‍ ഫിഗര്‍ 01 നല്‍കുന്ന ഉത്തരം, 'ഒരു ചുവന്ന ആപ്പിളും, പാത്രങ്ങള്‍ ഉണക്കാനുള്ള റാക്കും അതിനടുത്ത് നില്‍ക്കുന്ന, ചോദ്യം ചോദിച്ച ആളെയും കാണുന്നു' എന്നാണ്. ക്യാമറാക്കണ്ണുകളിലൂടെ നോക്കി ആളെയും, നിറവും, റാക്കും ഒക്കെ തിരിച്ചറിഞ്ഞു എന്നത് റോബോട്ട് വികസിപ്പിക്കല്‍ മേഖലയ്ക്ക് വന്‍ ഉത്തേജനം പകര്‍ന്നേക്കും.
ഫിഗര്‍ 01 കാണിച്ച 'വസ്തുക്കളെ തിരിച്ചറിയാനുള്ള ശേഷി' ചാറ്റ്ജിപിറ്റിയുടെ ഇമേജ് റെക്കഗ്നിഷനില്‍ നാം കണ്ടതാണ്. എന്നാല്‍, ഫിഗര്‍ 01നെ നാം അത്ഭുതത്തോടെ കാണുന്നത് അത് എങ്ങനെ അതിന്റെ പരിസരത്തോട് ഇടപെടുന്നു എന്നതിലാണ്. വിഡിയോയില്‍ ഉള്ള വ്യക്തി തനിക്ക് കഴിക്കാന്‍ എന്തെങ്കിലുംകിട്ടുമോ എന്ന ചോദ്യത്തിന് ഫിഗര്‍ 01 ആപ്പിള്‍ എടുത്തു നല്‍കുന്നത് കാണാം.
ഫിഗര്‍ 01ന് ക്യാമറ കണ്ണുകളിലൂടെ ലഭിക്കുന്ന ഡേറ്റ അത് സംഭാഷണമായി മാറ്റുന്നു.
ഓപ്പണ്‍എഐയുടെ ലാംഗ്വേജ് മോഡല്‍ പ്രയോജനപ്പെടുത്തിയാണ് കാര്യം 'ഗ്രഹിക്കുന്നത്'. അതിനു ശേഷം സാഹചര്യം 'മനസിലാക്കി' ഉത്തരം നല്‍കുന്നു. ആപ്പിള്‍ എടുത്തു നല്‍കലും മറ്റും നടത്തുമ്പോള്‍ മോട്ടോര്‍സ്‌കില്ലും പ്രവര്‍ത്തിപ്പിക്കുന്നു. ഇതൊക്കെ അത്ഭുതത്തോടെ മാത്രമാണ് കാണാന്‍ സാധിക്കുന്നതെങ്കിലും, ഫിഗര്‍ കമ്പനി ഇതെല്ലാം എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ചുള്ള സാങ്കേതികമായ വിവരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
മസ്‌കിന്റെ ബോട്ടിന്റെ ഒരു പ്രകടനം വ്യാജമായിരുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നത് ഓര്‍ക്കണം. ഈ വിഡിയോയ്ക്കായി എന്തെങ്കിലും പ്രീ-പ്രോഗ്രാം നടത്തിയാണോ ഫിഗര്‍ 01നെ അവിടെ നിറുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ കമ്പനി ഉടന്‍ പുറത്തുവിടുമെന്നു കരുതുന്നു. ഫിഗര്‍ 01ന്റെ മള്‍ട്ടിടാസ്‌കിങ് ശേഷികളും ഡെമോയില്‍ കാണാം. ഫിഗര്‍ 01 ഒരു സ്വയം വിലയിരുത്തലും നടത്തുന്നുണ്ട്. താന്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് റോബോട്ട് പറയുന്നു.
മനുഷ്യോചിതമായ സംഭാഷണവും, ചലനങ്ങളും ഫിഗര്‍ 01ന് നടത്താന്‍സാധിച്ചു എന്നതാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള റോബോട്ടുകളില്‍ കണ്ടുവന്ന തരത്തിലുള്ള 'അസ്വാഭാവിക' ചലനങ്ങള്‍ ഇല്ലാതാക്കാന്‍ കമ്പനിക്കു സാധിച്ചിരിക്കുന്നു. വിഡിയോയില്‍ കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാണെങ്കില്‍, മനുഷ്യനും റോബോട്ടും തമ്മില്‍ ഇതുവരെനടത്തിയിരിക്കുന്ന ഏറ്റവും സ്വാഭാവികമായ ഇടപെടലായിരിക്കാം ഇത് എന്നു കരുതുന്നവരും ഉണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഫിഗര്‍ എഐ ആദ്യത്തെ റോബോട്ടിനെ പരിചയപ്പെടുത്തിയത്. ഫാക്ടറി ജോലികള്‍ മുതല്‍ വീട്ടു ജോലികള്‍ വരെ ചെയ്യിക്കാവുന്ന ഒരു അസിസ്റ്റന്റിന്റെ റോളില്‍ പുറത്തിറക്കാനാണ് ഉദ്ദേശമെന്നും കമ്പനി പറഞ്ഞിരുന്നു. വീട്ടുപണികള്‍ റോബോട്ടുകള്‍ക്ക് നല്‍കി കൂടുതല്‍ സര്‍ഗ്ഗാത്മകമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് ഇത്തരം റോബോട്ടുകളുടെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. ആദ്യമായാണ് ഫിഗര്‍ തങ്ങളുടെ റോബോട്ടിന്റെ 'ചിന്താശേഷി' പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഫിഗര്‍ കുട്ടിക്കളിയല്ല
ടെക്‌നോളജി ഭീമന്മാരായ എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ആമസോണ്‍ മേധാവി ജെഫ് ബേസോസ് തുടങ്ങിയവരൊക്കെ ഫിഗര്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇങ്ങനെ 675 ദശലക്ഷം ഡോളറിലേറെ കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. ഫിഗര്‍ 01 വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നാല്‍, ഈ അമിതാവേശം അസ്ഥാനത്താണോ എന്ന കാര്യം വരും ദിവസങ്ങളിലെ പറയാനാകൂ. തങ്ങള്‍ ഉപയോഗിച്ച ടെക്‌നോളജിയെക്കുറിച്ച് ഫിഗര്‍ ഉടനെ പറയുമെന്നു കരുതുന്നു.
പരീക്ഷണാര്‍ത്ഥം ഇറക്കുന്ന എഐ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ അനുമതി
പൂര്‍ണമായി പാകം വരാത്ത നിര്‍മിത ബുദ്ധി ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അനുമതി വാങ്ങണം എന്നൊരു ഉത്തരവ് കേന്ദ്ര ഗവണ്‍മെന്റ് ഇറക്കിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതികരണങ്ങള്‍ നേരിട്ടതോടെ വിവാദമുണ്ടാക്കിയ ഭാഗം ഐടി മന്ത്രാലയം പിന്‍വലിച്ചു. ഇനിമേല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിക്കുന്ന എഐ മോഡലുകള്‍ക്ക് അക്കാര്യം വിവരണത്തില്‍ നല്‍കിയ ശേഷം പ്രവര്‍ത്തിപ്പിക്കാം. ആദ്യത്തെ അഡ്വൈസറിയും സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് ബാധകമല്ലെന്ന് ഗവണ്‍മെന്റ് പറഞ്ഞിരുന്നു. ഗൂഗിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്കായിരുന്നു അത് ബാധകം. പെര്‍പ്ലെക്‌സിറ്റി എഐ കമ്പനി മേധാവി അരവിന്ദ് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ ഇന്ത്യ നടത്തുന്നത് നല്ല ഒരു നീക്കമല്ലെന്നുള്ളവിമര്‍ശനം ഉന്നയിച്ചിരുന്നു.
ചിത്രം ആനിമേറ്റ് ചെയ്യല്‍ എളുപ്പമാക്കാന്‍ എത്തുന്നു പിക്‌സ്2ജിഫ്
സ്റ്റില്‍ ഫോട്ടോകളെ എഐ ഉപയോഗിച്ച് 'ചലനാത്മക'മാക്കുന്ന പുതിയ ടെക്‌നോളജി പിക്‌സ്2ജിഫ് (Pix2Gif ഗിഫ് എന്ന് ഉച്ചരിക്കുന്നവരും ഉണ്ട്) എന്ന പേരില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്റ്റില്‍ ഫോട്ടോകള്‍ക്ക് ചലനാത്മകത വരുത്താനാകും. മോഷന്‍ ഗൈഡഡ് ഡിഫ്യൂഷന്‍ മോഡലാണ് മൈക്രോസോഫ്റ്റ് ഉപയോഗിച്ചിരിക്കുന്ന ഒരു സാങ്കേതികവിദ്യ. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഗവേഷണ വിഭാഗം അടക്കമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.