എഐ വിഡിയോകൾ യൂട്യൂബിൽ ഇടുന്നവർ അറിയാൻ; ഇനി മാറ്റം ഇങ്ങനെ
Mail This Article
നമ്മുടെ ചിത്രങ്ങളും വിഡിയോകളും മാത്രമല്ല ശബ്ദവും ആർക്കും സൃഷ്ടിക്കാനാകുന്ന ഡീപ് ഫെയ്ക് വില്ലന്മാരുടെ ലോകത്താണ് നാം ജീവിക്കുന്നത്. രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ്, ബറാക് ഒബാമ, ഐശ്വര്യ റായ് തുടങ്ങിയ നിരവധി പ്രമുഖർ ഡീപ് ഫെയ്ക് വിഡിയോകളുടെ ഇരകളായി മാറിയ വാർത്ത നാം കേട്ടു. ഇത്തരം ഡീപ്ഫെയ്കും എഐ വിഡിയോകളും യാഥാർഥ്യത്തോടടുത്ത് നിൽക്കുമ്പോൾ എങ്ങനെ തമ്മിൽ തിരിച്ചറിയാനാകും. അപ്ലോഡ് ചെയ്യുമ്പോൾ യഥാർഥ ദൃശ്യങ്ങളുമായി എങ്ങനെ നാം തിരിച്ചറിയുമെന്നത് വലിയ ഒരു പ്രതിസന്ധിയാണ്.
ഇപ്പോഴിതാ യൂട്യൂബിലെ എഐ വിഡിയോകൾ തിരിച്ചറിയാൻ സംവിധാനവുമായി കമ്പനി. വിഡിയോ നിർമിക്കുന്നവർ അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ എഐയിൽ പൂർണമായി നിർമിച്ചതാണോ?, അല്ലെങ്കിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ മാറ്റം വരുത്തിയിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഈ വിവരം യുട്യൂബ് കാഴ്ചക്കാരെ അറിയിക്കുകയും ചെയ്യും.
ആദ്യം മൊബൈലിലായിരിക്കും ഈ വിവരങ്ങൾ പ്രത്യക്ഷമാകുക. ഡെസ്‌ക്‌ടോപ്പ്, ടിവി എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്കും താമസിയാതെ ഈ ലേബലുകൾ കാണാനാകും. ബ്യൂട്ടി ഫിൽട്ടറുകൾ, ബ്ലർ പോലുള്ള പ്രത്യേക ഇഫക്റ്റുകൾ, ആനിമേഷൻ എന്നിവ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വിഡിയോകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടില്ല.
യുഎസിലും ഇന്ത്യയിലും രണ്ട് പ്രധാന തെരഞ്ഞെടുപ്പുകൾ നടക്കുകയാണ്, അതിനാൽത്തന്നെ എഐ വിഡിയോകള്‍ ലേബൽ ചെയ്യാനൊരുങ്ങുന്നത് യുട്യൂബ് ഡീപ്ഫെയ്ക് വിഡിയോകളെ പേടിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു.