ADVERTISEMENT

നിര്‍മിത ബുദ്ധിയുടെ (എഐ) കടന്നുവരവോടെ ഒട്ടനവധി മേഖലകളില്‍ തൊഴില്‍ നഷ്ടം ഉടന്‍ ഉറപ്പാണ് എന്നു വിധിയെഴുതിയവര്‍ പോലും, ആരോഗ്യ മേഖലയ്ക്ക് പല പതിറ്റാണ്ട് പ്രശ്‌നമില്ലാതെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചേക്കും എന്നു പ്രവചിച്ചിരുന്നു. എന്നാല്‍, പുതിയ വാര്‍ത്തകള്‍പ്രകാരം ആരോഗ്യപരിപാലന മേഖലയിലേക്കും കരുത്തോടെ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എഐ ഉടനെ തന്നെ. വെര്‍ച്വല്‍ പരിചരണ മേഖലയിലുള്ളവരുടെ ജോലിക്കാണ് പൊടുന്നനെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. 

പ്രമുഖ എഐ ചിപ് നിര്‍മാതാവായ എന്‍വിഡിയ (2.259 ട്രില്ല്യന്‍ ഡോളര്‍ ആസ്തി), ഹിപ്പോക്രാറ്റിക് എഐ എന്നീ കമ്പനികളാണ് ഈ മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന സഹകരണം നടത്തുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്‌സുമാര്‍ക്കും ഹെല്‍ത് വര്‍ക്കേഴ്‌സിനും പകരം പ്രയോജനപ്പെടുത്താവുന്ന, സഹാനുഭൂതിയുള്ള, ' എംപതെറ്റിക് എഐ ഹെല്‍ത്‌കെയര്‍ ഏജന്റുമാരെ' സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതിയാണിത്. 

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

പാളോ ആള്‍ട്ടോ (Palo Alto) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഹിപോക്രാറ്റിക് എഐ, എന്‍വിഡിയയുടെ എഐ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തിയായരിക്കും ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുക. പരിചരണം ലഭിക്കുന്നവരോട് താഴ്ന്ന സ്വരത്തില്‍ സംസാരിക്കുക, സ്വാഭാവികമായ വൈകാരികബന്ധം സ്ഥാപിക്കുക തുടങ്ങിയവയിലൊക്കെയാണ് എഐക്ക് പരിശീലനം നല്‍കുക എന്ന് ഹിപോക്രാറ്റിക് കമ്പനി പറഞ്ഞു. ആരോഗ്യപരിപാലന മേഖലയെ മാത്രം മനസില്‍കണ്ട് വികസിപ്പിച്ച ലാര്‍ജ് ലാംഗ്വെജ് മോഡലുകളില്‍ അധിഷ്ഠിതമാണ് തങ്ങളുടെ എഐ ഏജന്റുമാര്‍ എന്ന് കമ്പനി പറഞ്ഞു. 

എഐ പ്രവര്‍ത്തിപ്പിക്കാന്‍ മണിക്കൂറിന് 9 ഡോളര്‍

അമേരിക്കയില്‍ ഒരു മണിക്കൂറില്‍ ഒരു തൊഴിലാളിക്ക് നല്‍കേണ്ട കുറഞ്ഞ വേതനത്തേക്കാള്‍ അധികമല്ലാത്ത തുകയാണ് എഐ നഴ്‌സിങ് ഏജന്റിനെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിവരിക(9 ഡോളര്‍). എന്നാല്‍, അമേരിക്കയിലെ റജിസ്‌റ്റേഡ് നേഴ്‌സുമാര്‍ക്ക് മണിക്കൂറില്‍ നല്‍കുന്ന 90 ഡോളര്‍ ശമ്പളത്തേക്കാള്‍ വളരെ കുറവാണിത് എന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്. എഐയുടെ കടന്നുവരവോടെ ആരോഗ്യ പരിപാലന മേഖല പുതിയ യുഗത്തിലേക്ക് പ്രവേശിക്കും എന്നാണ് എന്‍വിഡിയ അവകാശപ്പെടുന്നത്. 

വിമര്‍ശനവും ധാരാളം

എന്‍വിഡിയയും, ഹിപ്പോക്രാറ്റിക് എഐയും കാണിക്കുന്ന അത്യുത്സാഹം ഇപ്പോള്‍ അധികം പേര്‍ ഏറ്റെടുക്കുന്നില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഏറ്റവും മികച്ച എഐ സംവിധാനമായി കണക്കാക്കപ്പെടുന്ന ചാറ്റ്ജിപിറ്റിക്കു പോലും തെറ്റുപറ്റാമെന്നിരിക്കെ എങ്ങനെയായണ് ഇത്തരം എഐ സംവിധാനങ്ങളെ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ വിശ്വസിക്കാന്‍ സാധിക്കുന്നത് എന്ന് അവര്‍ ചോദിക്കുന്നു. 

എന്നിരിക്കിലും ഈ മേഖലയിലും എഐയുടെ കടന്നുവരവ് അനിവാര്യമാണ് എന്നു കരുതുന്നവരും ഉണ്ട്. ഇന്റര്‍നാഷണല്‍ കൗണ്‍ല്‍ ഓഫ് നഴ്‌സസിന്റെ കണക്കുപ്രകാരം ആഗോള തലത്തില്‍ ഇപ്പോള്‍ ഏകദേശം ഒരു കോടി മുപ്പതു ലക്ഷം (13 ദശലക്ഷം) നഴ്‌സുമാരുടെ കുറവാണുള്ളത്. ശാരീരിക സാന്നിധ്യം വേണ്ടാത്ത ആരോഗ്യ പരിപാലന ജോലികളില്‍ നല്ലൊരു പങ്കും, വികസിത രാജ്യങ്ങളിലെങ്കിലും ഇനി എഐയെ ഏല്‍പ്പിച്ചു തുടങ്ങിയേക്കും എന്നു കരുതപ്പെടുന്നു. റോബോട്ടിക്‌സ് മേഖലയില്‍ കൈവരിക്കുന്ന മുന്നേറ്റത്തെ കൂടെ ആശ്രയിച്ചായിരിക്കും മേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍വരിക. 

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

മൈക്രോസോഫ്റ്റ് എഐയുടെ മേധാവിയായി മുസ്തഫാ സുലൈമാന്‍

ബ്രിട്ടനിലെ എഐ മേഖലയ്ക്ക് തുടക്കമിട്ട ഗവേഷകരില്‍ ഒരാളായ മുസ്തഫാ സുലൈമാന്‍ ആയിക്കും ഇനി മൈക്രോസോഫ്റ്റ് എഐ വിഭാഗത്തിന്റെ മേധാവി. അദ്ദേഹം കമ്പനിയുടെ മേധാവിക്കു നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്ന് ബ്ലൂംബര്‍ഗ്. സിറിയിന്‍ വംശജനായ ടാക്‌സി ഡ്രൈവറുടെയും ബ്രിട്ടണ്‍കാരിയായ അമ്മയുടെയും മകനായി ജനിച്ച മുസ്തഫ 22-ാമത്തെ വയസില്‍ അന്നത്തെ ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ് മനുഷ്യാവകാശത്തെക്കുറിച്ച് ഉപദേശങ്ങള്‍ നല്‍കിയിരുന്നു. 

പില്‍ക്കാലത്ത് ഗൂഗിള്‍ ഏറ്റെടുത്ത, ലോകത്തെ ഏറ്റവും പ്രശസ്ത എഐ കമ്പനികളിലൊന്നായ ഡീപ് മൈന്‍ഡിന്റെ സഹസ്ഥാപകനാണ് മുസ്തഫ. ഗൂഗിള്‍ പ്രൊഡക്ട്‌സില്‍ എഐ സന്നിവേശിപ്പിക്കുന്ന ജോലിയിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ഇന്‍ഫ്‌ളെകക്ഷന്‍ എഐ കമ്പനി സ്ഥാപിക്കാനായി മുസ്തഫ ഗൂഗിള്‍വിട്ടത് 2022ല്‍ ആയിരുന്നു. മൈക്രോസോഫ്റ്റ് കോപൈലറ്റ്, ബിങ് തുടങ്ങിയ വിഭാഗങ്ങളെ ശക്തിപ്പെടുത്താനായിരിക്കും മുസ്തഫ ഇനി ശ്രമിക്കുക. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ആപ്പിളിനെതിരെ വന്‍ പടയൊരുക്കം

ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിനെതിരെ കോടതിയില്‍ ഏറ്റുമുട്ടി ജയിച്ച, ഫോര്‍ട്‌നൈറ്റ് വിഡിയോ ഗെയിം വികസിപ്പിക്കല്‍ കമ്പനിയായ എപിക്കിന് പിന്തുണയുമായി ടെക്‌നോളജി ഭീമന്മാര്‍. എപ്പിക് 2021ന് നേടിയ ഐതിഹാസിക വിധിയുടെ ലംഘനമാണ് ആപ്പിള്‍ ഇപ്പോള്‍ നടത്തുന്നത് എന്നു പറഞ്ഞാണ്  കമ്പനികള്‍ എത്തിയിരിക്കുന്നത്. മെറ്റാ പ്ലാറ്റ്‌ഫോംസ്, മൈക്രോസോഫ്റ്റ്, ഇലോണ്‍ മസ്‌കിന്റെ എക്‌സ്, മാച് ഗ്രൂപ്പ് തുടങ്ങിയ ഭീമന്മാരാണ് ആപ്പിളിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. പുതിയ സംഭവ വികാസത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു എന്ന് റോയിട്ടേഴ്‌സ്.

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 പ്രോസസര്‍ അവതരിപ്പിച്ചു

നിലവിലെ മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശക്തി പകരുന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 പ്രൊസസറിന്റെ വില കുറഞ്ഞ വേര്‍ഷന്‍ പുറത്തിറക്കി-സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 എന്നാണ് പേര്. ഇതു കേന്ദ്രമായി ഒരു പറ്റം പുതിയ ഫോണുകള്‍ മാര്‍ക്കറ്റിലെത്തും. റെഡ്മി നോട്ട് 13 ടര്‍ബോആണ് അതിലൊന്ന്. ഈ മോഡല്‍ ചൈനയ്ക്കു വെളിയില്‍ വില്‍ക്കുക പോകോ എഫ്6 എന്ന പേരിലായിരിക്കും. മോട്ടോ എക്‌സ്50 അള്‍ട്രാ ആണ് മറ്റൊരു മോഡല്‍. ഷഓമി സിവി 4 പ്രോ, ഐക്യൂ സെഡ്8 ടര്‍ബോ തുടങ്ങിയ മോഡലുകളും സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവആയിരിക്കും. 

never-settle - 1

വണ്‍പ്ലസ് നോര്‍ഡ് സിഇ4 ഏപ്രില്‍ 1ന്

വണ്‍പ്ലസ് നോര്‍ഡ് സിഇ4 സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രില്‍ 1ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. വില 30,000 രൂപയില്‍ താഴെ ആയിരിക്കുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തിക്കുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസര്‍ ഉപയോഗിച്ചായിരിക്കാം. പിന്നില്‍, രണ്ട് അല്ലെങ്കില്‍മൂന്ന് ക്യാമറകള്‍ പ്രതീക്ഷിക്കുന്നു. ചില സൂചനകള്‍ പ്രകാരം 50എംപി പ്രധാന ക്യാമറയും, 8എംപി സെന്‍സറും അടങ്ങുന്നതായിരിക്കും സിസ്റ്റം. സെല്‍ഫിക്ക് 16എംപി ക്യാമറ പ്രതീക്ഷിക്കുന്നു. വലിപ്പം 6.7-ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ആയിരിക്കാം ഫോണിന്.

pixel-8-1 - 1

പിക്‌സല്‍ 8 സീരിസിലേക്ക് അഡാപ്റ്റിവ് ടച് എത്തിയേക്കും

ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ സീരിസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ അഡാപ്റ്റിവ് ടച്ച് വന്നേക്കും. ഗൂഗിള്‍ പിക്‌സല്‍ 9 സീരിസില്‍ സ്പര്‍ശം ഏങ്ങനെ വേണമെന്നുള്ളത് ക്രമീകരിക്കാന്‍ സാധിച്ചേക്കും. ടച് സെന്‍സിറ്റിവിറ്റി എന്ന വിഭാഗത്തിലായിരിക്കും ഇത് ക്രമീകരിക്കാനുള്ളഅവസരം ഒരുങ്ങുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com