ADVERTISEMENT

പണമടച്ച് ഉപയോഗിക്കേണ്ട സെര്‍ചിങ് സംവിധാനം ഗൂഗിള്‍ താമസിയാതെ അവതരിപ്പിക്കും. നിലവിലുള്ള സെര്‍ച് എൻജിനു പുറമെ ആകാനാണ് സാധ്യത. അതേസമയം, പ്രീമിയം ഫീച്ചറുകള്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുമെന്ന് ഗൂഗിള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ്. നിര്‍മിത ബുദ്ധി (എഐ) ശക്തി പകരുന്ന സെര്‍ച്ച് ആയിരിക്കും പണമടയ്ക്കുന്ന സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കുക. ജനറേറ്റീവ് എഐയില്‍ അധിഷ്ഠിതമായ പ്രീമിയം ഗൂഗിള്‍ സെര്‍ച് താമസിയാതെ അവതരിപ്പിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് എഫ്ടി ആണ്. 

വലിയ മാറ്റം

ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തില്‍ അധികപങ്കും നേടുന്ന കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ പ്രധാനപ്പെട്ട സേവനങ്ങളായ സെര്‍ച്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോൾ നൽകുന്നത്.‍‍ സെര്‍ച്ചിനു പണമീടാക്കുന്നത് കമ്പനിയുടെ മാറുന്ന ചിന്താഗതിയാണ് കാണിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, പരമ്പരാഗത ഗൂഗിള്‍ സെര്‍ച്ച് സൗജന്യമായി നിലനിര്‍ത്തുന്നു എന്നത് സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസകരമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

(Photo by Kirill KUDRYAVTSEV / AFP)
(Photo by Kirill KUDRYAVTSEV / AFP)

ഗൂഗിള്‍ ഓഫര്‍ ചെയ്യാന്‍ പോകുന്ന പ്രീമിയം ഫീച്ചറുകള്‍ ഫ്രീയായി പരീക്ഷിക്കണോ?

ജനറേറ്റിവ് എഐ സെര്‍ച്ച് ക്ലൗഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെലവുണ്ടെന്നതു തന്നെയായിരിക്കും ഗൂഗിളിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. എഐ സെര്‍ച്ചിന്റെ കാര്യത്തില്‍ ഗൂഗിള്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റിയെക്കാള്‍ പിന്നിലാണു താനും. ചാറ്റ്ജിപിറ്റിയുടെ പ്രീമിയം സേവനത്തിനും പണമടയ്ക്കണം. എന്നാല്‍ മൈക്രോസോഫ്റ്റ് ബിങ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളില്‍ ഇപ്പോള്‍ ഇത് ഫ്രീയായി ലഭ്യമാണ്. സൈന്‍-ഇന്‍ ചെയ്ത് ഉപയോഗിച്ചാല്‍ പ്രീമിയം ഫീച്ചറുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. 

ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്‌ക്രീനിനു താഴേക്ക് സേര്‍ച്ച് ബാര്‍?

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി സ്‌ക്രീനിനു താഴെ സെര്‍ച്ച് ബാര്‍ കൊണ്ടുവരിക എന്ന പരീക്ഷണം ഗൂഗിള്‍ 2021ല്‍ ആരംഭിച്ചതാണ്. ഇത് 2023ല്‍ പരിഷ്‌കരിക്കുകയും ചെയ്തു. കമ്പനി ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ സെര്‍ച്ച് ബാര്‍ താഴെ നിലനിര്‍ത്തി, അതില്‍ കമ്പനിയുടെ 'മെറ്റീരിയല്‍ 3' അടക്കമുള്ള ഫീച്ചറുകളും ഉള്‍പ്പെടുത്തിയേക്കുമെന്നും 9ടു5ഗൂഗിള്‍.

താനെങ്ങനെ 180000 ജോലിക്കാരെ സഹകരിപ്പിക്കുന്നു എന്ന് വിശദീകരിച്ച് പിച്ചൈ

ആല്‍ഫബെറ്റ് പോലെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെക്‌നോളജി കമ്പനികളിലൊന്നിലെ 180000 ത്തോളം ജോലിക്കാരെ ഒരുമിച്ചു കൊണ്ടുപോകുകയെന്നതു ശ്രമകരമായ ഒരു ജോലിയാണ്. ഇതോര്‍ത്ത് തനിക്ക് ഒരുപാടു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കമ്പനിയുടെ മേധാവി സുന്ദര്‍ പിച്ചൈ സ്റ്റാന്‍ഫഡില്‍ നടത്തിയ ഒരു സംഭാഷണത്തില്‍ പറഞ്ഞത്. 

സുന്ദർ പിച്ചൈ (Photo by Sajjad HUSSAIN / AFP)
സുന്ദർ പിച്ചൈ (Photo by Sajjad HUSSAIN / AFP)

ഇത്രയധികം ജോലിക്കാര്‍ ഉണ്ട് എന്നത് കമ്പനിക്ക് ഗുണം തന്നെയാണ്. എങ്കിലും, കൂടുതൽ മെച്ചപ്പെട്ട ആശയവുമായി ഒരു ഗരാജില്‍ പണിയെടുക്കുന്നയാള്‍ ഏതു സമയത്തും തങ്ങളുടെ മുന്നില്‍ കയറിയേക്കാം എന്നും പിച്ചൈ ഓര്‍മപ്പെടുത്തി. ജോലിക്കാരോട്കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ആവശ്യപ്പെടുന്നതും അതില്‍ വിജയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ് തന്റെ രീതിയെന്നാണ് അദ്ദേഹം പറഞ്ഞത്. 

എക്‌സ് പ്രീമിയം ഉപയോക്താക്കള്‍ക്കും ഗ്രോക് ചാറ്റ്‌ബോട്ട് ലഭ്യമാക്കി

ഇലോണ്‍ മസ്‌കിന്റെ കമ്പനികളിലൊന്നായ എക്‌സ്എഐ വികസിപ്പിച്ച ഗ്രോക് എഐ ചാറ്റ്‌ബോട്ട് ഇപ്പോള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. അദ്ദേഹത്തിന്റെ തന്നെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലെ പ്രീമിയം ഉപയോക്താക്കള്‍ക്കാണ്ഗ്രോക് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുക. നേരത്തെ പ്രീമിയം പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഗ്രോക് തുറന്നു നല്‍കിയിരുന്നു. പ്രതിമാസം 16 ഡോളറാണ് പ്രീമിയം പ്ലസ് വരിസംഖ്യ. 

Elon Musk's Grok AI chatbot is now available to X Premium+ users in India
Elon Musk's Grok AI chatbot is now available to X Premium+ users in India

വില കുറഞ്ഞ ടെസ്‌ല കാര്‍ ഉണ്ടാക്കാനുള്ള ശ്രമം മസ്‌ക് ഉപേക്ഷിച്ചു

ഷഓമി അടക്കമുള്ള ചൈനീസ് കമ്പനികളില്‍നിന്ന് കടുത്ത വെല്ലുവിളി ഉയര്‍ന്ന സാഹചര്യത്തില്‍, വില കുറഞ്ഞ ടെസ്‌ല കാര്‍ ഉണ്ടാക്കാനുള്ള ശ്രമം മസ്‌ക് ഉപേക്ഷിച്ചുവെന്ന് റോയിട്ടേഴ്‌സ്. ഇത്തരം ഒരു മോഡല്‍ പുറത്തിറക്കുമെന്ന് കമ്പനിയിലെ നിക്ഷേപകര്‍ക്കും മറ്റും മസ്‌ക് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ ടെസ്‌ല വില്‍ക്കുന്ന ഏറ്റവും വില കുറഞ്ഞ വാഹനം മോഡല്‍ 3 സെഡാന്‍ ആണ്. ഇതിന് 39,000 ഡോളറാണ് അമേരിക്കയിലെ വില. മോഡല്‍ 2 എന്ന പേരില്‍ 25,000 ഡോളറിന് മറ്റൊരു വാഹനം പുറത്തിറക്കാനുള്ള പദ്ധതിയാണ് വേണ്ടന്നുവച്ചിരിക്കുന്നത്. 

X (formerly Twitter) CEO Elon Musk attends a symposium on "Antisemitism Online" during the European Jewish Association conference in Krakow, on January 22, 2024. (Photo by Bartosz SIEDLIK / AFP)
X (formerly Twitter) CEO Elon Musk attends a symposium on "Antisemitism Online" during the European Jewish Association conference in Krakow, on January 22, 2024. (Photo by Bartosz SIEDLIK / AFP)

8/8ന് റോബോടാക്‌സി പുറത്തിറക്കുമെന്ന് മസ്‌ക്

സ്റ്റിയറിങ് വീലോ പെഡലോ ഇല്ലാത്ത വണ്ടി ഓഗസ്റ്റ് 8 ന് ടെസ്‌ല പുറത്തിറക്കുമെന്ന് മസ്‌ക്. ഇത് ടാക്‌സിയായി ഓടിക്കാം എന്നതിനാല്‍ അതിന്റെ പേര് റോബോടാക്‌സി എന്നായിരിക്കാം. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാത്ത സമയത്ത് ടാക്‌സിയായിവിട്ടു നല്‍കി പണമുണ്ടാക്കാം എന്നതാണ് റോബോടാക്‌സിയുടെ ഗുണമത്രെ. മസ്‌കിന്റെ ട്വീറ്റ്: 

ട്വീറ്റ് മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. നേരത്തേയും ഇതു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവകാശവാദം മാസ്‌ക് നടത്തിയിരുന്നു. അതൊന്നും യാഥാര്‍ത്ഥ്യമായില്ല. റോബോടാക്‌സി വാഹനത്തിന് 40,000 ഡോളറിലേറെ വില നല്‍കേണ്ടി വരും. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഫുള്‍ സെല്‍ഫ്ഡ്രൈവിങ് (എഫ്എസ്ഡി) സോഫ്റ്റ്‌വെയറും വേണം. അതിന് പ്രതിമാസം 199 ഡോളര്‍ നല്‍കണം. ഒന്നിച്ച് പണം അടയ്ക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ക്ക് എഫ്എസ്ഡി 12,000 ഡോളറിന് വില്‍ക്കും. 

ആപ്പിള്‍ വിഷന്‍ പ്രോയില്‍ എക്‌സിബിഷന്‍ ആപ്പുമായി ഇന്ത്യക്കാരന്‍

ആപ്പിള്‍ വിഷന്‍ പ്രോ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് തുറന്നിട്ട വിശാലമായ ടെക്‌നോളജി പ്രപഞ്ചത്തിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യക്കാരന്‍. ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ആദിത്യ ഗാംഗുലി (28) ആണ് മാ-ഹോ (Mahou ഉച്ചാരണം maa-ho) എന്ന പേരില്‍ എക്‌സിബിഷന്‍ ആപ് ഇറക്കിയിരിക്കുന്നത്. ടോക്കിയോ ബേയിലുള്ള ടൊയോസുവിലെ ടീംലാബ്‌സ് പ്ലാനറ്റ്‌സ് സന്ദര്‍ശിച്ചതാണ് തന്നില്‍ ഈ ആശയം അങ്കുരിക്കാന്‍ ഇടവരുത്തിയതെന്ന് ഈ ടെക്‌നോളജി പ്രേമി പറഞ്ഞു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്. 

apple-vision-pro

റസലൂഷനിലും സ്‌ക്രീന്‍ വിശാലതയിലും ഇപ്പോള്‍ വിഷന്‍ പ്രോയ്ക്കുള്ള അതുല്യമായ പ്രദര്‍ശന ശേഷി മുതലാക്കി, പെയിന്റിങ്ങുകളും മറ്റും ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നതാണ് മാ-ഹോ. വളരെ മികച്ച ദൃശ്യാനുഭവം പകരാന്‍ എക്‌സിബിഷന്‍ ആപ്പിന് സാധിക്കും. വെര്‍ച്വലായി ഒരു കലാപ്രദര്‍ശനം കാണാന്‍ എത്തുന്നതു പോലെയുള്ള അനുഭവമാണ് ആപ്പ് നല്‍കുന്നത്.

വരുംകാലത്ത് 360ഡിഗ്രി സ്റ്റോറി ടെല്ലിങും സാധ്യമാകുമെന്നും ആദിത്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സിംഗപ്പൂരിലെ ആപ്പിള്‍ ടീമിന്റെ സഹകരണത്തോടെയാണ് ആപ് വികസിപ്പിച്ചത്. വെര്‍ച്വലായി എക്‌സിബിഷന്‍കാണാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് 10 ഡോളറാണ് ആദിത്യ വാങ്ങുന്നത്. 

English Summary:

Google plans to charge for AI-powered search engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com