ഡാറ്റ കൊതിയന്മാര്ക്ക് 1ജിബി എയര്‍ടെല്‍ 'കടം' തരും; എങ്ങനെ നേടാം?
Mail This Article
രാജ്യത്തെ പ്രതിശീര്‍ഷ ഡാറ്റ ഉപയോഗം കുതിച്ചുയരുകയാണ്. 1ജിബി ഡാറ്റ കൊണ്ട് ഒരു മാസം എത്തിച്ചിരുന്ന പൂര്‍വ്വകാലമുള്ളവരാണെങ്കിലും(2016ല്‍ ടെലകോം സേവനദാദാവ് ജിയോയുടെ രംഗപ്രവേശനത്തിനു മുമ്പുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ). ഇപ്പോൾ ഒരു ദിവസം തട്ടിമുട്ടി കടന്നുപോകാൻ 5ജിബി എങ്കിലും വേണം. നോക്കിയ എംബിറ്റ് (MBiT) ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ രാജ്യത്തെ ഉപയോക്താക്കളുടെ ശരാശരി ഡാറ്റ ഉപയോഗം പ്രതിമാസം 24.1ജിബിയായി ഉയര്‍ന്നിരിക്കുയാണ്. ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും പിന്നിലിരിക്കുന്നവര്‍ക്ക് എത്ര ഡാറ്റ കിട്ടിയാലും മതിവരികയുമില്ല. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അന്നത്തെ ഡാറ്റ ക്വാട്ട നിലച്ചാല്‍ എന്തു ചെയ്യും?
എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് 1ജിബി കടമെടുക്കാം
അത്തരം സാഹചര്യങ്ങളില്‍ എയര്‍ടെല്ലിന്റെ 2ജി, 4ജി ഉപയോക്താക്കള്‍ക്ക് 1ജിബി ഡാറ്റ 'കടമെടുക്കാം'. കുറഞ്ഞത് മൂന്നു മാസമായി എയര്‍ടെല്‍ സര്‍വിസ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ കമ്പനി നല്‍കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഒരു എയര്‍ടെല്‍ ഉപയോക്താവ് തന്റെ ഫോണില്‍ നിന്ന് '52141' എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ യുഎസ്എസ്ഡി കോഡ് ആയ *567*3# ഡയല്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന എസ്എംഎസിനു മറുപടിയായി 1 എന്ന് ടൈപ് ചെയ്ത് അയയ്ക്കുക. (ഇങ്ങനെ ലഭിക്കുന്ന ഇന്ററാക്ടിവ് എസ്എംഎസ് അയച്ചിരിക്കുന്നത് CLI 56321 എന്ന നമ്പറില്‍ നിന്നായിരിക്കും.)
പരിമിതികള്‍
ഇങ്ങനെ ലഭിക്കുന്ന 1ജിബി ഡാറ്റയുടെ വാലിഡിറ്റി 2 ദിവസം മാത്രമായിരിക്കും. അടുത്ത തവണ നിങ്ങള്‍ ഡാറ്റയ്ക്കായി ചാര്‍ജ് ചെയ്യുമ്പോള്‍ ലഭിച്ച 1ജിബി കിഴിച്ചുള്ള ഡേറ്റ മാത്രമേ കിട്ടൂ എന്നും അറിഞ്ഞിരിക്കണം. ഈ ഡേറ്റാ കടം വീട്ടാത്ത പക്ഷം പിന്നെ ലോണ്‍ ആയി ഡേറ്റ തരികയുമില്ല.
ഫ്രാന്‍സില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ മൈക്രോസോഫ്റ്റും
ഫ്രാന്‍സില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ 4 ബില്ല്യന്‍ യുറോ മുതല്‍മുടക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ് എന്ന് എഎഫ്പി. മറ്റൊരു അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ ഫ്രാന്‍സില്‍ ഇത്തരം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായി ഇറങ്ങിത്തിരിച്ചു കഴിഞ്ഞു. ഇരു കമ്പനികളുംക്ലൗഡ് കംപ്യൂട്ടിങ് മേഖലയില്‍ ശ്രദ്ധിക്കുന്നു.
പല്ലു വീണ്ടും കിളിര്‍പ്പിച്ചെടുക്കുന്ന ടെക്‌നോളജിയുടെ ട്രയല്‍ ഈ വര്‍ഷം
മുതിര്‍ന്നവര്‍ക്ക് പോയ പല്ല് കിളിര്‍പ്പിച്ചെടുക്കാന്‍ മരുന്നിനു സാധിക്കുമോ? അത്തരം ഒരു സാധ്യതയെക്കുറിച്ചുള്ള ഗവേഷണ ഫലം 2021ല്‍ ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ചരിത്രത്തിലാദ്യമായി ഇത് മനുഷ്യരില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് ബിജിആര്‍. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യവാന്മാരായ 30 പുരുഷന്മാരായാണ് തയാറായി എത്തിയിരിക്കുന്നത്.
ഇവര്‍ക്കെല്ലാവര്‍ക്കും പിന്‍നിരയിലുളള ഒരു പല്ലെങ്കിലും നഷ്ടപ്പെട്ടവരാണ്. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട മരുന്നാണ് ഇത്. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. യുഎസ്എജി-1 (USAG-1) എന്ന പ്രോട്ടീനാണ് വീണ്ടും പല്ല് വളര്‍ന്നുവരാതിരിക്കാനുള്ള തടസം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ ഇതിനെ നിര്‍വീര്യമാക്കാനുള്ള മരുന്നായിരിക്കും നല്‍കുക.
സൗരക്കൊടുങ്കാറ്റില്‍ പെട്ട് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്
മസ്‌കിന്റെ മറ്റൊരു സംരംഭമായ 'സ്റ്റാര്‍ലിങ്ക്,' ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് നല്‍കുന്ന കമ്പനിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സോളാര്‍ സ്‌റ്റോമില്‍ തങ്ങളുടെ സേവനത്തിന്റെ ശേഷി കുറഞ്ഞുപോയി എന്ന് സമ്മതിച്ചിരിക്കുകയാണ് കമ്പനിയെന്ന് റോയിട്ടേഴ്‌സ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഉണ്ടായിരിക്കുന്നതിലേക്കും വച്ച് ഏറ്റവും ശക്തിയേറിയ ജിയോമാഗ്നെറ്റിക് സ്‌റ്റോം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ലോ-എര്‍ത് ഓര്‍ബിറ്റ് (ലിയോ) സാറ്റലൈറ്റ് എന്ന വിഭാഗത്തില്‍ ആണ് സ്റ്റാര്‍ലിങ്കിന്റേതു പോലെയുള്ള സാറ്റലൈറ്റുകളെ പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഏകദേശം 7,500 സാറ്റലൈറ്റുകളാണ് ഉള്ളത്. ഇവയില്‍ 60 ശതമാനത്തോളം സ്റ്റാര്‍ലിങ്കിന്റേതാണ്. സൗരക്കൊടുങ്കാറ്റ് ഒരാഴ്ച നീണ്ടുനിന്നേക്കാമെന്നും ഭൂമിയിലെ പല സജ്ജീകരണങ്ങളെയും തകരാറിലാക്കിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബ്ലഡ് ഓഫ് സ്യൂസ് റെക്കോർഡിട്ടു
നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിക്കുന്ന, മിക്ക പ്രേക്ഷകരും തിരിഞ്ഞു നോക്കാത്ത ഒരു ഷോ റെക്കോർഡ് സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ട്. ഇട്ട് ബ്ലഡ് ഓഫ് സ്യൂസ് (Blood of Zeus) എന്ന ആനിമേറ്റഡ് സീരിസാണ് റോട്ടണ്‍ ടൊമെയ്‌റ്റോസില്‍ 100 ശതമാനം സ്‌കോര്‍ നേടിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഈ നേട്ടമത്രെ. ഗ്രീക് പുരാണങ്ങളില്‍ നിന്നുള്ള കഥാപാത്ര ബ്ലഡ് ഓഫ് സ്യൂസില്‍ ഉള്ളത്. കൊട്ടിഘോഷിച്ചെത്തിയ പല സീരിസുകളും ശോഭിക്കാതെ പോയിടത്താണ് ബ്ലഡ് ഓഫ് സ്യൂസ് നേട്ടം കൊയ്തത്എന്ന് ബിജിആര്‍.