ADVERTISEMENT

ഇനി പുതിയ കംപ്യൂട്ടറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സാധിക്കുമെങ്കില്‍ ഏറ്റവും നൂതന ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ തലമുറ മെഷീന്‍സ് വാങ്ങാന്‍ ശ്രമിക്കുന്നതായിരിക്കും ഉചിതം. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ പുതിയ വിഭാഗം കംപ്യൂട്ടറുകളാണ് 'എഐ-റെഡി' പിസികള്‍. ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ വിന്‍ഡോസിലേക്ക് നേരിട്ട് ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിക്കുന്ന മെഷീനുകള്‍ക്കാണ് 'എഐ റെഡി' എന്ന വിവരണം നല്‍കിയിരിക്കുന്നത്. 

12 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 50 ദശലക്ഷം കംപ്യൂട്ടറുകള്‍ വില്‍ക്കാനാണ് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നത്. ലോകമെമ്പാടും ചാറ്റ്ജിപിറ്റി-സ്റ്റൈല്‍ കംപ്യൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നു എന്നതാണ് കമ്പനിയെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മുമ്പില്ലാതിരുന്ന രീതിയില്‍ കരുത്തുകാട്ടാന്‍ ശേഷിയുള്ള പുതിയ കംപ്യൂട്ടറുകളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന്, റെഡ്മണ്ടില്‍ സംഘടിപ്പിച്ച അവതരണ ചടങ്ങിൽ സംസാരിച്ച നാദെല പറഞ്ഞു. പുതിയ വിഭാഗത്തെ 'കോപൈലറ്റ് പ്ലസ്' എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

copilot-1 - 1

ചാറ്റ്ജിപിടി ശൈലി പേറുന്ന എഐയെ മൈക്രോസോഫ്റ്റ് വിളിക്കുന്നത് കോപൈലറ്റ് എന്നാണ്. ഇവയാണ് ഏറ്റവും വേഗതയേറിയ, എഐ-സജ്ജമായ കംപ്യൂട്ടറുകള്‍. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് നിര്‍മിത ബുദ്ധിയുടെ (എഐ) കാര്യത്തില്‍ ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത് മൈക്രോസോഫ്റ്റ് തന്നെയാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കമ്പനിയുടെ ടീംസ്, ഔട്ട്‌ലുക്ക്, വിന്‍ഡോസ് ഓഎസ് തുടങ്ങിയവയിലൊക്കെ കോപൈലറ്റിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. 

എം3 മാക്ബുക് എയറിനേക്കാള്‍ വേഗത

പുതിയ മാറ്റങ്ങള്‍ കംപ്യൂട്ടര്‍ പ്രേമികളെ ആകര്‍ഷിച്ചേക്കുമെന്നു തന്നെയാണ് കമ്പനി കരുതുന്നത്. വളരെ കാലത്തിനിടയ്ക്ക് അര്‍ത്ഥവത്തായ മികവുകള്‍ പുതിയ തലമുറ കംപ്യൂട്ടറുകളില്‍ കാണാമെന്നാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് യുസുഫ് മെഹ്ദി (Yusuf Mehdi) പറഞ്ഞത്. കോപൈലറ്റ് പ്ലസ് വിവരണത്തോടു കൂടെ എത്തുന്ന കംപ്യൂട്ടറുകള്‍ ആപ്പിളിന്റെ എം3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് എയര്‍ മെഷീനുകളേക്കാള്‍ 58 ശതമാനം അധിക കരുത്തുള്ളവയാണെന്ന് മൈക്രോസോഫ്റ്റ്അവകാശപ്പെട്ടു. ലെനോവോ, ഡെല്‍, എയ്‌സര്‍, എച്പി തുടങ്ങിയ കംപ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികളും തങ്ങള്‍ ഉടനെ കോപൈലറ്റ് പ്ലസ് സോഫ്റ്റ്‌വെയര്‍ പേറുന്ന കംപ്യൂട്ടറുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചു. 

Apple Macbook Air
Apple Macbook Air

എന്താണ് ലഭിക്കുന്ന പുതുമകള്‍?

ഇത്തരം കംപ്യൂട്ടറുകളുടെ ഏറ്റവും വലിയ സവിശേഷത ഇവയ്ക്ക് സ്വന്തമായി എഐ ഡേറ്റാ പ്രൊസസിങ് നടത്താന്‍ സാധിക്കുമെന്നതാണ്. അതായത്, നിലവിലുള്ള പല കംപ്യൂട്ടറുകളെയും പോലെ ഡേറ്റ ക്ലൗഡിലേക്ക് അയച്ച്അവ പ്രൊസസു ചെയ്ത് തിരിച്ചെത്താന്‍ കാത്തിരിക്കേണ്ട. മാസവരി നല്‍കി ഉപയോഗിക്കേണ്ട സാഹചര്യവും ഒഴിവാക്കാനാകുമത്രെ.  തത്സമയ തര്‍ജ്ജമ, ഇമേജ് ജനറേഷന്‍, കംപ്യൂട്ടറുമായി ഇന്ന് സാധ്യമായ ഏറ്റവും നൂതന രീതിയിലുള്ള ഇടപെടല്‍ ഇവയെല്ലാം പുതിയ തലമുറ പിസികളില്‍ ലഭ്യമാണ്. ചാറ്റുകളും, ലളിതമായ പ്രൊംപ്റ്റുകളും മാത്രംഉപയോഗിച്ചാല്‍ പല കാര്യങ്ങളും നിര്‍വ്വഹിക്കാം. നേരത്തെ ചെയ്തിരുന്നതു പോലെ ഫയലുകളില്‍ ക്ലിക്കു ചെയ്യുകയോ, ഡ്രോപ്ഡൗണ്‍ മെന്യുകളില്‍ പരതുകയോ വേണ്ടെന്ന് കമ്പനി പറയുന്നു. 

artificial-intelligence

മൊത്തം മൂല്യത്തിന്റെ കാര്യത്തില്‍ ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനി എന്ന വിവരണം സ്വന്തമാക്കിയ മൈക്രോസോഫ്റ്റിന്റെ നേട്ടം വോള്‍ സ്ട്രീറ്റും ആഘോഷിച്ചു. ചാറ്റ്ജിപിറ്റിക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ 13 ബില്ല്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റ് ഇതുവരെ നിക്ഷേപിച്ചിരിക്കുന്നത്. പകരം, ഓപ്പണ്‍എഐയുടെ ജിപിറ്റി-4 ടെക്സ്റ്റ്, ഡാല്‍-ഇ ഇമേജ് ജനറേഷന്‍ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിന് ലഭിച്ചിരിക്കുന്നതാണ് കമ്പനിയുടെപുതിയ കുതിപ്പിന് കാരണം. 

ആപ്പിളിനെതിരെ കരുത്തുകാട്ടാനാകുമെന്ന് നദെല

പുതിയ തലമുറയിലെ മെഷീനുകള്‍ക്ക് മാക് ശ്രേണികളോട് കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് നദെല. അതിനായി ഇവയില്‍ സവിശേഷ എഐ ചിപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക്മൊത്തത്തിലുള്ള കരുത്തും വര്‍ദ്ധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ആപ്പിള്‍ ഗംഭീര പ്രകടനമാണ് നടത്തിവന്നത്. ഇപ്പോള്‍ മൈക്രോസോഫ്റ്റ് ആപ്പിളിനോട് മത്സരിക്കാന്‍ കെല്‍പ്പ് ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്.  

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

പുതിയ തലമുറയിലെ എഐ കംപ്യൂട്ടറുകളുടെ വില ആരംഭിക്കുന്നത് 1000 ഡോളര്‍ മുതലാണ്. ഇവ ജൂണ്‍ 18 മുതല്‍ വാങ്ങാന്‍ സാധിക്കും. മൈക്രോസോഫ്റ്റിന് ആപ്പിളിനെ മറികടക്കാന്‍ സാധിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള മത്സരം ഉപയോക്താക്കള്‍ക്ക് ഗുണംചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

പുതിയ ഹെഡ്‌ഫോണുകളുമായി സോണോസ് 

പ്രീമിയം ഓഡിയോ ഉപകരണ നിര്‍മ്മാണ കമ്പനിയായ സോണോസ്, എയ്‌സ് ശ്രേണിയില്‍ പുതിയ ഹെഡ്‌ഫോണുകള്‍ പരിചയപ്പെടുത്തി. ആക്ടിവ് നോയ്‌സ് ക്യാന്‍സലേഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഉള്ള എയ്‌സിന് 450 ഡോളറാണ്വിലയിട്ടിരിക്കുന്നത്. ആപ്പിള്‍, സോണി, ബോസ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ കരുത്തു കാട്ടാനുള്ള ശ്രമമാണ് സോണോസ് നടത്തുന്നത്. 

സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡര്‍ ഉള്ള വയര്‍ലെസ് കീബോഡ് അവതരിപ്പിച്ച് പ്രോട്രോണിക്‌സ്

തങ്ങളുടെ പുതിയ ബബിള്‍ സ്‌ക്വയര്‍ പോര്‍ട്ടബിള്‍ ഡ്യൂവല്‍ മോഡ് കീബോഡ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് പ്രോട്രോണിക്‌സ്. ചിലര്‍ക്കെങ്കിലും ഇത്തരം ഒരു കീബോഡും സ്മാര്‍ട്ട്‌ഫോണുംഉണ്ടെങ്കില്‍ ലാപ്‌ടോപ്പില്‍ ചെയ്യേണ്ട ജോലികള്‍ നടത്താമെന്നാണ് കമ്പനി പറയുന്നത്. ഒരു വര്‍ഷം വാറന്റിയോടെ ലഭിക്കുന്ന കീബോഡിന്റെ വില 849 രൂപയായിരിക്കും. 

air-tag - 1

കൂടുതല്‍ ട്രാക്കിങ് മികവുമായി വരുന്നു പുതിയ എയര്‍ ടാഗ്‌സ്

ആപ്പിളിന്റെ എയര്‍ടാഗ്‌സിന്റെ രണ്ടാം തലമുറ 2025ല്‍ അവതരിപ്പിച്ചേക്കും എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ആദ്യ എയര്‍ടാഗ്‌സ് 2021ല്‍ ആണ് അവതരിപ്പിച്ചത്. ലൊക്കേഷന്‍ ട്രാക്കിങ് കൂടുതല്‍മികവുറ്റതാക്കാനായി അടുത്ത തലമുറയിലെ അള്‍ട്രാ-വൈഡ്ബാന്‍ഡ് ചിപ് ഉള്‍ക്കൊള്ളിച്ചായിരിക്കും ഇത് എത്തുക. നിലവിലുള്ള മോഡലിലുള്ള യു-1 ചിപ്പിന്റെ റേഞ്ച് 10 മീറ്ററാണ്. അടുത്ത തലമുറ ചിപ്പിന് 60 മീറ്റര്‍ റേഞ്ച് വരെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com